Wednesday, October 5, 2011

ജൈവപരിണാമം- കൂടുതൽ തെളിവുകൾ- ഭാഗം 1

 (രാജു വാടാനപ്പള്ളി)


1859ലാണ്‌ ഡാർവിൻ, ജൈവശാസ്ത്രലോകത്തെ ഇളക്കി മറിച്ച കൃതി, "Origin of Species"പ്രസിദ്ധീകരിക്കുന്നത്. ഇന്ന് ഒട്ടേറെ ശാസ്ത്രശാഖകൾ-Geology, Paleontology, Genetics, Molecular Biology, Anthropology - അതിനോട് ചേർന്ന് അതിനെ ഒരു ബ്രഹത് ശാസ്ത്രമാക്കി മാറ്റിയിരിക്കുകയാണ്‌. ഈ ശാസ്ത്രശാഖകൾ  നല്‍കുന്ന അറിവിന്റെ വെളിച്ചത്തിൽ, വ്യത്യസ്ത ജീവി വിഭാഗങ്ങൾ എപ്പോൾ പ്രത്യക്ഷപ്പെടുന്നു, എപ്പോൾ Extinct ആകുന്നു എന്നും മനസ്സിലാക്കാൻ സാധിക്കുന്നു.  'പ്രപഞ്ചബാഹ്യമായ' ഒരു ‘ശക്തി’ക്കും 'ജൈവസൃഷ്ടി'യിൽ പങ്കില്ലെന്നും മറിച്ച് ‘ദൈവം’ മനുഷ്യന്റെ തന്നെ സൃഷ്ടിയാണെന്നും നമുക്ക് ബോധപ്പെടുത്തിത്തരുന്ന ഈ ശാസ്ത്രശാഖ യുക്തിവാദത്തിന്റെയും നാസ്തികതയുടെയും അടിത്തറ തന്നെയാകുന്നു. 

നമ്മുടെ ചുറ്റിലും ഒന്ന് നോക്കുക. എന്തെന്ത് ജീവി വിഭാഗങ്ങളെയെല്ലാമാണ്‌ നാം കാണുന്നത്. പക്ഷികൾ തന്നെ എത്രയോ വിഭാഗങ്ങൾ ഉണ്ട്. പിന്നെ, പശു, ആട്, ആന, അങ്ങനെ പോകുന്നു. എല്ലാം മനോഹരങ്ങളായ ഡിസൈനുകൾ. പരിണാമ ശാസ്ത്രം വികസിക്കുന്നതുവരെ ഈ ജീവികളെയെല്ലാം പ്രത്യേകം പ്രത്യേകമായി ദൈവം 'സൃഷ്ടിച്ച'താണെന്ന് കരുതിയിരുന്നു. ദൈവം ഉണ്ടെന്നുള്ളതിന്‌ ഈ ഡിസൈനുകളെല്ലാം തെളിവായി കരുതിയിരുന്നു. എന്നാൽ ഇന്ന് കഥയാകെ മാറി. പരിണാമശാസ്ത്രം നല്കുന്ന വെളിച്ചത്തിനു മുന്നിൽ സൃഷ്ടിയും സ്രസ്ടാവും പരസ്പരം മാറിയിരിക്കുന്നു. ദൈവം മനുഷ്യന്റെ ഒരു 'മഹത്തായ' സൃഷ്ടിയാണ്‌. 

ഇന്ന് ഭൂമുഖത്തുള്ളതും, ഇന്നലെവരെ ഉണ്ടായിരുന്നതും, ഇനി നാളെ ഉണ്ടാകാവുന്നതുമായ ഒരു ജീവിയും എവിടെനിന്നും പൊട്ടിമുളച്ചുണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ അല്ല. പൂർവ്വിക ഡിസൈനിൽ സംഭവിക്കുന്ന ചില മാറ്റങ്ങളാണ്‌ പുതിയ ജീവി വിഭാഗങ്ങൾക്ക് ജന്മം നല്കുന്നത്. ഒരു സവിശേഷ പരിതസ്ഥിതിൽ ജീവിച്ചുവന്ന പൂർവ്വികജീവി, ആ പരിതസ്ഥിതിയിൽ മാറ്റം വന്നപ്പോൾ സംജാതമായ പുതിയ പരിതസ്ഥിതിൽ ജീവിക്കുവാൻ അതിന്റെ ഘടനയിൽ ചില മാറ്റങ്ങൾ സംഭവിക്കേണ്ടിവരും. പുതിയ പരിതസ്ഥിതിയിൽ ജീവിക്കാൻ അനുകൂലമായ മാറ്റങ്ങൾ സംഭവിച്ച ജീവികളേ ഇവിടെ ജീവിക്കാൻ അർഹത നേടൂ. ഈ പരിതസ്ഥിതി മാറ്റത്തിൽ ഒരുപാട് പൂർവ്വ ജീവിവിഭാഗങ്ങൾ നശിപ്പിക്കപ്പെടും. അർഹത നേടിയ ജീവികൾക്ക് പൂർവ്വ ജീവിവിഭാഗങ്ങളിൽ നിന്ന് ചില ഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും.

ഈ പ്രക്രിയ സംഭവിക്കുന്നത്, ഫോസിലുകളിൽ വളരെ വ്യക്തമായി കാണാം. ഇത് ഒരുതരം തെളിവ്. ഇനി വേറൊരു തരം തെളിവുണ്ട്. അത് വഹിച്ചും കൊണ്ടാണ്‌ നാമോരുത്തരും-ഇതര ജീവികളും-ജീവിക്കുന്നത്. അത് നമ്മുടെ ശരീരത്തിലുണ്ട്; DNAയിലുണ്ട്. നമ്മുടെ DNAയിൽ നമ്മെ രൂപപ്പെടുത്തുന്ന Active ജീനുകളേക്കാൾ കൂടുതൽ dead gene കൾ ഉണ്ട്. ഈ pseudo genes- സ്യൂഡോ ജീനുകൾ, ഇന്ന് നമുക്ക് ആവശ്യമില്ലാത്തതിനാൽ പ്രകൃതി നിർധാരണം വഴി നിർവീര്യമാക്കപ്പെട്ടവയാണ്‌. എന്നാൽ ഈ ജീനുകൾ നമ്മുടെ പൂർവ്വികർക്ക് ആവശ്യമുള്ളവയായിരുന്നു. നമ്മിൽ നിർവീര്യമാക്കപ്പെട്ടു കിടക്കുന്ന ഈ ജീനുകൾ നമ്മുടെ പൂർവികരെ വെളിപ്പെടുത്തുന്നു. ഒപ്പം അവരിൽ നിന്ന് നമ്മൾ എങ്ങനെ ഉല്ഭവിച്ചു എന്ന വസ്തുതയും പുറത്തുകൊണ്ടുവരുന്നു. നമ്മുടെ ജനോം ഇത്തരം നിർവീര്യമാക്കപ്പെട്ട ജീനുകളുടെ ഒരു കൂമ്പാരമാണ്‌. ഈ pseudo genesകൾ, ഇന്ന് ഒരുപാട് ഗവേഷണം നടക്കുന്ന മേഖലയാണ്‌.

ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ'ത്തെയും നിരാകരിക്കുന്ന വസ്തുതകൾ കാണാൻ സാധിക്കും. ഒരു ജീവി 'സൃഷ്ടി'യാണെങ്കിൽ ആ ശരീരം ഏകശിലാഖണ്ഡമായിരിക്കണം. അതിൽ ഏപ്പുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടായിരിക്കാൻ പാടില്ല. അത് അച്ചിലിട്ട് വാർത്തതുപോലെ ആയിരിക്കണം. എന്നാൽ അങ്ങനെയല്ല ജീവശരീരങ്ങൾ. അത് modular design ആണ്‌. അതെ, ഒരു ജീവശരീരം "കണ്ടം ബെച്ച കോട്ടാ"ണ്‌. ശരീരം നിറയെ ഏപ്പുകളാണ്‌, കൂട്ടിച്ചേർക്കലുകളാണ്‌. നൂറ്‌ കണക്കിന്‌ പാർട്സുകളാൽ പ്രകൃതി, ഓരോ പരിസ്ഥിതിക്കനുസരിച്ച് എടുത്തുകളഞ്ഞു കൂട്ടിച്ചേർത്തും രൂപംകൊടുത്തതാണ്‌ ഓരോ ജീവശരീരവും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ body design അതിപുരാതനമാണ്‌. അത് കാംബ്രിയൻ യുഗത്തിന്‌ മുമ്പും ഉണ്ട്. കാംബ്രിയന്‌ ശേഷവും ഉണ്ട്. സൃഷ്ടിവാദികളുടെ ‘ഇഷ്ടപ്പെട്ട കാംബ്രിയൻ ജീവിയാണ്‌’ ട്രൈലോബൈറ്റ്. ഈ ജീവിയുടെ ശരീരം ആവർത്തിച്ചുള്ള ഖണ്ഡങ്ങളുടെ സമാഹാരമാണ്‌. ഉദാ:- Olenoides serratus. Natural History Museumങ്ങളിൽ സമാഹരിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ ഫോസിലുകൾ ഇപ്പറഞ്ഞതിനെ സ്ഥിരീകരിക്കുന്നു. "ജീവശരീരത്തെ രൂപം കൊടുക്കുന്നതിൽ ആവർത്തിച്ചുള്ള ഭാഗങ്ങളുടെയും ഖണ്ഡഘടനയുടെയും വ്യാപകമായ ഉപയോഗം പരിണാമത്തിൽ സംഭവിച്ചതായി ഈ ഫോസിലുകൾ വ്യക്തമാക്കുന്നു"[1]. ജീവി, സൃഷ്ടിയല്ലാത്തതുകൊണ്ടും Modular design ആയതുകൊണ്ടുമാണ്‌ ഇന്ന് ഇത്രയും വൈപുല്യമാർന്ന ജീവസഞ്ചയം സംജാതമായത്. ജീവി സൃഷ്ടിയാണെങ്കിൽ പിന്നെ മാറ്റത്തിന്‌ പ്രസക്തിയില്ല; അങ്ങനെ സംഭവിക്കാതിരിക്കത്തക്കവണ്ണം അത് ഏക ശിലാ രൂപമായിരിക്കും. Modular design ആയതുകൊണ്ട് അത് മാറ്റത്തിന്‌ വിധേയമാണ്‌. ഒരു design ഒരു പ്രത്യേക പരിതസ്ഥിതിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു design അവതരിപ്പിക്കാം. അത് ആ പരിതസ്ഥിതിക്കനുയോജ്യമാണെങ്കിൽ ആ design അതിജീവിക്കും. അങ്ങനെ അതിജീവനം സിദ്ധിച്ച നൂറ്‌ നൂറ്‌ designകളുടെ ഇങ്ങേതലയ്ക്കലുള്ള കണ്ണികളാണ്‌ മനുഷ്യൻ.  

പൂർവ്വ design- ജീവികളിൽ- മാറ്റം സംഭവിച്ച് ഇന്നത്തെ design- നമ്മളും ഇതര ജീവികളും- രൂപം കൊണ്ടപ്പോൾ പൂർവ്വികർക്ക് ആവശ്യമായിരുന്ന പല ഘടകങ്ങളും പുതിയവർക്ക് അനാവശ്യമായി വന്നു. അങ്ങനെ ആ ഘടകങ്ങൾ പുതിയവയിൽ നിർവ്വീര്യമാക്കപ്പെട്ടു. അങ്ങനെ നിർവീര്യമാക്കപ്പെട്ട ഘടകങ്ങളും ജീനുകളും നമ്മുടെ ശരീരത്തിൽ നിന്നും DNAയിൽ നിന്നും പൂർണമായും എടുത്തുമറ്റപ്പെട്ടിട്ടില്ല. ആ അവശിഷ്ടങ്ങളും പേറിക്കൊണ്ടാണ്‌ നാം ഇപ്പൊഴും ജീവിക്കുന്നത്. ആ ഘടകങ്ങളെയും ജീനുകളെയും ചെറുതായൊന്ന് സൂചിപ്പിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്. അതിനു മുമ്പ് modular design ലൂടെ നമ്മെ രൂപപ്പെടുത്തിയ പൂർവ്വ design -പൂർവ്വ ജീവികളെ- Geologic time scale ലൂടെ ഒന്ന് കാണേണ്ടതുണ്ട്. ഈ യാത്ര സൃഷ്ടിവാദവും അവരുടെ സൃഷ്ടിയായ ദൈവവും എത്രവലിയ പൊളിയാണെന്ന് നമുക്ക് കാണിച്ചുതരുന്നു.

കാംബ്രിയൻ യുഗത്തിൽ നമ്മുടെ body plan രൂപപ്പെടുത്തുന്ന HOX ജീനുകളിൽ സംഭവിച്ച duplication വഴി അവ ഇരട്ടിച്ചതിനെപ്പറ്റി - ഒരു സെറ്റിനുപകരം നാലു സെറ്റുകൾ- കഴിഞ്ഞ കുറിപ്പിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഒരിക്കൽ ഒരു ജീൻ ഡൂപ്ലിക്കേറ്റ് ചെയ്തുകഴിഞ്ഞാൽ അതിന്റെ മറ്റൊരു കോപ്പികൂടി ഉണ്ടാകുന്നു. ഈ ജീനിന്റെ ശരിയായ പ്രവത്തനം നിർവ്വഹിക്കാൻ ഒരു കോപ്പി മാത്രം മതിയാകും. അപ്പോൾ സ്വന്തന്ത്രമായ മറ്റേ കോപ്പി മ്യൂട്ടേഷന്‌ വിധേയമാകും. ഇങ്ങെനെ കൂടുതൽ മ്യൂട്ടേഷനുകൾ നടന്നുകഴിഞ്ഞാൽ ഈ രണ്ടാമത്തെ കോപ്പി പുതിയ ജീനായി പരിണമിക്കും; അതിന്‌ പുതിയ function ഉണ്ടായിരിക്കും. 4 HOX സെറ്റുകളിൽ ഈ പ്രക്രിയ സംഭവിച്ചുകഴിഞ്ഞപ്പോൾ അവ പുതിയ ബോഡി പ്ലാനുകൾ നിർമ്മിക്കാൻ സജ്ജമായി. ഫോസിൽ രേഖകളിൽ കാംബ്രിയൻ യുഗത്തിനു മുമ്പ് നട്ടെല്ലില്ലാത്ത ജീവികളെയും കാംബ്രിയനിലും അതിനു ശേഷവും നട്ടെല്ലികളെയും കാണുന്നതിനുകാരണം ഇതാണ്‌. അന്നത്തെ പരിസ്ഥിതി-സമുദ്ര-ക്ക് പുതിയ body planകള്‍ അനുകൂലമായിരുന്നു. അതിനാൽ അവയ്ക്കനുകൂലമായി പ്രകൃതിനിർധാരണം നടക്കുന്നു. എന്നാൽ ഇങ്ങനെയെല്ലാം സംഭവിച്ചെങ്കിലും പെട്ടെന്ന് തന്നെ നട്ടെല്ലിവിഭാഗങ്ങൾ ഉല്‍ഭവിക്കുന്നില്ല. നല്ലൊരു നട്ടെല്ലിയായ Jawed fish നെ കാണണമെങ്കിൽ ഓർഡോവിഷൻ യുഗത്തിലെത്തണം- 43.8 കോടി വർഷം തൊട്ട് 41.7 കോടി വർഷം വരെ- . നട്ടെല്ലിലോകത്തെ മികച്ച ഡിസൈനാണ്‌ മൽസ്യങ്ങൾ. ഡവോണിയൻ യുഗത്തിന്റെ മധ്യഘട്ടം വരെ ഈ body plan മാത്രമാണ്‌ നട്ടെല്ലിലോകത്തുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 39 കോടി വർഷം തൊട്ട് സ്ഥിതിയി മാറ്റം വരുന്നു. ഈ വേളയിൽ അടിസ്ഥാന മൽസ്യ body plan ൽ ചില വ്യത്യാസങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. ഈ മാറ്റങ്ങൾ നട്ടെല്ലി ലോകത്ത് വളരെ പ്രധാനമാണ്‌. 3 കോടി വർഷത്തെ പരിണാമത്തിനൊടുവിൽ ജലത്തിലും കരയിലും ജീവിക്കാൻ അനുകൂലനം നേടിയ വേറൊരു നട്ടെല്ലിയെ നമുക്ക് ഫോസിലിൽ കാണാം. അവയാണ്‌ ഉഭയജീവികൾ-കരയിലും വെള്ളത്തിലുമായി ജീവിതചക്രമുള്ളവർ- നട്ടെല്ലിലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പരിണാമങ്ങളിൽ ഒന്നാണിത്. പിന്നീട് കരയിൽ പരിണമിച്ച 3 നട്ടെല്ലി-ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ-വിഭാഗങ്ങളും ഈ ഉഭയജീവികളിൽനിന്നാണ്‌ പരിണമിച്ചത്. ജലമാധ്യമം വിട്ട് തികച്ചും വ്യത്യസ്തമായ കരയിൽ ജീവിക്കണമെങ്കിൽ പൂർവ ഡിസൈനിൽ-മൽസ്യത്തിൽ- വളരെ മാറ്റങ്ങൾ സംഭവിച്ചിരിക്കണം.      

ജലപരിസ്ഥിതിയിൽ ജീവിക്കുന്ന മൽസ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, കരയിലെ പരിതസ്ഥിതിയിൽ ജീവിക്കുവാൻ ജീവികൾ എങ്ങനെ അർഹത നേടിയെന്ന് നമുക്ക് അല്‍ഭുതം തോന്നാം. എന്നാൽ ഇക്കാലത്തെ ഫോസിലുകളെ പഠിക്കുമ്പോൾ ഇതിൽ വലിയ അല്‍ഭുതത്തിനൊന്നും കാര്യമില്ല. ജീവികളുടെ അടിസ്ഥാന body plan ൽ ചില മാറ്റങ്ങൾ സംഭവിച്ചതുതന്നെയാണ്‌ അതിനു കാരണം. അവയിൽ ചിലത് നോക്കാം. അന്തരീക്ഷവായു ശ്വസിക്കുന്നതിന്‌ ശ്വാസകോശങ്ങൾ രൂപപ്പെട്ടു; അതായത് ചെകിളയുടെ സ്ഥാനത്ത് വായുഅറയുണ്ടായി. അടുത്തത് ഗുരുത്വബലത്തെ രൂപീകരിക്കലാണ്‌. ജലമാധ്യമത്തിൽ ഇതൊരു പ്രശ്നമല്ല. ശരീരത്തിന്റെ ഭാരം നാലു കാലുകളിലേക്ക് വ്യന്യസിച്ചാണ്‌ കരയിൽ ഈ പ്രശ്നം പരിഹരിച്ചത്. അടുത്ത പ്രശ്നം നിർജലീകരണമാണ്‌. അത് തടയാൻ കട്ടിയുള്ള തൊലിയുണ്ടായി. മറ്റൊന്നുള്ളത് മണം പിടിക്കനുള്ള ശേഷിയാണ്‌. ജലമാധ്യമത്തിലെ മണംപിടിക്കുന്നതിനുള്ള സംവിധാനമല്ല കരയിൽ വേണ്ടത്. അന്തരീക്ഷത്തിലെ മണം പിടിക്കുന്നതിന്‌ വേറെ ചില സംവിധാനങ്ങളാണ്‌ വേണ്ടത്. കരയിലെ ജീവിതം സാധ്യമാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയിൽ ഇതിനായി വളരെയധികം ജീനുകൾ രൂപപ്പെട്ടു. പിന്നീട്, പരിണാമം സസ്തനികളിലെത്തിയപ്പോൾ ഈ ജീനുകളുടെ എണ്ണം duplication വഴി ആയിരക്കണക്കായി മാറി. അങ്ങനെ മൽസ്യത്തിന്റെ അടിസ്ഥാന body planല്‍ ചില മാറ്റങ്ങൾ സംഭവിച്ചതുവഴി കഴിഞ്ഞ 36 കോടി വർഷങ്ങൾതൊട്ട് ഭൂമുഖത്ത് വേറൊരു ജീവി വിഭാഗം പ്രത്യക്ഷപ്പെട്ടു. അവരാണ്‌ നാലുകാലികൾ- tetrapods- ഡെവോണിയൻ ഫോസിൽ രേഖകളിൽ ഈ പരിവർത്തന ചരിത്രം വളരെ വ്യക്തമാണ്‌. (അതേപറ്റി വിശദമായ മറ്റൊരു കുറിപ്പ് പിറകെ) ഇരുകാലികളാണെങ്കിലും മനുഷ്യനും tetrapod തന്നെയാണ്‌. നാലുകാലിയായി വൃക്ഷവാസം നയിച്ചിരുന്നവരാണ്‌ നമ്മുടെ പൂർവ്വികർ. ഒരു സവിശേഷ പരിതസ്ഥിതിയോടുള്ള അനുകൂലനം എന്ന നിലയിലാണ്‌ നമ്മളിൽ ഇരുകാലി നടത്തം വികസിച്ചതും അതിന്റെ ഫലമായി കൈകൾ സ്വതന്ത്രമായതും.

വിരലുകൾ പരിണമിച്ചത് കരയിലെ ചലനത്തിന്‌ അനുകൂലനം എന്ന നിലയിലായിരുന്നു. എന്നുതന്നെയല്ല, ഇത് ആദ്യം പ്രത്യക്ഷപ്പെടുന്നത് മനുഷ്യനിലല്ല. കഴിഞ്ഞ 39 കോടി വർഷങ്ങൾക്കു ശേഷം ഇത് ആ കാലഘട്ടത്തിലെ നാലുകാലികളിൽ പ്രത്യക്ഷപ്പെടുന്നു. ഡെവോണിയൻ നാലുകാലികളായ Ichthyostega
യുടെ ഒരു കാലിൽ 8 വിരലുകളും Acanthostega യുടെ കാലിൽ 7 വിരലുകളും അല്പം കൂടി കഴിഞ്ഞ് Tulerpeton ൽ എത്തുമ്പോൾ അത് 6 വിരലുകളായും പരിണമിക്കുന്നു. ഈ ജീവികളുടെ മുൻ കാലുകളിൽ നിന്നാണ്‌ മനുഷ്യന്റെ കരങ്ങൾ രൂപപ്പെടുന്നത്. ഇവയുടെ മുൻ കാലിൽ നമ്മുടെ  humerusradiusulna, carpals എന്നീ ഘടകങ്ങൾ എല്ലാം ഉണ്ട്.

നട്ടെല്ലിലോകത്ത് അടുത്ത കാതലായ മാറ്റങ്ങൾ സംഭവിക്കുന്നത് കാർബണിഫറാസ്(Carboniferous)-കഴിഞ്ഞ 36 കോടി വർഷം മുതൽ തുടങ്ങി 29 കോടി വർഷം വരെ-യുഗത്തിലാണ്‌. ആദ്യം കരയിലേക്ക് പ്രവേശിച്ച ഉഭയജീവികളിൽ-ജലത്തിലും കരയിലും ജീവിതചക്രമുള്ള-നിന്നും ഈ യുഗത്തിൽ വേറൊരു ജീവി വിഭാഗം പരിണമിക്കുന്നു. അതാണ്‌ ഉരഗങ്ങൾ-Reptiles-. ആമ, പല്ലി, പാമ്പ് , മുതല ഇവയെല്ലാം ഇതില്‍ പെടുന്നു. അതോടെ നട്ടെല്ലികൾ 3 വിഭാഗങ്ങളിലായി രണ്ട് സവിശേഷ പരിതസ്ഥിതികളിൽ ജീവിക്കുവാൻ അനുകൂലനം നേടുന്നു. കരയിൽ നട്ടെല്ലി ജീവിതം സംസ്ഥാപിതമാകുന്നതോടെ അവയിൽ വ്യത്യസ്ത ദിശയിലേക്കുള്ള പരിണാമങ്ങൾ സംഭവിക്കുന്നു. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലും അടുത്ത ഘട്ടമായ പെർമിയ(Permian)-29 കോടി വർഷം മുതൽ 24.5 കോടി വർഷം വരെ-ന്റെ തുടക്കത്തിലുമായി ഉരഗജീവിതം 3 വ്യത്യസ്ത ജീവി വിഭാഗങ്ങൾക്ക് ജന്മമേകുന്നു. അവ 1. Anapsids- ഇവയിൽ നിൻ പില്‍കാലത്ത് ആമ തുടങ്ങിയ ജീവികൾ ഉരുത്തിരിയുന്നു. 2. Diapsids- അതിൽ  നിന്നും ആദ്യം ദിനോസറുകൾ, Pterosaurs (പറക്കുന്ന ഉരഗങ്ങൾ) എന്നിവയും പിന്നീട് ഡിനോസറുകളിൽനിന്ന് പക്ഷികളും രൂപം കൊള്ളുന്നു. 
3. Synapsids- ഈ വിഭാവത്തിൽ നിന്നാണ്‌ പില്‍കാലത്ത് ഇന്നത്തെ പ്രബല ജീവി വിഭാഗമായ സസ്തനികൾ വികസിക്കുന്നത്. അങ്ങനെ നട്ടെല്ലി ജീവിതം പുതിയ ദിശകളിലേക്ക് തിരിയുന്നു. പെർമിയൻ യുഗത്തിൽ ഇത്തരം തിരിവുകൾ ഉണ്ടായെങ്കിലും പക്ഷികളെ കാണണമെങ്കിൽ ജൂറാസിക് യുഗത്തിന്റെ അവസാന മധ്യ ഭാഗത്തെത്തണം. അതുപോലെ സസ്തനികളുടെ ശരിയായ വികാസം കാണണമെങ്കിലോ സിനോസോയിക്(Cenozoic) ഘട്ടത്തിന്റെ -കഴിഞ്ഞ 6.5 കോടി വർഷം മുതൽ- ആദ്യഭാഗത്ത് നോക്കണം. എങ്കിലും, പെർമിയൻയുഗം ജീവന്റെ ചരിത്രത്തിൽ വളരെ നിർണായകമാണ്‌. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലാണ്‌ ജീവലോകത്തെ മിക്കവാറും തുടച്ചുനീക്കിക്കൊണ്ട് അതിഭീകരമായ Mass Extinction സംഭവിച്ചത്. അന്ന് ഭൂമുഖത്തെ ജീവജാലങ്ങളിൽ 96 % അപ്രത്യക്ഷമായി. (അതേപ്പറ്റി വിശദമായ കുറിപ്പ് പിറകെ) എന്നിരുന്നാലും, പെർമിയൻ കൂട്ടവിനാശത്തെ നട്ടെല്ലികളും നട്ടെല്ലില്ലാത്തവയും അതിജീവിച്ചു. അതെ, ജീവന്റെ കൈത്തിരി കെട്ടുപോയില്ല. അത് പതിയെ മുന്നോട്ട്, ദൈവത്തെയോ പിശാചിനെയോ കാക്കാതെ മുമ്പോട്ട്...

നട്ടെല്ലികളുടെ ചരിത്രം ഫൊസിലുകളിലൂടെ തിരിഞ്ഞ് നോക്കുമ്പോഴാണ്‌ മുകളിൽ പറഞ്ഞ പരിണാമഗതി മനസിലാവുക. ഒപ്പം പരിണാമ ചരിത്രത്തിലെ മറ്റൊരു വസ്തുത കൂടി നാമിവിടെ കാണുന്നുണ്ട്. അതായത് ഒരു ജീവിവിഭാഗവും തനിയേ, വെവ്വേറെ രൂപം കൊണ്ടതല്ല. ഓരോന്നും അവയുടെ പൂർവ്വ രൂപങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാൽ മൽസ്യം രൂപപ്പെട്ട കാംബ്രിയൻ-ഓർഡോവിഷൻ യുഗങ്ങളിൽ നമ്മൾ ഒരിക്കലും ഒരു സസ്തനിയെ കാണില്ല,മൽസ്യത്തിന്റെ പിൽകാല പരിണാമ രൂപമാണ്‌ സസ്തനി. 

ജീവന്റെ വൃക്ഷം.

ജീവൻ എന്നത് ഒരു വൃക്ഷമാണ്‌. വളർന്ന് പന്തലിച്ചുനില്ക്കുന്ന ഒരു കൂറ്റൻ വട വൃക്ഷം. ഈ വൃക്ഷത്തിന്റെ എല്ലാ ശാഖകളും പരസ്പരം ബന്ധിക്കപ്പെട്ടവയാണ്‌. ഒരു ശാഖയ്ക്കും വേറിട്ട് തനിയെ നിലനില്പ്പില്ല. ഈ ജീവ വൃക്ഷം ആരംഭിച്ചത് കഴിഞ്ഞ 400 കോടി വർഷത്തിനിപ്പുറം വളരെ ലളിതമായ രൂപമായിട്ടാണ്‌. അതിന്റെ പില്‍കാലത്തുണ്ടായ വ്യത്യസ്തവും സങ്കീർണവുമായ ശാഖകളാണ്‌ ഇന്ന് കാണുന്ന ഓരോ ജീവിവിഭാഗവും. ഇതിലെ ശാഖകളെ നോക്കുക. വലിയ ശാഖകളിൽനിന്നും മുളപൊട്ടി വേറെ ശാഖകൾ ഉണ്ടാകുന്നു. ആ ശാഖ കുറച്ചുവലിപ്പം വെയ്ക്കുന്നു. വീണ്ടും അതിൽനിന്നും മുളപൊട്ടി മറ്റൊരു ശാഖ വരുന്നു. അങ്ങനെ അത് ശാഖോപശാഖകളായി വളർന്നുവികസിച്ചുനില്ക്കുന്നു.

ഒരു വലിയ ശാഖയിൽനിന്നും മുളപൊട്ടി മറ്റൊരു ശാഖയുണ്ടാകുമ്പോൾ ആദ്യത്തെ ശാഖ മുളപൊട്ടിയ ശാഖയുടെ പൊതു പൂർവ്വികനാകുന്നു. തുടർന്ന് ഇപ്പോൾ മുളപൊട്ടിയ ശാഖ ക്രമേണ വികസിക്കുന്നു. പിന്നീട് ഇതിൽ നിന്നും പുതിയ ശാഖകൾ ഉണ്ടാകുന്നു. ഇതിലെ ഓരോ ശാഖയും മുമ്പത്തെ ശാഖയിൽ നിന്നും വ്യത്യസ്തതകളുള്ള ജീവി വിഭാഗമായിരിക്കും. ഇങ്ങനെയാണ്‌ വ്യത്യസ്ത ജീവി വിഭാഗങ്ങളായി ജീവന്റെ വൃക്ഷം പന്തലിച്ചുനില്ക്കുന്നത്. ഇവിടെ ഒരു ശാഖ പൊതുപൂർവ്വികശാഖയോട് എത്രമാത്രം അടുത്തുനില്ക്കുന്നുവോ (സമയം കൊണ്ട്) അത്രത്തോളം പൊതുപൂർവ്വികന്റെ ഗുണങ്ങൾ പുതിയ ശാഖയിൽ നിഴലിക്കും; ഇത് പുതിയൊരു ജീവി വിഭാഗം രൂപപ്പെടുന്നതിന്റെ സൂചനയാണ്‌. “നിലവിലുള്ള ഒരു ജീവി വിഭാഗം രണ്ടായി പിരിയുമ്പോൾ പുതിയ ജീവിവർഗം രൂപം കൊള്ളുന്നു. ജീനുകൾ വേർപിരിയുന്നു. ജനിതക കാഴ്ചപ്പാടിൽ ഇതാണ്‌ Speciation -പുതിയ ജീവികളുടെ ആവിർഭാവം- ഇതൊരു നീണ്ട ഗുഡ് ബൈ ആണ്‌.”[2]. നമ്മൾ നേരത്തെ കണ്ട, പുതുതായി രൂപം കൊണ്ട ജീവികളിലും ഈ പ്രക്രിയ ആവർത്തിക്കും. അങ്ങനെ പുതിയ speciesകൾ ഉണ്ടാകും. നട്ടെല്ലിലോകത്തെ മാത്രമെടുത്താൽ കഴിഞ്ഞ 53 കോടി വർഷങ്ങൾക്കുശേഷം ഇത് നിരന്തരം നടന്നുകൊണ്ടിരുന്നു. ഓർക്കുക, ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന എല്ലാ ജീവി വിഭാഗങ്ങളും വിജയം വരിക്കണമെന്നില്ല. പല ജീവികളും പിന്നീട് extinct ആയിട്ടുണ്ട്.

ഇങ്ങനെ രൂപപ്പെടുന്ന എല്ലാ ജീവികളും അവയുടെ പൂർവ്വികരെ സംബന്ധിച്ചുള്ള ഒട്ടനേകം തെളിവുകളുമായിട്ടാണ്‌ ജീവിക്കുന്നത്. അതെ, എല്ലാ ജീവികളിലും അവയുടെ പൂർവ്വികരെ സംബന്ധിച്ച തെളിവുകളുണ്ട്. ഒരു ജീവിയും “സൃഷ്ടി”യല്ലായെന്ന് വ്യക്തമാക്കുന്ന പരിണാമത്തിന്റെ ബാക്കിപത്രങ്ങളാണിവ. ജീവികൾ ‘സൃഷ്ടി’കളാണെങ്കിൽ അവയുടെ DNAയിൽ ഉള്ള എല്ലാ ജീനുകളും active ആയിരിക്കും. അല്ലാതെ inactive ജീനുകൾ അവിടെ ആവശ്യമില്ലല്ലോ. എന്നാൽ ഒരു ജീവിയുടെ DNA യിലേക്ക് നോക്കിയാൽ കാണാൻ കഴിയുന്നതോ, inactive ആക്കപ്പെട്ട ഒരുപാട് ജീനുകൾ. ഈ ജീനുകൾ എങ്ങനെയാണ്‌ ജീവിയുടെ DNA യിൽ വന്നത്? അത് അവയുടെ പൂർവ്വികർക്ക് ആവശ്യമായിരുന്നു.; അവയെ രൂപപ്പെടുത്തിയത് ആ ജീനുകൾ കൂടി ഉള്‍പ്പെട്ടിട്ടായിരുന്നു. എങ്കിലും പിൻഗാമികൾക്ക് ആ ജീനുകൾ ആവശ്യമില്ല. കാരണം അവയുടെ ഘടന വേറെയാണ്‌. അതിനാൽ പ്രകൃതി നിർദ്ധാരണം ആ ജീവികളെ inactive ആക്കി.

നിർവീര്യമക്കപ്പെട്ട ആ ജീനുകൾ ഇപ്പോഴും നമ്മുടെ DNAയിൽ ഉണ്ട്. അതു മാത്രമല്ല, പല ജീവികളും അവരുടെ പൂർവ്വികർക്ക് ആവശ്യമായിരുന്ന അവയവങ്ങൾ തനിക്ക് ആവശ്യമില്ലാഞ്ഞിട്ടുകൂടി vestige ആയി പേറി നടക്കുന്നവരാണ്‌. നോക്കുക, ഒരു ‘സമ്പൂർണ സൃഷ്ടിയിൽ’ ഇതിന്റെ ആവശ്യമെന്താണ്‌? ജീവികൾ “സമ്പൂർണനായ ദൈവത്തിന്റെ സൃഷ്ടികൾ” ആണെങ്കിൽ അവ തികച്ചും തനിമയുള്ളതായിരിക്കണം. അത് ദൈവത്തിന്റെ ശുദ്ധമായ പാറ്റേൺ ആയിരിക്കും. അങ്ങയാണെന്ന് മതവിശ്വാസികൾ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും അതല്ല സത്യം.

ഒരു മനുഷ്യശിശു രൂപമെടുക്കുന്ന കാര്യംതന്നെ മതി സൃഷ്ടിവാദത്തിന്റെ കാറ്റുപോകാൻ. പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ സ്ത്രീയുടെ ഗർഭപാത്രത്തിൽ വെച്ച് ബീജ കോശങ്ങൾ(അണ്ഡവും ബീജവും) ഒന്നായിച്ചേരുന്നു. 23 ക്രോമസോം വീതമുള്ള ആ രണ്ട് ബീജങ്ങൾ കൂടിച്ചേർന്ന് 23 ജോഡി ക്രോമസോമുള്ള ഒറ്റ കോശമായിത്തീരുന്നു. ആ നിമിഷം മുതൽ അത് ഒരു മനുഷ്യശിശുവിന്റെ രൂപം ആർജിക്കുന്നില്ല. 'മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ സൃഷ്ടിച്ചുവെന്ന' മതവാദം ശുദ്ധ അസംബന്ധമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. അങ്ങനെയായിരുന്നുവെങ്കിൽ കൂടിച്ചേരുന്ന നിമിഷം മുതൽ അത് ഒരു മനുഷ്യക്കുഞ്ഞായി വളർന്ന് തുടങ്ങണമായിരുന്നു. മൈക്രൊസ്കോപ്പിലൂടെ കാണാവുന്ന ഒരു കുഞ്ഞുമനുഷ്യൻ. അതിന്റെ ആന്തരികാവയവങ്ങളും ബാഹ്യാവയവങ്ങളും പൂർണമായും ഒരു മനുഷ്യന്റേതുതന്നെയായിരിക്കണം. എന്നാൽ അങ്ങനെയൊന്നുമല്ലല്ലോ മനുഷ്യന്റെ പിറവി. മനുഷ്യന്റേതുമാത്രമല്ല, ഒരു ജീവിയുടെയും പിറവി മേല്പറഞ്ഞ രിതിയിലല്ല. ജീവികൾ അവയുടെ ഭ്രൂണാവസ്ഥയിൽ അവരുടെ പൂർവ്വികരെ സംബന്ധിച്ച വ്യക്തമായ വെളിപ്പെടുത്തലുകൾ നടത്തുന്നു. Jerry Coyne പറയുന്നു: “ എല്ലാ നട്ടെല്ലികളും വികാസം ആരംഭിക്കുന്നത് മൽസ്യത്തിന്റെ ഭ്രൂണം പോലത്തെ ഭ്രൂണമുള്ള മൽസ്യപൂർവ്വികരിൽ നിന്നാണ്‌. അവയവങ്ങളും രക്തക്കുഴലുകളും മൽസ്യചെകിള(gill slits)കളും അസാധാരണമാംവിധം മാറ്റിമറിക്കപ്പെടുന്നതും അപ്രത്യക്ഷമാകുന്നതും നാം കാണുന്നു. കാരണം പൂർവ്വികരുടെ ജിനുകളും അവയുടെ വികാസരീതികളും പിൻഗാമികളായ നാം നമ്മുടെ ജനിതകഘടനയിൽ  ഇപ്പോഴും വഹിക്കുന്നു." എല്ലാ നട്ടെല്ലികളും ഭ്രൂണാവസ്ഥയിൽ കടന്നുപോകുന്ന അവസ്ഥയാണിത്. എന്തുകൊണ്ടാണ്‌ ഇങ്ങനെയെല്ലാം സംഭവിക്കുന്നത്? ജീവികൾ പരിണമിച്ചുണ്ടായതുകൊണ്ട് അവ ഉല്‍ഭവിച്ച വഴിയെപ്പറ്റി വ്യക്തമായ തെളിവുകൾ അവയുടെ ജനിതക ഘടനയിൽ ഉണ്ടായിരിക്കും. പരിണാമം നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായ ഒരു ജീവിയെ രൂപപ്പെടുത്തുന്നത് അതിനെ "ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചല്ല", മറിച്ച് ഉള്ള ജീവികളിൽ തന്നെ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാണ്‌. അപ്പോൾ പൂർവ്വ ജീവിയെ സംബന്ധിച്ച വിവരങ്ങൾ പുതിയ ജീവി വഹിച്ചേതീരൂ.

ഓരോ ജീവശരീരവും അവയുടെ പൂർവികനെ സംബന്ധിച്ച തെളിവുകൾ തരുന്നു. ചിലപ്പോൾ അവ vestigial organ രൂപത്തിലാകും. പൂർവ്വികർക്ക് അനിവര്യമായതും എന്നാൽ നമുക്ക് അനാവശ്യമായതുമായ അവയവങ്ങളാണിവ. മറ്റൊരു തെളിവ് Atavism ആണ്‌. പൂർവ്വികർക്ക് ആവശ്യമായിരുന്ന ചില ജീനുകളാണിവ. പിൻഗാമികളിൽ ദീർഘകാലം നിശബ്ദമായി നിന്നതിനുശേഷം ചിലപ്പോൾ ഇവ ഓൺ ആകുന്നു. 
   
വേറൊരു തെളിവ് dead genes ആണ്‌. പ്രകൃതി നിർധാരണം, പുതുതായി രൂപാന്തരം പ്രാപിച്ച ജീവികൾക്ക് ചില പൂർവ്വിക ജീനുകൾ ആവശ്യമില്ലായെങ്കിൽ അവയെ നിർവീര്യമാക്കി വിടും. അത്തരം ഒരുപാട് dead genes നമ്മുടെ ജനോമില്‍ ഉണ്ട്. ഇതെല്ലാം പരിണാമം നടന്നു എന്നതിനുള്ള ശക്തമായ തെളിവുകളാണ്‌. ഈ തെളിവുകളും പേറിക്കൊണ്ടാണ്‌ ഓരോ ജീവികളും നടക്കുന്നത്. എങ്കിൽ ആ ജീവി എങ്ങനെ ‘സൃഷ്ടി’യാകും? സൃഷ്ടി എന്നാൽ പൂർണതയാണ്‌. ‘ദൈവ’ത്തിന്റെ പദ്ധതിയനുസരിച്ചുള്ള പൂർണത. എന്നാ ഓരോ ജീവിയും അപൂർണതയാണ്‌. മനുഷ്യനടക്കം.

ഇനി നമുക്ക് മുകളിൽ പറഞ്ഞ മൂന്ന് തെളിവുകളെ പരിശോധിക്കാം. ആദ്യം vestigial organs നെ നോക്കാം. നമ്മുടെ പ്രധാനപ്പെട്ട vestige ആണ്‌ Appendix. ഇത് മിക്കവാറും എല്ലാവർക്കും അറിയുന്ന കാര്യമാണ്‌. വൻകുടലും ചെറുകുടലും കൂടിച്ചേരുന്നിടത്ത് കനം കുറഞ്ഞ സിലിണ്ടറാകൃതിയിലുള്ള, കലകളെകൊണ്ട് നിർമിതമായ പുറത്തേക്ക് തള്ളിനില്ക്കുന്ന ഭാഗം(cecum). മനുഷ്യനിൽ ഇതിന്റെ വലിപ്പം വ്യത്യസ്തമാണ്‌. ചിലപ്പോൾ 1 ഇഞ്ച് തൊട്ട് 1 അടിവരെയാകാം. ചിലര്‍ ഇത് ഇല്ലാതെയും ജനിച്ചേക്കാം. ഈ അവയവം നമുക്ക് ഒട്ടും ആവശ്യമില്ല. ഉപകാരം ഒന്നുമില്ലാത്ത, എന്നാൽ ഉപദ്രവം മാത്രമുള്ള ഒരു വിനാശകാരിയായ അവയവം. വാസ്തവത്തിൽ ഈ അവയവം നമ്മൾ വയറ്റിൽ ചുമന്നുകൊണ്ട് നടക്കുന്ന ഒരു ബോംബാണ്‌. അതിൽ അണുബാധയുണ്ടായാൽ അപ്പെൻഡിസൈറ്റിസ് ഉണ്ടാകും. അത് മൂർച്ഛിച്ചാൽ അതീവ ഗുരുതരമായിരിക്കും ഫലം; മരണം സംഭവിക്കാം. അത് സർജറി വരും മുമ്പത്തെ കഥ. ഇന്ന് പേടിക്കേണ്ടതില്ല. എങ്കിലും സർജറി വരും മുമ്പുള്ള കാലം ഒന്നോർത്തുനോക്കൂ. എത്ര ഹതഭാഗ്യർ! ഇത്ര അപകടം പിടിച്ച ഘടകം എന്താണ്‌?

 ഇല മുഖ്യ ഭക്ഷണമാകുന്ന ജീവികൾക്ക് ഈ അവയവം ആവശ്യമാണ്‌. കംഗാരു, മുയലുകൾ, ആസ്ത്രേലിയൻ koala എന്നിവയിൽ ഈ അവയവം മനുഷ്യനേക്കാൾ വലുതാണ്‌. അതുപോലെതന്നെയാണ്‌ പ്രൈമേറ്റുകളിലെ ഇല ഭക്ഷകരായ Lorises, lemurs, spider monkey എന്നിവയിലും. ഈ ജീവികളിൽ സീക്കം, ബാക്റ്റീരിയയെ ഉപയോഗിച്ച് സെല്ലുലോസ് വിഘടിപ്പിച്ച്‌ പഞ്ചസാരയുണ്ടാക്കുന്നതിനുള്ള പുളിപ്പിക്കൾ പാത്രമായി വർത്തിക്കുന്നു. (ഇത് പശുവിലും മറ്റും  കാണുന്ന Extra stomachs നെപ്പോലെയാണ്‌.) പ്രൈമേറ്റുകളിൽ വളരെകുറച്ചുമാത്രം ഇലകൾ ഭക്ഷിക്കുന്ന ഒറാങ്ങ് ഊട്ടാൻ, മക്വാക കുരങ്ങ്, എന്നിവയിൽ ഇത് ചെറിയവയാണ്‌. മനുഷ്യൻ ഇല ഭക്ഷകരല്ല. നമുക്ക് സെല്ലുലോസ് വിഘടിപ്പിക്കാനുള്ള കഴിവുമില്ല. അതുകൊണ്ട് അനാവശ്യമായ ഈ അവയവം മനുഷ്യനിൽ ചുരുങ്ങി. എങ്കിലും നമ്മുടെ ഉള്ളിൽ ഈ അവയവം ഒരു അവശിഷ്ടമായി ഇപ്പോഴും തുടരുന്നു.

കരയിലെ നട്ടല്ലികളുടെ ഇല ഭക്ഷണ ചരിത്രം കാർബോണിഫറസ് യുഗത്തിന്റെ അവസാനഘട്ടത്തിൽ തുടങ്ങുന്നു. ഈ ഘട്ടത്തിലും അടുത്ത യുഗമായ പെർമിയന്റെ ആരംഭ ഘട്ടത്തിലുമായി, മൂല ഉരഗ വിഭാഗത്തിൽ നിന്നും synapsids എന്ന വിഭാഗം ജീവികൾ ആവിർഭവിക്കുന്നത്. ഇവ mammal-like reptiles  ആണ്‌. ഇവയിൽ നിന്നാണ്‌ പിൽ കാലത്ത് സസ്തനികൾ ആരംഭിക്കുന്നത്.

പെർമിയൻ യുഗത്തിന്റെ ആരംഭത്തിൽ കണ്ടുവരുന്ന pelycosaurs ആണ്‌ ഈ വിഭാഗത്തിലെ അദ്യ ജീവികൾ. ഫോസില്‍ രേഖകളിൽ മൂന്ന് ഗ്രൂപ്പുകളിലായി ഇവയെ കണ്ടുവരുന്നു. ഈ pelycosaurs വിഭാഗത്തിലെ Edaphosaurus നെ ആദ്യത്തെ സസ്യഭുക്ക്[3] ആയി കണക്കാക്കുന്നു. അവന്റെ പല്ലിന്റെ ഘടന ഈ വസ്തുതയെ വെളിവാക്കുന്നു. (പല്ലിന്റെ ഘടന നോക്കിയാൽ ഒരു ജീവിയുടെ ഭക്ഷണരീതി മനസ്സിലാക്കാം.) എന്നാൽ ഇതേ ഗ്രൂപ്പിൽ പെട്ട Dimetrodon മാംസഭുക്കാണ്. ഇത് കാണിക്കുന്നത് നമ്മുടെ ഈ പൂർവ്വികർ വ്യത്യസ്തമായ ഭക്ഷണരീതിയുമായി പൊരുത്തപ്പെട്ടു എന്നാണ്‌. ഇനി ഈ ഭക്ഷ്യരീതിയുടെ വികാസമാണ്‌ നമ്മൾ ഫോസിലിൽ കാണുന്നത്. മധ്യപെർമിയൻ - 26 കോടി വർഷം തൊട്ട്- എത്തുമ്പോൾ കുറച്ചുകൂടി വികസിതമായ mammal-like reptiles കളെ കാണാം. അവയാണ്‌ TherapsidsTherapsidsകളിലും ഒട്ടനേകം വിഭാഗങ്ങൾ ഉണ്ട്. Dicynodontsകൾ ആണ്‌ അവയിലെ പ്രധാനപ്പെട്ടവ. ഇവ സസ്യഭുക്കുകളാണ്‌. പെർമിയനിൽ ഇവയുടെ വലിപ്പം ഒരു മുയലിന്റെ വലിപ്പം മുതൽ 3 മീറ്റർ വരെ വ്യത്യാസപ്പെട്ടുന്നു. എന്നാൽ ഈ യുഗത്തിന്റെ അവസാനം നടന്ന അതി ദാരുണമായ Mass Extinctionൽ വലിയ വിഭാഗങ്ങളെല്ലാം ചത്തൊടുങ്ങി. ഇതിലെ ചെറിയ സസ്യഭുക്കുകൾ, എന്നിരുന്നാലും, കൂട്ട വിനാശത്തെ അതിജിവിച്ചു. അടുത്ത യുഗമായ ട്രയാസിക്കിൽ (24.5 കോടി വർഷം മുതൽ 20.8 കോടി വർഷം വരെ) Dicynodonts വിഭാഗത്തിലെ മറ്റൊരു സസ്യഭുക്ക് Lystrosaurusനെ കാണുന്നു. ഇതോടൊപ്പം cynodonts  എന്ന എന്ന വിഭാഗം ജീവികളെയും ഫോസിലിൽ കാണുന്നു. ഒരു പട്ടിയുടെ അത്രയും വലിപ്പമുള്ള അവയിൽ മാംസഭുക്കുകളും സസ്യഭുക്കുകളും ഉണ്ട്. അങ്ങനെ, കണ്ണടച്ചുതുറക്കുന്നതുപോലെ പറഞ്ഞുപോയ, ജിയോളജിക് ടൈം സ്കേലിലൂടെയുള്ള സസ്തനി വിഭാഗത്തിലേക്കുള്ള പരിണാമ വികാസത്തിൽ നമ്മൾ ഒരു ശരിയായ സസ്തനിയെ കാണുന്നത് ജൂറാസിക് യുഗത്തിന്റെ ആരംഭത്തിലാണ്‌. (20.8 കോടി മുതൽ 14.5 കോടി വരെ) ഈ കാലത്തെ ഫോസിലിൽ കാണുന്ന  Megazostrodon കാഴ്ചയിൽ ഒരു പെരുച്ചാഴിയെപ്പോലിരിക്കുന്ന, ശരിയായ സസ്തനിയാണ്‌. പിന്നീട് ഡിനോസറുകളുടെ പരിണാമവും അവയുടെ ആധിപത്യവും അതോടൊപ്പം സസ്തന ജീവിതം ഒരരികിലായതും നമുക്കറിയാവുന്നതാണ്‌(കഴിഞ്ഞ പൊസ്റ്റ് നോക്കുക). പിന്നീട് 6.5 കോടി വർഷം തൊട്ടാണ്‌ ശരിയായ അർത്ഥത്തിലുള്ള mammalian radiation സംഭവിക്കുന്നത്. അപ്പോഴും നല്ലൊരു ശതമാനം സസ്തനികളും സസ്യബുക്കുകളായിരുന്നു.

ഓരോ സസ്തനിയുടെയും ഘടനയനുസരിച്ച് സെല്ലുലോസ് വിഘടിപ്പിക്കുന്ന്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. എന്തൊക്കെയായാലും സസ്തനവിഭാഗത്തിലെ ഒരു ഓർഡർ ആയ പ്രൈമേറ്റിൽ പെടുന്ന നമുക്ക്, നമ്മുടെ പൂർവ്വികരിൽ സീക്കത്തിന്റെ ആവശ്യമുണ്ടായിരുന്നു. (പ്രൈമേറ്റുകൾക്ക് ഇത് അവരുടെ പൂര്‍വ്വികരിൽ നിന്ന് കിട്ടി. )

ഇല ഭക്ഷകരായ നമ്മുടെ  പ്രൈമേറ്റ്പൂർവ്വികർ അത് ഉപയോഗപ്പെടുത്തുകയും ചെയ്തിരിക്കും. എന്നാൽ ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാം. കഴിഞ്ഞ 70-60 ലക്ഷം വർഷം തൊട്ട് മനുഷ്യപരിണാമം ആരംഭിച്ചപ്പോൾ സ്ഥിതി മാറുന്നു; ഭക്ഷണരീതി മാറുന്നു. അത് ധാന്യങ്ങളിലെക്കും കിഴങ്ങുകളിലേക്കും പഴങ്ങളിക്കും മാംസത്തിലേക്കും തിരിയുന്നു. അങ്ങനെ വരുമ്പോൾ സെല്ലുലോസ് ദഹിച്ചിരുന്ന അവയവത്തിന്‌ ഉപയോഗമില്ലാതാകുന്നു. ഉപയോഗമില്ലാത്ത അവയവം ക്രമേണ ചുരുങ്ങി ചുരുങ്ങിപ്പോകുന്നു. എന്നാൽ ഉപയോഗമില്ലാത്ത ഈ അവയവം നിർമിക്കാനുള്ള പ്രോഗ്രാം നമ്മിൽ ഉള്ളതുകൊണ്ട് നമ്മൾ, പ്രസ്തുത അവശിഷ്ട അവയവം പേറി നടക്കുന്നു. എന്നിരുന്നാലും കരയിൽ സംസ്ഥാപിതമായ നട്ടെല്ലി ജീവികളിൽ നിന്നും കഴിഞ്ഞ 30-28 കോടി വർഷങ്ങൾ തൊട്ടാരംഭിക്കുന്ന Synapsidകളുടെ പരിണാമത്തിൽ നിന്നും - അവരുടെ ഇല ഭക്ഷക ചരിത്രത്തിൽ നിന്നും - സസ്തനികള്‍ ഉല്ഭവിച്ചതും പിന്നീട് മൻഷ്യർ ആവിർഭവിച്ചതുമായ പരിണാമ പരമ്പരകളെ മനസ്സിലാക്കാൻ ഈ അവയവത്തിന്റെ സാന്നിധ്യം നമ്മെ സഹായിക്കുന്നുണ്ട്. എന്നാലും സൃഷ്ടിവാദികൾ ഇതേപ്പറ്റി പറയുന്ന ഒരു വാദമുണ്ട്: “ഇനിയും നമുക്ക് മനസിലാകാത്ത എന്തോ പ്രവർത്തനം അതിനുണ്ടെത്രെ.! അല്ലാതെ സ്രഷ്ടാവ് ഇത്തരം ഒരവയവം നമുക്ക് നല്കില്ല.” അതെ, ശരിയാണേ, മനുഷ്യന്റെ വയറ്റിൽ ഒരു ബോംബും ഫിറ്റ് ചെയ്ത് അവനെ ‘പടച്ച’ സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവത്തിന്‌ ഒരു സല്യൂട്ട്.

ഇനി വേറൊന്ന് നോക്കാം. താങ്കൾക്ക് ചെവി ചലിപ്പിക്കാൻ കഴിയുമോ? കഴിയുമെങ്കിൽ താങ്കൾ പരിണാമത്തിന്‌ തെളിവും കൊണ്ട് നടക്കുന്നയാളാണ്‌. നമ്മുടെ പരിസരത്ത് ഈ കഴിവുള്ളയാളുകളുണ്ട്. ഒന്ന് ശ്രദ്ധിച്ചുനോക്കൂ. നമ്മുടെ ശിരസ്സിൽ ചെവിയെ ബന്ധിപ്പിച്ചുകൊണ്ട് 3 മസിലുകളുണ്ട്. ചെവിയെ ചലിപ്പിക്കാനുള്ള സംവിധാനമാണിത്. നമ്മിൽ പലരിലും ഈ മസിലുകൾ നിഷ്പ്രയോജനമാണ്‌. എന്നാൽ അപൂർവ്വം ചിലരിൽ ഈ പേശികൾ പ്രവർത്തിക്കും; അവരിൽ ചെവി ചലിക്കും. പൂച്ചയും കുതിരയും പശുവും മറ്റും ചെവി ചലിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതേ മസിലുകൾ തന്നെയാണ്‌ മനുഷ്യനിലും ഉള്ളത്. മൃഗങ്ങൾ ഇത് ഇത് ചെയ്യുന്നത് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനാണ്‌.


അവ അതുകൊണ്ട് അവയുടെ ശത്രുക്കളെ തിരിച്ചറിയുന്നു, കുട്ടികളെ കണ്ടെത്തുന്നു. ചെവി ആട്ടിക്കൊണ്ടിരിക്കുന്ന ആന പെട്ടെന്ന് ചെവി വട്ടം പിടിക്കുന്നത് കണ്ടിട്ടില്ലേ? ശബ്ദത്തിന്റെ കേന്ദ്രം കണ്ടെത്താനുള്ള ശ്രമമാണത്. അവർക്ക് ശബ്ദം മുഖ്യമായ സംവേദനോപാധിയാണ്‌. എന്നാൽ മനുഷ്യനിൽ ചെവിയുടെ മസിലുകൾ vestige ആയി കാണപ്പെടുന്നു. ഇതിന്റെ കാരണമറിയണമെങ്കിൽ നമ്മൾ ഡിനോസറുകളുടെ കാലത്തെ സസ്തനികളിലെത്തണം. ആ കാലത്തെ സസ്തനികൾ നിശാചരന്മാരായിരുന്നു. രാത്രി ജീവിതത്തിന്‌ കാഴ്ചയല്ല പ്രധാനം; മറിച്ച് ശബ്ദത്തിനും മണത്തിനുമാണ്‌ പ്രാധാന്യം. അതുകൊണ്ട് ശബ്ദം പിടിച്ചെടുക്കുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങൾ വികസിച്ചേ പറ്റൂ. ചെവി ചലിപ്പിക്കുമ്പോൾ വിവിധ ദിശകളിൽ നിന്നുള്ള ശബ്ദങ്ങളെ സ്വീകരിക്കുവാൻ സാധിക്കും. അതിജീവനത്തിന്‌ ഈ ഗുണങ്ങൾ അനിവാര്യമായതിനാൽ ഇതിനനുകൂലമായി നിർധാരണം നടന്നു. പിന്നീട് 6.5 കോടി വർഷത്തിനു ശേഷം ഡിനോസറുകൾ അപ്രത്യക്ഷമാവുകയും സസ്തനികൾ വ്യാപകമാവുകയും ചെയ്യുന്നു. 4.5 കോടി വർഷങ്ങൾക്കു മുമ്പേ സസ്തനികളിലെ ഒരു ഓർഡറായ പ്രമേറ്റുകൾ രംഗത്തുവരുന്നു. (മനുഷ്യനും വാലില്ലാ കുരങ്ങുകളും സാദാ കുരങ്ങുകളും ലീമറുകളുമെല്ലാം പെടുന്ന വലിയ വിഭാഗം) ഇവർ വൃക്ഷജീവിതം (വൃക്ഷ പരിസ്ഥിതി) നയിക്കുന്നവരായിരുന്നു. ഏറെ പ്രധാനപ്പെട്ടത് ഇവരിൽ ഒരു വിഭാഗം പകൽജീവിതവുമായി പൊരുത്തപ്പെട്ടവരായിരുന്നു എന്നതാണ്‌. പകൽ ജീവിതത്തിന്‌ ശബ്ദമല്ല പ്രധാനം; കാഴ്ചയാണ്‌. വൃക്ഷക്കൊമ്പിലൂടെയുള്ള നടത്തത്തിനും ചാട്ടത്തിനും വികസിതമായ കാഴ്ചശേഷി കൂടിയേ തീരൂ. ഇതിനായി ചില അനുകൂലനങ്ങൾ പ്രൈമേറ്റുകളിൽ നടന്നിട്ടുണ്ട്. പ്രൈമേറ്റുകൾക്ക് full color vision ഉണ്ട്. നമുക്ക് ഇത് സാധ്യമാകുന്ന 3 opsin ജീനുകളുണ്ട്. (ഇതര സസ്തനങ്ങൾക്ക് full color vision ഇല്ല; അവർക്ക് 2 opsin ജീനുകളേ ഉള്ളു). കാഴ്ചയ്ക്ക് പ്രാധാനുമുള്ള പരിതസ്ഥിതിൽ ജീവിക്കുമ്പോൾ ശബ്ദത്തിന്റെ പ്രാധാന്യം കുറയുന്നു; ചെവി ചലിപ്പിച്ച് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തേണ്ട ആവശ്യകത കുറയുന്നു. അങ്ങനെ വരുമ്പോള്‍ ആവശ്യമില്ലാത്ത അവയവം ക്രമേണ ചുരുങ്ങിപ്പോകും. ആ അവസ്ഥയിലാണ്‌ നമ്മിൽ ഈ മസിലുകൾ. അത് ഇപ്പോൾ നമ്മളിൽ ഒരു അവശിഷ്ടമാണ്‌. പൂർവികരുടെ ഓർമ്മക്കായി നാമിപ്പോഴും അത് പേറി നടക്കുന്നു.


ഇനി നമുക്ക് തിമിംഗലത്തെ നോക്കാം. vestigial organs വഹിക്കുന്ന ഒന്നാംതരമൊരു ഉദാഹരണമാണ്‌ ഈ ജീവി. ഇതൊരു സമുദ്രജീവിയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ തിമിംഗലം ഒരു സസ്തനിയാണ്‌. അത് നമ്മെപ്പോലെ ഉഷ്ണരക്തമുള്ളതും കുട്ടികളെ പ്രസവിക്കുന്നതുമാണ്‌. ഇത്തരം ഒരു ജീവി എങ്ങനെ സമുദ്രത്തിൽ ഉണ്ടായി. നേരത്തെ നമ്മൾ സസ്തനികളുടെ പരിണാമ ചരിത്രം ഒന്നോടിത്തുകണ്ടു. ഈ പരിണാമം നടന്നത് പൂർണമായും കരയിലാണെന്നാണ്‌ ഫോസിൽ രേഖകൾ തെളിയിക്കുന്നത്. ഓർഡോവിഷനിലെ മൽസ്യ ഫോസിലുകൾക്കൊപ്പം ഒരു തിമിംഗല ഫോസിൽ കൂടി ഹാജരാക്കിയാൽ പരിണാമ ശാസ്ത്രം പൊളിയുകയായി. ഇതിനാകട്ടെ ഇന്നുവരെ ഒരു സൃഷ്ടിവാദിക്കും കഴിഞ്ഞിട്ടുമില്ല.

എന്നാൽ ഇന്ന് ജീവിക്കുന്ന തിമിംഗലങ്ങൾ സൃഷ്ടിവാദികൾക്ക് ഒരു ബാലി കേറാമലയാണ്‌. കാരണം; അത് അതിന്റെ കരയിലെ പൂർവ്വികരെ സംബന്ധിച്ച തെളിവും വഹിച്ചുകൊണ്ടാണ്‌ ജീവിക്കുന്നത്. തിമിംഗലത്തിന്റെ ശരീരത്തിൽ ഇപ്പോഴും കരയിലെ സസ്തനികൾക്കുള്ള (മനുഷ്യനും)തുപോലത്തെ ഇടുപ്പ് അസ്ഥി ഭാഗങ്ങളൂം തുടസ്ഥിയും vestige ആയി ഉണ്ട്. തിമിംഗലത്തിന്റെ അസ്ഥിക്കൂടത്തോട് ബന്ധമറ്റ നിലയിൽ ഈ അസ്ഥിഭാഗങ്ങൾ മാംസത്തിൽ തൂങ്ങിക്കിടക്കുകയാണ്‌. ഈ അസ്ഥി ഭാഗങ്ങൾ ഈ ജീവിയുടെ അസ്ഥിക്കൂടത്തിന്റെ ഭാഗം തന്നെയായിരുന്നു. പിന്നീട് ഇടുപ്പ് ഭാഗത്തിന്‌ ഉപയോഗമില്ലാതെ വന്നപ്പോൾ അവ ചുരുങ്ങിപ്പോവുകയും പ്രധാന ഭാഗത്തുനിന്ന് വേർപെട്ട് മാംസത്തിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്തു. പിന്നീട് വിശദമായി പറയേണ്ട പരിണാമ കഥ ഇവിടെ ചെറുതായൊന്ന് സൂചിപ്പിച്ചുവെന്നേയുള്ളു. തിമിംഗലം ഉല്ഭവിച്ചത് കരയിലെ നാലു കാലികളിൽ നിന്നാണ്‌. സസ്തനികളിലെ ഒരു ഓർഡറായ Artiodactyla യിൽ നിന്നാണ്‌ തിമിംഗലത്തിന്റെ പരിണാമം. ഇതിലെ ഹിപ്പോ പൊട്ടൊമസ് വിഭാഗത്തിൽ നിന്നാണ്‌ 4 കോടി വർഷം മുമ്പ് ഇയോസിൻ യുഗത്തിൽ ഇവയുടെ പരിണാമം നടക്കുന്നത്. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന pakicetus എന്ന ജീവിയിൽ തുടങ്ങി കഴിഞ്ഞ 2.5 കോടി വർഷം മുമ്പ് തിമിംഗലങ്ങൾ രൂപപ്പെടുന്നതുവരെയുള്ള ഫോസിൽ രേഖകളും ജനിതക തെളിവുകളും ഇന്ന് ലഭ്യമാണ്‌. തിമിംഗലത്തിന്റെ പൂർവ്വികർ ജല ജീവിതവുമായി പൊരുത്തപ്പെട്ടപ്പോൾ-പുതിയൊരു ecological niche, പുതിയ ജീവിത പരിസ്ഥിതി- അവയുടെ മുൻ കാലുകൾ തുഴകളായി പരിണമിച്ചു. ജലമാധ്യമത്തിൽ പിൻ കാലുകൾക്ക് ഉപയോഗമില്ലാത്തതിനാൽ അവ പതിയെ ചുരുങ്ങി വന്നു. എന്നാൽ, തിമിംഗലങ്ങൾ ഇന്നും അവയുടെ കരയിലെ പൂർവികനെ വ്യക്തമാക്കിക്കൊണ്ട് ഇടുപ്പ് അസ്ഥികളും തുടയസ്ഥികളും അവശിഷ്ട ഭാഗങ്ങളായി ശരീരത്തിൽ വഹിക്കുന്നു.ഇനി Atavisam ത്തെ നോക്കാം. പൂർവ്വികനുണ്ടായിരുന്ന ഒരു ഘടകം, പിൻഗാമിക്ക് ആവശ്യമില്ലെങ്കിലും അവയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു രീതിയാണിത്. ഇതിന്റെ നല്ലൊരുദാഹരണമാണ്‌ മനുഷ്യനിൽ വാൽ പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ ജനിതകഘടനയിൽ വാലുണ്ടാകാനുള്ള പ്രോഗ്രാം ഉണ്ട്. നമ്മുടെ ഭ്രൂണത്തിന്റെ വികാസത്തിൽ ആദ്യത്തെ 7 ആഴ്ചകൾക്കുള്ളിൽ ഈ വാൽ പരമാവധി വലിപ്പം വെയ്ക്കുന്നു. 7 ആഴ്ച കഴിഞ്ഞാൽ സാധാരണയായി ഈ പ്രോഗ്രാം സ്വിച്ച് ഓഫ് ആവുകയും വികാസം തടയുകയും ചെയ്യും. അങ്ങിനെ അതിലെ എല്ലുകളും ടിഷ്യൂകളും ശരീരത്തിലേക്ക് വലിച്ചെടുക്കുകയും ചെയ്യും. ചിലപ്പോൾ ഈ പ്രോഗ്രാം സ്വിച്ച് ഓഫ് ആകില്ല. അങ്ങിനെ സംഭവിച്ചാൽ ആ ശിശു വാലുമായി ജനിക്കും. ചില വാലുകളിൽ എല്ലുകളില്ലാതെ മൃദുവായിരിക്കും. ചിലതിൽ അസ്ഥികൾ ഉണ്ടാകും. നീളം 1 ഇഞ്ച് മുതൽ ഒരടിവരെയകാം. അതിൽ രോമങ്ങളും രക്തക്കുഴലുകളും മസിലുകളും നാഡികളും ഉണ്ടായിരിക്കും. എന്നുതന്നെയല്ല ചില വാലുകൾക്ക് ചലന ശേഷിയും ഉണ്ടായേക്കാം. ഇന്ന് ഇത്തരം ഒരു വാൽ ഉണ്ടായാൽ ഒരു പ്രശ്നവുമില്ല, സർജറി മൂലം എളുപ്പത്തിൽ അത് നീക്കം ചെയ്യാം.

എന്തുകൊണ്ടാണ്‌ നമുക്ക് ഇങ്ങനെയൊരു വാൽ നിർമ്മാണ പദ്ധതി. നട്ടെല്ലികൽ കഴിഞ്ഞ 50 കോടി വർഷത്തിലേറെയായി വാൽ ഉപയോഗിച്ചുവരുന്നു. അത്, മൻസ്യങ്ങളിൽ തുടങ്ങി സസ്തനികളിലൂടെ പ്രൈമേറ്റുകളിലെത്തിയപ്പോഴും പയോഗത്തിലിരുന്നു. എന്നാൽ പ്രൈമേറ്റിൽ നിന്ന് Hominidae- ഹോമിനിഡെ, മനുഷ്യനും വാലില്ലാ കുരങ്ങന്മാരും ചേർന്ന വിഭാഗം- രൂപപ്പെട്ടപ്പോൽ വാൽ അപ്രത്യക്ഷമായി. (ഗിബ്ബൺ, ഒറാങ്ങ് ഊട്ടാൻ, ഗറില്ല, ചിമ്പൻസി ഇവയാണ്‌ വാലില്ലാ കുരങ്ങുകൾ. 2 കോടി വർഷങ്ങൾക്കു മുമ്പാണ്‌ ഹോമിനിഡെയുടെ ആവിർഭാവം. എന്നാൽ മറ്റു പ്രൈമേറ്റുകളെപ്പോലെ ഇവർക്കും വാൽ നിർമ്മിക്കാനുള്ള ജീനുകൾ ഉണ്ട്. എന്നാൽ ഹോമിനിഡെയുടെ പൂർവ്വികനിൽ ഈ ജീൻ supress ചെയ്യപ്പെട്ടിരുന്നു. പൂർവ്വികന്റെ അതേ കോപ്പി ജീനുകൾ പിന്നീടുവന്ന എല്ലാ ഹോമിനിഡെകളും പങ്കുവെയ്ക്കുന്നു. അതുതന്നെ നമുക്കും കിട്ടി. വാലുണ്ടാകാനുള്ള പ്രോഗ്രാം ഉണ്ട്. എന്നാൽ ഭ്രൂണത്തിൽ 7 ആഴ്ച കഴിഞ്ഞാൽ ആ ജീൻ switch off ആകും. അതുകൊണ്ട് നമ്മൾ വാലില്ലാത്തവരായി ജനിക്കുന്നു. എനാൽ അപൂർവ്വമായി ഈ ജീൻ ഓഫ് ആവില്ല, അപ്പോൾ വാലുമായി ജനിക്കും.

(തുടരും)കുറിപ്പുകൾ:-

Jerry A Coyne ന്റെ Why Evolution is True എന്ന ഗ്രന്ഥത്തിലെ മൂന്നാധ്യായത്തെ ആശ്രയിച്ചാണ്‌ മുഖ്യമായും ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.


1. Sean BCarroll-    Endless forms Most Beautiful, p 21 Weidenfeld & Nicolson 2005
2. Richard Dawkins - River out of Eden, phonix 1995.
3. Richard Dawkins- Story of Life, oxford, 2003, P 101

Sunday, April 24, 2011

കാംബ്രിയൻ വിസ്ഫോടനവും സൃഷ്ടിവാദികളും.

(രാജു വാടാനപ്പള്ളി)


ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം(52 കോടി)വർഷങ്ങൾക്ക് മുമ്പ്  ഉല്‍ഭവിക്കുകയായിരുന്നു എന്ന് ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നു. ജൈവ വൈവിധ്യത്തിന്റെ  ഈ  പ്രതിഭാസത്തെയാണ്‌ കാംബ്രിയൻ വിസ്ഫോടനം എന്ന് വിളിക്കുന്നത്.  ജീവികളുടെ ഈ ‘പെട്ടെന്നുള്ള ഉല്‍ഭവം‘ വഴി സൃഷ്ടിവാദികളെ ഏറ്റവുമധികം ആഹ്ലാദഭരിതരാക്കിയ 'കാംബ്രിയൻ' ഇപ്പോഴുമവർ ഉൽസവമാക്കി കൊണ്ടുനടക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ പരിണാമശാസ്ത്രത്തിന്‌ ആദ്യഘട്ടത്തിൽ ബുദ്ധിമുട്ട് നേരിട്ടു എന്നതാണ്‌. എന്നാൽ ഇന്ന് കാംബ്രിയൻ പ്രതിഭാസം പരിണാമശാസ്ത്രത്തിനുമുന്നിൽ അനാവൃതമായിരിക്കുന്നു. പടിഞ്ഞാറൻ സൃഷ്ടിവാദികളായിരുന്നു, തങ്ങളുടെ ദൈവത്തിന്റെ സൃഷ്ടിക്ക് കാംബ്രിയനിൽ ഇടം കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് ഏറ്റുപിടിച്ച് പൊലിപ്പിക്കാൻ കേരളത്തിലെ സൃഷ്ടിവാദികളും മുന്നിലുണ്ട്.

കാംബ്രിയൻ യുഗം, കഴിഞ്ഞ 54.5 കോടി വർഷം തൊട്ട് 49 കോടി വർഷം വരെ നിലനിന്ന കാലഘട്ടം. ഈ യുഗത്തിന്റെ മധ്യഘട്ടം (52 കോടി വർഷം) മുതൽ ജീവികളുടെ ഫോസിലുകൾ (കണ്ണും മൂക്കും ഇടവും വലവും, അകവും പുറവും ഒക്കെ വ്യക്തമായി വേർതിരിഞ്ഞ ജീവികൾ) കിട്ടിത്തുടങ്ങുന്നു. ഒട്ടനേകം ജീവികളുണ്ട്. ഇവ ഫോസിലീകരിക്കപ്പെടാനുള്ള പ്രധാന കാരണം ഇവയ്ക്ക് കട്ടിയുള്ള പുറംതോടുകളോ കവചങ്ങളോ ഉണ്ടായിരുന്നു എന്നതാണ്‌. ഇത്തരം ജീവികളെ കാംബ്രിയന്‌ മുമ്പുള്ള കാലത്ത് കാണാനാവില്ല. എന്നാൽ ഈ ജീവികൾ കാംബ്രിയൻ യുഗത്തിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതല്ല. തീർച്ചയായും അവയ്ക്ക് പൂർവ്വരൂപങ്ങളുണ്ട്. ആ പൂർവ്വരൂപങ്ങളിൽ നിന്നു തന്നെയാണ്‌ കാംബ്രിയൻ ജീവികൾ ആവിർഭവിച്ചത്.  കാംബ്രിയനിൽ ഏറ്റവും കൂടുതൽ കാണുന്ന വിഭാഗം Arthropods (ഖണ്ഡശരീരികൾ) ആണ്‌. ഇവയിൽ തന്നെ ട്രൈലോബൈറ്റുകളാണ്‌ ഏറ്റവും പ്രധാനം. ഈ ഫോസിലുകൾ കാണപ്പെടുന്ന ഏറ്റവും നല്ല ഇടങ്ങൾ, കാനഡയിലെ burgess shale ഫോസിൽ ശേഖരവും ചൈനയിലെ chengjiang ഫോസിൽ ശേഖരവുമാണ്‌.

പരിണാമശാസ്ത്രത്തിന്റെ വികാസത്തിലെ ആദ്യഘട്ടങ്ങളിൽ, ഫോസിലുകൾ കുറേശ്ശെയായി ലഭിച്ചുകൊണ്ടിരുന്നുവെങ്കിലും കാംബ്രിയനു മുമ്പത്തെ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാംബ്രിയനിൽ ധാരാളം ജീവികളെ കാണുകയും ചെയ്യുന്നു. ഇതൊരു പ്രഹേളികയായിരുന്നു. പരിണാമശാസ്ത്രത്തിന്‌ ഇത് വിശദീകരിക്കുവാൻ ബുദ്ധിമുട്ടായിരുന്നു. സത്യസന്ധരായ ശാസ്ത്രജ്ഞന്മാർ കാര്യം തുറന്നുപറയുകയും ചെയ്തു. ചിലർ “കാംബ്രിയനിൽ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നെല്ലാം പ്രസ്താവിക്കുകയും ചെയ്തു.  ഈ പ്രസ്താവനകളെ സൃഷ്ടിവാദികൾ അവർക്കനുകൂലമായി വ്യാഖ്യാനിച്ചു. അതിന്മേൽ നിന്നുകൊണ്ട് അവർ അവരുടെ ആശയങ്ങൾക്ക് പുതു ഭാഷ്യങ്ങൾ നൽകി.

പ്രതിഭാസത്തിന്റെ സൃഷ്ടിവാദ ഭാഷ്യം.

സൃഷ്ടിവാദം എത്ര മഹത്തരമാണ്‌!
“52 കോടി വർഷങ്ങൾക്കുമുമ്പ്, കാംബ്രിയൻ യുഗത്തിൽ പൊടുന്നനവെ ജീവികൾ ഫോസിലുകളിൽ പ്രത്യക്ഷപ്പെടുന്നു. പരിണാമശാസ്ത്രം പറയുന്നതു പ്രകാരമാണെങ്കിൽ കാംബ്രിയനു മുമ്പത്തെ കാലഘട്ടങ്ങളിൽ ഈ ജീവികൾക്ക് പൂർവ്വ രൂപങ്ങൾ ഉണ്ടായിരിക്കണം. ഈ പൂർവ്വജീവികളിൽ നിന്നാകണം കാംബ്രിയൻ ജീവികളുടെ ആവിർഭാവം. എന്നാൽ പ്രസ്തുത പൂർവജീവികളുടെ ഫോസിലുകൾ ഒന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് പരിണാമശാസ്ത്രത്തിന്‌ കാംബ്രിയൻ വിസ്ഫോടനത്തെ വിശദീകരിക്കാനാകില്ല. അതിനുള്ള ഉത്തരം ഒന്നുമാത്രം. കാംബ്രിയനിൽ നടന്നത് സൃഷ്ടിയാണ്‌; തീർത്തും ദൈവിക സൃഷ്ടി. സർവ്വജ്ഞനും സർവ്വജ്ഞാനിയുമായ ദൈവം ആദ്യമായി സൃഷ്ടി നടത്തിയിരിക്കുന്നു. ”- ഇതെത്രെ കാംബ്രിയൻ വിസ്ഫോടനത്തെക്കുറിച്ചുള്ള സൃഷ്ടിവാദ ഭാഷ്യം. എന്നാൽ സൗകര്യപൂർവ്വം അവർ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഒളിച്ചുവെച്ചു. കാംബ്രിയൻ കാലഘട്ടം തുടങ്ങുന്ന 54.5 കോടി വർഷങ്ങൾക്കും മുമ്പ്, ഭൂമിയുണ്ടായി ഏതാണ്ട് 80 കോടി വർഷങ്ങൾക്കകം തന്നെ, ഭൂമിയിൽ സൂക്ഷ്മ ജീവികൾ ഉണ്ടായിരുന്നു. അതായത് കാംബ്രിയൻ വിസ്ഫോടനത്തിന്‌ മുമ്പ് ഏതാണ്ട് 325 കോടി വർഷക്കാലവും ഈ ഭൂമുഖത്ത് ജീവൻ ഉണ്ടായിരുന്നു. മാത്രമല്ല കാംബ്രിയനിൽ ‘സൃഷ്ടിക്കപ്പെട്ട’ ജീവികളുടെ കൂട്ടത്തിൽ ഒരു മനുഷ്യനെയോ ഒരു പശുവിനെയോ, എന്തിന്‌ ഒരു കുരങ്ങനെയോ ഒരു പക്ഷിയെപ്പോലുമോ സൃഷ്ടിക്കാൻ ദൈവത്തിനു തോന്നിയില്ല! ഇവരുടെ വാദപ്രകാരം ദൈവം സൃഷ്ടി നടത്തിയത് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലായിരിക്കണം(അങ്ങനെയെങ്കിൽ മതഗ്രന്ഥങ്ങളിൽ പറയുന്ന സൃഷ്ടി തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും)

. തുടക്കത്തിൽ ഫോസിൽ തെളിവുകളുടെ അപര്യാപ്തതമൂലം കാംബ്രിയൻ പ്രതിഭാസം വിശദീകരിക്കുവാൻ ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും, ഇന്ന് ഈ പ്രഹേളിക വെളിവാക്കപ്പെട്ടിരിക്കുന്നു. കാംബ്രിയനു മുമ്പും പിമ്പും കാംബ്രിയനിലും എന്താണ്‌ സംഭവിച്ചതെന്ന് ഭംഗിയായി വിശദീകരിക്കുവാൻ ഇന്ന് പരിണാമശാസ്ത്രത്തിനായിരിക്കുന്നു. എന്നാൽ പഴയകാല പുസ്തകങ്ങളിലെ അറിവുകളെ മാത്രം ആശ്രയിച്ച് അവർ ഇന്നും വിസ്ഫോടനം, സൃഷ്ടി എന്നെല്ലാം അലമുറയിട്ടുകൊണ്ടിരിക്കുന്നു.

കാംബ്രിയന്റെ പ്രത്യേകത

മുൻ കാലത്തുനിന്നും വ്യത്യസ്തമായി ‘ശരിയായ അർത്ഥത്തിലുള്ള ജീവികൾ‘ ഈ യുഗത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് കാംബ്രിയന്റെ പ്രധാന സവിശേഷത. ഫോസിലീകരിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം ഈ ജീവികൾക്ക് കട്ടിയുള്ള പുറംതോട് ഉണ്ടായിരുന്നു എന്നതാണ്. ഇന്നുള്ള പല ജീവികളുടെയും പൂർവ്വരൂപങ്ങൾ ഈ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്നു.  എന്നാൽ കാംബ്രിയൻ ജീവികൾ പൂർവരൂപങ്ങളില്ലാതെ ഒരു ദിവസം പൊടുന്നനെ രംഗത്തുവന്നവയല്ല.  60 കോടി വർഷം തൊട്ട് ബഹുകോശജീവികൾ (Multicellular organisms) പ്രത്യക്ഷപ്പെടുന്നതായി ഫോസിലുകൽ വെളിപ്പെടുത്തുന്നു. തുടർന്ന് 8 കോടി വർഷങ്ങൾ നീണ്ട പരിണാമത്തിനൊടുവിൽ മിഡിൽ കാംബ്രിയനിലെത്തുമ്പോഴാണ് ശരിയായ ജീവികളെ കണ്ടുതുടങ്ങുന്നത്. 8 കോടി വർഷത്തെ പരിണാമപ്രക്രിയയ്ക്കിടയിൽ ഒരു ഫലം കണ്ടാൽ അത് ‘വിസ്ഫോടന‘മാകില്ലല്ലോ.  യാഥാർത്ഥത്തിൽ കാംബ്രിയനിൽ കാണുന്നത് പൊടുന്നനെയുള്ള വിസ്ഫോടനമല്ല, മറിച്ച് മന്ദഗതിയിൽ നടന്ന പരിണാമപ്രക്രിയയുടെ 8 കോടി വർഷത്തിനുശേഷം സംഭവിക്കാവുന്ന സ്വാഭാവിക ഫലം മാത്രം. ഈ വസ്തുതയെ വ്യക്തമായി വിശദീകരിക്കാൻ തുടക്കത്തിൽ തുടക്കത്തിൽ പരിണാമശാസ്ത്രത്തിനു വിഷമം നേരിട്ടപ്പോൾ അവിടെ ദൈവത്തെ കുടിയിരുത്തി സൃഷ്ടിനടത്തിക്കാൻ സൃഷ്ടിവാദികൾ നടത്തിയ ശ്രമത്തിന്റെ ദയനീയമായ പരാജയമാണ് കാംബ്രിയൻ പഠനത്തിലൂടെ ചുരുൾ നിവർത്തുന്നത്.

സൃഷ്ടിവാദത്തിന്റെ നട്ടെല്ലൊടിക്കുന്ന മറ്റൊരു സുപ്രധാന സംഭവം കാംബ്രിയനിൽ നടന്നു. അതെത്രെ സസ്തനിയുഗം(Mammalian age) നമ്മളെല്ലാം സസ്തനികളാണ്; കൂടാതെ നട്ടെല്ലുള്ളവയുമാണ്. പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയാണ് മറ്റ് നട്ടെല്ലികൾ.

കാംബ്രിയൻ ഫോസിലുകളിലേക്ക് നോക്കുക. അവിടെ കാണുന്ന ജീവികൽ അധികവും നട്ടെല്ലില്ലാത്തവയാണ്.  ഇനി വാദത്തിന് 52 കോടി വർഷം മുമ്പ് മിഡിൽ കാംബ്രിയനിൽ ‘ദൈവം‘ സൃഷ്ടി നടത്തി എന്ന് കരുതുക. അന്ന് ദൈവം നട്ടെല്ലുള്ള ജീവികളെയും പടച്ചിരിക്കും എന്ന കാര്യത്തിൽ  സംശയമില്ലല്ലോ. എന്നാൽ സംഗതി സൃഷ്ടിവാദികൾക്ക് അത്ര സുഖകരമല്ല; കാംബ്രിയൻ വിസ്ഫോടനത്തിൽ പെട്ട   ഫോസിലുകളിൽ നട്ടെല്ലുള്ള വിഭാഗത്തിലെ ഒരു ജീവിയുടെപോലും ഫോസിൽ കിട്ടുന്നില്ല. കാംബ്രിയനിൽ ദൈവം സൃഷ്ടി നടത്തി എന്ന് ഘോരഘോരം വാദങ്ങൾ നടത്തുന്ന സൃഷ്ടിവാദത്തിന്റെ അപ്പോസ്തലന്മാർ, അക്കാലത്തെ ഫോസിലുകൽളിൽ മനുഷ്യരുടെ ഫോസിലുകൾ ഉണ്ടോ എന്ന ചോദ്യത്തിനുമുന്നിൽ ക-മാന്നരക്ഷരം മിണ്ടാതെ മൌനം പാലിക്കുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയോ? മിഡിൽ കാംബ്രിയനിൽ ഒരു മനുഷ്യന്റെ ഫോസിൽ കിട്ടിയിരുന്നെങ്കിൽ പരിണാമശാസ്ത്രം തകിടം മറിയും എന്ന കാര്യത്തിൽ തർക്കമില്ല, മാത്രമല്ല, സൃഷ്ടിവാദം ശരിയെന്ന് വാദിക്കാൻ അതില്പരം മറ്റൊരു തെളിവും വേണ്ടതന്നെ. പക്ഷേ, മനുഷ്യൻ മാത്രമല്ല, ഒരു കാക്കയോ പൂച്ചയോപോലും ഇക്കൂട്ടത്തിലില്ല. 

പക്ഷേ, വിചിത്രമെന്ന് പറയട്ടെ, ഇന്ന് ജലത്തിലും കരയിലും, ആകാശത്തിലും ആധിപത്യം നട്ടെല്ലികൾക്കാണ്. ഇതെന്തൊരു മറിമായമാണ്! അനേകവർഷം പരിണാമശാസ്ത്രത്തിനെതിരായി പഠനം നടത്തിയെന്നവകാശപ്പെടുന്ന സൃഷ്ടിവാദത്തമ്പുരാക്കൾക്ക് ഇതിനെന്ത് വിശദീകരണമാണ് നൽകാനുള്ളത്? ഇതിനുത്തരം പറയാൻ പരിണാമശാസ്ത്രത്തിനേ കഴിയൂ. പരിണാമശാസ്ത്രത്തിനു മാത്രം! നട്ടെല്ലികളുടെ ആവിർഭാവത്തിന് ഹേതുവായ സംഭവങ്ങൾ കാംബ്രിയനിൽ വെച്ചുതന്നെ നടക്കുന്നു. അതുകൊണ്ട് നട്ടെല്ലികൾ ഉണ്ടായി. ആ സംഭവത്തിന്റെ പിൽകാല പരിണാമമാണ് ഈ കുറിപ്പെഴുതുന്നയാളും ഈ ബ്ലോഗറും, ഇത് വായിക്കുന്ന ഇതര നട്ടെല്ലികളും. കാംബ്രിയൻ യുഗത്തിൽ വെച്ച് ആ സംഭവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലോ. ഒരു ചെറിയ അനുമാനം പറയട്ടെ, അങ്ങനെ വന്നാൽ, ഭൂമിയിലെ പ്രധാനപ്പെട്ട ജീവവിഭാഗം നട്ടെല്ലില്ലാത്തവർ തന്നെയാകുമായിരുന്നു. അപ്പൊൾ ദൈവങ്ങളുടെ കാര്യമോ?

പരിണാമശാസ്ത്രസംബന്ധിയായ രചനകൾ മലയാളത്തിൽ ഏറേയൊന്നുമില്ല. വളരെകുറച്ച് എഴുത്തുകാർ മാത്രമാണ്‌ ഈ രംഗത്തുള്ളത്. എന്നിരുന്നാലും ഉള്ളവയിൽ കാംബ്രിയൻ വിസ്ഫോടനത്തെ വിശദീകരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഈ രംഗത്ത് സജീവമായിട്ടുള്ളവരിൽ ഒരാൾ ശ്രീ. ജീവൻ ജോബ് തോമസാണ്‌. അദ്ദേഹം പരിണാമശാസ്ത്രത്തെ വിശദീകരിക്കുന്ന കുറെ ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതി. അത് പിന്നീട് ഡി സി ബുക്സ് “പരിണാമസിദ്ധാന്തം: പുതിയ വഴികൾ, കണ്ടെത്തലുകൾ” എന്ന പേരിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. അതോടെ ഇരിക്കപ്പൊറുതിമുട്ടിയ സൃഷ്ടിവാദികൾ വാളും വട്ടകയുമായി രംഗത്തെത്തി. ഉടനെ ശ്രീ. എൻ എം ഹുസ്സൈൻ, ജീവൻ ജോബിന്റെ പുസ്തകത്തിന്‌ “പരിണാമസിദ്ധാന്തം:പുതിയ പ്രതിസന്ധികൾ” എന്ന പേരിൽ ഒരു മറുഗ്രന്ഥമിറക്കി. പരിണാമശാസ്ത്രം ഇന്ന് എത്രയോ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ്‌. എത്രയോ യൂണിവേഴ്സിറ്റികൾ, എത്രയോ ഗവേഷകന്മാർ. അവർ നിരന്തരം ഗവേഷണത്തിലേർപ്പെട്ട് കൊണ്ടിരിക്കുകയാണ്‌. അതിനായി എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിക്കപ്പെടുന്നു. അങ്ങിനെയാണ്‌ പരിണാമശാസ്ത്രജ്ഞർ പുതിയ തെളിവുകൾ കണ്ടെത്തുന്നത്. ഈ തെളിവുകളാണ്‌ ജീവൻ ജോബിന്റെ രചനയ്ക്ക് ആധാരം. എന്നാൽ ഇത്തരം യാതൊരു ഗവേഷണങ്ങളുടെയും പിൻബലമില്ലാതെയാണ്‌ സൃഷ്ടിവാദികളുടെ ‘ഖണ്ഡനം’.  ജീവൻ ജോബിന്റെ വാക്കുകളിൽ ഞാന്നുകിടന്നുകൊണ്ടുള്ള ഒരു അഭ്യാസമാണ്‌ ശ്രീ. ഹുസ്സൈന്റെ രചന. ഒരു ഉദാഹരണം നോക്കാം:- ജീവൻ ജോബ് തന്റെ ഗ്രന്ഥത്തിൽ പരിണാമശാസ്ത്രകാരനായ ആൻഡ്രൂ പാർക്കറെ-Andrew Parker- അവലംബിച്ചുകൊണ്ട് കാംബ്രിയൻ വിസ്ഫോടനത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: “ഓക്സ്ഫഡിലെ ഗവേഷകൻ Andrew Parker വളരെ വ്യത്യസ്തമായ ഒരാശയം മുന്നോട്ട് വെയ്ക്കുന്നുണ്ട്. അദ്ദേഹം കാംബ്രിയൻ കാലഘട്ടത്തിലെ ജീവികളിലുണ്ടായ മാറ്റങ്ങളെ വളരെ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്നു. വളരെ വിപ്ലവകരമായ ഒരു സൃഷ്ടി ആ സമയത്തുണ്ടായിട്ടുണ്ട്. ആദ്യം പറഞ്ഞ ഫോസിൽ തെളിവുകളെ മുൻ നിർത്തി പാർക്കർ പറയുന്നു, അത് കണ്ണുകളാണ്‌. കണ്ണുകളുടെ രൂപപ്പെടലാണ്‌ ആത്യന്തികമായി ഭൂമിയിലെ ജൈവവൈവിധ്യത്തിന്‌ പുതിയ മാനങ്ങൾ നല്കിയത്.“ [1]   52 കോടി വർഷങ്ങൾക്ക് മുമ്പ് ജീവികളിൽ പുതിയ body plan കൾ രൂപപ്പെട്ടതോടൊപ്പം കണ്ണുകളും ഉരുത്തിരിഞ്ഞു. ഈ കണ്ണുകളുടെ രൂപപ്പെടൽ ആത്യന്തികമായി ജൈവവൈവിധ്യത്തിന്‌ പുതിയ മാനങ്ങൾ നല്കി. മുൻ രൂപങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട കണ്ണ്‌ ഈ ജീവികൾക്കുണ്ടായിരുന്നതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്. അതുകൊണ്ടാണ്‌ ജീവൻ ജോബ്, കണ്ണിന്റെ രൂപപ്പെടലിനെ ‘വളരെ വിപ്ലവകരമായ ഒരു സൃഷ്ടി’  എന്ന് ആലങ്കാരികതയോടെ പറഞ്ഞത്. എന്നാൽ ജോബിന്റെ പുസ്തകത്തിൽ ഭൂതക്കണ്ണാടിയുമായി നോക്കിയിരുന്ന ശ്രീ. ഹുസ്സൈൻ, സൃഷ്ടി എന്ന പ്രയോഗത്തിൽ കയറിപിടിച്ചു. പിന്നെ ‘സൃഷ്ടി’കൊണ്ടുള്ള ഒരു ആറാട്ടാണ് നടക്കുന്നത്. അതിലൂടെ ശ്രീ. ഹുസ്സൈന്റെ ശരിയായ മനസ്സിലിരിപ്പ് പുറത്ത് വരികയും ചെയ്തു. അദ്ദേഹം എഴുതുന്നു.:- “സൃഷ്ടി നടന്നു എന്ന് മാത്രമേ സൃഷ്ടിവാദികൾ പറയാറുള്ളു. എന്നാൽ ഇപ്പോൾ പരിണാമവാദികൾ പറയുകയാണ്‌ സൃഷ്ടിയുണ്ടായെന്ന്. വെറും സൃഷ്ടിയല്ല;വളരെ വിപ്ലവകരമായ സൃഷ്ടി. പരിണാമവാദികളെ ഇത്ര വലിയ വളരെ വളരെ വിപ്ലവകരമായ സൃഷ്ടിവാദത്തിൽ നിന്ന് രക്ഷിച്ച് സാധാരണ സൃഷ്ടിവാദത്തിലേക്ക് കൊണ്ടുവരാൻ ഇനി സ്രഷ്ടാവിനു മാത്രമേ സാധിക്കൂ. [2] (അടിവര കുറിപ്പുകാരന്റേത്) ഹുസ്സൈന്റെ ഗ്രന്ഥത്തിന്റെ ”കഴമ്പ്“ അളക്കാൻ ഈയൊരൊറ്റ ഉദാഹരണം തന്നെ ധാരാളം.

ഒരാൾ പ്രശ്നത്തിന്റെ ശാസ്ത്രീയത വിശദമാക്കുമ്പോൾ മറ്റേയാൾ വാക്കുകളിൽ പിടിച്ച്‌ കസർത്തുകാട്ടി പ്രശ്നത്തിന്റെ കാരണം ദൈവമാണെന്ന് വരുത്തിത്തീർക്കുന്നു. ഇതാണോ ഖണ്ഡനം? ഏത് സൃഷ്ടിവാദി എത്രയൊക്കെ ഖണ്ഡനവ്യായാമം ചെയ്താലും ഈ പ്രപഞ്ചത്തിൽ ഒരു ദൈവിക സൃഷ്ടിയും നടക്കാൻ പോകുന്നില്ല. കാരണം, ‘സൃഷ്ടിനടത്തുന്ന ദൈവത്തെ’ സൃഷ്ടിച്ചത് മനുഷ്യനാണ്‌. ഈ ഭൂമിയിലെ ഒരു ജീവിപോലും അതിന്റെ തനതായ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടതല്ല. അവയെല്ലാം അവയുടെ പൂർവ്വരൂപങ്ങളിൽനിന്ന് ഇന്നത്തെ രൂപത്തിലേക്ക് ആയിത്തീർന്നവയാണ്‌. കാംബ്രിയനിലും ഇതിൽ കൂടുതലൊന്നും സംഭവിച്ചിട്ടില്ല. കാംബ്രിയൻ തൊട്ടല്ല ജീവികൾ ആരംഭിച്ചത്. കാംബ്രിയന്‌ 300 കോടി വർഷങ്ങൾക്കു മുമ്പുതന്നെ ഭൂമിയിൽ ജീവനുണ്ട്. അതിന്‌ ഫോസിൽ തെളിവുകളടക്കം ഇഷ്ടം പോലെ തെളിവുകളുമുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ കാംബ്രിയനിൽ ദൈവം സൃഷ്ടി  നടത്തി എന്ന വാദത്തെ തള്ളിക്കളയാവുന്നതേയുള്ളു. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ സൃഷ്ടിവാദികൾ ഇപ്പോഴും പഴയ പല്ലവി പാടിക്കൊണ്ടേയിരിക്കുന്നു.

ഈ പ്രശ്നത്തെ നമുക്ക് മൂന്ന് ഭാഗങ്ങളായി എടുത്തുകൊണ്ട് പരിശോധിക്കാം.

1. ഭൂമിയിൽ ജീവന്റെ ആവിർഭാവം മുതൽ കഴിഞ്ഞ 60 കോടി വർഷം വരെയുള്ള ഘട്ടം.
2. 60 കോടി വർഷം മുതൽ കാംബ്രിയൻ ജീവികൾ വരെയുള്ള ഘട്ടം.
3. നട്ടെല്ലികളുടെ ആവിർഭാവവും അതിന്റെ തുടർച്ചയും.

കാംബ്രിയന്റെ മുമ്പത്തെ ജീവന്റെ അവസ്ഥ.

ഭൂമി ഉണ്ടായിട്ട് 455 കോടി [3] വർഷങ്ങളായി. അന്നത്തെ ഭൂമി ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ ഇന്ന് കാണുന്ന രീതിയിലുള്ള ഹരിതമായ പശ്ചാത്തലമോ ഇതര ജീവികളൊ ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ ഭൂതലം തന്നെ ഉണ്ടായിരുന്നില്ല. ഭൂമി അന്ന് ഉരുകിത്തിളച്ച നിലയിലായിരുന്നു. ഈ സമയത്ത് വളരെയധികം ഉല്ക്കകളും വാൽ നക്ഷത്രങ്ങളും ഭൂമിയിൽ പതിച്ചുകൊണ്ടിരുന്നു. ഇടിയുടെ ഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന ഭയാനകമായ ചൂടിൽ പദാർത്ഥങ്ങളെല്ലാം ഉരുകിപ്പോകുന്നു. Paul Davis ഈ സമയത്തെ ഭൂമിയെ ‘സമുദ്രം പോലെ’ [4] എന്നാണ്‌ വിശേഷിപ്പിക്കുന്നത്. ഭൂമിയുടെ ആവിർഭാവത്തിന്റെ ആദ്യഘട്ടത്തിൽ ഇതൊരു സ്ഥിരം പ്രതിഭാസമായിരുന്നു. പിന്നിട് ഉല്‍ക്കാപതനം കുറഞ്ഞു കുറഞ്ഞു വന്നു. ഉല്‍ക്കാപതനം കുറഞ്ഞുവന്നതിൽ ശനിക്കും വ്യാഴത്തിനും പ്രധാനപ്പെട്ട പങ്കുണ്ട്. അന്ന് സൗരയൂഥത്തിൽ തലങ്ങും വിലങ്ങും ഉല്‍ക്കകളും വാൽനക്ഷത്രങ്ങളും പാഞ്ഞുകൊണ്ടിരുന്നു. വ്യാഴത്തിന്റെയും ശനിയുടെയും അപാരമായ ഗുരുത്വകർഷണം മൂലം പല ഉല്‍ക്കകളും വാൽനക്ഷത്രങ്ങളും ഈ ഗ്രഹങ്ങളിൽ പതിക്കാനിടയായി. 1996-ൽ ഷൂമാക്കർ ലെവി എന്ന വാൽനക്ഷത്രം വ്യാഴത്തിൽ വന്നിടിച്ചത് ഓർക്കുക. ആ വാൽനക്ഷത്രം വ്യാഴത്തിനുപകരം ഭൂമിയിലാണ്‌ ഇടിച്ചിരുന്നതെങ്കിലോ? തീർച്ച; ഇവിടെ ആറാമത്തെ Mass extinction സംഭവിക്കുമായിരുന്നു. 

ഇനി നമുക്ക് 455 കോടി വർഷത്തെ ഭൂമിയുടെ ചരിത്രത്തെ ഒറ്റ ദിവസത്തിലേക്ക് ചുരുക്കിയാൽ, കാണുന്ന പ്രധാന സംഭവങ്ങളെ ഒന്ന് പരിശോധിക്കാം. അർധരാത്രി കൃത്യം 12 മണി, ഭൂമി ഉല്‍ഭവിച്ചു. തുടർന്ന് പുലർച്ചെ 3 മണിവരെ ഉല്‍ക്കാപതനങ്ങൾ. പുലർച്ചെ 4 മണി-ജീവൻ ഉല്ഭവിച്ചു. 5.36 ന്‌ ഏറ്റവും പഴക്കമേറിയ ഫോസിൽ. തുടർന്ന് 6 മണി മുതൽ ഉച്ചയ്ക്ക് 1.52 വരെ Cyanobacteria യുടെ പ്രവർത്തനഫലമായി ഓക്സിജൻ ഉണ്ടാകുകയും അത് സമുദ്രത്തിലെ ഇരുമ്പുമായി ചേർന്ന് Rusty sediment (തുരുമ്പിന്റെ അവക്ഷിപ്തം) ഉണ്ടാകുകയും ചെയ്യുന്നു (Banded iron formations). 2.08 ന്‌ Single celled ആൽഗകൾ പ്രത്യക്ഷപ്പെടുന്നു. വൈകുന്നേരം 6.08 ന്‌ ലൈംഗിക പുനരുല്പാദനം ആരംഭിക്കുന്നു. രാത്രി 8.28 ന്‌ കടൽ പായലുകൾ (See weeds) രംഗത്തുവരുന്നു. തുടർന്ന് രാത്രി 8.48 ന്‌ ജെല്ലിഫിഷു (Jelly fish) കളുടെ ആവിർഭാവം. രാത്രി 9 മണി കഴിഞ്ഞ് 4 മിനിറ്റ് ആയപ്പോൾ ട്രൈലോബൈറ്റുകൾ (Trilobites) രംഗപ്രവേശം ചെയ്യുന്നു. (ഈ ട്രൈലോബൈറ്റുകളാണ്‌ സൃഷ്ടിവാദികളുടെ കാംബ്രിയൻ വിസ്ഫോടനത്തിലെ പ്രധാന ദൈവസൃഷ്ടി!) അതു കഴിഞ്ഞ് 9.52 ആകുമ്പോഴേക്കും കരയിൽ സസ്യങ്ങൾ ആവിർഭവിക്കുന്നു. രാത്രി 10.24 ന്‌ കല്‍ക്കരി രൂപപ്പെടുന്നു. രാത്രി 10.56 നാണ്‌ ഡിനോസറുകൾ രംഗത്തുവരുന്നത്. തുടർന്ന് 11.39 ന്‌ സസ്തനികളുടെ ആരംഭമായി. അവസാനമായി 11.58.43 ന്‌, അതായത് അർദ്ധരാത്രിക്ക് വെറും ഒന്നര മിനിറ്റുള്ളപ്പോൾ മാത്രമാണ്‌ മനുഷ്യൻ രംഗത്തുവരുന്നത്.[5]

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്‌. ട്രൈലോബൈറ്റുകൾക്കു മുമ്പും ഭൂമിയിൽ ജൈവരൂപങ്ങൾ ഉണ്ട് എന്ന്. എന്നാൽ കഴിഞ്ഞ 60 കോടി വർഷങ്ങൾക്ക് മുമ്പുള്ള കാലം Age of microscopic life ആണ്‌. ജീവന്റെ ചരിത്രത്തിലെ 80 % ത്തോളം സമയം ഈ സൂക്ഷ്മ ജീവിതമാണ്‌.

ഭൂമിയുടെ ഉല്പത്തിക്കുശേഷം ഭൂമി തണുക്കുന്നതുവരെയുള്ള കഠിനമായ അവസ്ഥയെക്കുറിച്ച് ഓർക്കുക. (ഇതാകാം സൃഷ്ടിവാദികളുടെ ഏദൻ തൊട്ടം!) തുടർന്ന് 400 കോടി വർഷത്തിലെത്തുമ്പോൾ ഭൂമി തണുത്തുതുടങ്ങി. തീർച്ചയായും 380 കോടി വർഷങ്ങൾക്ക് മുമ്പ് തന്നെ ഭൂമിയിൽ ജീവൻ ആവിർഭവിച്ചു കഴിഞ്ഞിരുന്നു[6]. അവിടം മുതൽ ഇന്നോളം ഭൂമിയിൽ ജീവൻ അഭംഗുരം തുടരുകയായിരുന്നു. ഈ പ്രക്രിയക്കിടയിൽ ദൈവത്തിനോ പിശാചിനോ  യാതൊരു സ്ഥാനവുമില്ല.

stromatolites fossils
procariota
Eukaryotic Fossil Record. 
പിന്നീടങ്ങോട്ട് ജീവന്റെ വികാസമാണ്‌ കാണാൻ കഴിയുക. 350 കോടി വർഷത്തിലെത്തുമ്പോൾ ലളിതമായ ജൈവരൂപങ്ങളെ വ്യക്തമായി കണ്ടെത്തുന്നു. ഈ രൂപങ്ങൾ Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona ഫോസിൽ മേഖലയിൽ നിന്നാണ്‌ ഈ Cyanobacteria യുടെ ഫോസിലുകൾ കിട്ടിയിട്ടുള്ളത്.ഇതിന്റെ പ്രായം 35൦ കോടി വര്‍ഷം[7] .ജൈവരൂപങ്ങളിൽ രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങളുണ്ട്. പ്രോക്കാരിയോട്ടുകളും (Prokaryotes) -bacteria- യൂക്കാരിയോട്ടുകളും(Eukaryotes) (ഏകകോശരൂപമായ അമീബ മുതൽ ബഹുകോശരൂപങ്ങളായ ജീവികളും സസ്യങ്ങളും ഇതിൽ പെടുന്നു.) 350 കോടി വർഷം തൊട്ട് കാണുന്ന ജൈവരൂപങ്ങൾ പ്രോകാരിയോട്ടുകളാണ്‌. ജീവന്റെ ഏറ്റവും ലളിതമായ രൂപങ്ങളാണവ. ഒരു പ്രോകാരിയോട്ട് കോശത്തിൽ ന്യൂക്ലിയസ് ഉണ്ടായിരിക്കില്ല; അതുപോലെ കോശത്തിനുള്ളിലെ സങ്കീർണമായ ഘടകങ്ങളും. ഇത്തരം ലളിതമായ ജൈവരൂപങ്ങളിൽ നിന്നാണ്‌ പില്കാലത്ത് സങ്കീർണമായ ജൈവരൂപങ്ങൾ-മനുഷ്യൻ, തിമിംഗലം- ആവിർഭവിക്കുന്നത്. Cyanobacteria യുടെ -പ്രോകാരിയോട്ട്-ആവിർഭാവം ജൈവപരിണാമത്തിലെ ഒരു പ്രധാന ഘട്ടമാണ്‌. ഈ ജിവരൂപം, പില്കാലത്ത് സങ്കീർണ ജൈവരൂപങ്ങൾ ഉണ്ടാകുന്നതിനെ നിർണയിച്ച ഒരു മഹാപ്രവർത്തനം തുടങ്ങിവെയ്ക്കുന്നു. അതാണ്‌ ഓക്സിജന്റെ ഉല്പാദനം. Cyanobacteria ക്കുമുമ്പ് അന്തരീക്ഷത്തിൽ സ്വതന്ത്ര ഓക്സിജൻ ഉണ്ടായിരുന്നില്ല. സൈനോബാക്റ്റീരിയ Clorophyll ഉപയോഗിച്ചുകൊണ്ട് പ്രകാശസംശ്ലേഷണം നടത്തുന്നു.  ഇതിലെ ഉപോല്പ്പന്നമാണ്‌ ഓക്സിജൻ. ഇനിയുള്ള ഘട്ടങ്ങളിൽ ഓക്സിജന്റെ സാന്നിധ്യം വർധിച്ചു വരുന്നു. അടുത്ത 100 കോടി വർഷങ്ങളോളം ഭൂമിയിലെ ജൈവരൂപം ഈ പ്രോകാരിയോട്ടുകളാണ്‌. ഒപ്പം ഓക്സിജന്റെ അളവും വർധിച്ചുകൊണ്ടിരിക്കുന്നു. ഈ ഓക്സിജൻ സമ്പന്നമായ അന്തരീക്ഷം പ്രോകാരിയോട്ടുകളുടെ പിൻഗാമികളായ സങ്കീർണമായ ജൈവരൂപങ്ങളുടെ ഉല്പത്തിയിലേക്കും വിജയത്തിലേക്കും നയിച്ച അതിപ്രധാനമായ ഘടകങ്ങളായി[8]. ആ പുതിയ ജൈവരൂപങ്ങളാണ്‌ യൂക്കാരിയോട്ടുകൾ.

യൂക്കാരിയോട്ടുകൾ

നമ്മുടേതുപോലത്തെ കോശം; അതാണ്‌ യൂക്കാരിയോട്ടുകൾ. വളരെ സങ്കീർണമാണതിന്റെ ഘടന. അതിന്‌ ഒരു ന്യൂക്ലിയസുണ്ട്. ജനിതകവസ്തു ഇതിനകത്താണ്‌. കൂടാതെ മൈറ്റോകോൺട്രിയ തുടങ്ങി ഒട്ടനവധി അതിസങ്കീർണമായ ഘടകങ്ങൾ. യൂക്കാരിയോട്ടിക് കോശത്തിന്റെ രൂപികരണം ജീവചരിത്രത്തിലെ അല്‍ഭുതകരമായ സംഭവമാണ്‌. ലളിതരൂപത്തിലുള്ള പ്രോകാരിയോട്ടിക്-ബാക്റ്റീരിയ-കോശത്തിൽ നിന്നും വളരെ വികസിതമായ യൂക്കാരിയോട്ടിക് കോശത്തിലേക്കുള്ള പരിണാമം ജീവന്റെ ചരിത്രത്തിന്‌ പുതിയ വഴികൾ നല്കി. അത് സസ്യങ്ങൾ, Fungi, ജന്തുക്കൾ, തുടങ്ങി സങ്കീർണ ജൈവരൂപങ്ങളുടെ ആവിർഭാവത്തിന്‌ വഴിയൊരുക്കി. ന്യൂക്ലിയസുള്ള കോശം, ലൈംഗികമായ പുനരുല്പാദനം മിയോസിസ് അതുപോലെ ഉയർന്ന ജീവികൾക്കുള്ള എല്ലാവിധ സവിശേഷ ഗുണങ്ങളും എല്ലാം തന്നെ ആദ്യ യൂക്കാരിയോട്ട് കോശത്തിന്റെ പിൻഗാമികൾക്കുള്ള നേട്ടങ്ങളാണ്‌[9]. പില്‍കാലത്ത്‌ നാം ഉൾപ്പെടെയുള്ള ജീവിവർഗങ്ങളുടെയെല്ലാം ആവിർഭാവത്തിലേക്ക് വഴിവെച്ച യൂക്കാരിയോട്ട് കോശത്തിന്റെ ഉല്പത്തി സംഭവിച്ചത് Archaebacterium ഉം Eubacterium ഉം തമ്മിൽ നടന്ന കൂടിച്ചേരലിലൂടെ(Symbiosis)യാണ്‌[10]. യൂക്കാരിയോട്ടിക്‌ ജീനോമിൽ(Genome) ഭാഗികമായി Archaebacterium ത്തിന്റെയും Eubacterium ത്തിന്റെയും ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. 280 കോടി വർഷങ്ങൾക്ക് മുമ്പേതന്നെ യൂക്കാരിയോട്ടുകൾ ആവിർഭവിച്ചു കഴിഞ്ഞിരുന്നു[11]. ഇവയുടെ ചയാപചയ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ രാസവസ്തുക്കൾ പാറകളിൽ കുടുങ്ങിപ്പോയത് ഈയടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി. അവയുടെ പ്രായം 270 കോടി വർഷമാണ്‌. നമ്മുടേതുപോലത്തെ കോശം രൂപം കൊണ്ടെങ്കിലും ജീവന്റെ വികാസത്തിൽ പൊടുന്നനെ ഒന്നും സംഭവിക്കുന്നില്ല. കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം ജീവൻ ആവിർഭവിച്ച ശേഷം, കഴിഞ്ഞ 60 കോടി വർഷങ്ങൾക്ക് മുമ്പ് ബഹുകോശജീവികളെ കാണുന്നതുവരെയുള്ള ബ്രഹത്തായ കാലയളവ് വരെ വളരെ മന്ദഗതിയിലുള്ള പരിണാമമാണ്‌ നടന്നത്. എന്നിരുന്നാലും യൂക്കാരിയോട്ട് ആവിർഭാവത്തിനുശേഷം നേരിയ വികാസങ്ങൾ ഫോസിലുകളിൽ കാണുന്നുണ്ട്.  

പരിണാമം തുടരുകയാണ്‌. അത് കഴിഞ്ഞ 210 കോടി വർഷത്തിലെത്തുമ്പോൾ Primitive eukaryotic algae പ്രത്യക്ഷപെടുന്നു[12]. തുടർന്ന് 100 കോടി വർഷത്തിലെത്തുമ്പോൾ See weeds (കടൽ പായൽ) ഉരുത്തിരിയുന്നു. ഇനി നമ്മൾ ബഹുകോശ ജൈവരൂപങ്ങൾ കാണാൻ പോകുകയാണ്‌.

Ediacaran  Fossils

Fossils of Kimberella
he Ediacaran fossil
 Tribrachidium

from South Australia
Spriggina fossil
from the Ediacaran
fossil impression
called Dickinsonia
Swartpuntiagermsi,
fossil and a reconstruction
charniodiscus
കഴിഞ്ഞ 60 കോടി വർഷം തൊട്ട് തുടങ്ങി കഴിഞ്ഞ 54.5 കോടി വർഷം വരെ നീണ്ടുനിന്ന കാലഘട്ടമാണ്‌ വെൻഡിയൻ. ഈ കാലം തോട്ട് കിട്ടുന്ന ഫോസിലുകൽ ഏകകോശ രൂപങ്ങളുടേതല്ല.; മറിച്ച് ബഹുകോശ രൂപികളായ ജീവികളുടേതാണ്‌. ഈ ജീവികളുടെ പേരാണ്‌ Ediacaran. 1946 ൽ Reg Sprigg (Reginald Claude Sprigg) ആസ്ത്രേലിയയിലെ Ediacaran പ്രദേശത്തുനിന്നും ഈ ജീവികളുടെ ഫോസിലുകൾ കണ്ടെത്തി. ഈ ജീവികൾ അസ്ഥിക്കൂടമോ കട്ടിയുള്ള പുറം തോടോ ഇല്ലാത്ത മൃദുശരീരികളായിരുന്നു. പാറകളിൽ മുദ്രണം ചെയ്ത രീതിയിലായിലാണ്‌ ഈ ജീവികളുടെ മിക്ക ഫോസിലുകളും കിട്ടിയിട്ടുള്ളത്. ആദ്യം ആസ്ത്രേലിയയിൽ നിന്നാണ്‌ കിട്ടിയതെങ്കിലും പിന്നീട് റഷ്യ, ചൈന, നമീബിയ, ന്യൂ ഫൗണ്ട് ലാന്റ്, സൈബീരിയ, ഇംഗ്ലണ്ട്, എന്നിവിടങ്ങളിൽനിന്നും ഇവയുടെ ഫോസിലുകൾ കിട്ടിയിട്ടുണ്ട്. വളരെയധികം വൈവിധ്യം കാണിക്കുന്ന ഈ ജീവികളുടെ രണ്ടായിരത്തിലധികം specimen കൾ കിട്ടിയിട്ടുണ്ട്[13]. ഇതിലെ മിക്ക ഫോസിലുകളും Jelly fish, sea pen, worms എന്നിവയുമായി ബന്ധപ്പെട്ടവയെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ 62 കോടി വർഷം തൊട്ട് തുടങ്ങി കഴിഞ്ഞ 55 കോടി വർഷം വരെയാണ്‌ ഇവയുടെ കാലം[14].

താമരയിലെപോലെ വൃത്താകൃതിയിലുള്ള ഒരു ജീവിയുടെ ഫൊസിൽ ഉണ്ട്. Dickinsonia Costata എന്നാണിതിന്റെ പേര്‌. ഖണ്ഡം ഘണ്ഡമായിട്ടാണ്‌ ശാരീരഘടന. ഇത് ഫൈലം Annelids മായി ബന്ധപ്പെട്ടതാകാമെന്ന്‌ കോൺ വേ മോറിസ് പറയുന്നു. മറ്റൊരു ജീവിയാണ്‌Spriggina Flounderesi ദീർഘവൃത്തമാണ്‌ ഇതിന്റെ ആകൃതി. ഇത് ഫൈലം ആർത്രോപോഡയുമായി ബന്ധപ്പെട്ടതാണ്‌[15].

 അങ്ങനെ ഒട്ടനവധി ജീവികൾ. സൃഷ്ടിവാദത്തെ അട്ടത്തുകയറ്റി വെയ്ക്കാൻ പ്രകൃതി നല്കുന്ന തെളിവുകൾ. സത്യത്തിൽ Ediacaran ജീവികൾക്ക് സംസാരശേഷിയുണ്ടെങ്കിൽ അവർ സൃഷ്ടിവാദികളെ നോക്കി കൂകി വിളിച്ചേനെ. അങ്ങനെ ‘സൃഷ്ടാവായ ദൈവം’ സൃഷ്ടി നടത്തി എന്നു പറയുന്ന കാലത്തിനും 8 കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ഈ ജീവികൾ വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്നു. അങ്ങനെ ഇന്നത്തെ പല ജീവി വിഭാഗങ്ങളോടും ബന്ധപ്പെടുത്താവുന്നതും എന്നാൽ ബന്ധം ഏത് രീതിയിലെന്ന് മനസ്സിലാക്കാൻ പറ്റാത്തതുമായ ഒട്ടനേകം ജീവി വിഭാഗങ്ങളുടെ ഒരു സഞ്ചയമാണ്‌ Ediacaran Fossils. മറ്റൊരു പ്രധാനപ്പെട്ട സംഗതികൂടി ഇവിടെ പറയേണ്ടതുണ്ട്. Ediacaran ജീവികളുടെ ആവിർഭാവത്തെ സംബന്ധിച്ച ഫോസിൽ തെളിവുകൾ കിട്ടുന്നത് കഴിഞ്ഞ 60 കോടി വർഷ മുതല്‍ക്കാണെങ്കിലും Molecular Biology (തന്മാത്രാ ജീവശാസ്ത്രം) നല്‍കുന്ന തെളിവുകൾ അതിലും താഴെയാണ്‌. അതുപ്രകാരം നട്ടെല്ലില്ലാത്ത ജീവികളുടെ ആരംഭഘട്ടം കഴിഞ്ഞ 90 കോടി വർഷത്തിനും 80 കോടി വർഷത്തിനും ഇടയിലാണ്‌[16]. ഈ കാലത്ത് ബഹുകോശജീവികൾ ആവിർഭവിച്ചിരുന്നാലും അവയുടെ ഫോസിലുകൾ കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്‌. Ediacaran ജീവികൾ തന്നെ വളരെ മൃദുശരീരികളായിരുന്നു. അപ്പോൾ അവയ്ക്കുമുമ്പുള്ള ജീവികൾ അതിലും മൃദുത്വമുള്ളവയായിരിക്കും. അവ ഫോസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്‌. എന്നിരുന്നാലും പാലിയന്തോളജിസ്റ്റുകൾ ശ്രമം തുടരുകയാണ്‌. 60 കോടി വർഷം മുമ്പത്തെ പാറകളിൽ മുദ്രണം ചെയ്യപ്പെട്ട ജീവികളുടെ ഫോസിലുകളിൽ നിന്ന് ഇനി നമുക്ക് ശരിയായ ഫോസിൽ ജീവികളിലേക്ക് നീങ്ങാം.

കാംബ്രിയൻ യുഗത്തിൽ ട്രൈലോബൈറ്റുകൾക്ക് മുമ്പത്തെ ജീവികൾ

small shelly fossils
കാംബ്രിയൻ യുഗത്തിൽ, ട്രൈലോബൈറ്റുകളടക്കം കട്ടിയുള്ള പുറംതോടും കവചങ്ങളുമുള്ള ഒട്ടനേകം നട്ടെല്ലില്ലാത്ത ജീവികൾ പൊടുന്നനെ ഫോസിലിൽ പ്രത്യക്ഷപ്പെടുകയല്ല. 52 കോടി വർഷങ്ങൾക്ക് മുമ്പും ഇത്തരം സവിശേഷതകളുള്ള ജീവികൾ ഭൂമിയിൽ ഉണ്ടായിരുന്നു. ട്രൈലോബൈറ്റുകൾ പ്രത്യക്ഷപ്പെടുന്ന ഫോസിൽ അടരിന്റെ തൊട്ടുതാഴത്തെ അടരിൽ അവ ഉണ്ട്. അവയാണ്‌ Small Shelly Fossils[17]. കാംബ്രിയൻ യുഗത്തിന്റെ ആദ്യഘട്ടമായ Nemakit Daldynian -Tommotion (കഴിഞ്ഞ 54.5 കോടി വർഷം മുതൽ 52 കോടി വർഷം വരെ) പീരിയഡിലാണ്‌ ഇവ പ്രത്യക്ഷപ്പെടുന്നത്. റഷ്യൻ പാലിയന്തോളജിസ്റ്റുകളാണ്‌ ഇവയെ സൈബീരിയയിൽ നിന്നും ആദ്യം കണ്ടെത്തിയത്. ഏതാനും മില്ലീമീറ്റർ മാത്രം വലിപ്പമുള്ള വളരെ ചെറിയ ജീവികളാണിവ. വളരെ വിചിത്രമായ ആകൃതിയാണിവയ്ക്ക്. ഉരുണ്ടും, നീളത്തിലും, ഇഡ്ഡലിപോലെയും ചിലവ. വേറെ ചിലത് തൊപ്പി പോലെ. വേറൊന്ന് കോളി ഫ്ലവർ പോലെ. Tommotion ഘട്ടത്തിൽ- 53 കോടി വർഷം തൊട്ട് 51 കോടി വർഷം വരെ- ഇവയിലെ വൈവിധ്യം വർധിക്കുന്നു. ഒപ്പം ഒട്ടേറെ തരത്തിലുള്ള നട്ടെല്ലില്ലാത്തെ ജീവികളുടെ വ്യാപനം സംഭവിക്കുന്നു. ഈ സമയത്ത് അല്പം കൂടി വലിപ്പമുള്ള നട്ടെല്ലില്ലാത്തെ ജീവികൾ പ്രത്യക്ഷപ്പെടുന്നു[18]. മിഡിൽ കാംബ്രിയനിൽ ട്രൈലോബൈറ്റുകളടക്കം കൂടുതൽ വികസിതമായ ജീവികൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള ജീവന്റെ അവസ്ഥകളെയാണ്‌ നാമിവിടെ കണ്ടത്. കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം ജീവൻ ആവിർഭവിക്കുകയും തുടർന്ന് വ്യത്യസ്ത രൂപങ്ങളാർജിച്ച് Small Shelly Fossils വരെയെത്തിനില്‍ക്കുന്നു. അണമുറിയാത്ത ജീവന്റെ ഈ പ്രയാണത്തിൽ ദൈവത്തിനോ സൃഷ്ടിക്കോ യാതൊരു പങ്കുമില്ലെന്ന് വ്യക്തം. ജീവന്റെ സ്വാഭാവികമായ വികാസത്തിലെ ഒരു ഘട്ടത്തിലാണ്‌ നമ്മൾ Small Shelly Fossils നെ കണ്ടത്. ഈ ജീവികളിലെ സ്വാഭാവിക വികാസമാണ്‌ ഇനി നമ്മൾ മിഡിൽ കാംബ്രിയനിൽ കാണുന്നത്. എന്നാൽ ഈ സ്വാഭാവിക വികാസത്തെ സൃഷ്ടിവാദികൾ ഒരിക്കലും സമ്മതിച്ചുതരില്ല. അവർക്ക് മിഡിൽ കാംബ്രിയനിൽ ദൈവത്തെ പ്രതിഷ്ഠിച്ചേ തീരൂ. ശ്രീ. ഹുസൈന്റെ വാക്കുകൾ നോക്കൂ:-“ പരിണാമപ്രക്രിയയുടെ സ്വാഭാവികരീതിയെക്കുറിച്ചുള്ള ഡാർവിൻ സിദ്ധാന്തം അബദ്ധമാണെന്നും അസ്വാഭാവികരീതിയിലൂടെയാണ്‌ ജീവികൾ ഉല്ഭവിച്ചതെന്നുമാണ്‌ സൃഷ്ടിവാദികൾ പറയുന്നത്. നൂറ്റമ്പത് വർഷങ്ങളായ് സ്വാഭാവികരീതി മുറുകെ പിടിച്ച് മുനോട്ട് നീങ്ങിയ പരിണാമവാദികൾ പുതിയ ഫോസിൽ ഗവേഷണങ്ങൾ കണ്ട് അസ്വാഭാവിക രീതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതാം[19].” (അടിവര ലേഖകന്റേത്.)


അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. പുതിയ ഫൊസിൽ ഗവേഷണങ്ങൾ നമ്മെ അസ്വാഭാവിക രീതി-അതായത് സൃഷ്ടിവാദം-യിലേക്ക് നയിക്കുമെത്രെ! ആര്‌ നടത്തിയ ഗവേഷണങ്ങളുടെ കാര്യമാണാവോ എഴുതിവിടുന്നത്? എന്തൊരു വിഡ്ഢിത്തരം! പുതിയ ഫോസിൽ ഗവേഷണങ്ങൾ പരിണാമവാദികളെ സൃഷ്ടിവാദികളാക്കുകയല്ല, മറിച്ച് പരിണാമശാസ്ത്രത്തിന്റെ ആധികാരികത വെളിവാക്കുകയാണ്‌ ചെയ്യുന്നത്. പുതിയ ഫോസിൽ ഗവേഷണങ്ങളുടെ ഫലമായി പുറത്തുവന്ന രണ്ട് ഉല്‍കൃഷ്ട ഗ്രന്ഥങ്ങളാണ്‌ William Schopf ന്റെ.Cradle of Life ഉം Richard Fortey യുടെ Life an unauthorised Biography ഉം. ഇവ പുറത്തുകൊണ്ടുവന്ന അറിവുകൾ പരിണാമശാസ്ത്രത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ഇനിയിപ്പോ സൃഷ്ടിവാദികൾ പുതിയ ഫോസിൽ ഗവേഷണം നടത്തി സൃഷ്ടിവാദത്തിനനുകൂലമായി പുതിയ തെളിവുകൾ കണ്ടേത്തിയോ ആവോ! ഏതായാലും അത്തരം അറിവുകൾ അറിയപ്പെടുന്ന ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നും വന്നിട്ടില്ല. ആത്മാർത്ഥതയുണ്ടെങ്കിൽ സൃഷ്ടിവാദികൾ ഗവേഷണം നടത്തി പരിണാമം തെറ്റാണെന്ന് തെളിയിക്കുകയാണ്‌ വേണ്ടത്. അല്ലാതെ ‘സ്രഷ്ടാവായ ദൈവത്തെ’ പിടിച്ചുകൊണ്ടുവന്ന് കാംബ്രിയനിൽ ഫിറ്റുചെയ്യുകയല്ല.

കംബ്രിയൻ ജൈവ വൈവിധ്യത്തിലേക്ക്

trilobite fossil
Burgess Shale fossil 'Hallucigenia
aysheaia fossils
anomalocaris
Pikaia 
Thaumaptilon
Wiwaxia
ബഹുകോശജീവികൾ 60 കോടി വർഷം മുമ്പേ ഫോസിലിൽ പ്രത്യക്ഷപ്പെടുന്നു എന്ന് നമുക്കറിയാം(Ediacaran Fossils). പിന്നീട് Small Shelly Fossils കണ്ടു. (54.5 കോടി മുതൽ 52 കോടി വരെ) അങ്ങനെ 8 കോടി വർഷത്തെ നിരന്തരമായ പരിണാമത്തിന്റെ 52 കോടി വർഷം തൊട്ട് കാണുന്ന സ്വാഭാവിക ജൈവവികാസം മാത്രമാണ്‌ കാംബ്രിയൻ ജീവികൾ.

ഇതെല്ലാമാണ്‌ കാംബ്രിയനില്‍ ദൈവം നടത്തിയ സൃഷ്ടികള്‍. അയലയില്ല, അരണയില്ല, കുഞ്ഞനെലിയില്ല, മനുഷ്യന്മാര്‍ ഒട്ടുമില്ല!!
 ചുരുക്കത്തിൽ ഫോസിൽ രേഖകൾ കാണിക്കുന്നത്, ആദ്യം കാണുന്ന പ്രോകാരിയോട്ടിക് ഏക കോശത്തിൽനിന്നുള്ള പടിപടിയായ വികാസം യൂകാരിയോടിക് കോശത്തിലേക്കും അവിടേനിന്നും മൃദുശാരീരികളായ ബഹുകോശ ജീവികളിലേക്കും അതിൽനിന്നും കൊച്ചു കവചങ്ങളുള്ള ജീവികളിലേക്കും പിന്നീട് പൂർണതോതിലുള്ള കവചങ്ങളും പുറംതോടുകളുമുള്ള മിഡിൽ കാംബ്രിയനിൽ കാണുന്ന നട്ടെല്ലില്ലാത്തെ ജീവികളിലേക്കും[21] ജൈവവികാസം സംഭവിക്കുന്നു. ഇതാണ്‌ ഫോസിലിൽ കാണുന്ന ജൈവവികാസത്തിന്റെ ക്രമം. എന്നാൽ ശ്രീ ഹുസ്സൈൻ പറയുന്നു, പരിണാമസിദ്ധാന്തത്തിന്റെ അടിത്തറ തകര്‍ക്കുന്ന ഫോസില്‍ വിവരങ്ങള്‍ വന്‍ തോതില്‍ ലഭ്യമാകാന്‍ തുടങ്ങിയത് കാംബ്രിയന്‍ വിസ്ഫോടനം(Cambrian Explosion) എന്ന്‌ പാലിയന്തോളജിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതോടെയാണ്‌[20].  ഫോസിൽ തെളിവുകൾ പരിണാമസിദ്ധാന്തത്തെ ദുർബലമാക്കുകയല്ല മറിച്ച് അത് ജൈവവിസ്ഫോടനത്തിന്റെ കാരണം കണ്ടെത്തി വിശദീകരിച്ച് സ്വയം ശക്തമാകുകയാണുണ്ടായത്. അപ്പോൾ ശ്രീ. ഹുസ്സൈന്‍‍ കളവു പറയുകയാണോ? ഒന്നുകിൽ ആകാം. അല്ലെങ്കിൽ പുതിയ ഗവേഷണഗ്രന്ഥങ്ങൾ ഒന്നും വായിക്കാതെ പഴയകാല ഗ്രന്ഥങ്ങളിൽ പിടിച്ച് കറങ്ങിക്കളിക്കുകയാകാം. രണ്ടായാലും വഞ്ചി തിരുനക്കരതന്നെ.

മിഡിൽ കാംബ്രിയൻ ജീവികൾ

മിഡിൽ കാംബ്രിയനിലെ പ്രത്യേകത ജീവികൾക്ക് പുതിയ ബോഡി പ്ലാനുകൾ ഉണ്ടാകുന്നു എന്നതാണ്‌. അതിന്റെ ഭാഗമായി അവർക്ക് കട്ടിയുള്ള കവചങ്ങളും പുറം തോടുകളുമുണ്ടകുന്നു. ഇന്ന് കാണുന്ന വ്യത്യസ്തത വിഭാഗം ജീവികളുടെ പൂർവ വിഭാഗങ്ങൾ മിഡിൽ കംബ്രിയനിൽ പ്രത്യക്ഷപ്പെടുന്നു. കംബ്രിയന്റെ 52 കോടി വർഷം മുതൽ തുടങ്ങി 51.5 വർഷം വരെയുള്ള ഘട്ടം Atdabanian എന്നാണ്‌ അറിയപ്പെടുന്നത്. ഈ വേളയിൽ ട്രൈലോബൈറ്റുകളും ഇതര ജൈവവിഭാഗങ്ങളും അത്യധികമായി പ്രത്യക്ഷപ്പെടുന്നു. (ട്രൈലോബൈറ്റുകൾ തന്നെ ഒട്ടേറെ വിഭാഗങ്ങളുണ്ട്). മൂന്ന് ഖണ്ഡങ്ങളായി ഏതാനും സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ജീവികളാണ്‌ ഇവ. കാംബ്രിയൻ വിസ്ഫോടനത്തിൽ കാണുന്ന ജീവികൾ എല്ലാം തന്നെ ഏതാനും സെന്റീമീറ്ററുകളോ ഇഞ്ചുകളോ മാത്രം വലിപ്പമുവയാണ്‌. (അവിടെ ആന-മയിൽ-ഒട്ടകങ്ങൾ ഒന്നും കാണുകയില്ല. സൃഷ്ടിയാണ്‌ നടന്നതെങ്കിൽ അതെല്ലാം കാണേണ്ടതല്ലേ?)

കാനഡയിലെ Burgess Shale ഫോസിൽ ഗ്രൂപ്പാണ്‌ കാംബ്രിയൻ വിസ്ഫോടനത്തെക്കുറിച്ച് പഠിക്കാൻ പറ്റിയ ഏറ്റവും നല്ല ഫോസിൽ ശേഖരം. 1909-ൽ Charles Walcott ആണ്‌ അദ്യം ഇതിനെ സംബന്ധിച്ച് വെളിപ്പെടുത്തിയത്. അവ Small Shelly Fossils ൽനിന്നും കുറെകൂടി വികസിച്ച ശാരിയായ ജീവികളായിരുന്നു. അവയ്ക്ക് കൊമ്പുകൾ, കൈകാലുകൾ, വാലുകൾ, പിന്നെ പ്രധാനമായി കണ്ണുകൾ ഇവയെല്ലാം ഉണ്ടായിരുന്നു. കൂടാതെ, അവ ഇന്നത്തെ ആധുനിക ജൈവവിഭാഗങ്ങളായ Arthropods, Annelids, Chordates, Molluscs  എന്നിവയിൽ പെട്ട പ്രാചീന ജീവികൾ ആയിരുന്നു. ഒന്നരകോടി മുതൽ രണ്ട് കോടി വർഷം വരെ നീണ്ട കാലയളവിലായിരുന്നു ഈ ജീവികളുടെ പ്രത്യക്ഷപ്പെടൽ സംഭവിക്കുന്നത്. അതായത് 52 കോടി മുതൽ 50 കോടി വർഷം വരെയുള്ള കാലം. Small Shelly ജീവികളില്‍നിന്ന് കുറെകൂടി വികാസം പ്രാപിച്ച കാംബ്രിയൻ ജീവികൾ പ്രത്യക്ഷപ്പെടുന്നതിന്‌ ഈ കാലയളവ് ധാരാളമാണ്‌. പൊതുപൂർവികനിൽ നിന്നും ചിമ്പാൻസിയും മനുഷ്യരും വേർപെട്ടതിനുശേഷം, നമ്മുടെ ശാഖ 70-60 ലക്ഷം വർഷങ്ങൾക്കുള്ളിലാണ്‌ അതിസങ്കീർണ ഘടനയുള്ള ആധുനിക മനുഷ്യരായി പരിണമിച്ചത് എന്നോർക്കുക. അപ്പോൾ നമ്മേക്കാൾ സങ്കീർണത കുറഞ്ഞ കാംബ്രിയൻ ജീവികൾ രൂപപ്പെടുന്നതിന്‌ രണ്ടുകോടി വർഷങ്ങൾ ധാരാളമാണ്‌. മാത്രമല്ല, കാംബ്രിയനുശേഷമുള്ള എല്ലാ കാലഘട്ടങ്ങളിലും -ഓർഡോവിഷൻ, സിലൂറിയൻ, ഡെവോണിയൻ, കർബോണിഫെറസ്, പെർമിയൻ- ഈ സങ്കീർണത പതിയെ പതിയെ കൂടിവരുന്നതായി കാണുന്നു. ഇതാണ്‌ ജീവൻ ലളിതരൂപത്തിൽനിന്ന് സങ്കീർണതിലേക്ക് പരിണമിക്കുന്നു എന്ന് പറഞ്ഞതിന്റെ ഗുട്ടൻസ്. ആദ്യത്തെ ലളിത ഏകകോശ ജൈവരൂപത്തിൽ നിന്ന് അതിസങ്കീർണമായ ജൈവരൂപമായ മനുഷ്യൻ പരിണമിക്കാൻ 400 കോടി വർഷങ്ങൾ എടുത്തതിന്റെ കാരണവും അതുതന്നെ.   
  
സൃഷ്ടിവാദികൾക്ക് കാംബ്രിയനിൽ സൃഷ്ടി നടന്നു എന്ന് വാദിക്കുന്നതിന്‌ എന്ത് ന്യായമാണുള്ളത്? സൃഷ്ടി നടന്നു എന്ന് അത്രയ്ക്കുറപ്പുണ്ടെനിൽ അവർ കാംബ്രിയൻ ഫോസിൽ ശേഖരത്തിൽ നിന്നും (Burgess Shale Canada, chenggiyang China) ഒരു മനുഷ്യന്റെ ഫോസിൽ എടുത്തുതരട്ട, അല്ലെങ്കിൽ വേണ്ട ഏതെങ്കിലും ഒരു ചെറു പ്രൈമേറ്റിന്റെ ഫോസിലെങ്കിലും. എന്നിട്ടവർ പരിണാമശാസ്ത്രത്തെ തകർത്ത് തരിപ്പണമാകട്ടെ. അതുവഴി ദൈവത്തിന്റെ സിംഹാസനം അവർ എന്നെന്നേക്കുമായി കാംബ്രിയനിൽ ഉറപ്പിക്കട്ടെ. പക്ഷേ, സംഗതി നടക്കില്ലല്ലോ!

ഇനി നമുക്ക് പരിശോധിക്കാനുള്ളത് നട്ടെല്ലികളുടെ ആവിർഭാവമാണ്‌. പ്രധാനപ്പെട്ട ഒരു നട്ടെല്ലിയുടെ ഫോസിലും കാംബ്രിയനിൽ കിട്ടുകയില്ലെങ്കിലും അവയുടെ ആവിർഭാവം ഈ ഘട്ടത്തിൽതന്നെ സംഭവിച്ചിട്ടുണ്ട്. നമ്മുടെ ചുറ്റിലും നോക്കുക; ഇന്ന് നട്ടെല്ലുള്ള ജീവികൾക്കാണ്‌ ആധിപത്യം. അത് മൽസ്യങ്ങളായും ഉഭയജീവികളായും ഉരഗങ്ങളായും പക്ഷികളായും സസ്തനികളായും നട്ടെല്ലില്ലാത്ത ജീവികളുടെ മേൽ മേല്‍ക്കൈ നേടിയിരിക്കുന്നു. ജലത്തിലും, കരയിലും, ആകാശത്തിലും ഇവരാണ്‌ മുമ്പന്മാർ. ഇത് എങ്ങനെ സംഭവിച്ചു? കാംബ്രിയനിൽ തന്നെ ഇതിനുത്തരമുണ്ട്. അത് മനസ്സിലാക്കാൻ HOX ജീനുകളെക്കുറിച്ച് അറിയേണ്ടതുണ്ട്.

എല്ലാ ജീവികളുടെയും- നട്ടെല്ലുള്ളവയും നട്ടെല്ലില്ലാത്തവയും- ശരീരനിർമാണ പ്രക്രിയയിൽ അതിപ്രധാന പങ്കുള്ള ജീനുകളാണ്‌ HOX ജീനുകൾ. ഒരു ശരീരത്തിന്റെ ആകെയുള്ള body plan നിർണയിക്കുന്നത് ഈ ജീനുകളാണ്‌. ഒരു ജീവിയുടെ മുൻഭാഗവും പിൻഭാഗവും, ഇരു വശങ്ങളും, അതുപോലെ തലതൊട്ട് വാലുവരെ ഇത്യാദി ഭാഗങ്ങൾ രൂപപ്പെടുന്നത് ഈ ജീനുകളുടെ പ്രവർത്തനഫലമായാണ്‌. HOX ജീനുകൾ മാസ്റ്റർ ജീനുകളാണ്‌. (Transcription of factors- മറ്റു ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു. അവയുടെ On-Off ഈ ജീനുകൾ നിർണയിക്കുന്നു. ഓരോ HOX ജീനും ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു.) ക്രോമസോമുകളിൽ ഈ ജീനുകൾ തൊട്ട് തൊട്ടായി കാണപ്പെടുന്നു. ആദ്യം ശിരസ്സ്, പിന്നീട് മറ്റു ഭാഗങ്ങൾ എന്ന രീതിയിൽ ഈ ജീനുകളുടെ പ്രവർത്തനം തുടങ്ങുന്നു. അതനുസരിച്ച് ഒരു ശരീരം -ഗർഭപത്രത്തിൽ വെച്ച്) രൂപം കൊള്ളുന്നു. ഓരോ ജീവിയും ഈ ജീനുകളുടെ Expression ശരിയായ രീതിയിലായതുകൊണ്ട് മാത്രമാണ്‌ അതിന്റെ തനതായ രൂപത്തിലിരിക്കുന്നത്. ഈ ജീനുകളിൽ എന്തെങ്കിലും മ്യൂട്ടേഷൻസംഭവിച്ചാൽ ഭയാനകമായിരിക്കും ഫലം. പഴയീച്ചകളിൽ കൃത്രിമമായി HOX ജീനുകളിൽ മ്യൂട്ടേഷൻ ഉണ്ടാക്കി പരീക്ഷണം നടത്തി. ഫലം തലയിൽ കാലുമുളച്ചു. ശരീരനിർമിതിയിൽ അത്യധികം പ്രാധാന്യമുള്ള ഈ ജീനുകൾ ജന്തുലോകത്ത് ആകെ വ്യന്യസിക്കപ്പെട്ടിരിക്കുന്നു. എങ്കിൽ നമുക്കൊരു ചോദ്യം ചോദിക്കാമല്ലോ. ഈ ജീനുകളുടെ ആവിർഭാവം എപ്പോഴായിരുന്നു? തീർച്ചയായും ഈ ജീനുകൾ വളരെ നേരത്തെത്തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. 60 കോടി വര്‍ഷങ്ങള്‍ക്കു മുമ്പെ തന്നെ[22]. 60 കോടി വർഷങ്ങൾക്കുമുമ്പത്തെ ജീവികൾക്ക് HOX ജീനുകളടക്കം സുപ്രധാന ജീനുകൾ എങ്ങനെ ലഭ്യമായി? തീർച്ചയായും അവർക്ക് പൂർവിക ജീവികളുണ്ടായിരിക്കണം. കഴിഞ്ഞ 90 കോടി വർഷത്തിനും 80 കോടി വർഷത്തിനും ഇടയിലാണ്‌ ബഹുകോശജീവികളുടെ ആവിർഭാവം എന്നാണ്‌ മോലിക്യുലാർ ബയോളജിയിലെ തെളിവുകൾ കാണിക്കുന്നത്. ഈ ജീവികളുടെ പില്‍കാല വികാസമാണ്‌ 60 കോടി വർഷം തൊട്ട് കാണുന്ന Ediacaran ജീവികൾ. ഈ ജനിതകതെളിവുകളുടെ വെളിച്ചത്തിൽ സൃഷ്ടിവാദികൾ സൃഷ്ടിച്ച ഇരുട്ട് അകലുന്നു. ദൈവം സൃഷ്ടി നടത്തി എന്ന് സൃഷ്ടിവാദികൾ അവകാശപ്പെടുന്ന മിഡിൽ കാംബ്രിയനിലെ ജീവികൾ പ്രത്യക്ഷപ്പെടുന്നതിനും കുറഞ്ഞത് 28 കോടി വർഷം മുമ്പെങ്കിലും ജീവികൾ ഭൂമിയിൽ രംഗത്തുണ്ടായിരുന്നുവെന്നതാണ്‌ വസ്തുത.

ഇനി നട്ടെല്ലികളുടെ ആവിർഭാവത്ത്ലേക്ക് നയിച്ച സംഭവങ്ങളെതെന്ന് നോക്കാം. മൽസ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ ഇവയാണ്‌ പ്രധാന നട്ടെല്ലികൾ. എല്ലാ നട്ടെല്ലികളുടേയും DNA യിൽ 4 സെറ്റുകളിലായി 39 HOX ജീനുകളുണ്ട്. ഈ ജീനുകളാണ്‌ തവള മുതൽ തിമിംഗലം വരെയുള്ള നട്ടെല്ലിലോകത്തെ വ്യത്യസ്ത ജീവികളെ രൂപപ്പെടുത്തുന്നത്. നട്ടെല്ലികളിലെ ഈ ജീനുകൾ എല്ലാവരിലും ഒരേപോലെയാണെങ്കിലും അവ നിയന്ത്രിക്കുന്ന ജീനുകളിൽ വ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസങ്ങളാണ്‌ വ്യത്യസ്ത Body Plan(ജീവികൾ) ഉണ്ടാകുന്നതിനു കാരണം. അതായത് എലിയിലും മനുഷ്യനിലും 4 സെറ്റുകളിലായി 39  HOX ജീനുകൾ തന്നെയാണുള്ളത്. അവ Express ചെയ്യിക്കുന്ന ജീനുകളിലെ മാറ്റങ്ങളാണ്‌ നമ്മെ രണ്ട് വിഭാഗം ജീവികളാക്കിയത്. നട്ടില്ലാത്ത വിഭാഗം ജീവികളിൽ ഒരു സെറ്റ് മാത്രമേയുള്ളു. അതിൽ 8  HOX ജീനുകളുണ്ട്. ഇവിടെ രസകരമായ ഒരു കാര്യമുണ്ട്; പഴയീച്ചയിലെ 8  HOX ജീനുകളുടെ മറ്റൊരു പതിപ്പാണ്‌ എലിയിൽ കാണുന്ന 39 ജീനുകളും. അതായത് നട്ടെല്ലികളിലെ 4 സെറ്റുകളിലായി കാണപ്പെടുന്ന 39  HOX ജീനുകളും ഒരേ  HOX സെറ്റിൽനിന്നാണ്‌ ഉണ്ടായത്. നട്ടെല്ലികളിൽ 4 സെറ്റുകൾ ഉണ്ടായതിനു കാരണം ജീൻ duplication ആണ്‌[23]. നട്ടെല്ലി പരിണാമത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരു സെറ്റ്  HOX ന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പികളുണ്ടായി രണ്ട് സെറ്റുകളുണ്ടാകുകയും പിന്നീട് ഈ രണ്ട് സെറ്റുകളും ഡ്യൂപ്ലിക്കേറ്റ് ചെയ്ത് 4 സെറ്റുകളാകുകയും ചെയ്തു. ഇങ്ങനെ ഡ്യൂപ്ലിക്കേഷൻ വഴി പകർന്നുകിട്ടിയ ഈ ജീനുകളിൽ പലതും ഒറിജിനൽ  HOX ജീനുകളുടെ ജോലി ചെയ്യാൻ തുടങ്ങി. അതിന്റെ ആത്യന്തിക ഫലം പുതിയ ശരീരഘടനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി എന്നതാണ്‌.

ഒരു ബാക്റ്റീരിയത്തിന്റെ Genome ൽ ആയിരത്തിലധികം ജീനുകളുണ്ട്. എന്നാൽ മനുഷ്യന്റെ Genome ൽ അത് മുപ്പതിനയിരത്തോളം വരും. നമ്മിൽ എങ്ങനെയാണ്‌ ഇത്രയധികം ജീനുകളുണ്ടായത്? ആയെല്ലാം ഉണ്ടായത് ജീന്‍ ഡ്യൂപ്ലിക്കേഷൻ വഴിയാണ്‌. ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെട്ട ജീൻ, Genome ൽ അതിന്റെ ഒറിജിനൽ ജീനിന്റെ അടുത്തുതന്നെ സ്ഥാനം പിടിക്കുന്നു. ആദ്യഘട്ടത്തിൽ ഈ ജീൻ ഒറിജിനൽ ജീനിന്റെ പ്രവർത്തനം തന്നെ നടത്തുന്നു. പിന്നീട് ഡ്യൂപ്ലിക്കേറ്റ് ജീനിൽ മ്യൂട്ടേഷനുകൾ സംഭവിക്കുന്നു. അതോടെ ഒറിനിനൽ ജീനിൽ നിന്ന് ആ ജീൻ വ്യത്യസ്തമാകുന്നു. Genome (ഒരു ജീവിയുടെ കോശത്തിൽ  കോശത്തിൽ കാണുന്ന മൊത്തം ജനിതക വസ്തുക്കൾ-അതിൽ DNA യും ജീനുകളും ഉൾപ്പെടും) വലുതായിപ്പോകുന്നതിന്റെ കാരണം ഒരു ജീനിന്റെ ഡ്യൂപ്ലിക്കേഷൻ കൊണ്ട് മാത്രമാകണമെന്നില്ല. ചിലപ്പോൾ ഒരു സംഘം ജീനുകൾ ഡ്യൂപ്ലിക്കേറ്റ് ചെയ്യാം. ചില അവസരത്തിൽ ക്രോമസോം അപ്പടി ഡ്യൂപ്ലിക്കേറ്റ് ചെയ്തേക്കാം. ഒരു ഘട്ടത്തിൽ മൊത്തം ക്രോമസോമുകൾ(Genome പൂർണമായും)ഡ്യൂപ്ലിക്കേറ്റ് ചെയ്യാം[24]. നട്ടെല്ലികളുടെ പരിണാമത്തിൽ HOX ജീനുകളുടെ പരിണാമം നിർണായകമാണെങ്കിലും അതോടൊപ്പം ചില പ്രധാന ജീനുകളും ഡ്യൂപ്ലിക്കേറ്റ് ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായിട്ടാണ്‌ നട്ടേല്ലുള്ള ജീവികൾ എന്ന ജൈവവിഭാഗം പരിണമിച്ചത്.

Haikouichthys ercaicunensis
നട്ടെല്ലികളുടെ ആവിർഭാവത്തെ സംബന്ധിച്ച് മുകളിൽ പറഞ്ഞത് ജനിതക തെളിവുകളാണെങ്കിൽ, അതിനു പിൻബലമായി ഫോസിൽ തെളിവുകളുമുണ്ട്. ചൈനയിലെ Chengjiang ഫോസിൽ ശേഖരത്തിൽനിന്നും കിട്ടിയ ഒരു ഫൊസിലുണ്ട്. അതിന്റെ പേര്‌ Haikouichthys ercaicunensis. ഇതിന്റെ പ്രായം 52 കോടി വർഷമാണ്‌[25]. അത് ഒരു തരം താടിയില്ലാത്ത മൽസ്യമാണ്‌. (അങ്ങനെയാണ്‌ ഈ ഫോസിലിനെ വിവരിക്കുന്നത്. എന്നാൽ കാഴ്ചയിൽ ഈളുപോലെയുള്ള അകൃതിയാണ്‌. ഫോസിലിന്റെ ചിത്രവും Recunstructionനും നോക്കുക, Prothero, P 201) ഈ ഫോസിലിൽ പത്തിലധികം കശേരു (Vertibra)ഖണ്ഡങ്ങൾ, ശിരസ്സിലെ കൺകുഴികൾ, ചെകിളകൾ, പിൻ വശത്തെയും അടിവശത്തെയും ചിറകുകൾ എന്നിവ വ്യക്തമായിരിക്കുന്നു.Chengjiang-ൽ നിന്നും കിട്ടിയ ഇതേകാലത്തുള്ള മറ്റൊരു ഫോസിലാണ്‌ Haicovella. ആദ്യം പറഞ്ഞ ഫോസിലിൽ നിന്നും അല്പം നീണ്ടുരുണ്ട ആകൃതിയാണിതിനെങ്കിലും ലക്ഷണങ്ങളെല്ലാം ആദ്യം പറഞ്ഞതുതന്നെ. Burgess Shale ഫോസിൽ ശേഖരത്തിൽ നിന്നുള്ള വേറൊരു നട്ടെല്ലി പൂർവികന്റെ ഫോസിലുണ്ട്. അതാണ്‌ pikaia gracilens. പുഴു പരുവത്തിലുള്ള ഈ ജൈവരൂപങ്ങളാണ്‌ നട്ടെല്ലി പരിണാമത്തിലെ ആദ്യ സ്രോതസ്സുകൾ. സൃഷ്ടിവാദികൾ എന്തൊക്കെ ബഡായി പറഞ്ഞാലും കാംബ്രിയനിൽ എന്തുകൊണ്ട് ആനമയിലൊട്ടകത്തെ കാണുന്നില്ല എന്ന ചോദ്യത്തിനുത്തരം അതുതന്നെ. 

നട്ടെല്ലില്ലാത്ത ജീവികളെ നമുക്കു ചുറ്റും കാണുന്നുണ്ടല്ലോ. പരിമിതമായ വലിപ്പത്തിൽ ഈ ജീവിവിഭാഗം ഒതുങ്ങി നില്ക്കുന്നു. എന്നാൽ നട്ടെല്ലികളിൽ ശരീരവലിപ്പത്തിന്റെയും വ്യത്യസ്തതകളുടെയും കാര്യത്തിൽ വൻ മാറ്റങ്ങൾ തന്നെ സംഭവിച്ചു. നട്ടെലി ലോകം കുഞ്ഞനെലി തൊട്ട് നീല തിമിംഗലം വരെ വിസ്തൃതമാണ്‌. HOX ജീനുകളിലും മറ്റ് ഏതാനും ജീനുകളിലും സംഭവിച്ച ഡ്യൂപ്ലിക്കേഷൻ കൊണ്ടുണ്ടായ അനുകൂലാവസ്ഥ കൊണ്ട് മാത്രമാണ്‌ ഇന്ന് നട്ടെല്ലിലോകത്ത് ഇത്രയും വൈവിധ്യമുണ്ടായത്. നട്ടെല്ലില്ലാത്ത തേളിൽനിന്നും പഴുതാരയിൽ നിന്നും വ്യത്യസ്തമായ് നട്ടെല്ലികൾക്കുണ്ടായ പ്രധാന ആനുകൂല്യം അവയുടെ പുറത്തേക്ക് തള്ളിനില്ക്കുന്ന അവയവങ്ങളിൽ (കൈകൾ, കാലുകൾ,....) വൻ പരിണാമങ്ങൾ സംഭവിച്ചു എന്നതാണ്‌.

(കൈകളിലും കാലുകളിലും നടന്ന പരിണാമങ്ങൾ പില്കാലത്ത്‌ മനുഷ്യപരിണാമത്തിലെ നിർണായക വഴിത്തിരിവുകളായി (മുൻ ലേഖനം നോക്കുക​)‍മാറി. ഈ പരിണാമങ്ങൾ കാംബ്രിയൻ തൊട്ടേ കാണാവുന്നതാണ്‌. ഈ കാലത്തുതന്നെ ശരിയായ താടിയില്ലാത്ത മൽസ്യങ്ങളെ കാണുന്നു. (Agnathans) അടുത്ത യുഗമായ ഓർഡോവിഷനിലെത്തുമ്പോൾ (49 കോടി മുതൽ 43.8 കോടി വർഷം വരെ) ഈ വിഭാഗം മൽസ്യങ്ങളുടെ കൂടുതൽ ഗ്രൂപ്പുകൾ കാണുന്നു. Hetero Stracii, Osteo Straci, tholodonti എന്നിവ ഉദാഹരണം. സിലൂറിയൻ യുഗത്തിലെത്തുമ്പോൾ (43.8 കോടി വർഷം മുതൽ 41.7 കോടി വർഷം വരെ) താടിയുള്ള മൽസ്യങ്ങൾ രംഗത്തുവരുന്നു. പിന്നീട് ഡെവോണിയൻ യുഗത്തിലെത്തുമ്പോൾ (41.7 കോടി മുതൽ 36.2 കോറ്റി വർഷം വരെ) നട്ടെല്ലികളുടെ കരയിലേക്കുള്ള പ്രവേശം നടക്കുന്നു. പിന്നീട് ഫോസിൽ ക്രമം നോക്കുമ്പോൾ, അത് ഉഭയജീവികളായും, ഉഭയജീവികളിൽനിന്ന് ഉരഗങ്ങളിലേക്കും, ഉരഗങ്ങളിൽ നിന്ന് ഒരു ശാഖ സസ്തനികളിലേക്കും മറ്റൊരു ശാഖ ഡിനോസറുകളിലേക്കും ഡിനോസറുകളിൽ നിന്നും പക്ഷികളിലേക്കും നട്ടെല്ലി പരിണാമം സംഭവിക്കുന്നു. ഇത് ജീവന്റെ ചരിത്രത്തിലെ നട്ടെല്ലികളുടെ പരിണാമത്തിന്റെ ഫോസിലുകൾ വെളിപ്പെടുത്തുന്ന വസ്തുതകളാണ്‌. ഈ പരിണാമം ഇങ്ങനെ നടന്നതുകൊണ്ട് മാത്രമാണ്‌  സൃഷ്ടിവാദികൾ, ദൈവം സൃഷ്ടി നടത്തി എന്നു വിളിച്ചുകൂവുന്ന കാംബ്രിയൻ യുഗത്തിൽ സസ്തനിയായ മനുഷ്യന്റെ ഫോസിൽ കാണാത്തത്.  

ഇനി കാംബ്രിയൻ യുഗത്തിലെ ഒരു പ്രശ്നത്തെക്കുരിച്ചു പറഞ്ഞിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്‌. അത് കാഴ്ചയെ സംബന്ധിച്ച ചില വസ്തുതകളാണ്‌. ട്രൈലോബൈറ്റുകൾക്കും Haikouichthysനുമെല്ലാം കണ്ണുകളുണ്ടായിരുന്നു. അവർ ജീവിച്ചിരുന്ന പരിസരത്തിൽ (ജലത്തിൽ) ജീവിച്ചുപോകാൻ തക്കവിധം വികസിതമായ കാഴ്ചശക്തി അവരിൽ രൂപപ്പെട്ടിരുന്നു. അങ്ങനെ പരിസ്ഥിതിക്കനുകൂലമായി ഒത്തുപോയതിന്റെ ഫലമായിട്ടാണ്‌ 52 കോടി വർഷങ്ങൾ കഴിഞ്ഞിട്ടും ഒട്ടേറെ പരിഷ്കരിക്കലുകൾക്ക് വിധേയമായി ഇന്നും കണ്ണുകൾ നിലനില്ക്കുന്നത്. എന്നാൽ ഇവിടെയും സൃഷ്ടിവാദി ‘ഗവേഷകർ’ ഗവേഷണം നടത്തി പരിണാമശാസ്ത്രത്തെ കുഴിച്ചുമൂടുന്ന ഫലങ്ങൾ കണ്ടേത്തിയിരിക്കുന്നു. ശ്രീ. ഹുസ്സൈൻ എഴുതുന്നു: “പരിണാമവാദികൾ അഭിപ്രായപ്പെടുന്നതുപോലെയാണ്‌ വളരെ വികസിതമായ ട്രൈലോബൈറ്റ് കണ്ണുകൾ രൂപപ്പെട്ടതെന്ന് സങ്കല്പിക്കുക. വളരെ വികസിതമായ കണ്ണുകളുള്ള ട്രൈലോബൈറ്റുകൾക്ക് അതേക്കാൾ വികാസം കുറഞ്ഞ കണ്ണുകളുള്ള മുൻ ഗാമികൾ ഉണ്ടാകണം. അവയ്ക്കുമുമ്പ് അതേക്കാൾ വികാസം കുറഞ്ഞത്. വീണ്ടും പിന്നെയും വികാസം കുറഞ്ഞത്... എന്നിങ്ങനെ"[26]. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം  "എന്നുമാത്രമല്ല, ആദ്യമായി കണ്ണു പ്രത്യക്ഷപ്പെടുമ്പോൾ അവയെല്ലാം വളരെ വികസിച്ച പരുവത്തിലുള്ള കണ്ണുകളാണ്‌ താനും. ഇത് പരിണാമമല്ല, സൃഷ്ടിയാണെന്നതിനാണ്‌ തെളിവാകുന്നത്. സൃഷ്ടിവിശ്വസമനുസരിച്ച് വികസിതമായ കണ്ണുകൾ മുൻ രൂപങ്ങളിലാതെ പ്രത്യക്ഷപ്പെടും[27]." കലക്കി. ഒരു നോബൽ സമ്മാനം കിട്ടാനുള്ള കോപ്പുണ്ട് ഈ കണ്ടേത്തലിന്‌.

ജൈവലോകത്ത് കണ്ണ്‌ രൂപപ്പെടുന്നതിന്‌ ഒരു മാസ്റ്റർ ജീൻ ഉണ്ട്. Pax-6 എന്നാണതിന്റെ പേര്‌. നട്ടെല്ലില്ലാത്ത ജീവികളിലും നട്ടെല്ലുള്ള ജീവികളിലും കണ്ണ്‌ നിർമിക്കുന്നത് ഈ Pax-6 തന്നെ. എന്നാൽ ഈ ജീനിനെ സംബന്ധിച്ചൊരു രസകരമായ കാര്യമുണ്ട്. അതായത് ഈ ജീൻ, സൃഷ്ടിവാദികൾ ദൈവത്തെക്കൊണ്ട് സൃഷ്ടി നടത്തിച്ചതിനും (52 കോടി വർഷം)  വളരെ മുമ്പേ ഉള്ളതാണ്‌. എന്നുവെച്ചാൽ 60 കോടി വർഷങ്ങൾക്കു മുമ്പ് തന്നെ[28]. 60 കോടി വർഷം മുമ്പ് ഈ ജീനുകൾ ഉള്ളതിനാൽ ഈ കാലത്തു കാണുന്ന Ediacara ജീവികൾക്ക് കണ്ണുണ്ട്. കാഴ്ചയുണ്ട്. തുടർന്ന്  54.5 കോടി വർഷം തൊട്ടുകാണുന്ന Small Shelly fossils നും കണ്ണുകളുണ്ട്. എന്നാൽ ഈ ജീവികളെല്ലാം മൃദുശാരീരികളായതുകൊണ്ട്-കട്ടിയുള്ള ശരീര ഭാഗങ്ങളില്ല-കണ്ണുകൾ ഫൊസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ  കുറവാണ്‌. എന്നാൽ പ്രശ്നം അവിടെയും നില്ക്കില്ലല്ലോ. നമ്മൾ നേരത്തെ കണ്ടപോലെ ബഹുകോശ ജീവികളുടെ ആവിർഭാവം, മോളിക്യൂളാർ ബയോളജി തരുന്ന തെളിവനുസരിച്ച് 90 കോടി വർഷത്തിനും 80 കോടി വർഷത്തിനും ഇടയിലാണ്‌. HOX ജീനുകൾ ഈ കാലത്തെ ജീവികളുടെ body plan രൂപപ്പെടുത്തിയതുപോലെ Pax-6 അവയുടെ കാഴ്ചശേഷിയും സംജാതമാക്കി. 60 കോടി വർഷം മുമ്പത്തെ ജീവികൾക്ക് അവ കിട്ടിയിട്ടുണ്ടെങ്കിൽ  അതിന്റെ കാരണം ഈ ജീവികൾക്ക് അവയെ പരുവപ്പെടുത്തിയ ജീനുകൾ അവയുടെ പൂർവികരിൽ നിന്ന് കിട്ടിയതായിരിക്കണം എന്നതാണ്‌. മാത്രമല്ല അവയുടെ കണ്ണുകൾ ശ്രീ ഹുസ്സൈൻ പറഞ്ഞതുപോലെ വികസിച്ച കണ്ണുകളൊന്നുമല്ല. സമുദ്രത്തിന്റെ ആഴങ്ങളിൽ ജീവിക്കുന്നവർക്ക് ഇന്നത്തെ നട്ടെല്ലികളുടെ ക്യാമറകണ്ണുകളുടെ ആവശ്യമില്ല. ആ നിസ്സാര ജീവികൾക്ക് അവയുടെ പരിസ്ഥിതിക്കനുസരിച്ച കണ്ണുകളേ ഉണ്ടായിരിക്കൂ. പരിസ്ഥിതി മാറ്റത്തിനനുസരിച്ച് കണ്ണിന്റെ ഘടനയിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ഒട്ടേറെ പരിഷ്കരണത്തിന്റെ ഫലമായിട്ടാണ്‌ ഇന്നത്തെ ക്യാമറാകണ്ണുകൾ. ഇതെല്ലാം സംഭവിച്ചത് പരിണാമം എന്ന പ്രക്രിയയിലൂടെ മാത്രം. പരിണാമം  നടാന്നതുകൊണ്ട് മാത്രമാണ്‌ നമ്മളുള്ളത്. 

ഇനി അതല്ലായെങ്കിൽ സൃഷ്ടിവാദികൾ തെളിയിക്കട്ടെ. അതിന്‌ അവര്‍ ഒന്ന് മാത്രം ചെയ്താൽ മതിയാകും. ദൈവം സൃഷ്ടി നടത്തിയത് എന്നവകാശപ്പെടുന്ന കാംബ്രിയൻ യുഗത്തിലെ ഫോസിൽ ശേഖരങ്ങളിൽനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കികൊണ്ടുവരൂ. വേണ്ട, ഒരു ചുണ്ടെലിയുടെയെങ്കിലും. അതിനായി Burgess Shale ലേക്കും Chengjiang ലേക്കും പോകൂ. കൂടെ രണ്ട് പിക്കാസും മമ്മട്ടിയും കൂടെ എടുത്തോളൂ. മാന്തി പൊളിക്കാം. കിട്ടിയാൽ കോളടിച്ചില്ലേ. പിന്നെ ഈ കുരുത്തം കെട്ട പരിണാമവാദികളും യുക്തിവാദികളും, നിരീശ്വരവാദികളും വരിവരിയായി നീങ്ങുകയായി, മതപാഠശാലയിലേക്ക്. സൃഷ്ടിവാദത്തിൽ അത്രയ്ക്ക് ആത്മാർത്ഥമായ വിശ്വാസമുള്ളവർ മതഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച് സമയം കളയുന്നതിലും ഉത്തമം അതായിരിക്കും. “കിട്ടിയാ ഊട്ടി; പോയാ ചട്ടി.”      


റഫറന്‍സ്:-


 1. ജീവൻ ജോബ് തോമസ്: പരിണാമ സിദ്ധാന്തം-പുതിയ വഴികൾ, കണ്ടേത്തലുകൾ. p 44.
 2. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.61 പ്രതീക്ഷ ബുക്സ്, 2010.
 3. William Schoph: Cradle of life; Princeton University Press, 1999, 9.4
 4. Paul Davis: The fifth miracle; the search for the origin and meaning of life. P 25.
 5. William Schoph: Cradle of life, p 13
 6. Donald R Prothero- Evolution: what fossils say and why it matters, Columbia University Press, 2007 p 145
 7. Richard South Wood- Story of Life, Oxford University Press, 2003
 8. Ernst Mayr- What Evolution is, Phoenix, 2002, p 45
 9. ibid -p 49
 10. ibid –p 51
 11. William Scoff- Cradle of life p 241.
 12. Simon Conway Morris- The Crusible of Creation, Oxford, 1999, p 26
 13. Donald R Prothero: Evoloution p 163
 14. Simon Conway Morris- The Crusible of Creation, Oxford, 1999, p 27
 15. Ediacaran ജീവികളെക്കുറിച്ചറിയാൻ നോക്കുക: Crusible of Cration, Prothero, Evolution, Richard Monastersky- Life grows up, National Geographic, 1998, April.
 16. Donald R Prothero- Evolution p 165
 17. Richard Fortey- Life and unauthorized biopgraphy:Ai natural history of the 4 billio years of life on earth. Flamino, 1998, p 98
 18. Donald R Prothero- Evolution p 167
 19. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.59
 20. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.59
 21. Donald R Prothero p 169
 22. Simon Canvey Morris p 150
 23. Sean B Carrol- Endless forms mot beautiful;The new Science of Evo-Devo and the making of the animal Kingdom. Weidenfeld & Ncolson, 2006. p 160
 24. Earnest Mayr- What evolution is- p 120
 25. Sean B Carroll- Endless forms Most beautiful p 158
 26. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.55
 27. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.53-54
 28. Simon Canvey Morris p 8