Tuesday, February 7, 2012

ജൈവപരിണാമം കൂടുതൽ തെളിവുകൾ-ഭാഗം 2

(രാജു വാടാനപ്പള്ളി)

 

Atavism

Atavism ത്തിന്റെ വേറൊരു ഉദാഹരണം ഇനി നോക്കാം. എല്ലാ നട്ടെല്ലികളിലും കൈകാലുകളിൽ വിരലുകൾ ഉണ്ട്. നമുക്ക് രണ്ടിലും കൂടി ഇരുപത് വിരലുകൾ. എന്നാൽ പല നട്ടെല്ലികളിലും അവ അനുകൂലനം നേടിയ പരിതസ്ഥിതിക്കനുസരിച്ച് വിരലുകളിൽ വ്യത്യാസം വന്നിട്ടുണ്ട്. നട്ടെല്ലികളിൽ കഴിഞ്ഞ 37 കോടി വർഷങ്ങൾക്കുമുമ്പുതന്നെ കൈകാലുകളിൽ വിരലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് രൂപപ്പെട്ട ജനിതകപ്രോഗ്രാം പിന്നീട് വന്ന എല്ലാ നട്ടെല്ലി വിഭാഗങ്ങളിലേക്കും പകർന്നു. തുടർന്നുള്ള പരിണാമഘട്ടങ്ങളിൽ, രൂപം കൊണ്ട എല്ലാ ജീവികളും അവർ അനുകൂലനം നേടിയ പരിസ്ഥിതിക്കനുസരിച്ച് വിരലുകൾ വ്യത്യസ്ത രൂപങ്ങളിൽ ഫോസിലിൽ കാണപ്പെടുന്നു. ഈ പ്രോഗ്രാം കുതിരയിൽ പ്രവർത്തിക്കുന്നത് നോക്കാം. കുതിര ഒറ്റക്കുളമ്പുള്ള ജീവിയാണെന്ന് നമുക്കറിയാം. ഈ ഒറ്റക്കുളമ്പ് എന്ന് പറയുന്നത് വാസ്തവത്തിൽ, അതിന്റെ നടുവിരലാണ്. കുതിര, അതിന്റെ ഭ്രൂണാവസ്ഥയിൽ, അതിന് മൂന്ന് വിരലുകളുണ്ട്. ആദ്യഘട്ടത്തിൽ അവ മൂന്നും ഒരേപോലെ വളരുന്നു. പിന്നീട് മധ്യവിരൽ അതിവേഗം വളരുകയും തുടർന്ന് അത് ഇന്നത്ത് ഒറ്റക്കുളമ്പായി തീരുകയും ചെയ്യുന്നു. വളർച്ച തടയപ്പെട്ട മറ്റ് രണ്ട് വിരലുകളും ചുരുങ്ങി കുളമ്പിന് മുകളിൽ രണ്ട് എല്ലിൻ കഷണം ഒട്ടിച്ചുവെച്ചപോലെ രൂപപ്പെട്ട് പ്രസവിക്കുന്നു. ഇതാണ് സാധാരണ നമ്മൾ കാണുന്ന അവസ്ഥ. എന്നാൽ അപൂർവ്വം ചില അവസരങ്ങളിൽ കുതിരയിൽ കുളമ്പിനു മുകളിലായി ചുരുങ്ങിപ്പോയ വിരലുകൾ ശരിയായ വിരലുകളായിതന്നെ വികസിക്കും.

 അതായത് കുതിരയുടെ DNA യിൽ suppress ചെയ്യപ്പെട്ട് കിടക്കുന്ന വിരലുകൾ നിർമ്മിക്കുന്നതിനുള്ള കോഡ് വഹിക്കുന്ന ജീനുകൾ “ഓൺ” ആവുകയും പൂർണ അർത്ഥത്തിലുള്ള വിരലുകൾ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് Atavism. പഴയകാലത്ത്, വശങ്ങളിൽ വിരലുകളുമായി ജനിക്കുന്ന കുതിരകൾ ഭാഗ്യവാന്മാരാണെന്ന് വിശ്വസിച്ചിരുന്നു. അലക്സാണ്ടാർ ചക്രവർത്തിക്കും ജൂലിയാസ് സീസറിനും ഇത്തരം കുതിരകൾ ഉണ്ടായിരുന്നുവെത്രെ. ഇത് ഭാഗ്യമോ, കഷ്ടമോ അല്ല്ല. പരിണാമത്തിന് സ്ഥിരീകരണം നൽകുന്ന മറ്റൊരു തെളിവ് മാത്രമാണ്. പൂർവ്വികന് ആവശ്യമായിരുന്ന മൂന്ന് വിരലുകളുള്ള ഘടന, പിൻ ഗാമിക്ക് വേണ്ടാതായപ്പോൾ-ഇന്നത്തെ കുതിരയിലെ ഒറ്റക്കുളമ്പ്- അതായത് പിൻ ഗാമിയുടെ പരിസ്ഥിതി പൂർവികന്റേതിൽ നിന്നും വ്യത്യസ്തമായതിനാൽ, അതിൽ അനുകൂലനം നേടണമെങ്കിൽ ഒരെണ്ണം മതി എന്ന അവസ്ഥ വരികയും ചെയ്തപ്പോൾ പ്രകൃതിനിർധാരണം മറ്റ് രണ്ട് വിരലുകൾ നിർമ്മിക്കുന്ന കോഡുകൾ  വഹിക്കുന്ന ജീനുകളെ supress ചെയ്തു. എന്നാൽ ചില ഘട്ടങ്ങളിൽ ഇത്തരം ജീനുകൾ പ്രകാശനം നേടുമ്പോഴാണ് മനുഷ്യന് വാലുണ്ടാകുന്നതും, കുതിരയ്ക്ക് വിരലുകൾ പ്രത്യക്ഷപ്പെടുന്നതും.

5 കോടി വർഷങ്ങൾക്കുമുമ്പ്, ഇയോസിൽ യുഗത്തിലാണ് ഇന്നത്തെ കുതിരയിലേക്കുള്ള പരിണാമം നടക്കുന്നത് (Class-Mammalia, Order-perissodactyla). ഈ കാലത്ത് ജീവിച്ച, ഒരു നായയുടെ വലിപ്പമുള്ള ജീവി- Eohippus-യിൽ നിന്നാണ് കുതിരയുടെ പരിണാ‍മം നടക്കുന്നത്. കുതിരയുടെ പരിണാമം നന്നായി ഡോക്യൂമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. Eohyppus ന്റെ കാലിൽ നാല് വിരലുകൾ വീതം ഉണ്ടായിരുന്നു. തുടർന്നുള്ള ഘട്ടങ്ങളിൽ ഈ ഘടനയ്ക്ക് മാറ്റം വന്നു. അത് 1.5 കോടി വർഷം മുമ്പത്തെ Merychippus-ൽ എത്തുമ്പോൾ വിരലുകൾ 3 ആയി; ഒപ്പം വലിപ്പവും കൂടി. ഈ കുതിരപൂർവ്വികന്റെ 3 വിരലുകൾ നിർമിക്കാനുള്ള ജനിതകപ്രോഗ്രാമാണ് ഇന്നത്തെ കുതിരകളും വഹിക്കുന്നത്. എന്നാൽ ഇന്ന് കുതിരകൾക്ക് ഒരു വിരൽ  മതി. അതുകൊണ്ട് മറ്റ് രണ്ട് വിരൽ ജീനുകൾ supress ചെയ്യപ്പെട്ടു. എന്നാൽ ഇത് ചുരുക്കം ചില ഘട്ടങ്ങളിൽ Atavism ആയി പ്രത്യക്ഷപ്പെടുന്നു; കുതിര വന്നവഴി കാണിച്ചുകൊണ്ട്.

Atavismത്തിനു മറ്റൊരു തെളിവ് തിമിംഗലത്തിലുണ്ട്. നമ്മൾ നേരത്തെ തിമിംഗലത്തിൽ ഇടുപ്പ് അസ്ഥികളും തുടസസ്ഥിയളും അവശിഷ്ട അവയവങ്ങളായി കണ്ടു. ഈ ജീവിയിൽ ചിലപ്പോൾ, ‘മനുഷ്യന്റെ വാലു‘പോലെ, ‘കുതിരയുടെ വിരലുകൾ‘ പോലെ,  പിൻ കാലുകൾ പുറത്തേക്ക് വലർനുവരും. കാരണം, തിമിംഗലം അതിന്റെ കരയിലെ സസ്തനിപൂർവ്വികന്റെ പിൻ കാൽ നിർമ്മിക്കുന്നതിനുള്ള ജനിതക പ്രോഗ്രാം ഇപ്പോഴും വഹിക്കുന്നു എന്നതുതന്നെ. ഈ ജീനുകൾ ചിലപ്പോൾ പ്രകാശനം നേടും. അപ്പോഴാണ് പിൻ കാലുകൾ ഉണ്ടായി പുറത്തേക്ക് വികസിക്കുന്നത്. ആ കാലുകളിൽ Femur, tibia, fibula എന്നിവ വ്യക്തമായി ഉണ്ടാകും; ഒരുവേള പാദത്തിന്റെ വിരലുകളും. എന്നാൽ ഈ പിൻ കാലുകൾ കരയിലെ പൂർവ്വികന്റേതുപോലെ perfect legs അല്ല. അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്. 5 കോടി വർഷങ്ങൾക്കുമുമ്പാണ് കരയിലെ പൂർവ്വികരിൽ നിന്ന് തിമിംഗലത്തിലേക്കുള്ള പരിണാമം സംഭവിക്കുന്നത്. ജലജീവിതത്തിന് പിൻ കാലുകൾ ആവശ്യമല്ലാത്തതിനാൽ അവ നിർമ്മിക്കുന്നതിനുള്ള ജീനുകൾ supress ചെയ്യപ്പെട്ടു. അങ്ങനെ അഞ്ചുകോടി വർഷങ്ങളോളം ആ ജീനുകൾ ഉപയോഗിക്കപ്പെടാതെ കിടന്നു. അക്കാരണത്താൽ ഈ ജീനുകളിൽ ക്രമേണ degradation സംഭവിച്ചു. ഇതാണ്, Atavismത്തിൽ പൂർണമായും പിൻ കാലുകൾ പ്രത്യക്ഷപ്പെടാതിരിക്കാനുള്ള കാരണം.

Pseudo Gene

ഇനി നമുക്ക Pseudo Gene കളെ പരിശോധിക്കാം. ജീവന്റെ ആരംഭത്തിൽ, വളരെ ലളിതമായ ജൈവരൂപങ്ങളാണ് ഭൂമിയിൽ ഉണ്ടായിരുന്നത്. പിന്നീട് ഈ ലളിതരൂപങ്ങളിൽ നിന്ന് ജീവൻ സങ്കീർണതകളിലേക്ക് പതിയെ പരിണമിക്കുകയായിരുന്നു. ബാക്റ്റീരിയത്തിൽ നിന്ന് തിമിംഗലത്തിലേക്ക്. ഈ പ്രക്രിയയ്ക്ക് 400 കോടി വർഷത്തെ ചരിത്രമുണ്ട്. യഥാർത്ഥത്തിൽ എന്താണ്, ഈ പവർത്തനത്തിന്റെ ഉള്ളിൽ സംഭവിച്ചത്? ഒരു ജീവിയുടെ ജനിതകഘടന- ജനോം-യിലെ ജീനുകളാണ് ആ ജീവിയെ രൂപപ്പെടുത്തുന്നത് എന്ന് നമുക്കറിയാം. ഒരു ബാക്റ്റീരിയത്തിന്റെ ജനോമിൽ 1800 ഓളം ജീനുകളുണ്ട്. എന്നാൽ തിമിംഗലത്തിലെത്തുമ്പോൾ 25,000 ആണ്. ജീനുകളുടെ എണ്ണം പെരുകി. വ്യത്യസ്തങ്ങലായ ഈ രണ്ട് ജീവിവിഭാഗങ്ങൾക്കുള്ളിലെ വിസ്തൃതമായ കാലയളവിനുള്ളിൽ ഒട്ടനേകം പുതിയ ജീവികൾ രംഗത്തുവരുന്നു; അല്ലെങ്കിൽ നിരവധി പുതിയ Body Planകൾ ഉണ്ടാകുന്നു. ജീൽ duplication ആണ് ജീൻ പെരുപ്പത്തിന്റെ കാരണം. സാധാരണ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീനിൽ ചിലപ്പോൾ അതിന്റെ duplicate copy രൂപം കൊള്ളും. ഇങ്ങനെയാണ് ജനോം വികസിക്കുന്നത്. ഈ ജീൻ duplication അപൂർവ്വമായേ സംഭവിക്കൂ. ഡ്യൂപ്ലിക്കേറ്റ് ചെയ്ത ജീൻ ഒറിജിനൽ ജീനിന്റ് അടുത്തുതന്നെ ഉണ്ടാകും. എന്നാൽ ഈ ജീൻ active അല്ല. പിന്നീട് ഈ ജീനിൽ ഒരുപാട് മ്യൂട്ടേഷനുകൾ സംഭവിക്കും. അങ്ങനെ അനവധികാലം കഴിയുമ്പോൾ ഈ ജീൻ  active ജീൻ ആയി മാറും, അതായത് ഈ ജീനിന് പുതിയ പണി കിട്ടും. ജീവന്റെ ചരിത്രത്തിലുടനീളം ഈ പ്രക്രിയ സംഭവിച്ചിട്ടുണ്ട്. പരിണാമത്തെ സ്ഥിരീകരിക്കുന്ന ശക്തമായ തെളിവാണിത്. ജനോം വികസിച്ചതിനാൽ വ്യത്യസ്തങ്ങളായ ജീവികൾ വ്യത്യത കാലങ്ങളിൽ രൂപം കൊള്ളുന്നതിന് വഴിയൊരുങ്ങി. ഇത് ഫൊസിൽ രേഖകളിൽ വ്യക്തമാണ്. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്. മുമ്പ് പറഞ്ഞതുപോലെ ഒരു ഘട്ടത്തിൽ duplicate ചെയ്ത ജീൻ active ആയി മാറുന്നതുപോലെ, ചില ഘട്ടങ്ങളിൽ active ആയ ജീൻ inactive ആക്കി മാറ്റപ്പെടും.പല ജീനുകളും, അത് പ്രതിനിധാനം ചെയ്യുന്ന ജീവി നിൽക്കുന്ന പരിസ്ഥിതിക്ക് യോജിച്ചതായതിനാൽ അതിനനുകൂലമായി ശക്തമായ നിർധാരണം ഉണ്ടാകും.

എന്നാൽ ചില ജീനുകൾ പരിസ്ഥിതിക്ക് യോജിക്കാതെവരും. അത്തരം ജീനുകളെ inactive ആക്കും. അതാണ് pseudo gene കളുടെ കഥ. ഇതിലെ ഗുട്ടൻസ് ഇതാ. പൂർവ്വികജീവികൾ ജീവിച്ച ഒരു പ്രത്യേക പരിതസ്ഥിതിയിൽ അനുപേക്ഷണിയ്മായ ഒരു ജീൻ, മാറിയ പരിതസ്ഥിതിയിൽ ജീവിക്കുവാൻ അനുകൂലനം നേടിയ പിൻ ഗാമികൾക്ക് ആവശ്യമില്ല. അപ്പോൽ പിൻ ഗാമികളിൽ ഈ ജിനിന് inactivation സംഭവിക്കും. അങ്ങനെ ആ ജീൻ ഒരു   pseudo gene ആയി നമ്മുടെ ജനോമിൽ കിടക്കും. എല്ലാ ജീവികളുടെയും ജനോമിൽ ഇത്തരം അനേകം pseudo gene കൾ ഉണ്ട്. മോളിക്യുലാർ ബറ്റോളജി വികസിച്ച ഇക്കാലത്ത്, ആ ജീനുകൾക്ക് എന്തുകൊണ്ട്, എന്ന്, ഇങ്ങനെ സംഭവിച്ചു എന്നത് നമുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. അപ്രകാരം ചുരുളഴിഞ്ഞ സംഭവങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നത് ഇതാണ് “ നമ്മൾ വന്ന വഴി”. അത്തരം രണ്ട് പ്രധാനപ്പെട്ട ജീനുകളുടെ കഥ നോക്കാം.

നമ്മിൽ വിറ്റാമിൻ C ഉല്പാദിപ്പിക്കുന്ന ഒരു ജീനുണ്ട്. ആ ജീനിന്റെ പേരാണ് GULO. എന്നാൽ ഈ ജീൻ നമ്മിൽ പൂർണമായും inactive ആണ്. പ്രൈമേറ്റുകളിൽ ആകമാനം ഈ ജീൻ inactiveആക്കപ്പെട്ടിരിക്കുകയാണ് (4). എന്നാൽ സസ്തനികളിലെ പ്രൈമേറ്റ് എന്ന ഓർഡർ ഒഴികെ ബാക്കി എല്ലാ വിഭാഗം ജീവികളിലും ഈ ജീൻ active ആണ്. വിറ്റാമിൻ C വളരെ പ്രധാനപ്പെട്ട ഘടകമാണ്. നമുക്ക് ഇത് ഭക്ഷണത്തിലൂടെ കിട്ടുന്നുണ്ട്, പ്രത്യേകിച്ചും പഴങ്ങൾ ഇതിന്റെ ഒരു കലവറയാണ്. ഭക്ഷണം വഴി നമുക്ക് വിറ്റാമിൻ Cകിട്ടിയില്ലെങ്കിലോ? അപ്പോൾ നമുക്ക് scurvy എന്ന രോഗം പിടിപെടും. മോണ പൊട്ടി രക്തം ഒലിക്കുക, മുറിവുകളിൽ നിന്നും ചോര ധാരധാരയായി പുറത്തുവരിക, എന്നതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. 18-ആം നൂറ്റാണ്ടിലെ നാവികരെ വളരെ രൂക്ഷമായി ബാധിച്ച പ്രശ്നമായിരുന്നു ഇത്. മാംസബുക്കുകളായ സിംഹവും കടുവയും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരല്ലല്ലോ. എന്നാൽ അവയിലൊന്നും വിറ്റാമിൻ Cയുടെ പ്രശ്നമില്ല. അവയിലും ഇതര നട്ടെല്ലികളിലും ഈ വിറ്റാമിൻ നിർമ്മിക്കുന്ന ജീൻ active ആയതുകൊണ്ട് അവയ്ക്കൊരു പ്രശ്നവുമില്ല. എന്നാൽ പ്രൈമേറ്റുകളിൽ ഈ ജീൻ ഉണ്ടായിട്ടും അത് ഓഫ് ആയി കിടക്കുന്നു. അതിന്റെ കാരണം അന്വേഷിച്ചുചെല്ലുമ്പോഴാണ് മനുഷ്യപരിണാമത്തെ സംബന്ധിച്ച മറ്റൊരു തെളിവ് പുറത്തുവരുന്നത്.

അഞ്ച് കോടി വർഷങ്ങൾക്കുമുമ്പാണ് സസ്തനികളിൽ പ്രൈമേറ്റ് വിഭാഗം രൂപം കൊള്ളുന്നത്. പൂർവ്വികരിൽ നിന്നും വ്യത്യസ്തമായ, ഒരു സവിശേഷ പരിതസ്ഥിതിയിൽ ജീവിക്കുവാനാണ് പ്രൈമേറ്റുകൾ അർഹരായത്. പ്രൈമേറ്റുകൾക്ക് പൂർവ്വികന്റെ ഇതര ജീനുകൾക്കൊപ്പം GULO ജീനും പകർന്ന് കിട്ടിയിരുന്നു. എന്നാൽ “വൃക്ഷങ്ങളിൽ ജീവിക്കുക“ എന്ന പ്രത്യേക പരിതസ്ഥിതിയിൽ ജീവിക്കുവാനാണ് അവർ അനുകൂലനം നേടിയത്. ഈ വൃക്ഷജീവിതമാണ് GULO ജീനിന്റെ നിർവീര്യമാക്കലിലേക്ക് നയിച്ചത്. വൃക്ഷപരിസ്ഥിതിയിലെ ഒരു പ്രധാന ഭക്ഷണമാണ് പഴങ്ങൾ. നമ്മുടെ പ്രൈമേറ്റ് പൂർവ്വികർ ഈ പഴങ്ങൾ ധാരാളം ഭക്ഷിക്കുവാൻ തുടങ്ങി- ഈ ഭക്ഷ്യ വസ്തു മുഖ്യ ആഹാ‍രമാകുന്ന ഒരു പരിസ്ഥിതി, അതിനോട് അനുകൂലനം നേടുന്ന ജീവി വിഭാഗം- ഈ ഭക്ഷ്യരീതികാരണം വളരെയധികം വിറ്റാമിൻ C ശരീരത്തിനു ലഭ്യമാകുന്ന അവസ്ഥ വരുന്നു. ഈ സ്ഥിതി സ്ഥിരമാകുമ്പോൾ ശരീരത്തിൽ വിറ്റാമിൻ C നിർമ്മിക്കേണ്ട  ആവശ്യമില്ലാതെ വരുന്നു. അതായത് GULO ജീ‍നിന് പണിയില്ലാതെ വരുന്നു. Active ആയ ഒരു ജീൻ തുടർച്ചയായി ഉപയോഗിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ ആ ജീൻ നിഷ്ക്രിയമാക്കപ്പെടും.ഈ തത്വം പ്രൈമേറ്റ് പരിണാമത്തിൽ പ്രയോഗിക്കപ്പെട്ടു. ഇഷ്ടം പോലെ ഈ വിറ്റാമിൻ ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന പരിസ്ഥിതിയിൽ ജീവിക്കുന്ന ജീവികളിൽ ഈ വിറ്റാമിൻ നിർമ്മിക്കേണ്ട കാര്യമില്ലല്ലോ. പ്രകൃതിനിർധാരണം, അക്കാരണത്താൽ ഈ ജീനിനെ നിർവീര്യമാക്കി.
  
5 കോടി വർഷങ്ങൾക്കു മുമ്പ് ഇയോസിൽ യുഗത്തിൽ സംഭവിച്ച ഈ പ്രക്രിയയിലൂടെ നിർവീര്യമാക്കപ്പെട്ട GULO ജീനും കൊണ്ട് പ്രമേറ്റുകൾ പരിണമിക്കുകയായിരുന്നു. ഇയോസിൻ യുഗത്തിനുശേഷം പ്രമേറ്റുകളിൽ ഒട്ടേറെ ജീവിവിഭാഗങ്ങൾ ഉരുത്തിരിഞ്ഞു. എല്ലാവർക്കും കിട്ടി ഈ inactive ജീൻ. അവരാരും തന്നെ വൃക്ഷപരിസ്ഥിതിയിൽ നിന്നും വിട്ടുനിന്നില്ല എന്നാണിത് കാണിക്കുന്നത്. അവസാനം, കഴിഞ്ഞ 70-60 ലക്ഷം മുതൽ മനുഷ്യൻ പരിണമിക്കാൻ തുടങ്ങി. നമുക്കും കിട്ടി ഈ ജീൻ. നമ്മൾ വൃക്ഷപരിസ്ഥിതിയിൽ നിന്നും മാറി വേറൊരു പരിസ്ഥിതിയോട് പൊരുത്തപ്പെട്ടു എങ്കിലും നമ്മുടെ പഴങ്ങൾ ഭക്ഷിക്കൽ രീതി തുടർന്നു. എങ്കിലും നമ്മുടെ ജനോമിൽ GULO ജീൻ active ആയി നിലനിന്നിരുന്ന അതേ സ്ഥാ‍നത്തുതന്നെ  നിർവീര്യമാക്കപ്പെട്ട് ഇപ്പോഴും അത് pseudo gene ആയി നിലനിൽക്കുന്നു.

മനുഷ്യൻ ദൈവസൃഷ്ടികളിൽ ഏറ്റവും ഉത്തമനായിട്ടുള്ളതാണെന്നാണ് സൃഷ്ടിവാദികൾ വീമ്പിളക്കുന്നത്. എന്നിട്ടുമെന്തേ അവരുടെ ദൈവം പട്ടിക്കും പൂച്ചയ്ക്കും പാമ്പിനും ചേമ്പിനും പക്ഷിക്കുമെല്ലാം അവയുടെ ശാരീരത്തിൽ ഈ വിറ്റാമിൻ നിർമ്മിക്കാനുള്ള കഴിവുകൊടുത്തപ്പോൾ മനുഷ്യനെ മാത്രം ഇങ്ങനെ പറ്റിച്ചത്! ദൈവത്തിന്റെ ഈ കടുംകൈ കൊണ്ട് മനുഷ്യർ എത്രമാത്രം യാതനയനുഭവിച്ചിട്ടുണ്ട്? ഇത് ഏറ്റവും രൂക്ഷമായത് കഴിഞ്ഞ ഹിമയുഗകാലത്താണ്. കഴിഞ്ഞ 18 ലക്ഷം വർഷം തൊട്ട് കഴിഞ്ഞ 10,000 വർഷം വരെ നീണ്ടുനിന്ന പ്ലിസ്റ്റോസിൻ യുഗത്തിൽ നടന്ന 4 ഹിമയുഗങ്ങളിൽ അവസാനത്തെ ഹിമയുഗത്തിന്റെ (Wurm ഹിമയുഗം- ആരംഭം 1.2 ലക്ഷം വർഷം മുതൽ കഴിഞ്ഞ 10000 വർഷം വരെ) മധ്യത്തിലണ് മനുഷ്യന്റെ ആഫ്രിക്കയിൽ നിന്നും ഇതര ഭൂഖണ്ഡങ്ങളിലേക്കുള്ള പ്രയാണം നടക്കുന്നത്. ഈ വേളയിൽ യൂറോപ്പും അമേരിക്കയും ഏഷ്യയും ഹിമയുഗത്തിൽ ശരിക്കും അമർന്നിരുന്നു. ഹിമയുഗത്തിൽ വൃക്ഷങ്ങളും ഫലസസ്യങ്ങളും അധികം വളരില്ല. ചെറിയതരം സസ്യങ്ങളും പായൽ പോലുള്ള മഞ്ഞിൽ വലരുന്ന സസ്യജാലങ്ങളുമായിരിക്കും ഉണ്ടാകുക. ഇവിടെ പഴവർഗങ്ങളുടെ ലഭ്യതയിൽ വൻ കുറവുണ്ടാകും. സമം വിറ്റാമിൻ C യുടെ അഭാവം ഫലം Scurvy രോഗത്തിന്റെ സാർവത്രികത. വേട്ടയാടാലിനിടയിൽ പറ്റിയ ഉണങ്ങാത്ത മുറിവിൽനിന്നും ഒലിച്ചിറങ്ങുന്ന രക്തത്തെനോക്കി, മോണയിൽ നിന്നും പൊട്ടിയൊലിച്ച ചൊര തുപ്പിക്കളഞ്ഞുകൊണ്ട് അവൻ സങ്കടത്തോടെ മനസ്സിൽ പറഞ്ഞുകാണും:“ ഈ മുറിവൊന്നുണങ്ങിയിരുന്നെങ്കിൽ”. നമ്മുടെ 2000 തലമുറകൾക്കു മുമ്പത്തെ വന്ദ്യനാ‍യ ആ മനുഷ്യനോട് നമുക്ക് പറയാം. “അല്ലയോ പിതാമഹാ, അങ്ങയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം അങ്ങയുടെ ഭക്ഷണത്തിൽ വേണ്ടത്ര പഴവർഗങ്ങൾ ഇല്ലാത്തതാണ്. ദൈവം നമ്മെ രണ്ടുതരത്തിൽ ചതിച്ചു. ഒന്ന് നമ്മുടെ  GULO ജീൻ ഓഫാക്കി. രണ്ട്, ഹിമയുഗമുണ്ടാക്കി നമ്മെ അതിലും കൂടുതൽ ബുദ്ധിമുട്ടിച്ചു. ഇതുകേട്ടപാടെ നമ്മുടെ പിതാമഹൻ തന്റെ ഒറിഗ്നേഷ്യൻ കന്മഴു കയ്യിലെടുത്തുകൊണ്ട് അലറും: “എവിടെ ആ കാലമാടൻ”

ഇനി മറ്റൊരു pseudo gene നെപ്പറ്റി.

മണം പിടിക്കാനുള്ള ശേഷി സസ്തനികളിൽ അപാരമാണ്. പറമ്പിൽ കെട്ടിയിട്ടിരിക്കുന്ന ആന അതിന്റെ ഒന്നാം പാപ്പാന്റെ സാന്നിധ്യം ഒരു ഫർലോങ് അകലെനിന്ന് തിരിച്ചറിയും. നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട്: “പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും“. പത്തായം എങ്ങനെ അടച്ചുപൂട്ടിയാലും അതിനുള്ളിലിരിക്കുന്ന നെല്ലിന്റെ മണം എലി പിടിക്കും. നായ മണം പിടിക്കുന്നതിനെപ്പറ്റി നമുക്കറിയാമല്ലോ. ഇതെല്ലാം സൂചിപ്പിക്കുന്നത് സസ്തനികളുടെ അത്യധികമായ ഘ്രാണശേഷിയെയാണ്. നട്ടെല്ലി ലോകത്ത് ഏറ്റവും കൂടുതൽ ഘ്രാണശേഷിയുള്ളത് സസ്തനികൾക്കാണ്. ഘ്രാണശേഷിയുടെ വിപുലത്തിനായി സസ്തനികൾക്ക് വളരെയധികം ജീനുകളുണ്ട്. എലിയുടെ കാര്യം എടുക്കുക. എലി മണത്തിന്റെ ലോകത്താണ് ജീവിക്കുന്നത്. എലി ഒരു രാത്രീഞ്ചരനാണ്. അത് ഇരതേടുന്നതും, ഇണയെ കണ്ടെത്തുന്നതും കുട്ടികളെ തിരിച്ചറിയുന്നതും ശത്രുവിനെ മനസ്സിലാക്കുന്നതും, മറ്റൊരാൾ തന്റെ പ്രദേശത്തേക്ക് അതിക്രമിച്ച് കയറുന്നത് കണ്ടെത്തുന്നതുമെല്ലാം മണം കൊണ്ടാണ്. നിശാജീവിതത്തിന് എന്തുകൊണ്ടും അനുയോജ്യം മണമാണ്; കാഴ്ചയല്ല. രാത്രിയിൽ കാഴ്ചശേഷിക്ക് വലിയ പ്രസക്തിയില്ല.(മനുഷ്യൻ എണ്ണയും വൈദ്യുതിയും ഉപയോഗിച്ച് വെളിച്ചം ഉണ്ടാക്കുന്നതുവരെ രത്രിയിലെ പ്രകാശ സ്രോതസ്സ് ചന്ദ്രനും നക്ഷത്രങ്ങളുമായിരുന്നു.) എലിയുടെ ജനോമിൽ 25000 ത്തോളം ജീനുകളുണ്ട്. അതിൽ 1000 ജീനുകൾ മണം  പിടിക്കാൻ വേണ്ടി മാത്രമുള്ളതാണ്. (Olfactory Receptor genes-OR ജീനുകൾ). നിശാജീവിതത്തിന് അനുയോജ്യമായി മണം പിടിക്കൽ ശേഷിക്ക് അനുകൂലമായി ശക്തമായ നിർധാരണം നടന്നു എന്നതാണ് സസ്തനികളിൽ കാണുന്ന Olfactory Receptor geneകളുടെ ആധിക്യത്തിന് കാരണം. ചുറ്റും കാണുന്ന സസ്തനികളെ ഒന്ന് ശ്രദ്ധിച്ചുനോക്കുക:-പശു, ആട്, കുതിര, പൂച്ച-ഇവയെല്ലാം മണം പിടിച്ച് അവയുടെ പ്രവർത്തനങ്ങൾ നടത്തുന്നത് കാണാം.

എന്നാൽ നമ്മുടെ സ്ഥിതിയോ. മണം പിടിക്കുന്നതിന്റെ കാര്യത്തിൽ കാര്യത്തിൽ മേല്പറഞ്ഞ ജീവികളുടെ ഏഴയലത്ത് നിൽക്കാനുള്ള കഴിവ് മനുഷ്യർക്കില്ല. നമുക്ക് മണം പിടിക്കാനുള്ള ശേഷി നൽകുന്ന ജീനുകളിൽ പകുതിയോളം inactive ആയിരിക്കുന്നു, അതുതന്നെ കാരണം. നമ്മുടെ ജനോമിന്റെ 3 ശതമാനം ജീനുകൾ മണം പിടിക്കാനുള്ള ശേഷി നൽകുന്നവയാണ്. അതായത് 800 ജീനുകൾ. അതിൽ 400 ജീനുകൾ നിർവീര്യമാക്കപ്പെട്ടു. ഇത് മനുഷ്യനിൽ മാത്രം സംഭവിച്ചതല്ല; ഒട്ടുമിക്ക പ്രൈമേറ്റുകളിലും ഇത് തന്നെയാണ് സ്ഥിതി.

കോടിക്കണക്കിനു വർഷങ്ങൾക്കുമുമ്പേതന്നെ മണം പിടിക്കാനുള്ള ശേഷി ആരംഭിച്ചിരുന്നു. ജലത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. കാംബ്രിയൻ യുഗത്തിൽ HOX ജീനുകളിൽ സംഭവിച്ച duplication കളുടെ ഫലമായി പുതുതായി ചില body plan കൾ ഉരുത്തിരിഞ്ഞതായി നാം കണ്ടുവല്ലോ. മത്സ്യങ്ങളാണ് ഇതിന്റെ ആദ്യ പ്രതിനിധികൾ. അവയുടെ ജീവസന്ധാരണത്തിന് “മണം പിടിക്കൽ” അനുയോജ്യമായപ്പോൾ അനുകൂലമായ നിർധാരണം നടന്നു. മണം പിടിക്കുന്നതിന് 2 തരം ജീനുകൾ ഉണ്ട്. ജലത്തിലെ മണം പിടിക്കുന്നതും അന്തരീക്ഷത്തിലെ മണം പിടിക്കുന്നതും. ഭൂമിയിൽ ഇന്ന് കാണുന്ന ഏറ്റവും പ്രാചീന മത്സ്യങ്ങളാണ് Jawlless fish കൾ. Lampryയും Hagfish ഉം ഇതിൽ പെടുന്നവയാണ്. ഇവയിലുള്ള മണം പിടിക്കാനുള്ള ജീനുകൾ ജലത്തിലെ മണം പിടിക്കുന്നതിനുള്ളതോ അന്തരീക്ഷത്തിലെ മണം പിടിക്കുന്നതിനുള്ളതോ അല്ല. പകരം രണ്ടും കൂടിയതാണ്.(5). ഇവിടുത്തെ ജനിതക സൂചന വ്യക്തമാണ്; ഘ്രാ‍ണ ജീനുകൾ, ജലത്തിലെ മണം പിടിക്കാനുള്ള ജീനുകൾ, അന്തരീക്ഷത്തിലെ മണം പിടിക്കാനുള്ള ജീനുകൾ എന്ന രണ്ട് തരം ജീനുകൾ രൂപപ്പെടുന്നതിനു മുമ്പ് ഉള്ള നട്ടെല്ലികളാണ് ഇവ എന്ന്. Jawless fishകളിൽ മണം പിടിക്കുന്നതിനുള്ള വളരെക്കുറച്ച് ജീനുകളെയുള്ളു. അടുത്ത നട്ടെല്ലി ഘട്ടം Jawed fishകളാണ്. പരിണാമം ഇവരിലെത്തുമ്പോൾ മണം പിടിക്കാനുള്ള ജീനുകളുടെ എണ്ണം കൂടുന്നു (Duplication വഴി). അങ്ങനെ ഘ്രാണ ജീനുകളുടെ എണ്ണം, മത്സ്യത്തിൽ നിന്ന് ഉഭയജീവികൾ വഴി, ഉരഗങ്ങൾ വഴി സസ്തനികളിൽ എത്തുമ്പോൾ അത് ആയിരത്തിൽ പരമാകുന്നു. സസ്തനികൾ മണം പിടിക്കാനുള്ള കാര്യത്തിൽ Highly specialized ആണ്.

ഇനി സസ്തനികളുടെ ഘ്രാണ ജീവിതത്തെ പിന്തുടരാം. സസ്തനികളിൽ ഇത്രയധികം ഘ്രാണ ജീനുകൾ ഉണ്ടാവാനുള്ള കാരണം, കഴിഞ്ഞ 20 കോടി വർഷം തൊട്ട് തുടങ്ങുന്ന അവയുടെ നിശാജീവിതമാണ്. പകൽജീവിതം ഡിനോസറുകൾ കയ്യടകിയതിനാലാണ് ഇവയ്ക്ക് നിശാജീവിതവുമായി പൊരുത്തപ്പെടേണ്ടിവന്നത്. സ്വാഭാവികമായും അവിടെ കാഴ്ചയ്ക്കല്ല, മണം പിടിക്കുന്നതിനാണ് പ്രാധാന്യം എന്നതിനാൽ അതിനനുകൂലമായി നിർധാരണം നടക്കും.  അങ്ങനെ ആയിരത്തിലധികം മണജീനുകളുമായി സസ്തനിജീവിതം തുടരുന്നു. പിന്നീട് സസ്തനി വിഭാഗങ്ങളിൽനിന്നും പ്രൈമേറ്റുകൾ രൂപപ്പെടുന്നു. വൃക്ഷങ്ങളിൽ ജീവുക്കുവാൻ അനുകൂലനം നേടിയ പ്രൈമേറ്റുകൾക്ക്, അവരുടെ പൂർവികരുടെ ഇതര ജീനുകൾക്കൊപ്പം വിപുലമായ മണം പിടുത്തജീനുകളും പകർന്നുകിട്ടി. ഇനിയാണ് മണം പിടിക്കുന്നതിനുള്ള ഇത്രയും ജീനുകളിൽ പകുതിയോളം ജീനുകളെ നിർവീര്യമാക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ നടക്കുന്നത്. പ്രൈമേറ്റുകളിൽ കുറെപേർ പകൽജീവിതം നയിക്കുവാൻ അർഹതനേടിയവരായിരുന്നു. വൃക്ഷജീവിതത്തിന്റെ നിലനില്പിന് അനിവാര്യം കാഴ്ച്ശേഷിയാണ്. പകൽജീവിതം ലളിതമാക്കുന്നവിധത്തിൽ കാഴ്ചശേഷിയുടെ കാര്യത്തിൽ പ്രൈമേറ്റുകളിൽ ചില വ്യതിയാനങ്ങൾ നടന്നു. ഇത് അവർക്ക് ത്രിമാന വീക്ഷണവും Full colour vision ഉം നൽകി. വൃക്ഷജീവിതത്തിന് ഈ ഗുണങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണ്. ഒരു മരക്കൊമ്പിൽ നിന്ന് മറ്റൊന്നിലേക്ക് ചാടണമെങ്കിൽ ത്രിമാനവീക്ഷണം കൂടിയേ തീരൂ. അതുപോലെ Full colour vision അവർക്ക് ഭൂമിയിലെ വർണലോകത്തെ കാട്ടിക്കൊടുത്തു. ഇത് ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രധാനമാണ്. ഇതെല്ലാം പകൽ സമയത്ത് മാത്രമേ നടക്കൂ. അതുകൊണ്ട് കാഴ്ച സുപ്രധാനമായി. സസ്തനി ലോകത്ത് പ്രൈമേറ്റുകൾക്കു മാത്രമേ Full colour vision ഉള്ളു. അതിനായി നമുക്ക് 3 opsin ജീനുകൾ ഉണ്ട്. പ്രൈമേറ്റുകൾ ഒഴിച്ചുള്ള മറ്റ് സസ്തനികൾക്കെല്ലാം 2 opsin ജീനുകൾ മാത്രം. അവയ്ക്ക് ഫുൾ കളർവിഷൻ ഇല്ല. (ഇക്കാര്യത്തിൽ ‘ദൈവം’ അവരെ പറ്റിച്ചു!) അപ്പോൾ മണം പിടിക്കൽ അപ്രസക്തമായി. ഈ ഘട്ടത്തിൽ ഒരു ജീൻ ഉപയോഗിച്ചുകൊണ്ടേയിരിക്കുക അല്ലെങ്കിൽ നഷ്ടപ്പെടുത്തുക എന്ന തത്വം വീണ്ടും പ്രയോഗത്തിൽ വരുന്നു. അങ്ങനെ പകൽ ജീവിതായോധനത്തിന് മണം പിടിക്കൽ അനിവാ‍ര്യമല്ലാത്തതിനാൽ, പ്രകൃതി നിർധാരണം മണം പിടിക്കുന്നതിനുള്ള ഒട്ടനവധി ജീനുകളെ നിർവീര്യമാക്കുന്നു. അപ്രകാരം നിർവീര്യമാക്കപ്പെട്ട 400 ഓളം ജീനുകളെയും പേറിക്കൊണ്ട് അല്ലെങ്കിൽ നമ്മൾ വന്ന വഴിയുടെ ‘ഭൂപട‘വും വഹിച്ചുകൊണ്ട് നമ്മൾ ഓരോരുത്തരും ജീവിക്കുന്നു. അതിൽ സൃഷ്ടിവാദിയെന്നോ യുക്തിവാദിയെന്നോ ഭേദമൊന്നുമില്ല.

ജൈവപരിണാമത്തിനുള്ള അനിഷേധ്യമാ‍യ തെളിവുകളാണ് നാമിവിടെ കണ്ടത്. ഓരോ മനുഷ്യന്റെയും - ഇതര ജീവികളുടെയും- ജനോമിൽ, അവരെ രൂപപ്പെടുത്തുന്നതിനാവശ്യമായ യഥാർത്ഥ ജീനുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് നിർവീര്യമാക്കപ്പെട്ട ഇത്തരം pseudo geneകളുടെ എണ്ണം. ഒരു പുതിയ ജീവി, അതിന്റെ പൂർവികരിൽനിന്ന് പരിണമിക്കുമ്പോൾ പൂർവ്വികനെ രൂപപ്പെടുത്തിയ ജീനുകളിൽ ചിലത് പുതിയ ജീവിക്ക് അനാവശ്യമായി വരും. അപ്പോഴത്തെ ഒരു വഴിയാണ് ജീൻ inactivation. അങ്ങനെ നിർവീര്യമാക്കപ്പെട്ട ജീനുകളുടെ ശവപ്പറമ്പാണ് നമ്മുടെ ജനോം. അത്തരം ഓരോ ജീനുകളുടെയും പഠനം നമ്മൾ നമ്മളായിത്തീർന്ന വഴിയെ നമുക്ക് മനസ്സിലാക്കിത്തരുന്നു. ജീവികൾ ‘ദൈവ’സൃഷ്ടികളാണെങ്കിൽ എന്തിന് അവർ ഇത്തരം  pseudo geneകളെ പേറണം? ദൈവത്തിന്റെ അന്യദൃശമായ കൽ‌പ്പനാവൈഭവത്തിൽ രൂപപ്പെടുന്ന ഒരു ജീവിയിൽ ഇത്തരം തെറ്റുകൾ ഒന്നും തന്നെ ഉണ്ടാവാൻ വഴിയില്ലല്ലോ. എന്നാൽ സൃഷ്ടിവാദത്തിന്റെ നട്ടെല്ലൊടിക്കുന്ന തെളിവുകളും പേറിക്കൊണ്ടാണ് ഓരോ പരിണാമവാദിയും സൃഷ്ടിവാദിയും ജീവിക്കുന്നത്.

പൂർവ്വികബന്ധത്തെ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി നോക്കാം. (ഇത് ജീനിനെ സംബന്ധിച്ചല്ല; അവയവത്തെപ്പറ്റിയാണ്). മതങ്ങൾ പഠിപ്പിക്കുന്നത് മനുഷ്യർ ദൈവത്തിന്റെ ‘ഉൽകൃഷ്ട സൃഷ്ടി‘യാണെന്നാണ്. മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ തന്നെയാണ് സൃഷ്ടിച്ചതെത്രെ. അങ്ങനെയാണെങ്കിൽ മനുഷ്യരൂപം ഭൂമിയിലെ ഇതരരൂപങ്ങളേക്കാൾ മനോഹരമായതും കുറ്റമറ്റതുമായിരിക്കും. അപ്പോൾ അത് മഹത്തായ ഒരു design ആയിരിക്കും. അത്തരം ഒരു ഡിസൈൻ തീർക്കുന്നയാൾ Intelegent Designer  ആയിരിക്കും, സൃഷ്ടിവാദികൾ അവകാശപ്പെടുന്നതുപോലെ. എന്നാൽ അപ്രകാ‍രം ഒരു ഡിസൈനറെ നമുക്ക കാണാൻ കഴിയുന്നില്ല, ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അയാൾ ഒരു പടുവിഡ്ഢിയായിരിക്കും. മനുഷ്യനിലെ മോശം ഡിസൈനുകളിൽ ഒരെണ്ണം ഇതാ. പുരുഷന്മാർക്ക് സർവ്വസാധാരണയായി വരുന്ന ഒരു രോഗമാണ് ഹെർണിയ (Inguinal Hernia)-കുടലിറക്കം- സർജറി വരും മുമ്പുള്ള കാലത്ത് ഈ രോഗം അതീവ ഗുരുതരമായിരുന്നു. പോയകാലത്ത് എത്രയോ മനുഷ്യർ ഈ രോഗം വന്ന് മരണപ്പെട്ടിരുന്നു. ‘ദൈവം’ ഉണ്ടെങ്കിൽ അങ്ങേരുടെ മണ്ടത്തരമാണ് ഈ ദാരുണമായ അന്ത്യത്തിനു കാരണം. ഇന്ന് സർജറികൊണ്ടും മരുന്നുകൊണ്ടും രക്ഷപ്പെടുത്താവുന്ന ഈ രോഗം എന്തുകൊണ്ടുണ്ടാകുന്നു എന്ന് അറിയുന്നത് രസകരമാണ്. പുരുഷന്റെ വൃഷണങ്ങൾ ശരീരത്തിനുവെളിയിൽ ഒരു സഞ്ചിയിൽ ആണല്ലോ കിടക്കുന്നത്. അതിന്റെ കാരണം ബീജങ്ങളുടെ നിൽനിൽ‌പ്പിന് ശരീരത്തിനകത്തെ താപനില ഹാനികരമാണ്. അതിനാൽ പ്രകൃതി ശരീരത്തിനുവെളിയിൽ പ്രത്യേക സഞ്ചിയിൽ ഇരിപ്പിടമൊരുക്കി. ഇപ്പോൾ അത് വെളിയിലാണ് കാണുന്നതെങ്കിലും വൃഷണങ്ങൾ രൂപം കൊള്ളുന്നത് വയറിനകത്ത് കരളിനടുത്തായാണ്. ഗർഭസ്ഥ ശിശുവിന് 6-7 മാസം പ്രായമാകുമ്പോൾ ഈ വൃഷണങ്ങൾ രണ്ട് ചാനലുകളിലൂടെ- inguinal canals- സാവധാനം താഴേക്കിറങ്ങുന്നു. ഇതൊരു വേദനാ ജനകമായ യാത്രയാണ്. ഗർഭസ്ഥശിശു ഇതറിയുന്നില്ല എന്നേയുള്ളു. അങ്ങനെ അത് വൃഷണസഞ്ചിയിൽ എത്തിച്ചേരുന്നു. വൃഷനങ്ങൾ താഴേക്കിറങ്ങിയ ശേഷം inguinal canals ശാരീരത്തിലെ ഏറ്റവും ദുർബലമായ ഒരു ഭാഗമായി അവശേഷിക്കുന്നു. ഇവിടെ എളുപ്പത്തിൽ infection സംഭവിക്കും. ഇതാണ് inguinal hernia എന്ന് പറയുന്നത്. അത് ചിലപ്പോൾ കുടലിനെ തകർത്ത് കളയും. അത് മരണത്തിൽ കലാശിക്കും. ഇത് ഒരു മോശം ഡിസൈൻ ആണ്. ഒരു ഇന്റലിജൻസ് ഡിസൈൻ ഉണ്ടെങ്കിൽ വൃഷണം ഗർഭസ്ഥാവസ്ഥയിൽ തന്നെ വൃഷണസഞ്ചിയിൽ രൂപപ്പെടണം. അപ്പോൾ വേറൊരിടത്ത് ഉൽഭവിച്ച് സഞ്ചിയിലേക്ക് ഇറങ്ങിവരേണ്ടി വരുമായിരുന്നില്ല. അതോടൊപ്പം inguinal canals ന്റെ ആവശ്യവും ഉണ്ടാകുമായിരുന്നില്ല, കൂടെ ഹെർണിയയും പിടിപെടില്ല.

പ്രകൃതിനിർധാരണമാണ് മനുഷ്യനിൽ ഇത്തരമൊരു adjustment വരുത്തിയത്. അതിന്റെ ചരിത്രമറിയണമെങ്കിൽ നാം പരിണാമശാസ്ത്രത്തിലേക്ക് തിരിയണം. ഈ സംഭവങ്ങളുടെ ആരംഭം 40 കോടി വർഷങ്ങൾക്കുമുമ്പാണ്. നമ്മൾ മുമ്പ് കണ്ടപോലെ മത്സ്യങ്ങളിൽ നിന്ന് തന്നെയാണ് ഇതിന്റെയും തുടക്കം. മത്സ്യത്തിന്റെ അടിസ്ഥാന ബോഡിപ്ലാനിൽ പിന്നീട് സംഭവിച്ച നീക്കുപോക്കുകളുടെ ഫലമായുണ്ടായതാണ് പിന്നീട് വന്ന നട്ടെല്ലി ജൈവസഞ്ചയം മുഴുവൻ. അതുകൊണ്ട് പൂർവികമായ ഈ മത്സ്യ body plan, പിൻഗാമികളായ വ്യത്യസ്ത ജീവികളിൽ വേറിട്ട രൂപത്തിലാണെങ്കിലും കാണാൻ സാധിക്കും. അതുതന്നെയാണ് വൃഷണങ്ങളുടെ കാര്യത്തിലും. കരയിലുള്ള എല്ലാ നട്ടെല്ലികളുടേയും വൃഷണങ്ങളുടെ വികാസപരിണാമങ്ങൾ മത്സ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒരു സ്രാവിനെപിടിച്ച് അതിന്റെ വയറ് കീറി നോക്കുക. ആദ്യം അതിന്റെ ലിവർ കാണാം. സ്രാവിന് ലിവർ വളരെയധികമാണ്. അതിന്റെ മുകളിലായി ഹൃദയത്തിനടുത്താണ് വൃഷണങ്ങളുടെ സ്ഥാനം. സ്രാവിനുമാത്രമല്ല, ഇതര മത്സ്യങ്ങൾക്കും ഇപ്പോഴും ഹൃദയത്തിനടുത്തുതന്നെയാണ് വൃഷണങ്ങളുടെ സ്ഥാനം. മത്സ്യത്തിന്റെ ഈ അടിസ്ഥാന ഘടന പിന്നീട് അതിൽനിന്നും ആവിർഭവിച്ച എല്ലാ നട്ടെല്ലിവിഭാഗങ്ങളും സ്വീകരിച്ചു. ആ തുടർച്ച മനുഷ്യനും കിട്ടി. മനുഷ്യനിലും കരളിനടുത്താണ് വൃഷണങ്ങൾ ആദ്യം രൂപപ്പെടുന്നത്. എന്നാൽ നമ്മൾ ഉഷ്ണരക്തമുള്ള ജീവികളായതിനാൽ വൃഷണത്തിന് അതിന്റെ ഉൽഭവസ്ഥാനത്തുതന്നെ നിൽക്കാ‍ൻ സാധ്യമല്ല. (ബീജങ്ങൾ നശിക്കുമെന്നതുതന്നെ പ്രധാന കാരണം) അപ്പോൾ പ്രകൃതിനിർദ്ധാരണം കണ്ടെത്തിയ വഴിയാണ് കാലിനിടയിൽ ഒരു സഞ്ചിയുണ്ടാക്കി വൃഷണങ്ങളെ അതിൽ സ്ഥാപിക്കുക എന്നത്. അത് താഴേക്കിറങ്ങുവാനായി രണ്ട് കനാലുകൾ രൂപപ്പെടുന്നു. അതിലൂടെ വൃഷണത്തെ സഞ്ചിയിലേക്ക് നീക്കുന്നു. ഇതാണ് പരിണാമം. അപ്പപ്പോൾ വേണ്ട ചില നീക്കുപോക്കുകളുണ്ടാക്കി പ്രശ്നത്തെ പരിഹരിക്കുക. അത് ഒരിക്കലും തുടക്കം തൊട്ടേ ഒരു പൂർണജീവിയെ സൃഷ്ടിക്കുന്നില്ല.മറിച്ച് നിലവിലുള്ളതിൽ ചില ഫിറ്റിങ്ങുകൾ നടത്തി പുതിയ രൂപത്തിലേക്ക് ജീവിയെ രൂപപ്പെടുത്തുന്നു. അതുകൊണ്ട് ഒരു ജീവി എന്നത് അപൂർണതയാണ്. ഈ അപൂർണതയാണ് ഹെർണിയ എന്ന ദുരിതാ‍വസ്ഥയിലേക്ക് നമ്മെ നയിക്കുന്നത്. ദൈവം എന്നത് ഒരു മതനുണയാണെന്നാണ് ഇത് കാണിക്കുന്നത്. ഉണ്ടെങ്കിൽ വൃഷണം തുടക്കം തൊട്ടേ വൃഷണസഞ്ചിയിൽ രൂപപ്പെട്ടേനെ. അപ്പോൾ പിന്നെ ഹെർണിയ എന്ന പ്രശ്നം തന്നെ ഉണ്ടാ‍വില്ലല്ലോ.

നമ്മുടെ ശരീരം ഒരു Old body യാണ്. കഴിഞ്ഞ 400 കോടി വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട ജീവജാലങ്ങളിലെ ഇങ്ങേതലയ്ക്കലെ കണ്ണി മാത്രമാണ് മനുഷ്യൻ. ഇതിനിടയിലെ ഓരോ ജീവിക്കും അവരുടെ പരിണാമകഥ പറയാനുണ്ട്. ജീവന്റെ ഉല്പത്തിക്കുശേഷം അഭംഗുരം തുടരുന്ന പരിണാമത്തിന്റെ കഥ. ഒരോ ഘട്ടത്തിലെയും പരിസ്ഥിതിക്കനുസരിച്ച് പ്രകൃതിനിർധാരണം രൂപപ്പെടുത്തിയ ജീവികളുടെ സംഭവപരമ്പരയാനത്. പരിസ്ഥിതിക്കനുസരിച്ച് പഴയ body planൽ ചെറിയ അഡ്ജസ്റ്റുമെന്റ്റുകൾ. (ഒരിക്കലും ഒരു മത്ഷ്യത്തിൽ നിന്ന് നേരിട്ട് ഒരു ആനയുണ്ടാവില്ല.മത്സ്യത്തിൽ നിന്ന് ചെറിയ മാറ്റങ്ങളോടെ ഉഭയജീവിതന്നെയാണുണ്ടാവുക.)

പിന്നെ നമ്മൾ കാണുന്നത്, പഴയതിൽ നിന്നും വ്യത്യസ്തതയുള്ള വേറൊരു ജീവി. എന്നിരുന്നാലും ശരീരത്തിന്റെ അടിത്തറ-അടിസ്ഥാന ഘടന- പഴയതിൽ നിന്നുതന്നെ. അങ്ങനെ കൂട്ടിയും കുറച്ചും പരിണാമം മുന്നോട്ട്. അതുകൊണ്ട് ഒന്നുകൂടി ഉറപ്പിച്ചുപറയട്ടെ, നമ്മുടേത് ഒരു Old body ആണ്. എന്നാൽ നമ്മുടെ ഈ Old Gold body രൂപപ്പെടാൻ ജീവൻ ആരംഭിച്ചശേഷം 400 കോടി വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.

കുറിപ്പുകൾ


4. Danial J Fairbanks- Relics of Eden; the Powerful evidence of Evolution in human DNA, prometheus  Books, 2007, p 53-54.
5. Neil Shubin- Your Innerfish, Penguin Books, 2009, p 145
6. Neil Shubin- This Old bldy, Scientific American India January 2009.