Monday, May 27, 2013

സോഷ്യൽ ഡാർവിനിസവും ഡാർവിനും തമ്മിലെന്ത്?



 
 സുശീൽ കുമാർ പി. പി.


അർഹതയുള്ളവയുടെ അതിജീവനമാണ്‌ പ്രകൃതിയുടെ നിയമം. ജീവജാലങ്ങൾ തമ്മിൽ തമ്മിലും ജീവികൾ പ്രകൃതിയുമായും നിലനില്പിനായുള്ള നിരന്തരമായ തുറന്ന മൽസരമാണ്‌ പ്രകൃതിയിൽ നടക്കുന്നത്. ഈ മൽസരത്തിൽ സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ളവർ അതിജീവിക്കുകയും പിന്തള്ളപ്പെടുന്നവ ഭൂമുഖത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടുകയോ പർശ്വവല്ക്കരിക്കപ്പെടുകയോ ചെയ്യുന്നു. ജൈവപരിണാമത്തിന്‌ അടിസ്ഥാനമായി വർത്തിക്കുന്ന ഈ പ്രക്രിയയെയാണ്‌ ഡാർവിൻ പ്രകൃതിനിർധാരണം (Natural Selection) എന്ന് പേരിട്ട് വിളിച്ചത്. 

പ്രകൃതിയുടെ ഈ നിയമം വലിപ്പചെറുപ്പഭേദമന്യേ എല്ലാ ജീവജാലങ്ങൾക്കും ബാധകമാണ്‌. ഭീമാകാരന്മാരായ ഡിനോസറുകൾ ഭൂമുഖത്ത് അടക്കിവാണത് ഏതാണ്ട് 15 കോടിയിലധികം വർഷങ്ങളാണെന്ന് കരുതപ്പെടുന്നു. ഇന്നേക്ക് ആറരക്കോടി വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതായി കരുതുന്ന ഉൽക്കാപതനത്തിൽ ഈ ഭീമാകാരസമൂഹം ഒന്നടങ്കം മണ്ണടിഞ്ഞ കാലത്ത്,  ഇന്നത്തെ മനുഷ്യരടക്കമുള്ള പ്രൈമേറ്റുകളുടെ പൂർവ്വികരായ സസ്തനികൾക്ക് ഒരു പെരുച്ചാഴിയോളം വലിപ്പമേ ഉണ്ടായിരുന്നുള്ളു. ഡിനോസറുകൾ മദിച്ചുജീവിച്ചിരുന്ന ജീവിതപരിസരം ശൂന്യമായപ്പോൾ സസ്തനികൾക്ക് തുറന്നുകിട്ടിയത് അവരുടെ പറുദീസയായിരുന്നു. ഭൂമിയിൽ ഇന്ന് ജീവിക്കുന്ന ജീവിവർഗങ്ങളേക്കാൾ എത്രയോ മടങ്ങ് ജീവികൾ പ്രകൃതിയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ട് തിരശ്ശീലയ്ക്കുപിന്നിൽ മറഞ്ഞിട്ടുണ്ട്.  ഭൂമിയിലെ പരിണാമചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത കഴിവുകൾ ആർജിച്ച മനുഷ്യനും ഇതേ പ്രകൃതി നിയമത്തോട് പൊരുതിക്കൊണ്ടുതന്നെയാണ്‌ ഇന്നത്തെ നിലയിലേക്ക് വികസിച്ചതും. പ്രകൃതിശക്തികളോടും ദുരന്തങ്ങളോടും രോഗങ്ങളോടും ഹിംസ്രജന്തുക്കളോടും ഇതരഗോത്രങ്ങളോടുമുള്ള മത്സരത്തിൽ അതിജീവിച്ചതുകൊണ്ടാണ് ഇന്നത്തെ മനുഷ്യസമൂഹം നിലനിൽക്കുന്നതുതന്നെ. എന്നിരിക്കിലും ഇന്ന് മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത് ഇതേ പ്രകൃതിനിയമങ്ങൾ തന്നെയാണോ? ജൈവലോകത്തിലെ ഈ അടിസ്ഥാന നിയമം മനുഷ്യ സമൂഹത്തിലും ബാധകമാക്കേണ്ടതുണ്ടോ? പ്രകൃതിക്കുമേൽ മേൽക്കൈ നേടി അതിനെതന്നെ ഒരു പരിധിവരെ നിയന്ത്രിക്കാനും കൃത്രിമനിർധാരണത്തിലൂടെ പരിണാമപ്രക്രിയയെതന്നെ വഴിതിരിച്ചുവിടാനും കഴിവുനേടിയ മനുഷ്യസമൂഹത്തെയും പ്രകൃതിനിർധാരണത്തിന്റെ ‘ക്രൂര’ നിയമങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതാണെന്ന വാദം എത്രത്തോളം സ്വീകാര്യമാകും?

ചാൾസ് ഡാർവിൻ കണ്ടെത്തിയ പരിണാമസിദ്ധാന്തത്തെ മറയാക്കി, ഒരിക്കൽ പാശ്ചാത്യരാജ്യങ്ങളിൽ ഉദയം കൊള്ളുകയും സാമൂഹ്യരംഗത്ത് ഏറെക്കാലം സജീവമായ ചർച്ചകൾക്ക് വഴിവെക്കുകയും ചിലപ്പോഴെങ്കിലും പ്രായോഗികവർക്കരിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു സിദ്ധാന്തമാണ്‌ സാമൂഹിക ഡാർവിനിസം (Social Darwinism).  ഹെർബർട്ട് സ്പെൻസർ (Herbert Spencer -1820-1903) എന്ന ബ്രിട്ടീഷ് ചിന്തകനായിരുന്നു മനുഷ്യസമൂഹത്തിനുമേൽ പ്രകൃതിനിർധാരണത്തെ നിഷ്കരുണം പ്രയോഗിക്കാൻ ശ്രമിച്ചവരുടെ ബുദ്ധികേന്ദ്രം.


 
ജീവജാലങ്ങളിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മ്യൂട്ടേഷനുകൾ അതിജീവനത്തിലായുള്ള മൽസരത്തിൽ പുതിയ കഴിവുകൾ ആർജിക്കുക്കതിന്‌ കാരണമായിത്തീരുന്ന പ്രക്രിയയാണ്‌ പരിണാമത്തിന്‌ അടിസ്ഥാനമായി വർത്തിക്കുന്നത്. ഇത്തരത്തിൽ കഴിവുകൾ ആർജിക്കാൻ കഴിയുന്നു  എന്നല്ലാതെ, ആ കഴിവുകൾ ആർജിക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്താൻ ഡാർവിന്റെ കാലഘട്ടത്തിൽ കഴിഞ്ഞിരുന്നില്ല. ഡാർവിന്റെ സമകാലികനായിരുന്ന ഗ്രിയഗർ മെന്റലിന്റെ (Gregor Mendel) ജനിതക ശാസ്ത്ര കണ്ടെത്തലുകൾ അക്കാലത്ത് ആരും അറിഞ്ഞിരുന്നുമില്ല. എന്നാൽ ഇന്ന് ജനിതകശാസ്ത്രവും തന്മാത്രാ ജീവശാസ്ത്രവും ജീവികൾ പുതിയ കഴിവുകൾ ആർജിക്കുന്ന പ്രക്രിയയെ ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ട്‌. 


 പ്രകൃതിയെ നയിക്കുന്ന പ്രകൃതിനിർധാരണ നിയമങ്ങളെ മനുഷ്യസമൂഹത്തിന്റെ ധാർമിക ബോധത്തിനുമേൽ കെട്ടിയേൽ‌പ്പിക്കാനുള്ള ശ്രമമാണ് സ്പെൻസർ ഉൾപ്പെടെയുള്ള സോഷ്യൽ ഡാർവിനിസ്റ്റുകൾ നടത്തിയത്. മനുഷ്യസമൂഹത്തെ നയിക്കുന്ന ധാർമിക മൂല്യങ്ങൾ ഏതെങ്കിലും പ്രകൃതിനിയമത്തെ ആധാരമാക്കി രൂപപ്പെട്ടതല്ലെന്ന് മാത്രമല്ല, അത് അങ്ങനെയായിരിക്കണമെന്ന് വാശിപിടിക്കേണ്ടതുമില്ല. പ്രകൃതിയെ നയിക്കുന്ന നിയമത്തെ മനുഷ്യന്റെ ധാർമികതയുമായി ബന്ധിപ്പിക്കുന്നതിലെ അശാസ്ത്രീയതതന്നെയാണ് സോഷ്യൽ ഡാർവിനിസത്തെ ഒറ്റനോട്ടത്തിൽ തന്നെ മനുഷ്യവിരുദ്ധമാക്കുന്നത്. പ്രകൃതിയിൽ നടക്കുന്നതെല്ലാം പ്രകൃതിയിൽ നടക്കുന്നു എന്ന കാരണത്താൽ സാധൂകരിക്കത്തക്കതാണെന്നുവരുമ്പോൾ അത് തള്ളിക്കളയുന്നത് സാമൂഹ്യജീവിതത്തിലൂടെ മനുഷ്യൻ ആർജിച്ച ധാർമികതയെതന്നെയാണ്. പ്രകൃതിയിൽ നടക്കുന്നതെല്ലാം നല്ലതാണെന്ന വാദം ‘നച്ചുറലിസ്റ്റിക് ഫാലസി‘യിലേക്ക് വഴുതിവീഴുന്നതാണ്.

പ്രകൃതിയിൽ ബഹുഭൂരിപക്ഷം ജീവികളും പ്രത്യുല്പാദനത്തിനായി യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. ഭൂരിപക്ഷം ജീവികളും ഇക്കാര്യത്തിൽ ഇണയുടെ സമ്മതത്തിനായി കാത്തുനിൽക്കാറുമില്ല-കുറെ കാലത്തേക്ക് ഒരു ഇണയെ മാത്രം സ്വീകരിക്കുന്ന ജീവികളുമുണ്ട്. എന്നാൽ മനുഷ്യന്റെ ധാർമ്മികത ഇക്കാര്യത്തിൽ കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, അത് എല്ലാ കാലത്തും ദേശത്തും ഒരുപോലെയായിരിക്കില്ല എന്നിരിക്കിലും. വ്യത്യസ്ത സമൂഹങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ മനുഷ്യസമൂഹത്തിൽ ഏറെക്കുറെ വിലക്കപ്പെട്ടിട്ടുണ്ട്. എന്നുമാത്രമല്ല, ഇണയുടെ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികതയെ മനുഷ്യർ ബലാത്സംഗത്തിന്റെ ഗണത്തിലാണ് പെടുത്തുന്നത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വീക്ഷിക്കുമ്പോൾ പ്രകൃതിയിൽ നടക്കുന്ന അർഹതയുള്ളവയുടെ അതിജീവനപ്രക്രിയ മനുഷ്യസമൂഹത്തിലും പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന വാദത്തിലെ അശാസ്ത്രീയതയും അധാർമ്മികതയും ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

 


 
മത്സരാധിഷ്ഠിത സമൂഹത്തിൽ അർഹതയുള്ളവർ മാത്രം അതിജീവിക്കുന്നതല്ല, മറിച്ച് ദുർബലനെയും കൈപിടിച്ച് കൂടെ നിർത്തുന്നതാണ് മനുഷ്യന്റെ ധാർമികത. അനുകമ്പയും സ്നേഹവും മാത്രമല്ല ദേഷ്യവും വിദ്വേഷവും, ബോധമുള്ള ജീവികളിൽ, വിശേഷിച്ചും തലച്ചോർ വികസിച്ച ജീവികളിൽ മാത്രം കാണുന്ന വികാരങ്ങൾ ആണ്. ഈ വികാരങ്ങളിൽ ആണ് മനുഷ്യന്റെ ധാർമികബോധത്തിന്റെ മൂലക്കല്ല് കുടികൊള്ളുന്നത്. ബോധരഹിതമായ സ്വാഭാവികപ്രകൃതിയിൽ ഇതിനൊട്ടും സ്ഥാനവുമില്ല. വെട്ടിപ്പിടിക്കാനും മേൽക്കൈ നേടാനുമുള്ള ആർത്തിക്കൊപ്പം തന്നെ ദുർബലനെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള സഹബോധമാണ്‌ മനുഷ്യസമൂഹത്തിന്റെ നിലനില്പ്പിനാധാരം. സ്വാഭാവികപ്രകൃതിയിൽ ജീവിക്കാനുള്ള കഴിവുനഷ്ടപ്പെടുമായിരുന്ന മനുഷ്യരെ സംരക്ഷിച്ച് കൂടെ നിർത്തുകയും തലമുറകളിലൂടെ അവരെ നിലനിൽക്കാൻ പര്യാപ്തമാക്കുയയും ചെയ്യുന്ന ഇടപെടലുകൾക്ക് മനുഷ്യൻ ഇന്ന് പ്രാപ്തനാണ്‌. എന്നാൽ പ്രകൃതിയിൽ നടക്കുന്ന നിലനില്പ്പിനായുള്ള മൽസരങ്ങൾ സ്വാഭാവികമാണെന്നും, മനുഷ്യസമൂഹത്തിൽ ബലവാൻ ദുർബലനുമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഇതേ പ്രകൃതി നിയമത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ അത് തികച്ചും ന്യായവും സ്വാഭാവികവും, അതിൽ ‘അധാർമികത’ ഒട്ടും തന്നെ ഇല്ലെന്നുമാണ്‌ സോഷ്യൽ ഡാർവിനിസം സമർത്ഥിക്കാൻ ശ്രമിച്ചത്.

കോളനിവല്ക്കരണവും, ഇതര രാജ്യങ്ങൾക്കും മനുഷ്യസമൂഹങ്ങൾക്കും മേലുള്ള അധിനിവേശവും സാർവത്രികമായിരുന്ന കാലഘട്ടത്തിൽ ഹെർബർട്ട് സ്പെൻസറിന്റെ പ്രതിലോമകരമായ ഈ സിദ്ധാന്തം ഏറെ കൊണ്ടാടപ്പെട്ടു. കോളനികളുടെ വെട്ടിപ്പിടുത്തത്തിന്‌ നേതൃത്വം കൊടുത്തവരൊക്കെ വെളുത്ത വർഗക്കാരായിരുന്നതിനാൽ, വെള്ളക്കാർ കറുത്തവരേക്കാൾ പരിണാമപരമായി ഔന്നത്യം നേടിയവരാണെന്ന വാദങ്ങൾ അവരുടെ പ്രവൃത്തികൾക്ക് ന്യായം ചമയ്ക്കുന്നതിനായി ഉപയോഗിക്കപ്പെട്ടു. കറുത്ത വർഗക്കാർ പൂർണ മനുഷ്യരല്ലെന്ന ന്യായവാദം നിരത്തിയിരുന്നവർ സോഷ്യൽ ഡാർവിനിസത്തിന്റെ സത്തയെ അറിഞ്ഞാണോ അങ്ങനെ പറഞ്ഞത് എന്നറിയില്ലെങ്കിലും ഇത്തരം വാദങ്ങൾക്ക് സൈദ്ധാന്തിക ആവരണം അണിയിക്കുകയാണ് സോഷ്യൽ ഡാർവിനിസ്റ്റുകൾ ചെയ്തത്.
 
 
മനുഷ്യസമൂഹങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഒരു ന്യൂനപക്ഷം, ബഹുഭൂരിപക്ഷം വനുന്ന മനുഷ്യരെ ചൂഷണം ചെയ്ത് സമ്പത്ത് കുന്നുകൂട്ടുന്നതിൽ അപാകതയൊന്നുമില്ലന്ന വാദത്തിന് ഡാർവിനിസത്തെ മറയാക്കുന്നതാണ്  സോഷ്യൽ ഡാർവിനിസ്റ്റുകൾ നിർവ്വഹിച്ച മറ്റൊരു ദൌത്യം.. മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന മത്സരാധിഷ്ഠിത വിപണിവ്യവസ്ഥയിൽ ഒരു വിഭാഗം സമ്പന്നരാകുന്നത് അവർക്ക് പ്രത്യേക കഴിവുകൾ ഉള്ളതുകൊണ്ടാ‍ണെന്നും, അതിനു ശേഷിയില്ലാത്ത വിഭാഗങ്ങൾ ദരിദ്രവൽക്കരിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും, അത് പ്രകൃതിപരമായി ന്യായീകരികത്തക്കതാണെന്നും വ്യാഖ്യാനങ്ങൾ വന്നു. ചാതുർവർണ്യം മായാസൃഷ്ടമെന്ന വാദത്തോളം, അത് അടിമത്ത വ്യവസ്ഥയെയും വംശീയവാദത്തെയും വെട്ടിപ്പിടുത്തങ്ങളെയും ന്യായീകരിക്കാനായി ഉപയോഗിക്കപ്പെട്ടു.
ഇന്ത്യയിൽ സവർണർക്കിടയിൽ നിലനിന്ന വർണവ്യവസ്ഥ ജനനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ വിവിധ തട്ടുകളായി തിരിക്കുന്നതായിരുന്നു. ചാതുർവർണ്യത്തിനു പുറത്തുള്ള വിഭാഗങ്ങൾ അസുരരായും രാക്ഷസരായുമെല്ലാം മുദ്രകുത്തപ്പെട്ടു. ഈ ഭൂമിയിലെ സകല സ്വത്തിന്റെയും ഉടമസ്ഥാവകാശം ബ്രാഹ്മണർക്കാണെന്ന് സമർത്ഥിക്കുന്നതിനും അത് ചാതുർവർണ്യത്തിനു താഴെ തട്ടിലുള്ളവർക്കും, പുറത്തുള്ളവർക്കും  കൂടി സ്വമേഥയാ സ്വീകാര്യമാക്കുന്നതിനും ചാതുർവർണ്യം ദൈവികമായ തീരുമാനമാണെന്ന തുറുപ്പുചീട്ടാണ് ഉപയോഗിക്കപ്പെട്ടത്.  വർണവ്യവസ്ഥയിൽ ബഹുഭൂരിപക്ഷത്തിനുമേലുള്ള മേൽകോയ്മക്ക് ന്യായീകരണമായി ഉപയോഗിക്കപ്പെട്ടത് ദൈവത്തെയായിരുന്നെങ്കിൽ സോഷ്യൽ ഡാർവിനിസ്റ്റുകൾ അതിനായി പ്രകൃതിയെതന്നെ ഉപയോഗപ്പെടുത്തി.

സത്യത്തിൽ ഡാർവിനിസത്തിന് സോഷ്യൽ ഡാർവിനിസവുമായി യാതൊരു ബന്ധവുമില്ലെന്നും അത് ധാർമിക മൂല്യങ്ങളും സംസ്കാരങ്ങളും ആർജിച്ച മനുഷ്യ സമൂഹത്തിൽ പ്രയോഗിക്കുന്നത് അശാസ്ത്രീയവും അധാർമ്മികവുമാണെന്നും കാണാൻ കഴിയും. ജീവികളിൽ കണ്ടുവരുന്ന പ്രകൃതിനിയമം അതേപടി മനുഷ്യ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡാർവിൻ പറഞ്ഞിട്ടില്ല. അത്തരമൊരു പ്രയോഗത്തിന്റെ സാംഗത്യം ഡാർവിനിസം പരിശോധിച്ചിട്ടുമില്ല. പ്രകൃതിയിലെ ഇതര ജൈവസമൂഹങ്ങളിലെന്നപോലെ ഒരിക്കൽ മനുഷ്യസമൂഹത്തെയും ഭരിച്ചിരുന്ന പ്രകൃതിനിർധാരണ നിയമങ്ങളെ സഹബോധത്തിലധിഷ്ഠിതമായ സംസ്കാരങ്ങളിലൂടെയാണ്‌ മനുഷ്യൻ അതിജീവിച്ചത്.  വൈദ്യശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ, രോഗങ്ങൾക്കും രോഗാണുക്കൾക്കും മേൽ മനുഷ്യൻ നേടിയ മേൽ കൈ ‘ദുർബല’ന്റെ തിരോധാനത്തിന്‌ തടയിടുന്നതിനു കാരണമായിട്ടുണ്ട്. രോഗികളെ അവരുടെ സ്വാഭാവിക വിധിക്ക് വിടുകൊടുക്കാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് അതിജീവനത്തിനു പ്രാപ്തമാക്കുന്നത് സ്വാഭാവികപ്രകൃതിനിയമത്തിനുമേലുള്ള മനുഷ്യന്റെ വ്യക്തമായ ആധിപത്യത്തെയാണ്‌ കാണിക്കുന്നത്. പ്രകൃതിയുമായുള്ള മൽസരത്തിൽ മനുഷ്യന്‌ പൂർണമായി വിജയിക്കാനായിട്ടില്ലെങ്കിലും മനുഷ്യനും മനുഷ്യനും തമ്മിലുള്ള നിലനില്പിനായുള്ള മൽസരത്തിൽ ഉന്മൂലന സിദ്ധാന്തങ്ങളെ തള്ളിക്കളയാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് കാലങ്ങളായി അവൻ ആർജിച്ചെടുത്ത സാംസ്കാരികബോധത്തിലൂടെയാണെന്ന് കാണാൻ കഴിയും.

മൃഗങ്ങളെക്കൊണ്ട് വണ്ടിവലിപ്പിക്കുകയും ഭാരം ചുമപ്പിക്കുകയും, ജോലിയൊന്നും ചെയ്യിക്കാൻ കഴിയാതെ വരുമ്പോൾ അവയെ ഭക്ഷണമാക്കുകയും ചെയ്യുന്നതിലോ, ഭക്ഷണത്തിനായി പ്രത്യേകമായി (പരിണാമപരമായ കഴിവുകൾ കൃത്രിമമായി നല്കിക്കൊണ്ട്) വളർത്തിയെടുക്കുന്നതിലോ യാതൊരപാകതയും അധാർമികതയു നമുക്ക് തോന്നാറില്ല. എന്നാൽ കറുത്തവർ വെളുത്തവരേക്കാൾ പരിണാമപരമായി പിന്നിലാണെന്നും  അതുകൊണ്ട് അവനെ അടിമയാക്കി ജോലിചെയ്യിക്കാനൊ കൊല്ലാൻ തന്നെയോ ഉള്ള അധികാരം പ്രകൃതിപരമായിതന്നെ ന്യായീകരിക്കത്തക്കതാണെന്നും വരുമ്പോൾ അത്തരമൊരു ചിന്താപദ്ധതി നിർവ്വഹിക്കുന്ന ഔത്യം മാനവികവിരുദ്ധവും ശാസ്ത്രവുരുദ്ധവുമാകുന്നു. അതുപോലെ പ്രകൃതി നിർധാരണം,  ഇതര ജൈവലോകത്ത് നടക്കുന്നതുപോലെ മനുഷ്യസമൂഹത്തിലും നടക്കേണ്ടതുണ്ടെന്നും, എന്നാൽ മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ അതിനു തടസ്സം നില്ക്കുന്നുവെന്നും വാദിച്ചവരും ഉണ്ടായിരുന്നു. ഡാർവിന്റെ കസിൻ സഹോദരനായിരുന്ന ഫ്രാൻസിസ് ഗാൽട്ടൻ(Francis Galton) ആയിരുന്നു അവരിൽ പ്രധാനി. സാമൂഹിക ഡാർവിനിസത്തിന്റെ ആശയങ്ങൾ തന്നെയാണ് യൂജെനിക്സ് എന്ന പേരിൽ അറിയപ്പെട്ട ഈ പ്രസ്ഥാനത്തിനും ആധാരമായി ഉപയോഗിക്കപ്പെട്ടത്.
ദുർബലരും കഴിവുകെട്ടവരുമായ വ്യക്തികളെ സമുഷ്യസമൂഹം സംരക്ഷിക്കുന്നത് പ്രകൃതിനിർധാരണം അസാധ്യമാക്കിതീർക്കുന്നുവെന്നും, കഴിവുകെട്ടവരെ സംരക്ഷിക്കുകയല്ല, അവരെ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയാണ്‌ വേണ്ടതെന്നും വാദിക്കുന്ന ശുദ്ധീകരണവാദക്കാരും യൂജെനിക്സ് പ്രസ്ഥാനക്കാരും ഒരിക്കൽ രംഗം നിറഞ്ഞാടി. അത്തരക്കാരുടെ സന്തതിപരമ്പരകളെ ഒഴിവാക്കി മനുഷ്യസമൂഹത്തെ ‘ശുദ്ധീകരി‘ച്ചെടുക്കാൻ നിർബന്ധിത വന്ധീകരണം ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് പശ്ചാത്യ രാജ്യങ്ങളിൽ ഈ ആശയങ്ങൾ സർക്കാർ തലത്തിൽ തന്നെ പ്രയോഗവൽക്കരിക്കപ്പെടുകയുണ്ടായി.

എന്നാൽ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ അവബോധവും അതിന്റെ അടിസ്ഥാനത്തിൽ ലോകത്താകമാനം നടന്ന നിയമനിർമ്മാണങ്ങളും സാമൂഹിക ഡാർവിനിസം മുന്നോട്ട് വെച്ച ‘പ്രാകൃത’സിദ്ധാന്തത്തെ തിരസ്കരിക്കാൻ പര്യാപ്തമായിട്ടുണ്ട്. വർഗം, വർണം, ജാതി, ലിംഗം, സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്നത് മനുഷ്യത്വവിരുദ്ധമായി എണ്ണാൻ മനുഷ്യസമൂഹത്തിന് ഇന്ന് കഴിയുന്നുണ്ട്.
 അണുശക്തിയെ ആണവായുധങ്ങൾക്കായി ദുപയോഗം ചെയ്യുന്നതുപോലെ ഡാർവ്വിൻ മുന്നോട്ട് വെച്ച വിപ്ലവകരമായ അറിവിനെ മനുഷ്യത്വരഹിതമായി ദുരുപയോഗം ചെയ്യുന്നതിന്‌ ന്യായീകരണമില്ല. ‘ദുർബല’നെയും ‘കഴിവുകെട്ട’വനെയും അവന്റെ സ്വാഭാവികവിധിക്ക് വിട്ടുകൊടുക്കാതെ, മനുഷ്യാവകാശത്തെയും മാനവികതയെയും അടിസ്ഥാനപ്പെടുത്തിയ പുതിയ ധാർമ്മികബോധമാണ്‌ ലോകത്താകമാനമുള്ള മനുഷ്യസമൂഹം ഇന്ന് നേടിയിരിക്കുന്നത്. എങ്കിലും സാമൂഹിക ഡാർവിനിസത്തിന്റെ പല സ്വാധീനങ്ങളും ഇന്നും സമൂഹത്തിൽ നിലനില്ക്കുന്നുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. അത്തരം വാദഗതികൾക്കെതിരെ നാം സദാ ജാകരൂകരായിരിക്കേണ്ടതുണ്ട്.

 (2013 മെയ് ലക്കം യുക്തിയുഗത്തിൽ പ്രസിദ്ധീകരിച്ചത്)