Friday, August 2, 2013

ഭാഷയുടെ പരിണാമം, ജൈവലോകത്തിന്റെയും




സുശീൽ കുമാർ പി പി

കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് സുഹൃത്ത് അവരുടെ വാളിൽ, മലപ്പുറത്തുകാരുടെ ഭാഷാശൈലിയെ കളിയാക്കിക്കൊണ്ട് കുറിച്ചിട്ട തമാശ ഇങ്ങനെ:

നാല് മലപ്പുറത്തുകാർ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ കയറി. വെയ്റ്റർ ഓർഡർ എടുക്കാൻ ടാബിളിന്നരികിൽ വന്നു ചോദിച്ചു:

 'എന്താ കഴിക്കാൻ വേണ്ടത്?'

എത്താള്ളത്?'

ബിരിയാണി ഉണ്ട് സർ .

ഒരാള്‍ പറഞ്ഞു ,

‘എന്നാ ഞമ്മക്ക് ഒരു കൊയിബിര്യാണി'

 വൈറ്റെർ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി -

“ച്ചും...ച്ചും.. ച്ചും“

“ച്ചും” ഒന്നൊരു അർത്ഥമുള്ള വാക്ക് മലയാളത്തിൽ ഇല്ല. എന്നാൽ സന്ദർഭത്തിൽ നിന്നും, മലപ്പുറംഭാഷ തിരിയാത്തവർക്കും സംഗതി ഊഹിച്ചെടുക്കാം. ‘എനിക്കും’ എന്നത് ആദ്യം ‘ഇച്ചും’ ആയും പിന്നീട് വെറും “ച്ചും” ആയും ലോപിക്കുകയായിരുന്നു. സത്യത്തിൽ മലപ്പുറത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രയോഗം ഇല്ല. അത് ചിലയിടങ്ങളിൽ മാത്രം ഒതുങ്ങുന്ന പ്രയോഗമാണ്. കൊണ്ടോട്ടിയിലെയും തിരൂരിലെയും പൊന്നാനിയിലെയും സംസാരഭാഷയെടുത്ത് പരിശോധിച്ചാൽ പോലും ഏറേ വൈജാത്യങ്ങൾ ഉണ്ടാകും. ഇത്തരത്തിലുള്ള പ്രാദേശിക സംസാരഭാഷാ പ്രയോഗങ്ങൾ മലപ്പുറത്തോ, കേരളത്തിലോ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാനാകും. 

ഇനി നമ്മൾ കേരളത്തിന്റെ വടക്കേയറ്റത്തുനിന്നും തെക്കേയറ്റത്തേക്ക് ഒരു യാത്രപോകുന്നുവെന്ന് സങ്കൽ‌പ്പിക്കുക. കാസർഗോഡിന്റെ വടക്കെയറ്റത്തുനിന്നും യാത്ര തുടങ്ങുമ്പോൾ മലയാളത്തോടൊപ്പം കന്നടയുടെ സ്വാധീനം ഏറെ കാണാനാകും. എന്നാൽ അവിടെനിന്നും കണ്ണൂരിലേക്കും തുടർന്ന് കോഴിക്കോടേക്കും എത്തുമ്പോൾ തന്നെ വാക്കുകളീലും ശൈലികളിലുമുണ്ടാകുന്ന വ്യത്യാസങ്ങൾ നമ്മളെ അൽഭുതപ്പെടുത്തും.  വടകരക്കാരുടെ “പോയിക്കി-വന്നിക്കി-കീഞ്ഞിക്കി” പ്രയോഗങ്ങളും കോഴിക്കോടിന്റെ സ്പീഡ് കൂടിയ സംഭാഷണവും, മലപ്പുറത്തിന്റെ തനതായ “ജ്ജും” “ച്ചി മാണ്ട”യുമെല്ലാം തൃശൂരിലെത്തുമ്പോൾ വലിച്ചുനീട്ടിയ പ്രയോഗങ്ങളായി മാറുന്നതു കാണാം. എന്നാൽ അതേ സമയം നമ്മൾ ഓരോ വീടും കയറിയിറങ്ങി ആളുകളോട് സംസാരിക്കുന്നുവെന്നിരിക്കട്ടെ; അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരുടെ ഭാഷയിൽ യാതൊരു വ്യത്യാസവും അനുഭവപ്പെടുകയുമില്ല.  അടുത്തടുത്ത ഗ്രാമങ്ങളോ കവലകളൊ എടുത്ത് പരിശോധിച്ചാലും സംസാരഭാഷയിൽ വ്യത്യാസങ്ങൾ കണ്ടെത്തുക വലിയ പ്രയാസമായിരിക്കും. എന്നാൽ കാസർഗോഡുനിന്ന് കണ്ണൂരും അവിടെനിന്ന് വടകരയും കോഴിക്കോടും കൊണ്ടോട്ടിയും മലപ്പുറവും പാലക്കാടും തൃശൂരുമെല്ലാം എത്തുമ്പോൾ പ്രകടമായ വ്യത്യാസം തന്നെ അനുഭവപ്പെടും. സത്യത്തിൽ രണ്ട് പ്രദേശങ്ങളുടെ ഏത് അതിർത്തിയിൽ വെച്ചാണ് ഈ വ്യത്യാസങ്ങൾ വേർതിരിയുന്നതെന്ന് കണ്ടെത്തുക ഏറേക്കുറെ അസാധ്യമായിരിക്കും.  നമുക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത നേരിയ വ്യത്യാസങ്ങൾ ഓരോ അടുത്തടുത്ത പ്രദേശത്തും ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. വ്യത്യസ്തങ്ങളായ ഈ നേരിയ വ്യതിയാനങ്ങൾ പലവട്ടം കുമുഞ്ഞുകൂടുമ്പോഴാണ് രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലെത്തുമ്പോൾ അത് നമുക്ക് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നത്.

ഇത് ഭാഷാപ്രയോഗങ്ങളുടെ ദേശപരമായ വൈജാത്യങ്ങൾ. ഇനി നമുക്ക് കാലാന്തരങ്ങളിൽ ഒരേ പ്രദേശത്തുതന്നെ വല്ല വ്യത്യാസങ്ങളും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം. സംസാരഭാഷയിൽ മാത്രമല്ല, എഴുത്തുഭാഷയിലും കാലാന്തരത്തിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പഴയകാലത്ത് എഴുതപ്പെട്ട പുസ്തകങ്ങളിലെ ഭാഷയും ഇന്നത്തെ ഭാഷയും തമ്മിലുള്ള വ്യതാസം പരിശോധിച്ചാൽ ഒറ്റനൊട്ടത്തിൽ തന്നെ ബോധ്യപ്പെടും. നമ്മുടെ പൂർവ്വികർ സംസാരിച്ചുകൊണ്ടിരുന്ന ഭാഷയല്ല ഇന്ന് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്. തലമുറകൾ പിന്നിടുമ്പോൾ ഭാഷയിലും തുടർച്ചയായ പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പത്രഭാഷയിലും ഈ വ്യത്യാസം വളരെ പ്രകടമാണ്. എന്നാൽ ഏത് ദിവസം മുതലാണ് ഈ വ്യത്യാസങ്ങൾ ഉണ്ടായത് എന്ന് കൃത്യമായി പറയുക സധ്യമല്ല. പ്രാദേശികമായ വ്യതിയാനങ്ങൾ സംഭവിച്ച രീതിയിൽ തന്നെ, കാലാന്തരത്തിൽ സംഭവിക്കുന്ന നേരിയ വ്യതിയാനങ്ങൾ കുമിഞ്ഞുകൂടി കാലത്തിന്റെ രണ്ട് വ്യത്യസ്ത പോയിന്റുകളിൽ വെച്ച് നമ്മൾ പരിശോധിക്കുമ്പോൾ അത് നമുക്ക് പ്രകടമായി അനുഭവപ്പെടുകയാണ് ചെയ്യുന്നത് എന്ന് വ്യക്തം.

നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ തന്നെ ചരിത്രം എടുത്ത് പരിശോധിച്ചാൽ ഏറേ അൽഭുതകരമായി തോന്നും. ഇന്ന് കാണുന്ന എല്ലാവിധ ശൈലിയോടും പ്രയോഗങ്ങളോടും വ്യാകരണങ്ങളോടും കൂടി ഒരിടത്ത് താനെ ഉണ്ടായി വന്നതല്ല മലയാള ഭാഷ. എ ഡി ഒമ്പതാം നൂറ്റാണ്ടിലാണ് മലയാളം ഉരുത്തിരിഞ്ഞുവന്നതെന്ന് കരുതപ്പെടുന്നു. ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം,തമിഴ്, കന്നട, തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നുണ്ട്. മൂ‍ലഭാഷയിൽ നിന്ന് കന്നടയും തെലുങ്കും വേർപിരിഞ്ഞ ശേഷം ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു. ഇതിൽ കൊടുംതമിഴിൽ നിന്നും പിന്നീട് ഉരുത്തിരിഞ്ഞതാണ് മലയാളം എന്ന അഭിപ്രായത്തിനാണ് ഇന്ന് സ്വീകാര്യത കൂടുതൽ. സംസ്കൃതഭാഷയിൽ നിന്നുള്ള വാക്കുകൾ പിന്നീട് മലയാളത്തെ സമ്പുഷ്ടപ്പെടുത്തിയതായും കരുതപ്പെടുന്നു. ഇന്ന് ഇംഗ്ലീഷിൽ നിന്നും അറബിയിൽ നിന്നും മറ്റ് ഇതരഭാഷകളിൽ നിന്നും കടമെടുത്ത വാക്കുകളും മലയാളത്തിൽ ഏറെയുണ്ട്.

കൊടുംതമിഴിൽ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞത് എന്ന് പറയുമ്പോൾ, അതിന് ഏതെങ്കിലും ഒരു പ്രത്യേക കാലത്ത് പെട്ടെന്ന് വേർപിരിഞ്ഞുവെന്നോ അല്ലെങ്കിൽ ആരെങ്കിലും ബോധപൂർവ്വം വേർപെടുത്തിയെന്നോ അർത്ഥമില്ല. ഇത്തരത്തിലുള്ള വഴിപിരിയലുകൾക്ക് പിന്നിൽ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പല ഘടകങ്ങളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  ഇന്നത്തെപ്പോലെ മറ്റ് പ്രദേശങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന യാത്രാസൌകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പ്രാദേശികമായ ആചാരങ്ങളും, ജീവിതരീതികളും, വീക്ഷണങ്ങളും, ഒപ്പം പുറമെനിന്ന് എത്തിയ ജനവിഭാഗങ്ങളുടെ സ്വാധീനവും ഭാഷാപരിണാമത്തിൽ മുഖ്യ പങ്ക് വഹിച്ചിരിക്കാമെങ്കിലും മലയാളനാടിനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വേർതിരിക്കുന്ന സഹ്യപർവ്വതം സൃഷ്ടിച്ച ഭൂമിശാസ്ത്രപരമായ വേർപെടുത്തൽ ആണ് മലയാളത്തെ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭാഷയായി പരിണമിപ്പിച്ചത് എന്നാണ് വിദഗ്ദമതം. കോഴിക്കോടൻ ഭാഷയും, തൃശൂർ ഭാഷയും തിരുവനന്തപുരം ഭാഷയും, മറ്റനേകം പ്രാദേശിക സംസാരരീതികളും കേൾക്കുമ്പോൾ ഇതരദേശക്കാർക്ക് ഒറ്റയടിക്ക് മനസ്സിലാക്കാൻ നേരിയ ബുദ്ധിമുട്ട് അനുഭവപ്പെടാമെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാ‍കില്ല. എന്നാൽ മലയാളം മാത്രമറിയാവുന്ന ഒരു മലയാളിക്ക് തമിഴ് ഭാഷ കേൾക്കുമ്പോൾ കാര്യമായൊന്നും മനസ്സിലാകില്ല, ചില വാക്കുകളുടെ അർത്ഥം പിടികിട്ടാമെങ്കിലും. പ്രാദേശികമായി കാലാന്തരത്തിൽ കുമിഞ്ഞുകൂടുന്ന നേരിയ വ്യതിയാനങ്ങൾ ഇത്തരത്തിൽ പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലുത്തുമ്പൊഴാണ് നാം ഇവയെ വ്യത്യസ്ത ഭാഷകളായി എണ്ണുന്നത്. കന്നടയും, തലുങ്കും, തമിഴും, കൊടഗുമെല്ലാം ഇത്തരത്തിൽ പരസ്പരം മനസ്സിലാക്കാൻ കഴിയാത്തവിധം പ്രത്യേകമായി പരിണമിച്ചപ്പോഴാണ് പ്രത്യേക ഭാഷകളായി പരിഗണിച്ചുതുടങ്ങിയതെന്ന് സാരം.

മലയാളത്തിന്റെ മാത്രമല്ല, മറ്റേതൊരു ഭാഷയുടെയും ഉൽ‌പ്പത്തി ചികഞ്ഞാൽ ഇത്തരത്തിലുള്ള ചരിത്രങ്ങൾ നമുക്ക് മുന്നിൽ അനാവൃതമാകും. സ്പാനിഷ്, ഇറ്റാലിയൻ, പോർചുഗീസ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ റോമാനിക് ഭാഷാ കുടുംബത്തിൽ (Romance Language) പെടുന്നു. ഡച്ച്, ജർമ്മൻ, സ്കാഡിനേവിയൻ ഭാഷകൾ ജർമനിക് ഭാഷാ (Germanic Family) കുടുംബത്തിൽ പെടുന്നു. അതുപോലെ ഹിന്ദിയും സംസ്കൃതവുമുൾപ്പെടെ മിക്ക ഉത്തരേന്ത്യൻ ഭാഷകളും ദേവനാഗരി ലിപിയിൽ ആണ് എഴുതപ്പെടുന്നത്. ഇന്ന് ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെങ്കിലും വലിയ വൈവിധ്യം ഇതിൽപോലും കാണാം. നമുക്കെല്ലാം കേട്ട് പരിചയമുള്ള ഒരു പഴയ കഥയുണ്ടല്ലോ. പണ്ട്, ഒരു സമ്മേളനത്തിൽ ഒരു ഇന്ത്യക്കാരൻ ഇംഗ്ലീഷിൽ സംസാരിച്ചുകഴിഞ്ഞ ശേഷം അത് കേട്ട ഒരു ഇംഗ്ലീഷ് സായിപ്പ് പറഞ്ഞുവെത്രെ, ഇദ്ദേഹം സംസാരിച്ച ഭാഷയ്ക്ക് ഞങ്ങളുടെ ഭാഷയുമായി നല്ല സാമ്യം തോന്നുന്നുണ്ടല്ലോയെന്ന്!

ഭാഷകളുടെ പരിണാമത്തെക്കുറിച്ച് ഇത്രയും പറഞ്ഞത്, ജൈവലോകത്ത് നടക്കുന്ന പരിണാമത്തിന്റെയും ഭാഷാപരിണാമത്തിന്റെയും രീതിശാസ്ത്രങ്ങൾ തമ്മിലുള്ള അസാമാന്യമായ സാമ്യം ബോധ്യപ്പെടുത്തുവാനാണ്. ഒരേ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾ തമ്മിൽ കാലങ്ങളോളം പരസ്പരം ബന്ധമില്ലാത്ത വിധം ഭൂമിശാസ്ത്രപരമായി വേർതിരിക്കപ്പെടുന്ന അവസ്ഥയിലാണ് അവരുടെ ഭാഷ വ്യത്യസ്തമായി പരിണമിക്കുന്നത് എന്ന് നാം കണ്ടു. ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലുകളും, രാജ്യങ്ങളെ വേർതിരിക്കുന്ന പർവ്വതങ്ങളും, പരസ്പരം കാൽ നടയായി എത്തുച്ചേരാവുന്നതിലധികമുള്ള ദൂരവും ഇത്തരത്തിൽ ഭാഷയുടെ പരിണാമത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുവെങ്കിൽ ജൈവസമൂഹത്തിന്റെ പരിണാമത്തിന് കാരണമാകുന്നത് പരസ്പരം ബന്ധപ്പെടാത്തവിധം വേർതിരിക്കുന്ന ദ്വീപ്(Islands)വൽക്കരണമാണ്. ദ്വീപ് എന്ന് പറയുമ്പോൾ അത് വെള്ളത്താൽ ചുറ്റപ്പെട്ട ഒരു കരപ്രദേശം തന്നെ ആയിരിക്കണമെന്നില്ല. ഒരു മരുഭൂമിക്കു നടുവിലെ ഫലഭൂയിഷ്ടമായ മരുപ്പച്ച( Oasis) അവിടെ ജീവിക്കുന്ന ഒരു തവളയെ സംബന്ധിച്ച് ഒരു ദ്വീപ് ആയി പരിഗണിക്കാവുന്നതാണ്. ഒരു മത്സ്യത്തെ സംബന്ധിച്ച് അത് ജീവിക്കുന്ന തടാ‍കം പുറം ലോകവുമായി ബന്ധമില്ലാത്ത വിധം ഒരു ദ്വീപ് ആയി പരിഗണിക്കാം. പേനിന്റെ കാര്യത്തിൽ ഒരു തലയാകാം ഒരു ദ്വീപ്.  ഭാഷയുടെ കാര്യത്തിലായാലും, ജീവിലോകത്തിൽ ജീൻ പൂളിന്റെ(Gene Pool) കാര്യത്തിലായാലും ഒരു ‘ദ്വീപി‘ലെ പോപ്പുലേഷൻ മറ്റൊരു ‘ദ്വീപി‘ലെ പോപ്പുലേഷനുമായി പരസ്പരബന്ധമില്ലാത്തവിധം വേർതിരിക്കപ്പെടുമ്പോഴാണ് അവയ്ക്ക് സ്വതന്ത്രമായി പരിണമിക്കാനുള്ള അവസരമുണ്ടാകുന്നത്.

Kingdom, Phylum, Class, Order, Family, Genus, Species എന്നിങ്ങനെയാണ് ജൈവരൂപ വർഗീകരണം. 'King Phillip Came Over From Great Spain' എന്ന വാചകം കാണാതെപഠിച്ചാൽ ഇത് ഓർത്തുവെക്കാൻ വളരെ എളുപ്പമാണ്. ഒരു ജീവി കുടുംബത്തിൽ ആയിരക്കണക്കിന് സ്പീഷിസുകളും കോടിക്കണക്കിന് ജീവികളുമുണ്ടാകാം. ഒരു ജീവിയുടെയോ സസ്യത്തിന്റെയോ ശാസ്ത്രീയനാമത്തിൽ രണ്ട് ലാറ്റിൻ(Latin) വാക്കുകൾ ഉണ്ടാകും, ഇത് സാധാരണ italic- ൽ ആണ് എഴുതുന്നത്. ഇതിൽ ആദ്യത്തെ വാക്ക് ചില പ്രത്യേക സ്പീഷീസുകളുടെ ഗ്രൂപ്പ് ഉൾപ്പെടുന്ന ജീനസിനെയും(Genus), രണ്ടാമത്തെ വാക്ക് ജീനസിനുള്ളിലെ വ്യക്തിഗത സ്പീഷീസിനെയും സൂചിപ്പിക്കുന്നു. ഉദാഹരണം: Homo Sapiens ( മനുഷ്യൻ),
Elephas maximus (ആന) തുടങ്ങിയവ. ഒരോ സ്പീഷീസും ഒരു ജീനസിലെ അംഗമായിരിക്കും. Homo ഒരു ജീനസ് ആണ്. അതുപോലെ Elephas ഉം. നമ്മുടെ ജീനസിലെ അതിജീവിച്ച ഒരേയൊരു സ്പീഷീസ് ആണ് മനുഷ്യൻ. പക്ഷേ, അതിജീവിക്കാൻ കഴിയാതെ മണ്ണടിഞ്ഞുപോയ നിരവധി സ്പീഷീസുകൾ ഹോമോ ജീനസിൽ ഉൾപ്പെട്ടിരുന്നതിന് ഫോസിൽ രേഖകളിൽ വ്യക്തമായ തെളിവുകൾ ഉണ്ട്. ഹോമോ ഇറക്റ്റസ്, ഹോമോ ഹാബിലിസ് തുടങ്ങിയവ ഹോമോ ജീനസിൽ പെടുന്നുവെങ്കിൽ ചില മനുഷ്യസമാനമായ ഫോസിലുകൾ ഹോമോയിൽനിന്ന് വ്യത്യസ്തമായ ജീനസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഉദാഹരണം: ആസ്ത്രലോപിത്തക്കസ് ആഫ്രിക്കാനസ്(Australopithecus Africanus, ആസ്ത്രലോപിത്തക്കസ് അഫരൻസിസ്(Australopithecus  Afarensis) തുടങ്ങിയവ.

ഓരോ ജീനസും ഒരു ഫാമിലിയിൽ ഉൾപ്പെടുന്നു. സിംഹം, പുള്ളിപ്പുലി, ചീറ്റ, കാട്ടുപൂച്ച, വ്യത്യസ്തയിനം പൂച്ചകൾ തുടങ്ങിയവയുടെ ജീനസുകൾ Felidae ഫാമിലിയിൽ ഉൾപ്പെടുന്നു.  ഒരോ ഫാമിലിയും ഒരു ഓർഡറിലെ അംഗമാണ്. പൂച്ചകൾ, നായകൾ, കരടി, കീരി, കഴുതപ്പുലി തുടങ്ങിയവ Carnivora ഒർഡറിലെ വ്യത്യസ്ത ഫാമിലികളെ പ്രതിനിധാനം ചെയ്യുന്നു. പ്രൈമേറ്റ് (primates) എന്ന ഓർഡറിലെ വ്യത്യസ്ത ഫാമിലിയിൽ പെടുന്നവയാണ് കുരങ്ങുകൾ, ആൾകുരങ്ങുകൾ, മനുഷ്യൻ, ലീമറുകൾ തുടങ്ങിയവ. അതുപോലെ ഒരുപാട് ഓർഡറുകൾ ഒരു ക്ലാസ്സിൽ (Class) ഉൾപ്പെടുന്നു. എല്ലാ സസ്തനികളും Mammalia എന്ന ക്ലാസിലെ അംഗങ്ങളാണ്.

ഇവിടെ ശാഖോപശാഖകളായി തിരിയുന്ന ഒരു വൃക്ഷമാണ് നമ്മുടെ മനസ്സിൽ തെളിയുന്നത്. നിരവധി ശാഖകളും, ശാഖയുടെ ശാഖകളും, അവയുടെ ശാഖകളും, അവയുടെയെല്ലാം നിരവധി ഉപശാഖകളുമുള്ള  ഒരു വലിയ വൃക്ഷം. മണ്ണിൽ വേരൂന്നി നിൽക്കുന്ന ഈ വൻ വൃക്ഷം നമ്മുടെ ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

ഭാഷകൾ വേർപെടുന്നതുപോലെതന്നെ കാലത്തിന്റെയും ദേശത്തിന്റെയും അതിരുകളിൽ സ്പീഷീസുകളും വേർപെട്ടുകൊണ്ടിരിക്കുകയാണ്. വാക്കുകൾ ഭാഷയെ ഏതുവിധത്തിൽ നിർമ്മിക്കുന്നുവോ, അതുപോലെ ഓരോ ജീവിയും എങ്ങനെയിരിക്കണമെന്ന് നിർണയിക്കപ്പെടുന്നത് അതിന്റെ DNA യെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് ഭാഷയിൽ വാക്കുകളുടെ ധർമ്മം ഒരു ജീവിയുടെ നിർമ്മിതിയിൽ അതിന്റെ DNA യ്ക്കാണുള്ളതെന്ന് സാരം. ഓരോ ജീവിയും ജനിക്കുന്നത് അതിന്റെ മാതാപിതാക്കളുടെ DNAയുടെ മിശ്രണത്തോടെയാണ്. ജീവികൾക്കിടയിലെ വ്യക്തിഗത ലൈഗികതയിലൂടെ പോപ്പുലേഷനുകൾക്കകത്ത് ജീൻ പ്രവാഹമാണ് നടക്കുന്നത്. ജൈവശരീരത്തിലെ കോശങ്ങൾക്കകത്താണ് ജീനുകൾ ഉള്ളത്. ലൈംഗിക പ്രത്യുല്പാദനം നടക്കുമ്പോൾ മാതാപിതാക്കളുടെ ജീനുകളുടെ ‘മിശ്രണ‘മാണ് നടക്കുന്നത്. ഇവിടെ മിശ്രണമെന്ന് പറയുമ്പോൾ നിറങ്ങൾ കൂടിക്കലരുന്നതുപോലെ ജീനുകൾ തമ്മിൽ കലരുന്നില്ല. കുറെയെണ്ണം ശീട്ടുകൾ കൂട്ടിക്കലർത്തിയശേഷം അവയിൽ നിന്നും നിശ്രിത എണ്ണം തെരഞ്ഞെടുക്കുന്ന പ്രക്രിയയാണവിടെ നടക്കുന്നത്. അതായത് ഏതെങ്കിലും ഒരു പ്രത്യേക ജീനെടുത്താൽ ഒന്നുകിൽ മാതാവിൽ നിന്ന്, അല്ലെങ്കിൽ പിതാവിൽ നിന്ന് ലഭിച്ച അതിന്റെ പതിപ്പാണ് ഏതൊരു അണ്ഡത്തിലും, അല്ലെങ്കിൽ ബീജത്തിൽ, ഉള്ളത്. അല്ലാതെ മാതവിന്റെയും പിതാവിന്റെയും ജീനുകൾ കൂടിക്കലർന്ന സങ്കരജീനല്ല കുട്ടികൾക്ക് ലഭിക്കുക. ഇത്തരത്തിൽ നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് മിശ്രണം(shuffled) ചെയ്യപ്പെട്ട് നിങ്ങൾക്ക് ലഭിക്കുന്ന ജീനുകൾ നിങ്ങളുടെ നാല് മാതാ/പിതാമഹന്മാരുടേതാണ്. ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ വർഷങ്ങളിലൂടെ ഈ പ്രക്രിയ ആവർത്തിക്കുമ്പോൾ അത് ഒരു പോപ്പുലേഷനകത്ത് കൂടിക്കലർന്ന് പരസ്പരം കുഴഞ്ഞുമറിയുന്നു. ഇതിനെയാണ് ജീൻ പൂൾ (gene pool) എന്ന് വിളിക്കുന്നത്.

പരസ്പരം ബന്ധമില്ലാതെ കാലങ്ങളോളം വേർപെട്ട് നിൽക്കുമ്പോഴാണ് ഭാഷകൾ വ്യത്യസ്തമായി മാറുന്നതെന്ന് നാം കണ്ടു. മലയാളവും തമിഴും വേർപെട്ടതുപോലെ, ഇറ്റാലിയനും ഫ്രഞ്ചും വഴിപിരിഞ്ഞതുപോലെ, ഒരേ സ്പീഷിസിനകത്തുള്ള വ്യത്യസ്ത പോപ്പുലേഷനുകൾ കാലങ്ങളോളം പരസ്പരം വേർപെട്ട് ജീൻ ഫ്ലോ (Gene flow) ഇല്ലാതാകുന്നതിലൂടെ, പരസ്പരം കൂടിച്ചേന്ന് പുതിയ തലമുറയെ ഉല്പാദിപ്പിക്കാനുള്ള ശേഷി കാലാന്തരത്തിൽ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഭാഷകളിലെ വാക്കുകൾ പരസ്പരം മനസ്സിലാകാ‍ത്തവിധം മാറുന്നതുപോലെ ഒരേ സ്പീഷീനകത്ത് നടക്കുന്ന ഇത്തരം വേർപെടൽ അവയുടെ DNA കൾ പരസ്പരം ‘മനസ്സിലാക്കാനാകാത്ത‘വിധം അകലുന്നതിന് ഇടയാക്കുന്നു. ഈ സമയത്ത് നാം അവയെ വ്യത്യസ്ത സ്പീഷീസുകളായി പരിഗണിക്കുന്നു. ലൈംഗികബന്ധത്തിലൂടെ പുനരുല്പാദനശേഷിയുള്ള കുട്ടികളെ ഉല്പാദിപ്പിക്കാനുള്ള ശേഷിയുള്ള ജീവികളെയാണ് ഒരേ സ്പീഷീസായി പരിഗണിക്കുന്നതെന്ന് സാരം. കുതിരയ്ക്കും കഴുതയ്ക്കും പരസ്പരം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയും. ഇവ രണ്ടിന്റെയും DNA കൾക്ക് പുതിയൊരു ജീവിക്ക് ജന്മം നൽകാൻ കഴിയും വിധം പരസ്പരം മനസ്സിലാക്കാൻ- മിശ്രണം ചെയ്യാൻ- ശേഷിയുണ്ട്. പക്ഷേ, അങ്ങനെ ജനിക്കുന്ന കുട്ടിക്ക് വീണ്ടും മറ്റൊരു കുട്ടിക്ക്(പുതിയൊരു തലമുറയ്ക്ക്) ജന്മം നൽകാൻ കഴിയും വിധം ആ ശേഷിയില്ല താനും. അതായത് കുതിരയ്ക്കും കഴുതയ്ക്കും ജനിക്കുന്ന കോവർകഴുത(Mule) യ്ക്ക് പുനരുല്പാദന ശേഷിയില്ല. ആയതിനാൽ കുതിരയും കഴുതയും വ്യത്യസ്ത സ്പീഷീസുകളിൽപെടുന്നു. തൊട്ടടുത്ത പൊതുപൂർവ്വികനെ പങ്കുവെയ്ക്കുന്നതിനാൽ ഈ രണ്ട് ജീവികളും കസിനുകളായി പരിഗണിക്കപ്പെടുന്നു. കുതിരകളും കഴുതകളും Equus എന്ന ജീനസിനകത്ത് Equus caballus, Equus assinus എന്നീ രണ്ട് സ്പീഷീസുകളിൽ ഉൾപ്പെടുന്നു. കുതിരകളും, നായകളും പ്രത്യുല്പാദനശേഷിയില്ലാത്ത ഒരു കുഞ്ഞിനുപോലും  ജന്മം നൽകുന്നില്ലെന്ന് മാത്രമല്ല, അവ പരസ്പര ലൈംഗികതയ്ക്ക് ശ്രമിക്കുന്നുപോലുമില്ല. കൂടുതൽ അകന്ന ഒരു പൊതുപൂർവ്വികനെയാണ് അവ പങ്കുവെയ്ക്കുന്നതെന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. എന്നാൽ ആകാരത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ഭീമാകാരരായ വേട്ടനായ്ക്കളും കുഞ്ഞന്മാരായ വീട്ടുനായ്ക്കളും(Toy dogs) പരസ്പരം ലൈംഗികമായി ബന്ധപ്പെടുന്നെന്ന് മാ‍ത്രമല്ല, പ്രത്യുല്പാദനശേഷിയുള്ള നായ്ക്കുട്ടികളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു എന്നതിനാൽ അവയെ ഒരേ സ്പീഷീസിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു.


ഭൂമുഖത്ത് ഇന്ന് അവശേഷിക്കുന്നവയിൽ മനുഷ്യനുമായി, ഏറ്റവുമടുത്ത പൊതുപൂർവ്വികനെ പങ്കുവെക്കുന്ന ജീവി ചിമ്പാൻസിയാണ്. മനുഷ്യനും ചിമ്പാൻസിയും പങ്കുവെയ്ക്കുന്ന പൊതുപൂർവ്വികനെ കണ്ടെത്തണമെങ്കിൽ നമ്മൾ ചുരുങ്ങിയത് 60 ലക്ഷം വർഷങ്ങൾ പിറകോട്ട് പോകണം. അത്തരമൊരു വേർപിരിയൽ സംഭവിക്കണമെങ്കിൽ ഭൂമിശാസ്ത്രപരമായ ഒരു വിഭജനരേഖ അതിൽ  മുഖ്യ പങ്കുവഹിച്ചിരിക്കണം. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി(Great Rift Vally)യാണ് ഇതിന് വേദിയായതെന്നാണ് വിദഗ്ദമതം; ഇതിന്റെ കിഴക്കുഭാഗത്ത് മനുഷ്യനും പടിഞ്ഞാറുഭാഗത്ത് ചിമ്പാൻസിയും പരിണമിച്ചുണ്ടായതായി കരുതപ്പെടുന്നു. ഇത്തരത്തിൽ വേർപിരിഞ്ഞ ചിമ്പാൻസി പൂർവ്വികർ പിന്നീട്, സാധാരണ ചിമ്പാൻസികളും, പിഗ്മി ചിമ്പാൻസി(Bonobos)കളുമായി വ്യത്യസ്ത സ്പീഷീസുകളായി വേർപിരിയുന്നു. ഈയൊരു വഴിപിരിയലിനു കാരണമായിഭവിച്ചത് കോംഗോ നദിതീർത്ത വലിയൊരു ‘ഇടമതിലാ‘യിരുന്നു.

ആധുനികലോകത്ത് അതിജീവനം നേടിയ എല്ലാ സസ്തനികളുടെയും പൊതുപൂർവ്വികർ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നത് 18.5 കോടി വർഷങ്ങൾക്ക് മുമ്പായിരുന്നു. അവയുടെ പിന്തുടർച്ചക്കാർ ശാഖകളായി, അവയുടേ ശാഖകളായി, അവയുടെ ശാഖകളായി. ശാഖോപശാഖകളായി ഇന്നുകാണുന്ന ആയിരക്കണക്കിനു സസ്തന സ്പീഷീസുകളായി വേർപിരിഞ്ഞു. അവ മാംസഭോജി(Carnivores)കളുടെ 231 സ്പീഷീസുകളായും(ഉദാ: നായകൾ, പൂച്ചകൾ, കീരികൾ) , കാർന്നുതിന്നുന്ന വർഗത്തിന്റെ(Rodents) 2000 സ്പീഷീസുകളായും, തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും 88 സ്പീഷീസുകളായും, പിളർന്ന കുളമ്പുള്ള മൃഗങ്ങളുടെ (Cloven hoofed) 196 സ്പീഷീസുകളായും (ഉദാ: പശുക്കൾ, മാനുകൾ, പന്നികൾ, കൃഷ്ണമൃഗം, ആടുകൾ), കുതിരയുടെ കുടുംബത്തിൽ (കുതിര, സീബ്ര, കണ്ടാമൃഗങ്ങൾ) പെട്ട 16 സ്പീഷീസുകളുടെയും, മുയൽ വർഗത്തിന്റെ 87 സ്പീഷീസുകളായും, വവ്വാലുകളുടെ 977 സ്പീഷീസുകളായും, കംഗാരുക്കളുടെ 87 സ്പീഷീസുകളായും, മനുഷ്യൻ ഉൾപ്പെടെയുള്ള കുരങ്ങുവർഗത്തിന്റെ 18 സ്പീഷീസുകളായും ഇന്ന് ഭൂമുഖത്ത് അതിജീവനസമരത്തിലേർപ്പെട്ട് ജീവിക്കുന്നു. ഇതിലുമെത്രയോ ഇരട്ടി സ്പീഷീസുകൾ ഭൂമുഖത്തുനിന്നും എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെട്ടിട്ടുമുണ്ട്. ഇതിൽ വംശനാശം സംഭവിച്ചവയിൽ, ഫോസിലുകളിൽ നിന്ന് കണ്ടെത്താനായ ചില മനുഷ്യവംശങ്ങളും ഉൾപ്പെടുന്നു.

ഭാഷകളുടെയും ജൈവലോകത്തിലെയും പരിണാമത്തിലെ സമാനതകൾ നമ്മൾ കണ്ടു. എന്നാൽ സ്പീഷീസുകളുടെയും ഭാഷയുടെയും വേർപിരിയലിന്റെ കാര്യത്തിൽ സുപ്രധാനമായ ചില വ്യത്യാസങ്ങളും എടുത്തുപറയേണ്ടതുണ്ട്. പരസ്പരം വേർപിരിഞ്ഞശേഷവും ഭാഷകൾക്ക് പരസ്പര സമ്പർക്കത്തിലൂടെ പിന്നീട് വാക്കുകളെ ‘ദത്തെടുക്കാൻ‘ കഴിയുന്നു എന്നതാണ് ഇതിലെ മർമ്മപ്രധാനമായ വ്യത്യാസം. ഇതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ സംസാരഭാഷയിൽ പോലുമുണ്ട്. കറി, വെരാന്ത, ചുരൂട്ട്, ഷോൾ, മൺസൂൺ തുടങ്ങിയ സാധാരണ വാക്കുകൾ വിദേശഭാഷകളായ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ കൊളോണീയൽ ഭാഷകളുടെ സ്വാധീനത്തിൽ മലയാളത്തിൽ എത്തിയവയാണ്. ഇംഗ്ലീഷ് ആകട്ടെ, ‘ഷാമ്പൂ‘വിനെ ഹിന്ദിയിൽ നിന്നും, ‘ബംഗ്ലാവി’നെ ബംഗാളിയിൽ നിന്നും കടമെടുത്തിരിക്കുന്നു. ഇത്തരത്തിൽ നിരവധി പുറത്തുനിന്നുള്ള വാക്കുകൾ ഓരോ ഭാഷയ്ക്കും മുതൽകൂട്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കൽ വേർപെട്ട ശേഷം ജന്തുസ്പീഷീസുകൾ പരസ്പര സമ്പർക്കത്തിലൂടെ DNA കൈമാറ്റം ചെയ്യുന്നില്ല. സ്പീഷീസിനകത്ത് മാത്രമേ ജീൻഫ്ലോ നടക്കുന്നുള്ളു, അത് സ്പീഷീസിനകത്ത് സുരക്ഷിതമാണ്. ഇതിനൊരപവാദം ബാക്റ്റീരിയകൾ മാത്രമാണ്.

ഒരു പ്രത്യേക സ്പീഷീസിനകത്തെ, ഒരു പോപ്പുലേഷനിലെ ഒരോ വ്യക്തിയും ആ ജീൻപൂളിന്റെ ഒരു സാമ്പിൾ മാത്രമാണെന്ന് നാം കണ്ടു. ഒരു പോപ്പുലേഷനകത്തെ രണ്ട് ജീവികളുടെ ജീനുകൾ ഒരേ ജീൻപൂളിന്റെ അംശങ്ങൾ തന്നെയായിരിക്കും. എന്നാൽ രണ്ട് വ്യത്യസ്ത ജീവികളുടെ ജീനുകൾ ഒരിക്കലും കൂടിക്കലരാൻ ഇടവരുന്നില്ല. നായയും പൂച്ചയും മിത്രങ്ങളായോ ശത്രുക്കളയോ ഒരേ സ്ഥലത്ത് ഒരുമിച്ച് ജീവിച്ചിരിക്കുമ്പോഴും എല്ലാ ദിവസവും കണ്ടുമുടുമ്പോഴും അവയുടെ ജീനുകൾ ഒരിക്കലും മിശ്രണം ചെയ്യപ്പെടുന്നില്ല. അതുപോലെ ഒരേ സ്പീഷീസിൽ പെട്ട പോപ്പുലേഷനുകൾ കാലങ്ങളോളം ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അകന്നു ജീവിക്കാനിടവരികയും പിന്നീട് എപ്പോഴെങ്കിലും ദീർഘകാലത്തിനുശേഷം കണ്ടുമുട്ടാനിടവരികയും ചെയ്താൽ അവയ്ക്ക് പരസ്പര ലൈംഗികത അസാധ്യമായിത്തീരും. തുടർന്ന് അവയുടെ ജീനുകൾ ഒരിക്കലും മിശ്രണം ചെയ്യപ്പെടാനിടവരാതെ അകറ്റപ്പെടുകയും ദശലക്ഷക്കണക്കിനു വർഷങ്ങൾക്കുശേഷം അവ വ്യത്യസ്തമായി പരിണമിക്കുകയും ചെയ്യാം. മനുഷ്യനും പാറ്റകളും തമ്മിൽ എത്രമാത്രം വ്യത്യാസമുണ്ടൊ അതിലുമധികം വ്യത്യാസത്തോടെ.

റഫറൻസ്:-
  1. The Magic of Reality-Richard Dawkins
  2. The Greatest Show on Earth- Richard Dawkins

Monday, May 27, 2013

സോഷ്യൽ ഡാർവിനിസവും ഡാർവിനും തമ്മിലെന്ത്?



 
 സുശീൽ കുമാർ പി. പി.


അർഹതയുള്ളവയുടെ അതിജീവനമാണ്‌ പ്രകൃതിയുടെ നിയമം. ജീവജാലങ്ങൾ തമ്മിൽ തമ്മിലും ജീവികൾ പ്രകൃതിയുമായും നിലനില്പിനായുള്ള നിരന്തരമായ തുറന്ന മൽസരമാണ്‌ പ്രകൃതിയിൽ നടക്കുന്നത്. ഈ മൽസരത്തിൽ സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ളവർ അതിജീവിക്കുകയും പിന്തള്ളപ്പെടുന്നവ ഭൂമുഖത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടുകയോ പർശ്വവല്ക്കരിക്കപ്പെടുകയോ ചെയ്യുന്നു. ജൈവപരിണാമത്തിന്‌ അടിസ്ഥാനമായി വർത്തിക്കുന്ന ഈ പ്രക്രിയയെയാണ്‌ ഡാർവിൻ പ്രകൃതിനിർധാരണം (Natural Selection) എന്ന് പേരിട്ട് വിളിച്ചത്. 

പ്രകൃതിയുടെ ഈ നിയമം വലിപ്പചെറുപ്പഭേദമന്യേ എല്ലാ ജീവജാലങ്ങൾക്കും ബാധകമാണ്‌. ഭീമാകാരന്മാരായ ഡിനോസറുകൾ ഭൂമുഖത്ത് അടക്കിവാണത് ഏതാണ്ട് 15 കോടിയിലധികം വർഷങ്ങളാണെന്ന് കരുതപ്പെടുന്നു. ഇന്നേക്ക് ആറരക്കോടി വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതായി കരുതുന്ന ഉൽക്കാപതനത്തിൽ ഈ ഭീമാകാരസമൂഹം ഒന്നടങ്കം മണ്ണടിഞ്ഞ കാലത്ത്,  ഇന്നത്തെ മനുഷ്യരടക്കമുള്ള പ്രൈമേറ്റുകളുടെ പൂർവ്വികരായ സസ്തനികൾക്ക് ഒരു പെരുച്ചാഴിയോളം വലിപ്പമേ ഉണ്ടായിരുന്നുള്ളു. ഡിനോസറുകൾ മദിച്ചുജീവിച്ചിരുന്ന ജീവിതപരിസരം ശൂന്യമായപ്പോൾ സസ്തനികൾക്ക് തുറന്നുകിട്ടിയത് അവരുടെ പറുദീസയായിരുന്നു. ഭൂമിയിൽ ഇന്ന് ജീവിക്കുന്ന ജീവിവർഗങ്ങളേക്കാൾ എത്രയോ മടങ്ങ് ജീവികൾ പ്രകൃതിയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ട് തിരശ്ശീലയ്ക്കുപിന്നിൽ മറഞ്ഞിട്ടുണ്ട്.  ഭൂമിയിലെ പരിണാമചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത കഴിവുകൾ ആർജിച്ച മനുഷ്യനും ഇതേ പ്രകൃതി നിയമത്തോട് പൊരുതിക്കൊണ്ടുതന്നെയാണ്‌ ഇന്നത്തെ നിലയിലേക്ക് വികസിച്ചതും. പ്രകൃതിശക്തികളോടും ദുരന്തങ്ങളോടും രോഗങ്ങളോടും ഹിംസ്രജന്തുക്കളോടും ഇതരഗോത്രങ്ങളോടുമുള്ള മത്സരത്തിൽ അതിജീവിച്ചതുകൊണ്ടാണ് ഇന്നത്തെ മനുഷ്യസമൂഹം നിലനിൽക്കുന്നതുതന്നെ. എന്നിരിക്കിലും ഇന്ന് മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത് ഇതേ പ്രകൃതിനിയമങ്ങൾ തന്നെയാണോ? ജൈവലോകത്തിലെ ഈ അടിസ്ഥാന നിയമം മനുഷ്യ സമൂഹത്തിലും ബാധകമാക്കേണ്ടതുണ്ടോ? പ്രകൃതിക്കുമേൽ മേൽക്കൈ നേടി അതിനെതന്നെ ഒരു പരിധിവരെ നിയന്ത്രിക്കാനും കൃത്രിമനിർധാരണത്തിലൂടെ പരിണാമപ്രക്രിയയെതന്നെ വഴിതിരിച്ചുവിടാനും കഴിവുനേടിയ മനുഷ്യസമൂഹത്തെയും പ്രകൃതിനിർധാരണത്തിന്റെ ‘ക്രൂര’ നിയമങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതാണെന്ന വാദം എത്രത്തോളം സ്വീകാര്യമാകും?

ചാൾസ് ഡാർവിൻ കണ്ടെത്തിയ പരിണാമസിദ്ധാന്തത്തെ മറയാക്കി, ഒരിക്കൽ പാശ്ചാത്യരാജ്യങ്ങളിൽ ഉദയം കൊള്ളുകയും സാമൂഹ്യരംഗത്ത് ഏറെക്കാലം സജീവമായ ചർച്ചകൾക്ക് വഴിവെക്കുകയും ചിലപ്പോഴെങ്കിലും പ്രായോഗികവർക്കരിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു സിദ്ധാന്തമാണ്‌ സാമൂഹിക ഡാർവിനിസം (Social Darwinism).  ഹെർബർട്ട് സ്പെൻസർ (Herbert Spencer -1820-1903) എന്ന ബ്രിട്ടീഷ് ചിന്തകനായിരുന്നു മനുഷ്യസമൂഹത്തിനുമേൽ പ്രകൃതിനിർധാരണത്തെ നിഷ്കരുണം പ്രയോഗിക്കാൻ ശ്രമിച്ചവരുടെ ബുദ്ധികേന്ദ്രം.


 
ജീവജാലങ്ങളിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മ്യൂട്ടേഷനുകൾ അതിജീവനത്തിലായുള്ള മൽസരത്തിൽ പുതിയ കഴിവുകൾ ആർജിക്കുക്കതിന്‌ കാരണമായിത്തീരുന്ന പ്രക്രിയയാണ്‌ പരിണാമത്തിന്‌ അടിസ്ഥാനമായി വർത്തിക്കുന്നത്. ഇത്തരത്തിൽ കഴിവുകൾ ആർജിക്കാൻ കഴിയുന്നു  എന്നല്ലാതെ, ആ കഴിവുകൾ ആർജിക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്താൻ ഡാർവിന്റെ കാലഘട്ടത്തിൽ കഴിഞ്ഞിരുന്നില്ല. ഡാർവിന്റെ സമകാലികനായിരുന്ന ഗ്രിയഗർ മെന്റലിന്റെ (Gregor Mendel) ജനിതക ശാസ്ത്ര കണ്ടെത്തലുകൾ അക്കാലത്ത് ആരും അറിഞ്ഞിരുന്നുമില്ല. എന്നാൽ ഇന്ന് ജനിതകശാസ്ത്രവും തന്മാത്രാ ജീവശാസ്ത്രവും ജീവികൾ പുതിയ കഴിവുകൾ ആർജിക്കുന്ന പ്രക്രിയയെ ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ട്‌. 


 പ്രകൃതിയെ നയിക്കുന്ന പ്രകൃതിനിർധാരണ നിയമങ്ങളെ മനുഷ്യസമൂഹത്തിന്റെ ധാർമിക ബോധത്തിനുമേൽ കെട്ടിയേൽ‌പ്പിക്കാനുള്ള ശ്രമമാണ് സ്പെൻസർ ഉൾപ്പെടെയുള്ള സോഷ്യൽ ഡാർവിനിസ്റ്റുകൾ നടത്തിയത്. മനുഷ്യസമൂഹത്തെ നയിക്കുന്ന ധാർമിക മൂല്യങ്ങൾ ഏതെങ്കിലും പ്രകൃതിനിയമത്തെ ആധാരമാക്കി രൂപപ്പെട്ടതല്ലെന്ന് മാത്രമല്ല, അത് അങ്ങനെയായിരിക്കണമെന്ന് വാശിപിടിക്കേണ്ടതുമില്ല. പ്രകൃതിയെ നയിക്കുന്ന നിയമത്തെ മനുഷ്യന്റെ ധാർമികതയുമായി ബന്ധിപ്പിക്കുന്നതിലെ അശാസ്ത്രീയതതന്നെയാണ് സോഷ്യൽ ഡാർവിനിസത്തെ ഒറ്റനോട്ടത്തിൽ തന്നെ മനുഷ്യവിരുദ്ധമാക്കുന്നത്. പ്രകൃതിയിൽ നടക്കുന്നതെല്ലാം പ്രകൃതിയിൽ നടക്കുന്നു എന്ന കാരണത്താൽ സാധൂകരിക്കത്തക്കതാണെന്നുവരുമ്പോൾ അത് തള്ളിക്കളയുന്നത് സാമൂഹ്യജീവിതത്തിലൂടെ മനുഷ്യൻ ആർജിച്ച ധാർമികതയെതന്നെയാണ്. പ്രകൃതിയിൽ നടക്കുന്നതെല്ലാം നല്ലതാണെന്ന വാദം ‘നച്ചുറലിസ്റ്റിക് ഫാലസി‘യിലേക്ക് വഴുതിവീഴുന്നതാണ്.

പ്രകൃതിയിൽ ബഹുഭൂരിപക്ഷം ജീവികളും പ്രത്യുല്പാദനത്തിനായി യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. ഭൂരിപക്ഷം ജീവികളും ഇക്കാര്യത്തിൽ ഇണയുടെ സമ്മതത്തിനായി കാത്തുനിൽക്കാറുമില്ല-കുറെ കാലത്തേക്ക് ഒരു ഇണയെ മാത്രം സ്വീകരിക്കുന്ന ജീവികളുമുണ്ട്. എന്നാൽ മനുഷ്യന്റെ ധാർമ്മികത ഇക്കാര്യത്തിൽ കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, അത് എല്ലാ കാലത്തും ദേശത്തും ഒരുപോലെയായിരിക്കില്ല എന്നിരിക്കിലും. വ്യത്യസ്ത സമൂഹങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ മനുഷ്യസമൂഹത്തിൽ ഏറെക്കുറെ വിലക്കപ്പെട്ടിട്ടുണ്ട്. എന്നുമാത്രമല്ല, ഇണയുടെ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികതയെ മനുഷ്യർ ബലാത്സംഗത്തിന്റെ ഗണത്തിലാണ് പെടുത്തുന്നത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വീക്ഷിക്കുമ്പോൾ പ്രകൃതിയിൽ നടക്കുന്ന അർഹതയുള്ളവയുടെ അതിജീവനപ്രക്രിയ മനുഷ്യസമൂഹത്തിലും പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന വാദത്തിലെ അശാസ്ത്രീയതയും അധാർമ്മികതയും ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

 


 
മത്സരാധിഷ്ഠിത സമൂഹത്തിൽ അർഹതയുള്ളവർ മാത്രം അതിജീവിക്കുന്നതല്ല, മറിച്ച് ദുർബലനെയും കൈപിടിച്ച് കൂടെ നിർത്തുന്നതാണ് മനുഷ്യന്റെ ധാർമികത. അനുകമ്പയും സ്നേഹവും മാത്രമല്ല ദേഷ്യവും വിദ്വേഷവും, ബോധമുള്ള ജീവികളിൽ, വിശേഷിച്ചും തലച്ചോർ വികസിച്ച ജീവികളിൽ മാത്രം കാണുന്ന വികാരങ്ങൾ ആണ്. ഈ വികാരങ്ങളിൽ ആണ് മനുഷ്യന്റെ ധാർമികബോധത്തിന്റെ മൂലക്കല്ല് കുടികൊള്ളുന്നത്. ബോധരഹിതമായ സ്വാഭാവികപ്രകൃതിയിൽ ഇതിനൊട്ടും സ്ഥാനവുമില്ല. വെട്ടിപ്പിടിക്കാനും മേൽക്കൈ നേടാനുമുള്ള ആർത്തിക്കൊപ്പം തന്നെ ദുർബലനെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള സഹബോധമാണ്‌ മനുഷ്യസമൂഹത്തിന്റെ നിലനില്പ്പിനാധാരം. സ്വാഭാവികപ്രകൃതിയിൽ ജീവിക്കാനുള്ള കഴിവുനഷ്ടപ്പെടുമായിരുന്ന മനുഷ്യരെ സംരക്ഷിച്ച് കൂടെ നിർത്തുകയും തലമുറകളിലൂടെ അവരെ നിലനിൽക്കാൻ പര്യാപ്തമാക്കുയയും ചെയ്യുന്ന ഇടപെടലുകൾക്ക് മനുഷ്യൻ ഇന്ന് പ്രാപ്തനാണ്‌. എന്നാൽ പ്രകൃതിയിൽ നടക്കുന്ന നിലനില്പ്പിനായുള്ള മൽസരങ്ങൾ സ്വാഭാവികമാണെന്നും, മനുഷ്യസമൂഹത്തിൽ ബലവാൻ ദുർബലനുമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഇതേ പ്രകൃതി നിയമത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ അത് തികച്ചും ന്യായവും സ്വാഭാവികവും, അതിൽ ‘അധാർമികത’ ഒട്ടും തന്നെ ഇല്ലെന്നുമാണ്‌ സോഷ്യൽ ഡാർവിനിസം സമർത്ഥിക്കാൻ ശ്രമിച്ചത്.

കോളനിവല്ക്കരണവും, ഇതര രാജ്യങ്ങൾക്കും മനുഷ്യസമൂഹങ്ങൾക്കും മേലുള്ള അധിനിവേശവും സാർവത്രികമായിരുന്ന കാലഘട്ടത്തിൽ ഹെർബർട്ട് സ്പെൻസറിന്റെ പ്രതിലോമകരമായ ഈ സിദ്ധാന്തം ഏറെ കൊണ്ടാടപ്പെട്ടു. കോളനികളുടെ വെട്ടിപ്പിടുത്തത്തിന്‌ നേതൃത്വം കൊടുത്തവരൊക്കെ വെളുത്ത വർഗക്കാരായിരുന്നതിനാൽ, വെള്ളക്കാർ കറുത്തവരേക്കാൾ പരിണാമപരമായി ഔന്നത്യം നേടിയവരാണെന്ന വാദങ്ങൾ അവരുടെ പ്രവൃത്തികൾക്ക് ന്യായം ചമയ്ക്കുന്നതിനായി ഉപയോഗിക്കപ്പെട്ടു. കറുത്ത വർഗക്കാർ പൂർണ മനുഷ്യരല്ലെന്ന ന്യായവാദം നിരത്തിയിരുന്നവർ സോഷ്യൽ ഡാർവിനിസത്തിന്റെ സത്തയെ അറിഞ്ഞാണോ അങ്ങനെ പറഞ്ഞത് എന്നറിയില്ലെങ്കിലും ഇത്തരം വാദങ്ങൾക്ക് സൈദ്ധാന്തിക ആവരണം അണിയിക്കുകയാണ് സോഷ്യൽ ഡാർവിനിസ്റ്റുകൾ ചെയ്തത്.
 
 
മനുഷ്യസമൂഹങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഒരു ന്യൂനപക്ഷം, ബഹുഭൂരിപക്ഷം വനുന്ന മനുഷ്യരെ ചൂഷണം ചെയ്ത് സമ്പത്ത് കുന്നുകൂട്ടുന്നതിൽ അപാകതയൊന്നുമില്ലന്ന വാദത്തിന് ഡാർവിനിസത്തെ മറയാക്കുന്നതാണ്  സോഷ്യൽ ഡാർവിനിസ്റ്റുകൾ നിർവ്വഹിച്ച മറ്റൊരു ദൌത്യം.. മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന മത്സരാധിഷ്ഠിത വിപണിവ്യവസ്ഥയിൽ ഒരു വിഭാഗം സമ്പന്നരാകുന്നത് അവർക്ക് പ്രത്യേക കഴിവുകൾ ഉള്ളതുകൊണ്ടാ‍ണെന്നും, അതിനു ശേഷിയില്ലാത്ത വിഭാഗങ്ങൾ ദരിദ്രവൽക്കരിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും, അത് പ്രകൃതിപരമായി ന്യായീകരികത്തക്കതാണെന്നും വ്യാഖ്യാനങ്ങൾ വന്നു. ചാതുർവർണ്യം മായാസൃഷ്ടമെന്ന വാദത്തോളം, അത് അടിമത്ത വ്യവസ്ഥയെയും വംശീയവാദത്തെയും വെട്ടിപ്പിടുത്തങ്ങളെയും ന്യായീകരിക്കാനായി ഉപയോഗിക്കപ്പെട്ടു.
ഇന്ത്യയിൽ സവർണർക്കിടയിൽ നിലനിന്ന വർണവ്യവസ്ഥ ജനനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ വിവിധ തട്ടുകളായി തിരിക്കുന്നതായിരുന്നു. ചാതുർവർണ്യത്തിനു പുറത്തുള്ള വിഭാഗങ്ങൾ അസുരരായും രാക്ഷസരായുമെല്ലാം മുദ്രകുത്തപ്പെട്ടു. ഈ ഭൂമിയിലെ സകല സ്വത്തിന്റെയും ഉടമസ്ഥാവകാശം ബ്രാഹ്മണർക്കാണെന്ന് സമർത്ഥിക്കുന്നതിനും അത് ചാതുർവർണ്യത്തിനു താഴെ തട്ടിലുള്ളവർക്കും, പുറത്തുള്ളവർക്കും  കൂടി സ്വമേഥയാ സ്വീകാര്യമാക്കുന്നതിനും ചാതുർവർണ്യം ദൈവികമായ തീരുമാനമാണെന്ന തുറുപ്പുചീട്ടാണ് ഉപയോഗിക്കപ്പെട്ടത്.  വർണവ്യവസ്ഥയിൽ ബഹുഭൂരിപക്ഷത്തിനുമേലുള്ള മേൽകോയ്മക്ക് ന്യായീകരണമായി ഉപയോഗിക്കപ്പെട്ടത് ദൈവത്തെയായിരുന്നെങ്കിൽ സോഷ്യൽ ഡാർവിനിസ്റ്റുകൾ അതിനായി പ്രകൃതിയെതന്നെ ഉപയോഗപ്പെടുത്തി.

സത്യത്തിൽ ഡാർവിനിസത്തിന് സോഷ്യൽ ഡാർവിനിസവുമായി യാതൊരു ബന്ധവുമില്ലെന്നും അത് ധാർമിക മൂല്യങ്ങളും സംസ്കാരങ്ങളും ആർജിച്ച മനുഷ്യ സമൂഹത്തിൽ പ്രയോഗിക്കുന്നത് അശാസ്ത്രീയവും അധാർമ്മികവുമാണെന്നും കാണാൻ കഴിയും. ജീവികളിൽ കണ്ടുവരുന്ന പ്രകൃതിനിയമം അതേപടി മനുഷ്യ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡാർവിൻ പറഞ്ഞിട്ടില്ല. അത്തരമൊരു പ്രയോഗത്തിന്റെ സാംഗത്യം ഡാർവിനിസം പരിശോധിച്ചിട്ടുമില്ല. പ്രകൃതിയിലെ ഇതര ജൈവസമൂഹങ്ങളിലെന്നപോലെ ഒരിക്കൽ മനുഷ്യസമൂഹത്തെയും ഭരിച്ചിരുന്ന പ്രകൃതിനിർധാരണ നിയമങ്ങളെ സഹബോധത്തിലധിഷ്ഠിതമായ സംസ്കാരങ്ങളിലൂടെയാണ്‌ മനുഷ്യൻ അതിജീവിച്ചത്.  വൈദ്യശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ, രോഗങ്ങൾക്കും രോഗാണുക്കൾക്കും മേൽ മനുഷ്യൻ നേടിയ മേൽ കൈ ‘ദുർബല’ന്റെ തിരോധാനത്തിന്‌ തടയിടുന്നതിനു കാരണമായിട്ടുണ്ട്. രോഗികളെ അവരുടെ സ്വാഭാവിക വിധിക്ക് വിടുകൊടുക്കാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് അതിജീവനത്തിനു പ്രാപ്തമാക്കുന്നത് സ്വാഭാവികപ്രകൃതിനിയമത്തിനുമേലുള്ള മനുഷ്യന്റെ വ്യക്തമായ ആധിപത്യത്തെയാണ്‌ കാണിക്കുന്നത്. പ്രകൃതിയുമായുള്ള മൽസരത്തിൽ മനുഷ്യന്‌ പൂർണമായി വിജയിക്കാനായിട്ടില്ലെങ്കിലും മനുഷ്യനും മനുഷ്യനും തമ്മിലുള്ള നിലനില്പിനായുള്ള മൽസരത്തിൽ ഉന്മൂലന സിദ്ധാന്തങ്ങളെ തള്ളിക്കളയാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് കാലങ്ങളായി അവൻ ആർജിച്ചെടുത്ത സാംസ്കാരികബോധത്തിലൂടെയാണെന്ന് കാണാൻ കഴിയും.

മൃഗങ്ങളെക്കൊണ്ട് വണ്ടിവലിപ്പിക്കുകയും ഭാരം ചുമപ്പിക്കുകയും, ജോലിയൊന്നും ചെയ്യിക്കാൻ കഴിയാതെ വരുമ്പോൾ അവയെ ഭക്ഷണമാക്കുകയും ചെയ്യുന്നതിലോ, ഭക്ഷണത്തിനായി പ്രത്യേകമായി (പരിണാമപരമായ കഴിവുകൾ കൃത്രിമമായി നല്കിക്കൊണ്ട്) വളർത്തിയെടുക്കുന്നതിലോ യാതൊരപാകതയും അധാർമികതയു നമുക്ക് തോന്നാറില്ല. എന്നാൽ കറുത്തവർ വെളുത്തവരേക്കാൾ പരിണാമപരമായി പിന്നിലാണെന്നും  അതുകൊണ്ട് അവനെ അടിമയാക്കി ജോലിചെയ്യിക്കാനൊ കൊല്ലാൻ തന്നെയോ ഉള്ള അധികാരം പ്രകൃതിപരമായിതന്നെ ന്യായീകരിക്കത്തക്കതാണെന്നും വരുമ്പോൾ അത്തരമൊരു ചിന്താപദ്ധതി നിർവ്വഹിക്കുന്ന ഔത്യം മാനവികവിരുദ്ധവും ശാസ്ത്രവുരുദ്ധവുമാകുന്നു. അതുപോലെ പ്രകൃതി നിർധാരണം,  ഇതര ജൈവലോകത്ത് നടക്കുന്നതുപോലെ മനുഷ്യസമൂഹത്തിലും നടക്കേണ്ടതുണ്ടെന്നും, എന്നാൽ മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ അതിനു തടസ്സം നില്ക്കുന്നുവെന്നും വാദിച്ചവരും ഉണ്ടായിരുന്നു. ഡാർവിന്റെ കസിൻ സഹോദരനായിരുന്ന ഫ്രാൻസിസ് ഗാൽട്ടൻ(Francis Galton) ആയിരുന്നു അവരിൽ പ്രധാനി. സാമൂഹിക ഡാർവിനിസത്തിന്റെ ആശയങ്ങൾ തന്നെയാണ് യൂജെനിക്സ് എന്ന പേരിൽ അറിയപ്പെട്ട ഈ പ്രസ്ഥാനത്തിനും ആധാരമായി ഉപയോഗിക്കപ്പെട്ടത്.
ദുർബലരും കഴിവുകെട്ടവരുമായ വ്യക്തികളെ സമുഷ്യസമൂഹം സംരക്ഷിക്കുന്നത് പ്രകൃതിനിർധാരണം അസാധ്യമാക്കിതീർക്കുന്നുവെന്നും, കഴിവുകെട്ടവരെ സംരക്ഷിക്കുകയല്ല, അവരെ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയാണ്‌ വേണ്ടതെന്നും വാദിക്കുന്ന ശുദ്ധീകരണവാദക്കാരും യൂജെനിക്സ് പ്രസ്ഥാനക്കാരും ഒരിക്കൽ രംഗം നിറഞ്ഞാടി. അത്തരക്കാരുടെ സന്തതിപരമ്പരകളെ ഒഴിവാക്കി മനുഷ്യസമൂഹത്തെ ‘ശുദ്ധീകരി‘ച്ചെടുക്കാൻ നിർബന്ധിത വന്ധീകരണം ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് പശ്ചാത്യ രാജ്യങ്ങളിൽ ഈ ആശയങ്ങൾ സർക്കാർ തലത്തിൽ തന്നെ പ്രയോഗവൽക്കരിക്കപ്പെടുകയുണ്ടായി.

എന്നാൽ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ അവബോധവും അതിന്റെ അടിസ്ഥാനത്തിൽ ലോകത്താകമാനം നടന്ന നിയമനിർമ്മാണങ്ങളും സാമൂഹിക ഡാർവിനിസം മുന്നോട്ട് വെച്ച ‘പ്രാകൃത’സിദ്ധാന്തത്തെ തിരസ്കരിക്കാൻ പര്യാപ്തമായിട്ടുണ്ട്. വർഗം, വർണം, ജാതി, ലിംഗം, സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്നത് മനുഷ്യത്വവിരുദ്ധമായി എണ്ണാൻ മനുഷ്യസമൂഹത്തിന് ഇന്ന് കഴിയുന്നുണ്ട്.
 അണുശക്തിയെ ആണവായുധങ്ങൾക്കായി ദുപയോഗം ചെയ്യുന്നതുപോലെ ഡാർവ്വിൻ മുന്നോട്ട് വെച്ച വിപ്ലവകരമായ അറിവിനെ മനുഷ്യത്വരഹിതമായി ദുരുപയോഗം ചെയ്യുന്നതിന്‌ ന്യായീകരണമില്ല. ‘ദുർബല’നെയും ‘കഴിവുകെട്ട’വനെയും അവന്റെ സ്വാഭാവികവിധിക്ക് വിട്ടുകൊടുക്കാതെ, മനുഷ്യാവകാശത്തെയും മാനവികതയെയും അടിസ്ഥാനപ്പെടുത്തിയ പുതിയ ധാർമ്മികബോധമാണ്‌ ലോകത്താകമാനമുള്ള മനുഷ്യസമൂഹം ഇന്ന് നേടിയിരിക്കുന്നത്. എങ്കിലും സാമൂഹിക ഡാർവിനിസത്തിന്റെ പല സ്വാധീനങ്ങളും ഇന്നും സമൂഹത്തിൽ നിലനില്ക്കുന്നുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. അത്തരം വാദഗതികൾക്കെതിരെ നാം സദാ ജാകരൂകരായിരിക്കേണ്ടതുണ്ട്.

 (2013 മെയ് ലക്കം യുക്തിയുഗത്തിൽ പ്രസിദ്ധീകരിച്ചത്)