Sunday, March 6, 2011

മനുഷ്യവംശത്തിന്റെ ഉൽപത്തി- പരിണാമശാസ്ത്രത്തിലൂടെ ഒരു യാത്ര.


(രാജു വാടാനപ്പള്ളി)

എവിടെനിന്നോ വന്നു ഞാൻ; എവിടേക്കോ പോണു ഞാൻ.....

     തന്നെക്കുറിച്ചും തന്റെ വംശം വന്ന വഴികളെക്കുറിച്ചും ഒരിക്കലെങ്കിലും ചിന്തിക്കാത്ത മനുഷ്യർ ആരുണ്ട്? താൻ ആരാണ്‌? എവിടെനിന്ന് വന്നു? എങ്ങനെ വന്നു? എവിടേക്ക് പോകുന്നു? ഉത്തരം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് എത്രയേറെ പഴക്കമുണ്ടാകാം? 

     റെഡിമെയ്ഡ് ഉത്തരങ്ങളുമായി മതങ്ങൾ എപ്പോഴേ റെഡി. അവ പറയുന്നു: മനുഷ്യനെ മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്. ഓരോന്നിനെയും പ്രത്യേകം പ്രത്യേകമായി-അതും ഇന്നു കാണുന്ന അതേ രൂപത്തിൽ. ജീവികളുടെ സൃഷ്ടിക്കുശേഷം അവയുടെ ആകാരത്തിൽ ഒരല്പം പോലും മാറ്റം വന്നിട്ടില്ലെത്രെ. മാത്രമല്ല, ഇക്കൂട്ടത്തിൽ വിശേഷജീവിയായ മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ തന്നെയാണെത്രെ സൃഷ്ടിച്ചത്. ഇനിയെന്തോന്നന്വേഷിക്കാൻ? എല്ലാവരും ദൈവത്തിനു സ്തോത്രം ചൊല്ലി കഴിഞ്ഞുകൂടുവിൻ, നിങ്ങളെ കാത്തിരിക്കുന്നത് നിത്യസ്വർഗമാണ്‌; ഇതെത്രെ മനുഷ്യോല്പത്തിയെക്കുറിച്ച മതപരമായ വ്യാഖ്യാനം. കഴിഞ്ഞ 3000 വർഷങ്ങൾക്കിപ്പുറത്ത് സംഘടിത മതങ്ങളുടെ ആവിർഭാവത്തോടെ ഇത്തരം വിശ്വാസങ്ങൾ സമൂഹത്തിൽ നിലവിലിരിക്കുന്നു. നിരക്ഷരർ മാത്രമല്ല വിദ്യാസമ്പന്നരായ മനുഷ്യരും പഠിച്ചതേ പാടിക്കൊണ്ട്, അനുസരണയോടെ ചോദ്യം ചെയ്യാതെ ജീവിക്കുന്നു. എന്നാൽ മതപരമായ ഈ അറിവിനുമപ്പുറത്ത് മറ്റൊരു ലോകമുണ്ട്. അത് അന്വേഷണത്തിന്റെ വഴിയാണ്‌; അത് തിരിച്ചറിവിന്റെ വഴിയാണ്‌; അത് ശാസ്ത്രത്തിന്റെ വഴിയാണ്‌. മനുഷ്യോല്പത്തിയെക്കുറിച്ച് ആധികാരികമായ അറിവു തരാൻ ഇന്ന് നമുക്കുമുന്നിൽ പരിണാമശാസ്ത്രത്തിന്റെ വഴികളുണ്ട്. വ്യക്തമായ തെളിവുകളോടെ അത് മനുഷ്യൻ വന്ന വഴികളിലേക്ക് വെളിച്ചം വീശുന്നു. അത് പറയുന്നു: മനുഷ്യൻ മാത്രമല്ല, ഭൂമിയിലെ സകല ജീവികളും ഇന്ന് കാണുന്ന അതേ രൂപത്തിൽ ‘സൃഷ്ടിക്ക’പ്പെട്ടതല്ല, മറിച്ച് ഇന്ന് കാണുന്ന രൂപത്തിലേക്ക് അവയുടെ പൂർവ്വരൂപങ്ങളിൽനിന്ന് ലക്ഷക്കണക്കിന്‌ വർഷങ്ങളിലൂടെ നടന്ന പരിണാമത്തിന്റെ ഫലമായി ആയിത്തീർന്നതാണെന്ന്. ഈ ‘ആയിത്തീരൽ’ എന്ന പ്രക്രിയയാണ്‌ പരിണാമം. അതാണ്‌ എവല്യൂഷനറി ബയോളജി. മുൻ വിധികളില്ലാതെ വന്ന വഴികൾ അന്വേഷിക്കുന്ന, മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യക്തമായ ഉത്തരം തരുന്ന ശാസ്ത്രശാഖ. 

      ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളും ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരായ ജീവികളും-ഉദാ: ഡിനോസർ- പരസ്പരം ബന്ധിതരാണ്‌. ഒന്നിൽ നിന്ന് മറ്റൊന്ന് ക്രമേണ രൂപം കൊള്ളുന്നു. ഭൂമിയിൽ ആദ്യമുണ്ടായ ജൈവരൂപത്തിന്റെ പില്കാല പ്രതിനിധികളാണ്‌ നമ്മളെല്ലാം. ഒരു ജീവി വിഭാഗം ക്രമേണ ഉണ്ടാകുന്നു എന്നതിന്‌ അല്ലെങ്കിൽ ഒന്ന് ക്രമേണ മറ്റൊന്നായി തീരുന്നു എന്നതിന്‌ അമ്പരപ്പിക്കുന്ന ഒരു ഉദാഹരണം നോക്കൂ: തിമിംഗലം ഒരു കടൽ ജീവിയാണ്‌; സസ്തനിയുമാണ്‌. അതിന്റെ ഉല്പത്തി കരയിൽ നാല്‌ കാലിൽ നടന്നിരുന്ന ഒരു സസ്തനിയിൽ നിന്നാണ്‌. ഹിപ്പോപൊട്ടോമസിന്റെ ഒരു അടുത്ത ബന്ധുവിൽ നിന്നാണ്‌ 5 കോടി വർഷങ്ങൾക്ക് മുമ്പ് തിമിംഗലം പരിണമിച്ചത്! [1](വിശദാംശങ്ങൾ മറ്റൊരു പൊസ്റ്റിൽ)

     ഒരു വലിയ വൃക്ഷത്തെ സങ്കല്പ്പിക്കുക. വളർന്ന് പടർന്ന് പന്തലിച്ചുനില്ക്കുന്ന ഒരു വടവൃക്ഷം. അതിന്‌ അനേകമനേകം ശാഖോപശാഖകൾ ഉണ്ട്. അതിന്റെ മണ്ണോട് ചേർന്ന് നില്ക്കുന്ന ഭാഗം ആദ്യത്തെ ജൈവരൂപമാണെങ്കിൽ, അതിന്റെ ഏറ്റവും മുകളറ്റത്ത് കാണുന്ന കൊച്ചു കൊമ്പ്- അതാണ്‌ മനുഷ്യൻ. ആ കൊമ്പ് തനിയെ ആകാശത്തിൽ നില്ക്കില്ല. അത് മറ്റുശാഖകളുമായി ബന്ധപ്പെട്ടാണ്‌ നില്ക്കുന്നത്; അല്ലെങ്കിൽ മറ്റുപല ശാഖകളിൽ നിന്നുമാണ്‌ പ്രസ്തുത ശാഖ ഉണ്ടാകുന്നത്. ഈ ആദ്യ ജൈവരൂപത്തിൽനിന്ന് മനുഷ്യൻ എന്ന ശാഖയിലേക്കെത്തുവാൻ 400 കോടി വർഷം എടുത്തു. ഭൂമിയിൽ കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം ജീവൻ ആവിർഭവിച്ചു. നമുക്ക് കിട്ടിയിട്ടുള്ള ജീവികളുടെ ജൈവാംശമടങ്ങിയ ഏറ്റവും പഴക്കമുള്ള പാറകൾ ഗ്രീൻലാന്റിലെ അകീലിയ ദ്വീപിൽ (Akilia Island)നിന്നാണ്‌. 1995-ൽ കാലിഫോർണിയയിലെ Scripps Institute of  Oceanography യിലെ Gustaf Arrhenius ഉം സംഘവും കൂടി കണ്ടുപിടിച്ചു. അതിലടങ്ങിയിരുന്ന ജൈവാംശങ്ങളുടെ പ്രായം 385 കോടി വർഷമാണ്‌[2]. ഇതനുസരിച്ച് ജീവശാസ്ത്രകാരന്മാർ കണക്കു കൂട്ടിയെടുത്തു; ഭൂമിയിൽ കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം എപ്പൊഴോ ജീവൻ ആവിർഭവിച്ചുവെന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ഇക്കാലത്ത് ‘ദൈവം’ മനുഷ്യനെന്ന ‘പ്രമാണി’യെ സൃഷ്ടിച്ചില്ല? 6 ദിവസം കൊണ്ടാണല്ലോ ദൈവം സൃഷ്ടികർമ്മം പൂർത്തിയാക്കിയത്. 350 കോടി വർഷം മുമ്പെങ്കിലും ഉള്ള ഒരു മനുഷ്യഫോസിൽ കണ്ടെത്തിയാൽ പരിണാമവാദം പൊളിഞ്ഞു. എന്നാൽ കാര്യങ്ങളുടെ കിടപ്പ് ദൈവത്തിന്‌ അത്ര സുഖകരമായ വിധത്തിലല്ലല്ലോ.

പരിണാമം സംഭവിക്കുന്നത്

     ഒരു  ജീവിക്ക് -ഏതു ജീവിയുമാവാം-സന്തതിപരമ്പരകൾ  ഉണ്ടാകുമ്പോൾ  അതിന്റെ ജനിതക -DNA-വസ്തുവിൽ ചില  വ്യതിയാനങ്ങൾ  സംഭവിക്കാനിടയുണ്ട്. ഈ വ്യതിയാനം എന്നു  പറയുന്നത്  ജീനുകളിൽ  സംഭവിക്കുന്ന  അക്ഷരത്തെറ്റുകളാണ്‌ - മ്യൂട്ടേഷൻസ് -. അങ്ങനെ  മ്യൂട്ടേഷൻ  സംഭവിച്ചാൽ  നിലവിൽ  ആ ജീൻ കോഡ് ചെയ്തിരുന്ന  പ്രോട്ടീനുപകരം  വേറൊരു  പ്രോട്ടീനായിരിക്കും ഉല്പാദിപ്പിക്കുക. ഈ മാറ്റങ്ങളോടെ  ജനിക്കുന്ന  ജീവി ആ പരിസ്ഥിതിക്ക് അനുകൂലമാണെങ്കിൽ   മാത്രമേ അതിജീവിക്കൂ.  പരിസ്ഥിതിക്ക്  യോജിച്ചതാണെങ്കിൽ അതിനനുകൂലമായി  പ്രകൃതി നിർധാരണം നടക്കും.  അല്ലാത്തപക്ഷം ആ ജീവി തെറ്റായ  മ്യൂട്ടേഷൻ  മൂലം  നശിച്ചുപോകും. അങ്ങനെ  ഇത്തരം കൊച്ചു കൊച്ചു മാറ്റങ്ങൾ  അനേകായിരം തലമുറകളിലൂടെ, ലക്ഷക്കണക്കിനു വർഷങ്ങളെടുത്ത്  കടന്നുപോകുമ്പൊൾ  നമ്മൾ ആദ്യം കണ്ട ജീവിയായിരിക്കില്ല  ഇപ്പോൾ കാണുന്നത്. അത് തികച്ചും  വ്യത്യസ്ത ജീവിയായിരിക്കും . ഇവിടെ  പരിണാമമാണു പ്രവർത്തിച്ചത്.  ഇവിടെ   ഒരു  കാര്യം പ്രത്യേകം ഓർമ്മിക്കണം. പരിണാമം എന്നത് നേരെമുകളിലേക്ക്  കയറിപ്പേ​‍ാകുന്ന കോണിപ്പടിയല്ല. അത് ശാഖോപശാഖകളായി  പിരിയുകയാണ്‌. അതിൽ എല്ലാ ശാഖകളും പരിസ്ഥിതിക്ക് അനുകൂലമാവുകയില്ല. വളരെ കുറച്ചു മാത്രമേ പരിസ്ഥിതിയോട് ഒത്തിണങ്ങിപ്പോകൂ. അവയ്ക്ക്  അനുകൂലമായ പ്രകൃതി നിർധാരണം(Natural Selection) നടക്കും.  അല്ലാത്ത  ശാഖകളെല്ലാം പൂർണ്ണമായും നശിച്ചുപോകും.മനുഷ്യന്റെ പരിണാമം തന്നെയാണിതിനു ഏറ്റവും നല്ല ഉദാഹരണം.  ഭൂമിയിലെ എല്ലാ ജീവികളും ഈ കാരണത്താൽ പരസ്പരം ബന്ധപ്പെട്ടവരാണ്‌. നമ്മിലെ പല ജീനുകളും മറ്റുപലജീവികളിലും കാണാം. അതായത് ഭൂമിയിലെ എല്ലാ ജീവികളും ആദിമ ജൈവരൂപത്തിന്റെ വ്യത്യസ്തമായ കിളിർപ്പുകളാണ്‌. പരിണാമശാസ്ത്രത്തിന്റെ വെളിച്ചത്തിൽ   ഒന്നുകൂടി  തറപ്പിച്ചു  പറയട്ടെ ;മനുഷ്യൻ ഒരു ദൈവ സൃഷ്ടിയല്ല; മറിച്ച് പരിണാമത്തിലൂടെ   ആയിത്തീർന്നതാണ്‌.  ഇനി മനുഷ്യൻ  മറ്റു ജീവികളിൽ നിന്ന്  പരിണമിച്ചതാണ്‌ എന്നതിന്റെ തെളിവുകൾ നോക്കാം.

     ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ നട്ടെല്ലുള്ള ജീവികൾ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ 53 കോടി വർഷങ്ങൾ തൊട്ടാണ്‌. മത്സ്യങ്ങൾ, ഉഭയ ജീവികൾ, ഉരഗങ്ങൾ, പക്ഷികൾ സസ്തനികൾ എന്നിവയാണു നട്ടെല്ലുള്ള ജീവികൾ. മത്സ്യങ്ങളിലെ പരിണാമം ഒരു ഘട്ടത്തിൽ ഉഭയജീവി -കരയിലും വെള്ളത്തിലുമായി ജീവിതചക്രമുള്ളവർ,-തവള-കളിലെത്തുന്നു. ഉഭയ ജീവികളിൽ നിന്നുക്രമേണ അത് ഉരഗങ്ങളിലെത്തുന്നു. ഉരഗപരിണാമം പിന്നീട്  പക്ഷികളിലേക്കും സസ്തനികളിലേക്കും നീങ്ങുന്നു. ഒറ്റശ്വാസത്തിൽ ഇങ്ങനെ പറഞ്ഞുവെങ്കിലും മൽസ്യങ്ങളിൽ നിന്നും പരിണാമം സസ്തനികളിലെത്താൻ 46.5 കോടി വർഷമെടുത്തു. ദൈവം തമ്പുരാൻ സൃഷ്ടിച്ചതൊന്നുമല്ല ഈ ക്രമം . അത് പ്രകൃതി നിർധാരണത്തിലൂടെ സംഭവിച്ചതാണ്‌. മനുഷ്യഭ്രൂണം ഈ ക്രമത്തെ പുനരവതരിപ്പിക്കുന്നു.

     ബീജ, അണ്ഡ കോശങ്ങൾ ഒന്നായിച്ചേർന്ന് കഴിഞ്ഞാൽ ചില അല്ഭുതകരമായ പ്രവർത്തനങ്ങൾ ഗർഭപാത്രത്തിൽ നടക്കുന്നുണ്ട്. ഒരു പുരുഷനിൽ നിന്നും 23 ക്രോമസോമുകളും വഹിച്ചുകൊണ്ട് ബീജവും സ്ത്രീയിൽ നിന്ന് 23 ക്രോമസോമുകളും വഹിച്ചുകൊണ്ട്  അണ്ഡവുമാണ്‌ കൂടിച്ചേരുന്നത്‌. അണ്ഡവഹിനിക്കുഴലിൽ വെച്ച്‌ അവ കൂടിച്ചേർന്ന്‌ 23 ജോഡി ക്രോമസോം ഉള്ള ഒരു കോശമായിത്തീരുന്നു. ഇപ്പോൾ ആ കോശത്തിൽ 300  കോടി ബേസ് ജോഡികളും 30,000ത്തോളം ജീനുകളുമുണ്ട്. DNA യിൽ പ്രോട്ടീൻ  ഉല്പാദിപ്പിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങളടങ്ങിയ ചില പ്രത്യേക ഭാഗങ്ങളുണ്ട്‌. ആ ഭാഗങ്ങളാണ്‌ ജീനുകൾ. ഈ ജീനുകൾ ഒരു പൂർണ്ണ മനുഷ്യനെ രൂപപ്പെടുത്തുന്നതിനുവേണ്ട പാചകക്കുറിപ്പുകളാണ്‌. നമ്മുടെ ശരീരത്തിലെ ഓരോ അവയവവും എവിടെ, എപ്പോൾ രൂപം കൊള്ളണമെന്ന്‌ നിശ്ചയിക്കുന്നത്‌ ഈ ജീനുകളാണ്‌. സ്ത്രീ പുരുഷ കോശങ്ങൾ ഒന്നായിച്ചേർന്ന്‌ കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ താനേ നടന്നുകൊള്ളും . ഈ ഘട്ടത്തിൽ ഒരു ആത്മാവ്‌ ബീജ സങ്കലനം നടന്ന കോശത്തിൽ പ്രവേശിക്കുന്നില്ല.

        ഇനിയാണ്‌ അതിശയങ്ങൾ അരങ്ങേറുന്നത്‌. ഭ്രൂണത്തിന്റെ പരിണാമം  ഈ കോശത്തിൽ നിന്നാരംഭിക്കുന്നു. ഈ ഏകകോശം ജീവന്റെ ആവിർഭാവ ഘട്ടത്തിലെ  പ്രാഥമിക രൂപത്തെക്കുറിച്ചുള്ള സൂചനയാണ്‌. പിന്നീട്‌ ഭ്രൂണം വളർന്ന്‌ 6 ആഴ്‌ച വരെയെത്തുന്ന കാലയളവിൽ ചില അന്തർനാടകങ്ങൾ നടക്കുന്നു. നട്ടെല്ലുള്ള എല്ലാജീവി വിഭാഗങ്ങളും കാഴ്ചയിൽ തീത്തും  വ്യത്യസ്‌തരാണ്. എന്നാൽ ഇവയുടെ എല്ലാം ഭ്രൂണത്തിന്റെ ആദ്യഘട്ടം മത്സ്യത്തിന്റെ ഭ്രൂണം പോലെയാണ്.  മനുഷ്യന്റേതും  അങ്ങനെതന്നെ.എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും ഉത്കൃഷ്‌ടനാണ്‌ മനുഷ്യൻ. ദൈവം അവനെ, അവന്റെ രൂപത്തിൽ തന്നെയാണ്‌ സൃഷ്‌ടിച്ചത്. അങ്ങനെയണെങ്കിൽ ബീജവും അണ്ഡവും കൂടിച്ചേർന്ന്‌കഴിഞ്ഞാലുടൻ അതൊരു  കുഞ്ഞുമനുഷ്യൻ ആവണം. പ്രസവിക്കും വരെ അതു നിരന്തരം വളരണം . എന്നാൽ അങ്ങനെയല്ല തുടക്കത്തിൽ സംഭവിക്കുന്നത്‌. നടക്കുന്നത് മറ്റൊരു വിധത്തിലാണ്‌.പരിണാമശ്രേണിയിൽ വളരെ പില്ക്കാലത്ത്‌ മാത്രം പ്രത്യക്ഷപ്പെടുന്ന മനുഷ്യൻ, അവന്റെ ഭ്രൂണവികസനത്തിന്റെ ആദ്യഘട്ടത്തിൽ അവൻ വന്ന വഴി വ്യക്തമായി കാണിക്കുന്നു.

വാലുള്ള മനുഷ്യശിശു
     ആദ്യം ഭ്രൂണത്തിൽ ചെകിളകൾ ഉണ്ടാകുന്നു[3] . ചെകിള; ജലജീവി-മൽസ്യ-കളുടെ ശ്വസനാവയമാണ്‌. മനുഷ്യന്റെ ഭ്രൂണത്തിൽ ചെകിളകൾ എന്തിന്? മനുഷ്യൻ അന്തരീക്ഷവായു നേരിട്ട് ശ്വസിക്കുന്നവനാണ്‌. എന്നിട്ടും മനുഷ്യഭ്രൂണത്തിൽ ചെകിളകൾ രൂപപ്പെടുന്നു. ഇതിനർത്ഥം ചെകിളകൾ ഉല്പാദിപ്പിക്കുന്ന ജീൻ നാം വഹിക്കുന്നുണ്ട് എന്നാണ്‌. എന്തുകൊണ്ട് നമ്മുടെ ജനിതകഘടനയിൽ മൽസ്യങ്ങളുടെ ശ്വ്വസനാവയവം നിർമ്മിക്കുന്ന ജീനുകൾ കടന്നുകൂടി? ഈ ജീനുകൾ വഴിതെറ്റി കയറിവന്നവയാണോ? അല്ല, അത് മനുഷ്യൻ എവിടെനിന്ന് ഉല്ഭവിച്ചുവെന്നാണ്‌ കാണിച്ചുതരുന്നത്. മനുഷ്യൻ ഉല്ഭവിച്ചത് മൽസ്യ വിഭാഗത്തിൽ നിന്നുമാണ്‌. അവ നമ്മുടെ വിദൂരസ്ഥമായ പൊതു പൂർവികനാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ ജനിതകഘടനയിൽ അവയുടെ ജീനുകളും വന്നത്. ഭ്രൂണത്തിന്റെ തുടക്കത്തിൽ പല പൊതു പൂർവികരും വന്ന് തലകാട്ടി പോകും. അങ്ങനെയാണ്‌ ചെകിളയുണ്ടാക്കുന്ന ജീനുകൾ “ഓൺ” ആകുകയും ചെകിളകളിലൂടെ മൽസ്യപൂർവികർ രംഗത്തുവരികയും ചെയ്യുന്നത്. പിന്നീട് ഈ ജീനുകൾ “ഓഫ്” ആകുന്നു. തുടർന്ന്‌ മനുഷ്യനിലേക്ക്‌ ഭ്രൂണം നീങ്ങുകയും ചെയ്യും. ചെകിളയുണ്ടായ  സ്ഥാനത്ത്‌ പിന്നീട്‌ നാവ്‌, കീഴ്‌ത്താടി, കഴുത്ത്‌, ശ്വാസകോശം എന്നിവ രൂപം കൊള്ളും. ഇനി മറ്റൊരു പൊതുപൂർവ്വികൻ വരുന്നു. അത്‌ വാലും കൊണ്ടാണ്‌ വരുന്നത്‌. മനുഷ്യന്‌ വാലുണ്ടോ?  ഇപ്പോൾ തപ്പിനോക്കിയാൽ കാണില്ല. എന്നാൽ നമ്മൾ ഭ്രൂണാവസ്‌ഥയിൽ ആയിരിക്കുമ്പോൾ നമുക്ക് വാലു മുളക്കുന്നു. അത്‌ നമ്മുടെ ഉരഗ , സസ്‌തന,പൂർവ്വികരെ സൂചിപ്പിക്കുന്നു. അതായത്‌ അവർക്ക്  വാലുണ്ടാക്കുന്ന ജീനുകൾ നമ്മുടെ ജനിതക ഘടനയിലും, ഗർഭം തുടങ്ങി 7ആഴ്‌ച വരെയുള്ള കാലയലവിൽ  ഈ വാൽ വളരുന്നു. ഈ “വാൽ” ചരിത്രം വ്യക്തമാക്കുന്നത് നമ്മുടെ ഉത്‌പത്തി വാലുള്ള - ഉരഗ സസ്‌തന-ജീവികളിൽ നിന്നായിരുന്നു എന്നാണ്‌. അതുകൊണ്ട്‌ അവയുടെ അംശങ്ങൾ നമ്മളും പേറുന്നു. സാധാരണയായി 7 ആഴ്ച കഴിഞ്ഞാൽ ഈ വാൽ ജീൻ തനേ ഓഫാവുകയും ഭ്രൂണം മനുഷ്യനിലേക്ക്‌ നീങ്ങുകയും ചെയ്യണം . ചിലപ്പോൾ പ്രസ്തുത ജീൻ ഓഫാവുകയില്ല. അപ്പോൾ സംഗതി കാര്യമാവും  അങ്ങനെ വന്നാൽ ശിശു “വാലായിട്ട്” ജനിക്കും. ഉത്തരേന്ത്യയിൽ കുറച്ച് വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു ശിശു വാലുമായിട്ട്  ജനിച്ചു. തുടർന്ന്‌  അത്‌ ഹനുമാന്റെ അവതാരമാണെന്നു പറഞ്ഞ്‌ ചില കോലാഹലങ്ങളുണ്ടായത്‌ ചിലരെങ്കിലും  ഓർക്കുന്നുണ്ടാവും.  ഈയടുത്ത് നടന്നചില ജനിതക പഠനങ്ങൾ കാണിക്കുന്നത്‌ ചുണ്ടെലികളിൽ വാലുണ്ടാക്കുന്ന അതേ ജീനുകൾ തന്നെയണെത്രേ മനുഷ്യനിലും പ്രവർത്തിക്കുന്നത്‌[4] പിന്നീട്‌ മനുഷ്യനിൽ അവ നിർവീര്യമാക്കപ്പെടുന്നുണ്ട്‌.

പൊഴിയാത്ത രോമങ്ങൾ മനുഷ്യശിശുവിൽ
     തവളകളുടെ കൈകാലുകൾ ചർമ്മം പൊതിഞ്ഞവയാണ്‌. ഏതാണ്ടിതുപോലെതന്നെയാണ്‌ ഭൂണാവസ്ഥയിൽ മനുഷ്യന്റെ കൈകാലുകൾ. ഇത് നമ്മുടെ ഉഭയജീവി പൂർവികബന്ധം സൂചിപ്പിക്കുന്നു. പിന്നീട് ഈ ചർമ്മമെല്ലാം കൊഴിഞ്ഞുപോയി വിരലുകൾ പ്രത്യേകം പ്രത്യേകമാകുന്നു. മനുഷ്യൻ സസ്തനിയാണ്‌. സസ്തനി വിഭാഗത്തിലെ ഒരു Order ആയ പ്രൈമേറ്റ് വിഭാഗത്തിലാണ്‌ മനുഷ്യന്റെ സ്ഥാനം.  നമ്മുടെ പ്രൈമേറ്റ് ബന്ധം വ്യക്തമാക്കുന്ന ഒരു തെളിവ് നോക്കാം. മനുഷ്യന്‌ മറ്റു പ്രൈമേറ്റുകളെപ്പോലെ രോമാവൃതമായ ശരീരമില്ല.  എന്നാൽ ഭ്രൂണവളർച്ചയുടെ ഒരു ഘട്ടത്തിൽ  ശരീരം രോമാവൃതമാകുന്നുണ്ട്. ഗർഭം 6 മാസം പിന്നിടുമ്പോൾ ശിശുവിന്റെ മേലാകെ രോമാവൃതമാവും.[5] പ്രസവത്തിന്‌ ഒരു മാസം മുമ്പ് ഈ രോമമെല്ലാം കൊഴിഞ്ഞുപോകും. അങ്ങിനെ ഒരു ഒത്ത മനുഷ്യക്കുഞ്ഞായി അത് പിറക്കും. Lanugo എന്നാണ്‌ ഈ നനുത്ത രോമങ്ങളുടെ പേര്‌. ഇത് കൃത്യമായും നമ്മുടെ പ്രൈമേറ്റ് പൂർവ്വികരെ വെളിപ്പെടുത്തുകയാണ്‌. രസകരമായ കാര്യം, കുരങ്ങുകൾക്കും ഭ്രൂണവസ്ഥയിൽ ഇതേ സമയത്ത് തന്നെയാണ്‌ രോമങ്ങൾ മുളയ്ക്കുന്നത്. പക്ഷേ അവർക്കത് കൊഴിയുന്നില്ലെന്ന് മാത്രം.

     സസ്തനി ബന്ധം വ്യക്തമാക്കുന്ന മറ്റൊരു ശക്തമായ തെളിവാണ്‌ നമ്മുടെ അപ്പെന്റിക്സ്. നമുക്ക് ഒട്ടും തന്നെ ഉപയോഗമില്ലാത്ത എന്നാൽ തീർത്തും ഉപദ്രവകാരിയായ ഒരു അവയവമാണ്‌ Appendix. എന്നാൽ മുയൽ, കങ്കാരു തുടങ്ങിയ ജീവികൾക്ക് വളരെ അത്യാവശ്യമായ ഒരു അവയവമാണിത്. സെല്ലുലോസ്‌ ദഹിപ്പിച്ചെടുക്കാൻ അവർക്കിത്‌ വളരെ ആവശ്യമാണ്‌ . നമുക്കിത്‌ ഒട്ടും തന്നെ ആവശ്യമില്ല, എന്നിട്ടും നമ്മുടെ ജനിതക ഘടനയിൽ Appendix നിർമ്മിക്കുന്നതിനുള്ള ജീനുകളും അടങ്ങുന്നു. എന്താണിത് കാണിക്കുന്നത്‌; നമ്മുടെ പിറവി സസ്‌തനി കുടുംബത്തിൽ നിന്നു തന്നെയാണെന്നാണ്‌ ഇതു കാണിക്കുന്നത്‌. അങ്ങിനെ ഭ്രൂണശാസ്ത്രത്തിലെ തെളിവുകൾ മനുഷ്യന്റെ ഉല്പത്തി  എങ്ങനെയായിരുന്നുവെന്ന്‌ കൃത്യമായി കാണിച്ചുതരുന്നു. അതായത്‌ സൃഷ്‌ടിയുടെ 6-ആം‍ ദിവസം ദൈവം ഓം‍ ഹ്രീം ഐസ്‌ക്രീം സ്വാഹ എന്നു പറഞ്ഞപ്പോൾ ഉണ്ടായതല്ല മനുഷ്യൻ എന്നും കോടിക്കണക്കിന്‌ വർഷങ്ങളിലൂടെ നടന്ന പരിണാമത്തിന്റെ ഫലമായിട്ടാണ്‌ മനുഷ്യൻ രൂപം കൊണ്ടതെന്നുമാണ്‌  ഇത്‌ കാണിക്കുന്നത്.

സസ്‌തനികളുടെ  രംഗപ്രവേശം

     കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി വിഭാഗമാണ്‌ സസ്തനികൾ . നമ്മൾ ഉൾക്കൊള്ളുന്ന Class ഇതാണ്‌. സസ്‌തനികൾ ഭൂമിയിലെ ഒരു പ്രബല ജീവിവിഭാഗമായി തീരുന്നത്‌ കഴിഞ്ഞ 6.5 കോടി വർഷങ്ങൾക്ക്‌ ശേഷമാണ്‌.  വാസ്‌തവത്തിൽ  കഴിഞ്ഞ 21 കോടി വർഷങ്ങൾ തൊട്ടേ സസ്തനികൾ  പരിണമിച്ചെങ്കിലും അവർക്ക്‌ വികസനത്തിന്‌ അവസരമുണ്ടായില്ല. അതിന്‌ കാരണം ഡിനോസറുകളുടെ സാന്നിദ്ധ്യമാണ്‌. ഉരഗവിഭാഗതതിൽ നിന്ന്‌ സസ്‌തനികളും ഡിനോസറുകളും ഏതാണ്ട്‌ ഒരേ സമയത്തുതന്നെയാണ്‌ വേർപെട്ട് പുതിയ ജീവി വിഭാഗമായി തീരുന്നത്‌. എന്നാൽ ഡിനോസറുകൾക്കനുകൂലമായി ശക്‌തമായി പ്രകൃതി നിർദ്ധാരണം നടക്കുന്നു. അതുകൊണ്ട്‌ ഡിനോസറുകൾ  അതിവേഗം  വിപുലപ്പെടുകയും വ്യത്യസ്‌ത വിഭാഗമായി തീരുകയും ചെയ്‌തു. 30ഓളം ജീനറകളിലായി 530 തരം ഡിനോസറുകൾ  അവർ കഴിഞ്ഞ 21 കോടി വർഷം മുതൽ  കഴിഞ്ഞ 6.5കോടി വർഷം വരെയുള്ള നീണ്ട 15 കോടി വർഷങ്ങൾ ഭൂമിയിലെ പ്രബല ജീവി വിഭാഗമായി ഭൂമിയെ അടക്കിവാണു. ഡിനോസറുകൾ പ്രബലന്മാരായി കഴിഞ്ഞിരുന്ന വേളയിൽ മറ്റുജീവി വിഭാഗങ്ങൾക്കൊന്നും വികാസമുണ്ടായില്ല. നമ്മുടെ വിഭാഗമായ സസ്തനികൾ ഒരരികിലേക്ക്‌ ഒതുക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സസ്‌തനികളുടെ വലിപ്പം ഒരു പെരുച്ചാഴിയുടെ അത്രയേയുള്ളൂ. അതും രാത്രിഞ്ചരന്മാരായി  കഴിയേണ്ടി വന്നു. അതിനു കാരണം പകൽ ജീവിതം ഡിനോസറുകൾ കൈയടക്കി എന്നതാണ്‌. പകൽ സമയത്ത്‌ പുറത്തിറങ്ങിയാൽ ആഹാരമാവുമെന്നതിനാൽ രാത്രി ജീവിതവുമായി അവർക്ക്‌ പൊരുത്തപ്പെടേണ്ടി വന്നു. ഭൂമിയിൽ ഒരു ജീവിക്കും ശാശ്വതമായി ജീവിക്കുവാൻ അവസരമില്ല. ദിനോസറുകളുടെ കാര്യത്തിലും അത്‌ സംഭവിച്ചു. 6.5 കോടി വർഷങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു ഉൽക്കാപതനം വഴി ദിനോസറുകൾ എന്നെന്നേക്കുമായി ഭൂമുഖത്തുനിന്നും അപ്രത്യക്ഷരായി. ഭൂമിയിലെ ജീവന്റെ ചരിത്രത്തിലെ അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസമാണ്‌ ജീവന്റെ കൂട്ട വിനാശം-Mass Extinction -, ചില ഘട്ടങ്ങളിൽ ഇത്‌ ജീവൻ പാടെ തുടച്ചു നീക്കപ്പെടും- 96 ശതമാനം ജീവികൾ നശിച്ച ഘട്ടം , 24.5 കോടി വർഷം മുമ്പ്‌ പെർമിയൻ  യുഗത്തിൽ - എന്ന അവസ്‌ഥവരെ വന്നിട്ടുണ്ട്‌ . 6.5 കോടി വർഷം മുമ്പ്‌ ക്രിറ്റേഷ്യസ് യുഗത്തിൽ സംഭവിച്ച ഈ ജീവന്റെ തുടച്ചു നീക്കലിൽ 70% ജീവികളും[6] ചത്തു തുലഞ്ഞുപോയി . ഇവിടെ ഒരു ചോദ്യം ഉയരുന്നു. ദൈവം ഉണ്ടെങ്കിൽ, ആ ദൈവം തന്നെ സൃഷ്‌ടിച്ച ജീവികളെ അങ്ങേര്‌ തന്നെ  ഇത്ര നികൃഷ്ടമായി കൂട്ടത്തോടെ നശിപ്പിക്കുന്നതെന്തിന്‌? സൃഷ്‌ടിക്കലും കൂട്ടക്കൊലയും ഇതെന്താ കുട്ടിക്കളിയാണോ? വിശ്വാസികൾക്കതിന്‌ മറുപടിയുണ്ടോ?  

     എന്തായാലും 6.5 കോടി വർഷങ്ങളൊടെ ഡിനോസറുകൾ പൂർണമായും രംഗത്തുനിന്നും അപ്രത്യക്ഷരായി. അതോടെ അവർ ജീവിച്ചുവന്നിരുന്ന ജീവിതപരിസരം കാലിയായി. അവിടേക്ക് സസ്തനികൾ പ്രവേശിക്കുന്നു. അങ്ങനെ 6.5 കോടി വർഷം തൊട്ട് ഇന്നുവരെയുള്ള കാലത്തെ സസ്തനയുഗം-Mammalian age- എന്ന് വിശേഷിപ്പിക്കാം. തുടർന്ന് സസ്തനികളിലെ വൈവിധ്യവല്കരണം അതിവേഗം നടക്കുന്നു. പാലിയോസിൻ യുഗം-6.5 കോടി വർഷം മുതൽ കഴിഞ്ഞ 5.4 കോടിവർഷം വരെ- അവസാനിക്കുമ്പോഴേക്കും സസ്തനികൾ വ്യത്യസ്ത വിഭാഗങ്ങളായി പിരിയുന്നു. ഓരോരോ വ്യത്യസ്ത പരിതസ്ഥിതികളിൽ ജീവിക്കുവാൻ അനുകൂലനം നേടുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്. സസ്തനികളിൽ പരിസ്ഥിതിക്കനുസരിച്ച് അനുകൂലനം നേടിയ ഒരുപാട് വിഭഗങ്ങ-Order-ളുണ്ട്. ഒട്ടകം, പന്നി, ഹിപ്പൊ​‍ എന്നിവ ഉൾക്കൊള്ളുന്ന Artiodactyla, കുതിരയുടെയും കണ്ഡാമൃഗത്തിന്റെയും വിഭാഗമായ Perrisodactyla, എലി, മുയൽ എന്നിവയുടെ Rodentia, ആനയുടെ Proboscidea, മാസഭുക്കുകളുടേ വിഭാഗമായ Carnivora ഇങ്ങനെ പോകുന്നു സസ്തനികളിലെ വിഭാഗങ്ങൾ. ഇതില്പ്പെടുന്ന മറ്റൊരു വിഭാഗമാണ്‌ പ്രൈമേറ്റുകൾ. ഇവരാണെങ്കിലോ വൃക്ഷങ്ങളിൽ ജീവിക്കുവാനാണ്‌ അനുകൂലനം നേടിയത്. നമ്മൾ ഇനി മറ്റെല്ലാ ജീവവിഭാഗങ്ങളെയും വിട്ട്, പ്രൈമേറ്റുകളെ പിന്തുടരുകയാണ്‌. എന്തുകൊണ്ടെന്നാൽ ഇവയുടെ പില്കാല വികാസമാണ്‌ മനുഷ്യനെ രൂപപ്പെടുത്തിയത്.

     വൃക്ഷജീവിതം നേടിയെടുക്കാൻ വളരെ സങ്കീർണമായ അനുകൂലനങ്ങൾ സംഭവിക്കണം. കയ്യിന്റെയും കാലിന്റെയും ചലനക്ഷമതയാണ്‌ പ്രധാനം. ഒരു കൊമ്പിൽ നിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടിക്കടക്കാൻ കൈകളുടെ ഉപയോഗം വിലയേറിയതാണ്‌. കൊമ്പിൽ മുറുകെ പിടിക്കണമെങ്കിൽ വിരലുകൾ പ്രദക്ഷിണമായും അപ്രദിക്ഷിണമായും വ്യന്യസിച്ചിരിക്കണം. ഈ അനുകൂലനം പ്രൈമേറ്റുകൾക്കുണ്ട്. മറ്റൊന്ന് ത്രിമാന കാഴ്ചയാണ്‌. കണ്ണുകൾ മുൻ വശത്തായതുകൊണ്ട് ഒരേ വസ്തുവിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും അതുവഴി വസ്തുവിന്റെ ത്രിമാന ചിത്രം-നീളം, വീതി, കനം- ലഭ്യമാവുകയും ചെയ്യും. ഈ ഗുണം പ്രൈമേറ്റുകൾക്കുണ്ട്. ഇതില്ലായെങ്കിൽ പ്രൈമേറ്റുകൾക്ക് ഒരു കൊമ്പിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കടക്കാൻ സാധിക്കില്ല. പ്രൈമേറ്റുകളുടെ മറ്റൊരു പ്രത്യേകത അവയുടെ കളർ വിഷൻ-വർണ കാഴ്ച-യാണ്‌. കളർവിഷൻ ലഭ്യമാക്കുന്ന 3 opsin ജീനുകൾ പ്രൈമേറ്റുകൾക്കുണ്ട്. എന്നാൽ പ്രൈമേറ്റൊഴികെയുള്ള സസ്തന വിഭാഗങ്ങളിൽ 2 opsin ജീനുകളെയുള്ളു. അതുകൊണ്ട് ചുവപ്പ് നിറത്തെ പച്ചനിറത്തിൽ നിന്ന് തിരിച്ചറിയാൻ അവർക്ക് കഴിയില്ല. പ്രൈമേറ്റുകൾക്കുള്ള ഈ കളർ വിഷൻ ഭക്ഷണകാര്യത്തിൽ അവർക്ക് ഒരുപാട് ഗുണം ചെയ്തു. ഭൂമധ്യരേഖാ പ്രദേശത്തെ സസ്യങ്ങളുടെ മിക്കവയുടെയും ഇളം കമ്പുകൾ ചിവപ്പ് നിറത്തിലാണ്‌.  പോഷകസമൃദ്ധമാണിവ. പ്രൈമേറ്റുകൾക്ക് ഇത് പരമാവധി ചൂഷണം ചെയ്യാനായി.

     സസ്‌തനവിഭാഗത്തിലെ ഈ Order കഴിഞ്ഞ 5.8 കോടി വർഷങ്ങൾക്കുമുമ്പേ രംഗത്തു വരുന്നു. 200 ഓളം വിഭാഗങ്ങൾ അതിലുണ്ട്‌. ലീമറുകൾ , ലോറിസുകൾ, ടാർസിയറുകൾ, ബുഷ് ബേബികൾ, സാധാകുരങ്ങുകൾ, വാലില്ലാകുരങ്ങന്മാർ, - ആൾക്കുരങ്ങ്, മനുഷ്യക്കുരങ്ങ് എന്നൊക്കെ പറയുന്നവർ
 അവ ചിമ്പാൻസി, ഗറില്ലഉറാങ്ങ് ഉട്ടാൻ, ഗിബ്ബ എന്നിവയാണ്‌- പിന്നെ മനുഷ്യ. ഇവരാണ് വിഭാഗത്തിലെ  പ്രധാന വിഭാഗങ്ങ. മനുഷ്യ പ്രൈമേറ്റാണ്‌;  പ്രൈമേറ്റ് മഹാപരമ്പരയിലെ ഒരു പിക്കാല കണ്ണിമാത്രം. 5.8 കോടി ർഷങ്ങൾക്കു ശേഷമുള്ള ഫോസി രേഖകളി, പ്രൈമേറ്റ് എന്ന പൊതു പൂർവ്വിക പരമ്പരയി നിന്ന്  ഓരോ ജീവികളും പ്രത്യേകം വിഭാഗമായി പിരിഞ്ഞുപോകുന്നതായി കാണാം. മാറിവരുന്ന പരിസ്ഥിതികളുമായി അനുകൂലനം നേടുന്നതിന്റെ ഫലമായിട്ടാണ്ഇങ്ങനെ വരുന്നത്. അങ്ങനെ ടാർസിയറുകൾ 5.8 കോടി ർഷങ്ങൾക്കു മുമ്പു തന്നെ മറ്റൊരു ശാഖയാകുന്നു. 4 കോടി ർഷം മുമ്പ്‌ New World- അമേരിക്ക ഭൂഖണ്ഡം - കുരങ്ങുക പ്രത്യേകം ശാഖയാകുന്നു. Old World - ഏഷ്യ, ആഫ്രിക്ക- കുരങ്ങുക 2.5 കോടി ർഷങ്ങൾക്കു മുമ്പേ പ്രത്യേകം ശാഖകളായി മാറുന്നു

      മനുഷ്യനും ചിമ്പാൻസിക്കും ഒരു പൊതു പൂർവ്വികനുണ്ടെന്നും അതിൽ നിന്നാണ് ഇവർ വേർപിരിഞ്ഞതെന്നും അതും ആഫ്രിക്കയിൽ വെച്ചാകാനാണ് സാധ്യത എന്നുമാണ് ഡാർവിൻ പറഞ്ഞത്, അതിനെയാണ് ഇങ്ങനെ വളച്ചൊടിച്ച്, കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്നു പറഞ്ഞത്. വാസ്തവത്തിൽ നമ്മിൽ നിന്നും 2.5 കോടി വർഷം മുമ്പ് അകന്നു മാറി പ്രത്യേകം ശാഖയായി മാറുകയാണ് കുരങ്ങുകൾ. ഇനിയത്തെ ഊഴം മനുഷ്യക്കുരങ്ങുകളുടേതാണ്. ഫോസിൽ രേഖകളിൽ ഇവർ 2.3 കോടി വർഷങ്ങൾക്ക് ശേഷം കണ്ടു വരുന്നു . ഇതിൽ 1.8 കോടി വർഷങ്ങൾക്കു മുമ്പേ ഗിബ്ബൺ പ്രത്യേകം ശാഖയായി മാറുന്നു. അടുത്ത് ഒറാങ്ങ് ഉട്ടാനാണ് . ഇത് 1.4 കോടി വർഷം തൊട്ട് പ്രത്യേക ശാഖയായി പിരിഞ്ഞുനിൽക്കുന്നു. ഇനി കഴിഞ്ഞ 80 ലക്ഷം വർഷം മുമ്പ് ഗറില്ല പ്രത്യേക ശാഖയായി പോകുന്നു. കഴിഞ്ഞ 60-50 ലക്ഷം വർഷം മുമ്പ്പ്രൈ മേറ്റ് പൊതു പൂർവ്വിക പരമ്പരയിൽ  മറ്റൊരു വിഭജനം കൂടിനടന്നു. അതുവഴി രണ്ടുവ്യത്യസ്തജീവികൾ രൂപം കൊള്ളുകയും ചെയ്തു. ഈ കലഘട്ടത്തിൽ സംഭവിച്ച പാരിസ്ഥിതിക മാറ്റത്തിനോടുള്ള അനുകൂലം എന്ന നിലയിലായിരുന്നു; പ്രസ്തുത ജീവിവിഭാഗങ്ങൾ ആവിർഭവിച്ചത്. ആ ജീവികൾ മനുഷ്യനും ചിമ്പാൻസിയുമാണ്. ആദ്യം പാരിസ്ഥിതികമാറ്റം എന്താണെന്നു നോക്കാം . അതൊരു ഹിമയുഗമായിരുന്നു[7].

     ഹിമയുഗം  ഭൂമിയിലെ ചരിത്രത്തിലെ ഒരു സവിശേഷ പ്രതിഭാസമാണ്. സമുദ്രജലം ഐസായി പരിണമിക്കുകയും അത് കടലിലും കരയിലും കുമിഞ്ഞു കൂടുകയും ചെയ്യും. അത് ധ്രുവ പ്രദേശത്തു നിന്ന് പതിയെ ഭൂമദ്ധ്യരേഖാ പ്രദേശത്തേക്കു നീങ്ങും . ഇതിന്റെ ഫലമായി സമുദ്ര ജലനിരപ്പ് കുത്തനെ താഴും. ഈ അവസ്ഥ ചിലപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കും. ഹിമയുഗം സംഭവിക്കുന്നതോടെ ജീവികളുടെ കൂട്ടവിനാശവും ഒപ്പമുണ്ടാകും.  ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ ഹിമയുഗത്തിന്റെ വരവും ജീവികളുടെ കൂട്ടവിനാശവും നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്  ഇതിൽ ഒരു ഒഴികഴിവുണ്ട്. അത് ഭൂമദ്ധ്യരേഖാപ്രദേശത്ത് കിടക്കുന്നു; കഴിഞ്ഞ 5.5 കോടി വർഷങ്ങളായി - അതിനു മുമ്പ്   അത് ഗോണ്ഡ് വാനാലാന്റ് എന്ന സൂപ്പർ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. അതിൽ അന്റാർട്ടിക്കയും, ആസ്ത്രേലിയായും, തെക്കേ അമേരിക്കയും, ഇന്ത്യൻ ഉപഭൂഖണ്ഡവും, ആഫ്രിക്കയും ഉള്ളടങ്ങിയിരുന്നു. ജൂറാസിക് യുഗത്തിൽ - 20.8 കോടി മുതൽ 14.5 കോടി വർഷം വരെ - അത് പിളരാൻ തുടങ്ങി. ഓരോ ഭൂഭാഗവും  ഓരോ  വഴിക്ക് നീങ്ങി. അങ്ങനെ ഭൂമദ്ധ്യരേഖക്ക് തെക്ക് കിടന്നിരുന്ന  ഗോണ്ഡ്വാനാ ഭൂഖണ്ഡത്തിന്റെ ബാക്കിഭാഗം ഭൂമദ്ധ്യരേഖാപ്രദേശത്ത് വന്നു 5.5  കോടി വർഷങ്ങൾക്കു മുമ്പ് നിലയുറപ്പിച്ചു  ഭൂമദ്ധ്യരേഖാ പ്രദേശത്തുള്ള ആഫ്രിക്കയുടെ നില്പ്പാണ് പിൽ ക്കാലത്ത് മനുഷ്യനെ രൂപപ്പെടുത്തുന്നതിൽ  നിർണ്ണായക പങ്ക്  വഹിച്ചത് എന്നു പറഞ്ഞാൽ തെറ്റാവുകയില്ല. 

     ഹിമയുകം വന്നാൽ, മറ്റ് ഭൂഖണ്ഡങ്ങളെ ബാധിക്കുന്നതു പോലെ ആഫ്രിക്കയെ ബാധിക്കില്ല. മറിച്ച് അവിടെ ഒരു തരം വരണ്ട കലാവസഥയായിരിക്കും. ഇതുമൂലം കൊടുംകാടുകൾ കുറഞ്ഞു വരികയും പകരം പുല്മേട് പ്രദേശങ്ങൾ ഉയർന്നുവരികയുംചെയ്യും. വൃക്ഷജീവിതം നയിച്ചിരുന്ന പ്രൈമേറ്റ് പൂർവ്വികരെ   ഇത് വല്ലാത്ത പ്രതിസന്ധിയിലാക്കി. ആഹാരമാണല്ലോ മുഖ്യ പ്രശ്നം. അത് ഹിമയുഗം വരെ വൃക്ഷങ്ങളിൽ നിന്ന് സുലഭമായി കിട്ടിയിരുന്നു. ഹിമയുഗത്തിന്റെ വരവോടെ വനം ചുരുങ്ങുകയും ഭക്ഷണത്തിന്‌ ദൗർബല്യം നേരിടുകയും ചെയ്തു. തേ സമയം പുല്മേട് പ്രദേശത്ത് പുതിയ ഭക്ഷ്യവ്യവസ്ഥ ഉയർന്നുവന്നു. ജീവസന്ധാരണാർത്ഥം പ്രൈമേറ്റ് പൂർവികരിലെ ഒരു വിഭാഗം തഴെ പുല്മേട് പ്രദേശത്തെ പരിസ്ഥിതിയിലേക്കിറങ്ങുകയും അവിടെ ജീവിക്കാൻ അനുകൂലനം നേടുകയും ചെയ്തു. എന്നാൽ പ്രൈമേറ്റ് പൂർവ്വികരിൽ ഒരു വിഭാഗം അപ്പോഴും വൃക്ഷങ്ങളിലെ ജീവിതം തുടരുകയും ചെയ്തു. പുല്മേട് പ്രദേശത്ത് ജീവിക്കാൻ അനുകൂലനം നേടിയവരിൽ നിന്ന് പിന്നീട് മനുഷ്യൻ രൂപം കൊള്ളുകയും മരത്തിൽ തന്നെ തുടർന്നവരിൽ നിന്ന് പിന്നീട് ചിമ്പൻസി ഉണ്ടാവുകയും ചെയ്തു.


     ഈ വസ്തുതയ്ക്ക് ശക്തമായ ജനിതക-Genetic- തെളിവുകളുണ്ട്. നമ്മുടെ DNAയും ചിമ്പൻസിയുടെ DNAയും തമ്മിൽ 98.5 ശതമാനം തുല്യമാണ്‌[8]. അതായത് DNA തലത്തിൽ ചിമ്പൻസിയും മനുഷ്യനും തമ്മിൽ വെറും 1.5 ശാതമാനത്തിന്റെ വ്യത്യാസമേയുള്ളു. മനുഷ്യനും ചിമ്പൻസിയും ഒരേ പൊതുപൂർവ്വികരിൽ നിന്ന് വേർപെട്ട് പോന്നവരാണെന്നാണ്‌ DNA തലത്തിലെ അത്യധിക സാമ്യം കൊണ്ട് കാണിക്കുന്നത്. രണ്ട് വ്യത്യസ്ത ജീവികൾ തമ്മിൽ DNA തലത്തിൽ സാമ്യം കൂടുംതോറും അവർ പരസ്പരം വേർവിപിഞ്ഞിട്ട് കുറച്ചുകാലമേ ആയിട്ടുള്ളുവെന്നും DNA തലത്തിൽ സാമ്യം കുറഞ്ഞാൽ അതിനർത്ഥം അവർതമ്മിൽ വേർപെട്ടിട്ട് വളരെയേറെ കാലമായി എന്നുമാണ്‌. അപ്രകാരം, മനുഷ്യനും ചിമ്പൻസിയും തമ്മിൽ വേർപെടൽ നടന്നിട്ട് 60-50 ലക്ഷം വർഷങ്ങളേ ആയിട്ടുള്ളു[9]. DNA തലത്തിലെ അത്യധിക സാമ്യം കണ്ടിട്ടാണ്‌ (http://www.suite101.com/content/reviewthe-rise-and-fall-of-the-third-chimpanzee-a206587)ജെറീദ് ഡയമന്റ് ഇങ്ങനെ പറഞ്ഞത്: “പുറം ലോകത്തുനിന്നുള്ള ഒരു ജന്തുശാസ്ത്രജ്ഞൻ, ചിമ്പൻസിയോടും ആഫ്രിക്കയിലെ സയറിൽ കാണുന്ന ബോണോബോ എന്ന പിഗ്മി ചിമ്പൻസിയോടുമൊപ്പം മനുഷ്യനെ വളരെവേഗം മൂന്നാം ചിമ്പൻസിയായി തരം തിരിക്കും.” [10] 


     ഗറില്ലയും ചിമ്പാൻസിയും രണ്ട് ജീവജാതികളാണ്‌. മനുഷ്യകുരങ്ങുകളെക്കുറിച്ച് വലിയ പരിചയമില്ലാത്ത ഒരാൾക്ക് ഗറില്ല ചേട്ടനും ചിമ്പാൻസി അനുജനുമാണെന്ന് തോന്നിയേക്കാം. എന്നാൽ ചിമ്പാൻസിക്ക് DNA തലത്തിൽ ഗറില്ലയോടുള്ള സാമ്യത്തേക്കാൾ കൂടുതൽ സാമ്യം മനുഷ്യനോടാണ്‌. എന്താണിതു കാണിക്കുന്നത്? ദൈവം തന്റെ രൂപത്തിൽ സൃഷ്ടിച്ചുവെന്നവകാശപ്പെടുന്ന ഉല്കൃഷ്ടനും സമസ്തജീവികളുടെയും അധിപനുമായ മനുഷ്യന്റെയും വെറുമൊരു ചിമ്പൻസിയുടെയും DNA കൾ തമ്മിൽ എന്തുകൊണ്ടാണിത്ര സാമ്യം? ഇത്രയും ഉല്കൃഷ്ടനായ മനുഷ്യൻ ഒരു സവിശേഷ DNA ഉണ്ടാകേണ്ടാതല്ലേ? അതിൽ ചിമ്പൻസിയെ സൃഷ്ടിക്കുന്ന ജീനുകൾക്കെന്താണ്‌ സ്ഥാനം? എന്നാൽ എല്ലായ്പ്പോഴും സത്യം വളരെ സുന്ദരമായിരിക്കണമെന്നില്ല. മതങ്ങളും മതദൈവങ്ങളും ദിവ്യവെളിപാടുകളും പറയുന്നതല്ല ശരി. പരിണാമശാസ്ത്രം പറായുന്നതാണ്‌ ശരി. മനുഷ്യൻ ഉണ്ടായത് ഈ ജന്തുലോകത്തുനിന്നുതന്നെയാണ്‌. അതാണ്‌ ജനിതകശാസ്ത്രം ഉറക്കെവിളിച്ചുപറയുന്നത്. ആരൊക്കെ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല. പൊൻ പാത്രം കൊണ്ട് മൂടിവെച്ച ആ സത്യം അധികനാൾ ഇനിയും മറച്ചുവെയ്ക്കാനാകില്ല. 


     ഇനി, നിലത്തിറങ്ങി, പുല്മേട് പ്രദേശത്തെ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട നമ്മുടെ പൂർവികരിലേക്ക് വരാം. മനുഷ്യപരിണാമ മഹാകഥ ഇവിടെ ആരംഭിക്കുന്നു. ഇനിയുള്ള മനുഷ്യപരിണാമത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് ആഫ്രിക്കയിലാണ്‌. ഈ കാലഘട്ടത്തിൽ, -60 ലക്ഷം വർഷം- ഈ പുല്മേട് പ്രദേശത്ത് വെച്ച്,  പില്കാലത്ത്‌ ആധുനികമനുഷ്യനെ രൂപം കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അതിശയകരമായ ഒരു അനുകൂലനം- പരിണാമം- സംഭവിച്ചു. അതേപറ്റി പറഞ്ഞിട്ട് തുടങ്ങാം. അത് വലിയ തലച്ചോറിന്റെ വികാസമല്ല; പില്കാലത്ത്‌ അല്ഭുതങ്ങൾ പലതും സൃഷ്ടിച്ച കൈകളുടെ പ്രവർത്തനശേഷിയുമല്ല. ഇതെല്ലാം സാധിക്കുന്നതിന്റെ മുന്നോടിയായി അതിപ്രധാനമായി ഒരു പരിണാമം നടന്നു. അതാണ്‌ മനുഷ്യന്റെ രണ്ടുകാലിലുള്ള നിവർന്നുനില്പ്പും നടത്തവും. ഈ പരിണാമം നടന്നതിനുശേഷമാണ്‌ ജന്തുലോകത്തെ ഏറ്റവും സങ്കീർണമായ മനുഷ്യമഹാമസ്തിഷ്കം വികസിച്ചത്. നിവർന്നുനിന്നപ്പോൾ, ചലനത്തിന്‌ പിൻ കാലുകൾ മാത്രം മതിയെന്നായപ്പോൾ മുൻ കാലുകൾ-കൈകൾ-സ്വതന്ത്രമായി. ആ കൈകൾ പിന്നീട് മനുഷ്യന്റെ ബുദ്ധിവികാസത്തിന്റെയും സംസ്കാരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും മുന്നുപാധിയായി മാറി. ഇതെല്ലാം ഇരുകാലി ചലനം മനുഷ്യന്‌ സ്വായത്തമായതിനുശേഷം മനുഷ്യന്‌ കൈവന്ന ഗുണങ്ങളാണ്‌. എന്നാൽ ഇരുകാലിൽ നടക്കുന്ന ആദ്യജീവിയൊന്നുമല്ല മനുഷ്യൻ. പക്ഷികൾ ഇരുകാലിൽ നടക്കും. ഡിനോറുകളിലെ മാംസഭുക്ക് വിഭാഗം-ഉദാ:ടിറാന്നോസോറാസ് റെക്സ്-ഇരുകാലിൽ ചലിക്കും. എന്നാൽ പക്ഷികളുടെ മുൻ കാലുകൾ ചിറകുകളായി പരിണമിച്ചു. ഡിനോസറുകളുടെ മുൻ കാലുകൾ ചുരുങ്ങിപ്പോയി. വാസ്തവത്തിൽ ഇരുകാലിൽ നടക്കുന്നതുകൊണ്ടുള്ള പൂർണപ്രയോജനം സിദ്ധിച്ച ജന്തുലോകത്തെ ഒരേ ഒരു ജീവി മനുഷ്യൻ മാത്രമാണ്‌.  


     എങ്ങനെയാണ്‌ മനുഷ്യപൂർവികർ ഇരുകാലിൽ നിവർന്നുനിന്നത്. ഏതെങ്കിലും ഡിസൈനർ വലിച്ചുനിവർത്തിയതാണോ? മനുഷ്യന്റെയും ചിമ്പൻസിയുടെയും പൊതുപൂർവികൻ ചിമ്പൻസിയോട് വലരെ അടുത്ത രൂപസാദൃമുള്ളതായിരിക്കണം. ചിമ്പൻസിയുടെ ചലനം ശ്രദ്ധിക്കുക; മുൻഭാഗം ഉയർന്നിട്ടും പിൻഭാഗം താഴ്ന്നിട്ടുമാണ്‌. ഏതാണ്ടിതേ രൂപം തന്നെയായിരുന്നിരിക്കണം മനുഷ്യപൂർവികനും. എന്നാൽ ചിമ്പൻസി ഏതാനും ചുവടുകൾ ഇരുകാലിൽ നടക്കും. വീണ്ടും നടത്തം 4 കാലിൽ തന്നെയാകും. അപ്പോൾ ഇരുകാലി നടത്തം അസാധാരണമായ അനുകൂലനം തന്നെയാണ്‌. ഇത് സാധിതമാവണമെങ്കിൽ അരക്കെട്ട് ഭാഗത്ത് വളരെയധികം മാറ്റങ്ങൾ സംഭവിക്കണം. മാത്രവുമല്ല, രണ്ട് കാലിൽ നിവർന്ന് നില്ക്കുമ്പോൾ ഗുരുത്വാകർഷണകേന്ദ്രം മാറിവരുന്നു എന്ന ഒരു പ്രശ്നവുമുണ്ട്. ഈ പ്രശ്നം 40 കോടി വർഷങ്ങൾക്കുമുമ്പ് ഡവൊണിയൻ യുഗത്തിൽ നാല്‌ കാലികളുടെ പൂർവ്വികർ നേരിട്ടതാണ്‌. ഈ കാലത്താണ്‌ ജലജീവികളിൽ പരിണാമം സംഭവിച്ച് അവ കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നത്. ജലമാധ്യമത്തിൽ അനുഭവിച്ച ഗുരുത്വ ബലമായിരുന്നില്ല കരയിലേത്. അന്ന് കരയിലേക്ക് പ്രവേശിച്ച ജീവികൾ  4 കാലുകളിലേക്കും ശരീരഭാരം പകുത്തുനല്കി പ്രശ്നം പരിഹരിച്ചു.


ചിമ്പാൻസിയുടെ ഇടുപ്പെല്ല്
മനുഷ്യന്റെ ഇടുപ്പെല്ല്
     മനുഷ്യന്റെയും ചിമ്പാൻസിയുടെയും അരക്കെട്ടിലെ അസ്ഥികൾ പരിശോധിച്ചാൽ മനുഷ്യപൂർവികർ എങ്ങനെ ഈ പ്രശ്നത്തെ പരിഹരിച്ചു എന്ന് മനസ്സിലാകും. മനുഷ്യന്റെ അരക്കെട്ട് ഭാഗങ്ങൾ വിസ്തൃതിയേറിയതും ആഴം കുറഞ്ഞതുമാണ്‌. അതേ സമയം ചിമ്പൻസിയുടേത് ആഴം കൂടിയതും വിരിവ് കുറഞ്ഞതുമാണ്‌. മനുഷ്യന്റെ ഇടുപ്പ്- pelvis- ഭാഗത്തെ എല്ലിൻ കൂടിൽ നിന്ന് പുറപ്പെടുന്ന തുടയസ്ഥി-Femur- ഉള്ളിലോട്ട് ചെരിഞ്ഞ് മുട്ടുകാലിലെ സന്ധിയിൽ ചേരുന്നു. തുടയസ്ഥിയുടെ ചെരിഞ്ഞുകൊണ്ടുള്ള ഈ സംവിധാനം നിവർന്ന് നില്പ്പിന്‌ അത്യന്താപേക്ഷിതമാണ്‌. എന്നാൽ ചിമ്പൻസിയിൽ അങ്ങനെയല്ല തുടയസ്ഥിയുടെ സംവിധാനം. അവയിൽ തുടയസ്ഥി വളവില്ലാതെ നേരെ മുട്ടുകാലിൽ ചെന്ന് ചേരുന്നു. അതുകൊണ്ട് ചിമ്പാൻസിക്ക്  ഏതാനും ചുവടുകൾ മാത്രമേ രണ്ടുകാലിൽ നടക്കാൻ സാധിക്കൂ. എന്നാൽ മനുഷ്യനിൽ ഇരുകാലി നടത്തം സാധിതമാകുകയും ചെയ്തു. നമ്മുടെ ഇടുപ്പ് സന്ധിയോട് ചേർന്നാണ്‌ ഗുരുത്വാകർഷണ കേന്ദ്രം വരുന്നത്.  അത് അങ്ങനെ വരുമ്പോൾ മാത്രമാണ്‌ കുഴപ്പമില്ലാതെ നിവർന്ന് നില്ക്കാനും നടക്കാനും സാധ്യമാകുന്നത്. ഇത് ഇടുപ്പ് ഭാഗത്തിനുമുന്നിലേക്ക് നീങ്ങിയാൽ നടത്തവും നിവർന്നുള്ള നില്പ്പും വിഷമത്തിലാകും. ചിമ്പാൻസിക്ക് അരഭാഗത്തിനു മുകളിലുള്ള ഭാഗം വിരിവേറിയതും ഭാരക്കൂടുതലുതുമാണ്‌. അതുകൊണ്ട് അവയുടെ ഗുരുത്വാകർഷണ കേന്ദ്രം അരക്കെട്ടിന്‌ കുറച്ച് മുകൾ ഭാഗത്താണ്‌. അതാണ്‌ ചിമ്പൻസിക്ക് അധികദൂരം നിവർന്ന് നടക്കാൻ സാധികാത്തത്. നമ്മുടെ ഇടയിലെ പൊണ്ണത്തടിയന്മാർക്കും കുടവയറന്മാർക്കും നടത്തം വിഷമകരമാണെന്നോർക്കുക. 

     പുല്മേട് പ്രദേശത്തെ ജീവിതസാഹചര്യങ്ങളുമായി അനുകൂലനം നേടിയതാണ്‌ മനുഷ്യപൂർവ്വികന്റെ അരക്കെട്ട് ഭാഗത്തെ അഴിച്ചുപണിയിലേക്ക് നയിച്ചത്. ഒട്ടേറെ മ്യൂട്ടേഷനുകൾ- ജീനുകളിൽ സംഭവിക്കുന്ന അക്ഷരത്തെറ്റുകൾ, വ്യതിയാനങ്ങൾ- ഇതിനായി സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമേ മനുഷ്യന്‌ നിവർന്നുനില്കാനാകൂ. അല്ലാതെ ഒരു ദൈവവും പിടിച്ചുനിവർത്തിയതൊന്നുമല്ല. ഭൂമിയിൽ മനുഷ്യൻ രൂപം കൊണ്ടത് പൂർവ്വനിശ്ചിതമല്ല. മറിച്ച ആയിത്തീർന്നതാണ്‌. അതിന്‌ പ്രൈമേറ്റുകൾ ഉണ്ടാകണം. അവയുടെ വിശേഷഗുണങ്ങൾ ഉണ്ടാകണം. അതിന്‌ സസ്തനികൾ രൂപപ്പെടണം. സസ്തനികൾ ഉണ്ടാകണമെങ്കിൽ ഉരഗങ്ങൾ ഉണ്ടാകണം. അതിനു മുമ്പ് ഉഭയജീവികൾ രംഗത്തുവരണം. ഇപ്പറഞ്ഞ വിഭാഗം ജീവികളെങ്കിലും ഉണ്ടാകണമെങ്കിലോ, 37.5 കോടി വർഷം മുമ്പ് tiktalic ഉം 36 കോടി വർഷം തൊട്ട് lchtyostega ഉം Acenthosteg ജലജീവിതത്തിൽ നിന്ന് പരിണാമം സംഭവിച്ച് കരജീവിതം നയിക്കാനുള്ള അനുകൂലനം നേടണം. 40-36 കോടി വർഷക്കാലത്ത് ഇതൊന്നും സംഭവിച്ചിരുന്നില്ലായിരുന്നെങ്കിൽ ഈ ബ്ലോഗെഴുതാൻ ഞാനും ഇതുവായിക്കാൻ താങ്കളും ഉണ്ടാകുമായിരുന്നില്ല. 40 കോടി വർഷത്തിനുശേഷം ആരംഭിക്കുന്ന കരജീവിതത്തിന്റെ ഒന്നോ ഒന്നരയോ ശതമാനം സമയമേ ആയിട്ടുള്ളു ഒരു ജീവി നിവർന്ന് നില്ക്കാൻ തുടങ്ങിയിട്ട്. കാര്യങ്ങൾ സംഭവിച്ചത് ഇങ്ങനെയൊക്കെയെങ്കിൽ പിന്നെയെവിടെയാണ്‌ സൃഷ്ടികർത്താവായ ‘ദൈവത്തിന്റെ’ സ്ഥാനം?

ഫോസിൽ മനുഷ്യർ



Sahelanthropus tchadensis fossil

      ഇനി നമുക്ക് ആധുനിക മനുഷ്യ പരിണാമത്തിലേക്ക്‌ നയിച്ച പൂർവ്വിക മനുഷ്യ  വിഭാഗങ്ങളെ പരിചയപ്പെടാം. ഈ വിഭാഗം മനുഷ്യർക്ക്‌ മൊത്തത്തിൽ ഒരു പേരുണ്ട്‌. അതാണ്‌ ഹോമിനിഡെ- ഇപ്പോൾ ഹോമിനിനെ എന്ന പദവും ഉപയോഗിക്കുന്നു- ആഫ്രിക്കയിലെ ഛാഡ്‌ എന്ന രാജ്യത്തു നിന്നും 2002-ൽ മൈക്കേൽ ബ്രൂണെറ്റും സംഘവും കൂടി കണ്ടെത്തിയ ഫോസിലാണ്‌ ഇതിൽ ഏറ്റവും പഴക്കമേറിയത്‌. ഈ ഫോസിലിന്റ പേര്‌ സഹേലാന്ത്രോപ്പസ്‌ ചാഡെൻസിസ്. ഇവന്റെ  പ്രായം 70 ലക്ഷം വർഷത്തിനും 60 ലക്ഷം വർഷത്തിനും മദ്ധ്യേ. ഇതിന്റെ വിളിപ്പേര്‌ ടൗമായ്. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ്‌ ചിമ്പാൻസി, മനുഷ്യൻ വിഭജനം നടക്കുന്നത്, മോളിക്യൂലാർ ബയോളജി-തന്മാത്രാ ജീവശാസ്ത്രം-യാണ്‌ ഈ കാലം കണ്ടെത്തിയത്; അത് ഫൊസിൽ മനുഷ്യനുമായി ഒത്തുപോകുന്നു. എന്നാൽ ഈ ഫൊസിലിനെ ആദിമ ഹോമിനിഡായി കരുതുന്നതിൽ പലിയോ ആന്ത്രോപോളജിസ്റ്റ്- പ്രാചീന മനുഷ്യനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ-കൾ ചില വിയോജിപ്പുകൾ ഉയർത്തിയിട്ടുണ്ട്.     

     എങ്കിലും ഒട്ടുമിക്ക ഗവേഷകരും ഇതിനെ ആദിമഹോമിനിഡായി കരുതുന്നു. ഇതിന്റെ തലയോടാണ്‌ ഫോസിലായി കിട്ടിയത്‌. തലയോട്ടിക്ക്‌ ചിമ്പാൻസി, മനുഷ്യ ലക്ഷണങ്ങൾ ഉണ്ട്‌. തലയോട് ചിമ്പൻസിയുടേതു പോലിരിക്കുമ്പോൾ മുഖം മനുഷ്യാകൃതിയുള്ള - പരന്ന- താണ്‌. പല്ലുകൾ ചെറുതാണ്‌ പില്ക്കാല മനുഷ്യ ഫൊസിലുകളിൽ പുരികത്തിട്ട് - പുരികത്തിൽ കാണുന്ന കനത്ത തടിപ്പ്‌ - ഇതിൽ വ്യക്തമായിട്ടുണ്ട്‌. എന്നാൽ ചലനത്തെ സംബന്ധിച്ച്‌ ഒരു നിർണ്ണായക തെളിവ്‌ ഈ ഫോസിൽ തരുന്നു. നമ്മുടെ തലയോട്ടി , സ്പൈനൽ കോളവുമായി - നട്ടെല്ല്‌ കൂടിച്ചേരുന്നത്‌, തലയോട്ടി മദ്ധ്യഭാഗത്ത് വെച്ചാണ്‌. ഈ ഭാഗത്ത് ഒരു ദ്വാരമുണ്ട്‌ Foramen Magnum എന്നാണതിന്റെ  പേര്‌.  ഇതിലൂടെയാണ്‌ Spinal Cordഉം മറ്റും പ്രവേശിക്കുന്നത്. ഈ Foramen Magnum തലയോടിന്റെ മദ്ധ്യഭാഗത്ത് വരുന്നതിനാൽ  അതിന്മേൽ ബാലൻസ്‌ ചെയ്ത് ശിരസ് നില്ക്കുന്നു. ഈ ദ്വാരം നിവർന്ന് നില്ക്കുന്ന ജീവിക്ക്‌ മാത്രമേ- മനുഷ്യന്‌ - മദ്ധ്യഭാഗത്ത് വരൂ. ചിമ്പാൻസിയടക്കമുള്ള മനുഷ്യക്കുരങ്ങുകൾക്ക്‌ Foramen Magnum മദ്ധ്യഭാഗത്തുനിന്ന്‌ നീങ്ങി തലയുടെ പിൻഭാഗത്തായിരിക്കും സ്ഥിതിചെയ്യുക . അതുകൊണ്ട്‌ അവയുടെ ശിരസ്സുകൾ  നട്ടെല്ലിൽ തൂങ്ങിക്കിടക്കുന്നതായി തോന്നും. ഇക്കാരണത്താൽ തന്നെ അവക്ക്‌ ഇരുകാലിത്തം സാദ്ധ്യവുമല്ല. എന്നാൽ സഹേലന്ത്രോപസിൽ Foramen Magnum മനുഷ്യന്റേതുമാതിരിയാണ്‌. അതുകൊണ്ട്‌ ഈ ജീവിയെ ആദ്യത്തെ ഹൊമിനിഡ ആയി കരുതുന്നു. അതായത്‌ 60 ലക്ഷം വർഷങ്ങൾക്കു മുൻപ്‌ തന്നെ ഭൂമിയിൽ ഇരുകാലിത്തം സംസ്ഥാപിതമാവുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. എന്നാൽ രണ്ടു കാലിൽ നിവർന്ന് നിന്നതിന്‌ മനുഷ്യ വംശം വലിയ വില കൊടുക്കേണ്ടിവന്നു. അത്‌ അധികവും അനുഭവിക്കേണ്ടി വന്നത്  സ്ത്രീകളാണ്‌. ആ കഥ പിന്നീട് പറയാം.

Orrorin tugensis fossils
     സഹേലാന്ത്രോപ്പോസിനു ശേഷം ഫോസിലിൽ കാണുന്ന ഹോമിനിഡ്‌ ഒറോഗിടജെൻസിസ്(Orrorin tugensis)  ഇവന്റെ പ്രായം 60 ലക്ഷം വർഷമാണ്‌. ഇരുകാലിത്തം വ്യക്തമാക്കുന്ന തുടയസ്ഥികളാണ്‌ കിട്ടിയിട്ടുള്ളത്. 2000 ൽ മർട്ടിൻ പിക് ഫോർഡും സംഘവും കൂടി കെനിയയിലെ ടുജെൻ കുന്നുകളിൽ നിന്നും ഇവന്റെ ഫോസിൽ കണ്ടെത്തി . മില്ലേനിയം ആൻസെസ്റ്റർ എന്നാണ്‌ ഈ ഫൊസിൽ അറിയപ്പെടുന്നത്‌.

        അടുത്ത ഫോസിൽ  ആൻഡിപിത്തേക്കസ് കടബ്ബ. 58 ലക്ഷം വർഷമാണ്‌ ഇതിന്റെ പ്രായം. എത്യോപ്യയിലെ മദ്ധ്യ ആവാഷ് മേഖലയിൽ നിന്നും 1996ൽ യോഹന്നാസ് ഹെയ്‌ലി ഇവനെ കണ്ടെത്തി. ഇരുകാലിത്തം സ്ഥിരീകരിക്കുന്ന ഫോസിൽ തന്നെയാണിത്‌.അടുത്ത കുറച്ചുകാലത്തേക്ക് നമുക്ക് ഫോസിൽ അഭാവമുണ്ട്‌.


Ardipithecus ramidus
     അടുത്ത ഫോസിൽ 44 ലക്ഷം വർഷം പഴക്കമുള്ളതാണ്‌. 1992-ൽ Tim White ഉം സംഘവും കൂടി എത്യോപ്പ്യയിലെ അരാമിസ് മേഖലയിൽ നിന്ന് ഇതിനെ കണ്ടെടുത്തു. പേർ ആർഡിപിത്തേക്കസ് റാമിഡസ്. പ്രാചീന ഹോമിനിഡായി കണക്കാക്കുന്ന ഇതിന്‌ അണപ്പല്ലുകളുടെ പ്രാഗ് രൂപം ഉണ്ടായിരുന്നു. ഇതും ഇരുകാലിതന്നെ. അടുത്തത് 1994-ൽ മീവ്ലീകിയും സംഘവും കെനിയയിലെ കനോപി മേഖലയിൽ നിന്നും കണ്ടെടുത്തതാണ്‌. ഇതിന്റെ പേര്‌ ആസ്തേലേപിത്തേക്കസ് അനാമൻസിഡ്. 


Laetoli Footprint
      എന്നിരുന്നാലും മനുഷ്യപൂർവികൻ രണ്ട് കാലിൽ നടന്നു എന്നതിന്‌ പൂർണമായും സ്ഥിരീകരണം കിട്ടുന്നത് 1978-ൽ  നടന്ന ഒരു മഹാ കണ്ടുപിടുത്തത്തോടെയാണ്‌. മേരി ലിക്കിയും സംഘവും ടാൻസാനിയയുടെ വടക്കുഭാഗത്തുള്ള ലറ്റോളി എന്ന സ്ഥലത്ത് ഗവേഷണം നടത്തുകയായിരുന്നു. അപ്രതീക്ഷതമായി അവർ ചില പാദമുദ്രകൾ കണ്ടുപിടിച്ചു. ഈ പാദമുദ്രകളുടെ പ്രായം 36 ലക്ഷം വർഷമായിരുന്നു. ഈ കാലത്തെ ടാൻസാനിയയിൽ ഒരു അഗ്നിപർവ്വതവിസ്ഫൊടനം നടന്നിരുന്നു. ഇതിൽ നിന്നും പുറത്തുവന്ന ലാവ എമ്പാടും വ്യാപിച്ചു. ഈ ലാവ തണുത്തുറയും മുമ്പായി രണ്ട് ഹോമിനിഡുകൾ-ആസ്ത്രേലെപിത്തക്കസ് അഫാരൻസിസ്- ആ ലാവയിൽ ചവിട്ടി കടന്നുപോയി. 75 അടിയോളം നീളത്തിൽ രണ്ട് പൂർവ്വമനുഷ്യരുടെ കാലടിപ്പാടുകൾ. ഭക്ഷണമോ മറ്റോ തേടിപ്പോയതാകാം. എന്തായാലും ആ കാലടി പാടുകളിൽ പിന്നീട് മറ്റാരും ചവിട്ടി താറുമാറാക്കിയില്ല. അതവിടെ കിടന്നു. ക്രമേണ ഉറച്ചു. അങ്ങനെ ലക്ഷക്കണക്കിൽ വർഷങ്ങൾ കൊണ്ട് അത് പാദമുദ്രകളുടെ ഫോസിലായി പരിണമിച്ചു. നമ്മൾ ചേറിൽ ചവിട്ടിയാൽ എങ്ങനെയിരിക്കും. നമ്മുടെ പാദമുദ്ര കൃത്യമായി അതിൽ പതിയുമല്ലോ?അതുപോലെയാണിതും പതിഞ്ഞുകിടക്കുന്നത്. ഭൂമിയിൽ മനുഷ്യപൂർവികർ രണ്ടുകാലിൽ നടന്നു എന്നതിന്‌ അസന്ധിഗ്ദമായ തെളിവുമായി, പാദമുദ്രകളുടെ ഘടനയിൽനിന്നും ഈ പുരാമനുഷ്യരുടെ വലിപ്പം ഏതാണ്ട് തിട്ടപ്പെടുത്തിയിട്ടുണ്ട്. വലിയ പാദത്തിന്റെ ഉടമയ്ക്ക് 4 അടി ഒമ്പതിഞ്ച്, ചെറിയ പാദത്തിന്റെ ഉടമയ്ക്ക് 4 അടി 1 ഇഞ്ച്.


Lucy Fossil
 A reconstruction of the
 famous "Lucyfossil
     വളരെ നിർണായകമായ ഫോസിലാണ്‌ അടുത്ത ഘട്ടത്തിലേത്. 1974-ൽ അമേരിക്കൻ അന്ത്രോപ്പോളജിസ്റ്റായ ഡൊണാൾഡ് ജോഹൻസൺ എത്യോപ്പ്യയിലെ ഹഡർ മേഖലയിൽനിന്നും ഈ ഫോസിൽ കണ്ടെടുത്തു. 20 വയസ്സിനും 30 വയസ്സിനും ഇടയ്ക്കുള്ള ഒരു സ്ത്രീയുടെ ഫോസിലായിരുന്നു അത്. 3.5 അടി ഉയരമുണ്ടായിരുന്ന ഇതിന്‌ 30 കിലോ തൂക്കവുമുണ്ടായിരുന്നു. 32 ലക്ഷം വർഷമാണ്‌ ഫോസിലിന്റെ പ്രായം. പേര്‌ ആസ്ത്രേലേപിത്തക്കസ് അഫാരൻസിസ്. വിളിപ്പേര്‌ ലൂസി. ഇന്നോളം കിട്ടിയിട്ടുള്ള ഹോമിനിഡ് ഫൊസിലുകളിൽ വെച്ചേതാണ്ട് പൂർണമായത്. കഴിഞ്ഞ 36 ലക്ഷം വർഷം മുതൽ 30 ലക്ഷം വർഷം വരെ ഈ വിഭാഗം മനുഷ്യർ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. ഈ വിഭാഗത്തിന്റെ ഒട്ടേറെ ഫോസിലുകൾ കിട്ടിയിട്ടുണ്ട്. ഇതിൽ നിന്നും അവയുടെ ഏകദേശചിത്രം രൂപപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഇടുപ്പ് ഭാഗവും കാൽ മുട്ടും കണങ്കാലും പൂർണമായും നമ്മുടെ നടത്തം ഇവർക്ക് സാധ്യമാക്കിയിരുന്നു. നീളം കൂടിയ കൈകളും വിരലുകളുമാണവർക്ക്. മരംകേറികൾ ആയിരുന്നുവെന്ന് കരുതുന്ന ഗവേഷകരുണ്ട്. അത് പഴങ്ങൾ പറിക്കാനാകാം; അല്ലെങ്കിൽ ശത്രുക്കളിൽനിന്ന് രക്ഷ നേടാനാകാം. കനത്ത് മസിലുകളുള്ള ഇവർക്ക് 5 അടി ഉയരവും 50 കിലോ വരെ തൂക്കവുമുണ്ട്. ഇവരിലെ പുരുഷന്മാർക്ക് ആകാരത്തിൽ സ്ത്രീകളേക്കാൾ വലിപ്പം കൂടും. എന്നാൽ ഇവരുടെ ശിരസ്സിന്‌ മനുഷ്യക്കുരങ്ങ് സാമ്യം കൂടും.




Australopithecus africanus
Fossil
     കഴിഞ്ഞ 30 ലക്ഷം വർഷം ആകുമ്പോഴേക്കും മറ്റൊരു പ്രധാന വിഭാഗം ഫൊസിലുകൾ കണ്ടുതുടങ്ങുന്നു. ആസ്ത്രലേപിത്തക്കസ് ആഫ്രികാനസ് (Australopithecus africanus) ആസ്ത്രേലേപിത്തക്കസ് റോബസ്റ്റസും (Australopithecus robustus) ആണിവ. ഇതിൽ ആഫ്രികാനസ് വിഭാഗം മെലിഞ്ഞ ടൈപ്പ് ആണ്‌. എന്നാൽ റോബസ്റ്റസ് വിഭാഗം വളരെ ശക്തരായിരുന്നു. ഇതിൽ ആഫ്രിയ്താനസ് വിഭാഗം കഴിഞ്ഞ 20 ലഷം വർഷം വരെ നിലനില്ക്കുന്നു. ഇതിടയിൽ എപ്പോഴോ റോബസ്റ്റസ് വിഭാഗം അപ്രത്യക്ഷരായി. ആഫ്രികാനസ് വിഭാഗം മനുഷ്യസാദൃശ്യം കൂടുതൽ കാണിക്കുന്നു. ഇവരുടെ ദന്തനിര മനുഷ്യനോട് കൂടുതൽ അടുത്തതാണ്‌. മുഖത്തെ മനുഷ്യകുരങ്ങ് ഛായ കുറഞ്ഞുവരുന്നു. ഈ വിഭാഗത്തിൽ നിന്ന് പില്കാലത്ത് മനുഷ്യൻ രൂപം കൊള്ളുന്നു.



Australopithecus robustus skull
     കഴിഞ്ഞ 25 ലക്ഷം വർഷം തൊട്ട് ആസ്ത്രേലേപിത്തക്കസ് എന്ന ജീനസിനോടൊപ്പം മറ്റൊരു ജീനസ് കൂടി രംഗത്ത് വരുന്നു. അവരാണ്‌ ഹോമോ. ഇതാണ്‌ നമ്മുടെ സ്വന്തം ജീനസ്. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിക്കണം. ഒന്നിനുപിറകെ ഒന്നായി പേര്‌ പറഞ്ഞുപോകുമ്പോൾ, മനുഷ്യപരിണാമം നടന്നത് കോണിപ്പടി പോലെയാണെന്ന് തോന്നാം. പരിണാമം സംഭവിച്ചത് അങ്ങനെയല്ല. ഏകകാലത്ത് പലവിഭാഗം ഹോമിനിഡു-പൂർവ്വമനുഷ്യർ-കളും ജീവിച്ചിരുന്നിരിക്കാം. പ്രകൃതിനിർധാരണം അനുകൂലമല്ലാത്തതിനാൽ പലവിഭാഗങ്ങളും കുറ്റിയറ്റ് പോയതാണ്‌. അനുകൂല മ്യൂട്ടേഷനുകൾ നടന്നവ അതിജീവിക്കും. ആസ്തൃലേപിത്തേക്കസിലെ റോബസ്റ്റസ് വിഭാഗം തന്നെ ഉദാഹരണം. കാഴ്ചയിൽ അവർ ആഫ്രിക്കാനസിനേക്കാൾ ശക്തരാണ്‌. എങ്കിലും പ്രകൃതിനിർധാരണം നടന്നത് ആഫ്രിയ്താനസിനനുകൂലമായാണ്‌. ഇതുമൂലം ഇവർ മനുഷ്യാകൃതിയിലേക്ക് കൂടുതൽ അടുത്തുവരുന്നു. ഇവർ അതിജീവിച്ചപ്പോൾ റോബസ്റ്റസ് കുറ്റിയറ്റ് പോയി. 


Australopithecus robustus
Homo habilis
Homo Erectus
      കഴിഞ്ഞ 25 ലക്ഷം വർഷം വരെ ഹോമിനിഡുകളുടെ പ്രത്യേകത രണ്ടുകാലിൽ നിവർന്നുനിന്നു, ഇരുകാലിനടത്തം സ്വായത്തമാക്കി; ഇതിൽ ഒതുങ്ങുന്നു. തലച്ചോറ്‌ വികസിക്കുകയോ കരങ്ങൾ കൊണ്ട് അല്ഭുതങ്ങൾ സൃഷ്ടിക്കുകയോ ചെയ്തില്ല. എന്നാൽ ഇപ്പറഞ്ഞതിനെല്ലാം കളമൊരുക്കി എന്നതാണ്‌ ഈ കാലഘട്ടത്തിന്റെ സവിശേഷത. ഇക്കാലം വരെ ഹോമിനിഡുകളുടെ തലച്ചോറ്‌ പരമാവധി 440 ക്യുബിക് സെന്റിമീറ്റർ(cc) ആണ്‌. എന്നാൽ 25 ലക്ഷം വർഷം തൊട്ട് കാണുന്ന പുതിയ ജീവജാതി-ഹോമോ- മുതൽ സ്ഥിതിയാകെ മാറുന്നു. അത് ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള വേഗത കൂട്ടുന്നു. 2 സുപ്രധാന പ്രവർത്തനങ്ങൾ ഇക്കാലത്ത് സംഭവിക്കുന്നു. 1. തലച്ചോറിന്റെ ഉള്ളളവ് വർധിക്കുന്നു. അത് ആദ്യം 800 cc ആയും പിന്നീട് 1000 cc മുതൽ 1200 cc വരെയും പിന്നീട് ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ ഉള്ളളവായ 1450 cc വരെ നിരന്തരം വികസിച്ചുകൊണ്ടിരുന്നു; 2. ഇക്കാലത്ത് ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള ഒരു സങ്കീർണ പ്രവർത്തനം തുടങ്ങി വെയ്ക്കുന്നു. അത് പറയും മുമ്പ് ഹോമോ എന്ന് ജീനസിനെ പരിചയപ്പെടാം. ഈ ജീനസിൽ ഒട്ടനവധി പൂർവ മനുഷ്യവിഭാഗങ്ങളുണ്ട്. നമുക്കിവിടെ പ്രസക്തമായത് 4 പേരാണ്‌. ആദ്യത്തെ ആൾ ഹോമോ ഹാബിലിസ്, 2. ഹോമോ ഇറക്റ്റസ്, 3. ഹോമോ നിയാർതാലെസിസ്, 4. ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യൻ-നമ്മൾ തന്നെ.

Neanderthals
     25 ലക്ഷം വർഷങ്ങൾക്കുമുമ്പ് ആസ്ത്രേലേപിത്തക്കസ് ആഫ്രിക്കാനസ് ഉള്ളപ്പോൾ തന്നെ ഹോമോ ഹാബിലിസ് ഉയർന്നുവരുന്നു. ഹാബിലിസിനെ അർദ്ധമനുഷ്യൻ എന്നും പറയാറുണ്ട്. 4 അടിയാണ്‌ ഇവന്റെ ഉയരം. കൈകൾ മുട്ടോളമെത്തുന്നു. ദേഹമാകെ രോമങ്ങൾ. കഴുത്തിനുതാഴെ പൂർണമനുഷ്യാകാരം. ശിരസ്സിൽ നമ്മെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളുണ്ട്. മൂക്ക് പമ്മിയതാണ്‌. നമ്മുടേതുപോലത്തെ നെറ്റിയില്ല. പുരികത്തിൽ കട്ടിയായ ഒരു തടിപ്പുണ്ട്-പുരികത്തിട്ട്- മുതൽ മേലോട്ട് ചരിഞ്ഞാണ്‌ തലയുടെ ആകൃതി. ഈ പൂർവ്വമനുഷ്യന്റെ കാലം കഴിഞ്ഞ 25 ലക്ഷം വർഷം മുതൽ കഴിഞ്ഞ 17 ലക്ഷം വർഷം വരെയാണ്‌. 1960-ൽ ലൂയി ലീക്കിയും സംഘവും ടാർസാനിയയിലെ ഓൾഡുവായ് താഴ്വരയിൽ നിന്നും ഇവന്റെ ആദ്യ ഫോസിൽ കണ്ടെടുത്തു. പിന്നീട് ആഫ്രിക്കയുടെ വിവിധ ഭാഗത്തുനിന്നും ഇവന്റെ ഒട്ടേറെ ഫൊസിലുകൾ കിട്ടി.  



     എന്നാൽ പ്രശ്നം അവിടെയല്ല. ഹാബിലിസിന്റെ തലച്ചോറിന്റെ അളവ് 800 cc വരെയാണ്‌. എന്നാൽ ആഫ്രിയ്താനസിന്റേത് 440 cc മാത്രമാണ്‌. ഇവിടെതലോച്ചോറിന്റെ അളവ് മാറാൻ എന്ത് മറിമായമാണ്‌ സംഭവിച്ചത്. ഏതെങ്കിലും അതീതശക്തി ഇടപെട്ടുവോ? ഇല്ല. അത് പാലിയോ ആന്ത്രോല്ലോളജിസ്റ്റുകളെ ഏറെകാലം കുഴക്കിയ പ്രശ്നമായിരുന്നു. ഇതിനുത്തരം കിട്ടിയത് ജനിതക ശാസ്ത്രത്തിൽ നിന്നായിരുന്നു. 



ജനിതക ശാസ്ത്രത്തിലേക്ക്


     1998ൽ ജനിതക ശാസ്ത്രകാരന്മാർ സംഭവം കണ്ടെത്തി. അതിൽ നിർണ്ണായക പങ്കു വഹിച്ചത് അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ഒരു മലയാളി വംശജനും . കോട്ടയം ജില്ലയിൽ വേരുകളുള്ള അജിത് വർക്കി, സംഗതി ഇതാണ്‌. ഭൂതകാലത്ത് മനുഷ്യ പൂർവ്വികനിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചു. അതായത് നമ്മുടെ ജനിതകഘടനയിൽ നിന്നും ഒരു ജീൻ നമുക്ക് നഷ്ടപ്പെട്ടു. അതുകൊണ്ട് മനുഷ്യവംശത്തിന്‌ ഒരുപാട് ദുരിതങ്ങൾ ഉണ്ടായി. എന്നാൽ അതിന്‌ മറുഫലവും ഉണ്ടായി.  അത് വിലമതിക്കാനാകാത്ത പ്രയോജനം മാനവരാശിക്കു നല്കി.


    അജിത് വർക്കി ഗ്ലൈക്കോ ബയോളജിയിൽ ഗവേഷണം നടത്തുകയായിരുന്നു. ഒരുതരം സിയാലിക് ആസിഡാണിത്. ചിമ്പാൻസിക്കും, മനുഷ്യക്കുരങ്ങുവിഭാഗത്തിലെ എല്ലാവർക്കും, പ്രൈമേറ്റുകൾക്കും, സസ്തനികൾക്കും, അവയുടെ കോശത്തിനു പുറത്ത് സിയാലിക് ആസിഡിന്റെ ഒരു ആവരണം ഉണ്ടായിരിക്കും. N-Glyecolneuramic Acid എന്നാണതിന്റെ പേര്‌. ഇതിന്‌ രണ്ടു രൂപങ്ങൾ ഉണ്ട്‌. Acയും,Gcയും. Ac രൂപത്തിൽ നിന്നാണ്‌ Gc രൂപം നിർമ്മിക്കുന്നത്. അതിന്‌ പ്രത്യേകമായ ഒരു എൻസൈം ഉണ്ട്‌. നമ്മുടെ 6​‍ാമത്തെ ക്രോമസോമിലുള്ള ഒരു ജീനാണ്‌ ഈ എൻസൈം നിർമ്മിക്കാനുള്ള കോഡ് വഹിക്കുന്നത്. പേര്‌ CMAH. എന്നാൽ മനുഷ്യന്റെ ജനിതക ഘടനയിൽ നിന്നും ഈ ജീൻ നഷ്ടപ്പെട്ടു. 92 അക്ഷരങ്ങൾ -bases- ഈ ജീൻ സീക്വൻസിൽ നിന്നും ചാടിപ്പോയതാണ്‌ CMAH നിർജീവമാവാൻ കാരണം. ഇക്കാരണത്താൽ പ്രസ്തുത ആസിഡിന്റെ Gc രൂപം നിർമിക്കാൻ നമുക്ക് കഴിവില്ല. അതേ സമയം നമ്മുടെ തൊട്ടടുത്ത ബന്ധുവായ ചിമ്പാൻസിയിലും മറ്റു സസ്തനികളിലും ഈ ജീൻ പൂർണ്ണമായി പ്രവർത്തിക്കുന്നു. ഇതു മൂലം ഒരുപാടു രോഗങ്ങൾ എളുപ്പത്തിൽ മനുഷ്യനെ ബാധിക്കുന്നു. നമ്മെ  മലേറിയ, കോളറ, ബോട്ടുലിസം, തുടങ്ങിയ സംക്രമിക രോഗങ്ങൾ വളരെ വേഗം ബാധിക്കുന്നു. എന്നാൽ ചിമ്പാൻസിക്കും കൂട്ടർക്കും ഈ രോഗങ്ങൾ എളുപ്പത്തിൽ  ബാധിക്കില്ല. സിയാലിക് ആസിഡിന്റെ ഈ Gc രൂപം  കോശത്തിന്‌ പുറത്ത് ഒരു ആവരണമായി വർത്തിക്കുന്നതുകൊണ്ട് രോഗാണുക്കൾക്ക്  എളുപ്പത്തിൽ കോശത്തെ ബാധിക്കാനാവില്ല എന്നതാണ്‌ കാരണം . ഒരു ജീൻ നഷ്ടം കൊണ്ട്‌ മാനവരാശിക്ക് ദുരിത വശം ഉണ്ടായെങ്കിലും അതിന്‌ ഒരു ഗുണ വശം കൂടി ഉണ്ടായി . പ്രൈമേറ്റിലെ എല്ലാ ജീവികളിലും പ്രസവിച്ചു കഴിഞ്ഞയുടനെ അവയുടെ തലച്ചോറിന്റെ  വളർച്ച അവസാനിപ്പിക്കുന്നു. അതിനു കാരണം, N-Glycolylneuramic Acid ന്റെ Gc രൂപം  തലച്ചോറിന്റെ വികാസം  തടസ്സപ്പെടുത്തുന്നു എന്നതാണ്‌[11]. എന്നാൽ മനുഷ്യനിൽ മാത്രം  പ്രസവശേഷവും തലച്ചോർ വളർന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനിൽ Ac രൂപത്തിന്റെ സാന്നിദ്ധ്യം ഗുണപരമായി ഭവിച്ചു. അതായത് ഒരു ജീൻ നഷ്ടം; തലച്ചോറിന്റെ വികാസത്തെ ത്വരിതപ്പെടുത്തി പിൽക്കാലത്ത് മനുഷ്യ മസ്തിഷ്കം നിരന്തരം വികസിക്കുകയായിരുന്നു. ഇതിലേക്ക് നയിച്ച പല മ്യൂട്ടേഷനുകളും ഉണ്ട്‌. അതിൽ ചിലതു മാത്രമാണിവിടെ പറയുന്നത്. മസ്തിഷ്കം വളരെ  വളരെ ചെലവേറിയ ഒരു അവയവമാണ്‌. പ്രായപൂർത്തിയായ ഒരാളിന്റെ 100 കലോറി ഊർജജത്തിൽ നിന്നും 25 കലോറിയും ഉപയോഗിക്കുന്നത് തലച്ചോറാണ്‌. എന്നാൽ ശിശുക്കളിൽ ഇതിന്റെ അളവ് 60 കലോറിവരെയാണ്‌. നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു സംഗതിയുണ്ട്‌. അജിത് വർക്കിയും  സംഘവും ഈ മ്യൂട്ടേഷനെ തിരിച്ചറിഞ്ഞപ്പോൾ തന്നെ അതു സംഭവിച്ച കാലവും കൃത്യമായി മനസ്സിലാക്കി. 27 ലക്ഷം വർഷങ്ങൾക്കു മുമ്പാണ്‌ ഈ മ്യൂടേഷൻ നടന്നത്. ഈ കാലഘട്ടത്തിനു ശേഷം ലഭിക്കുന്ന ഹോമോയുടെ ഫോസിലുകളിൽ തലച്ചോറിന്റെ ഉള്ളളവിൽ , അതിന്റെ മുമ്പത്തെ വിഭാഗങ്ങളേക്കാൾ , ഏതാണ്ട്‌ ഇരട്ടിക്കുന്നു. അന്ന് സംഭവിച്ച മ്യൂടേഷന്റെ ഫലമായുണ്ടായ തലച്ചോറിന്റെ വികാസം പിന്നീട് ലക്ഷക്കണക്കിൽ വർഷങ്ങളിലൂടെ തുടർന്നുവന്നു. അതും നമുക്കു ഫോസിലുകളിൽ കാണാം. അതുകൊണ്ട്‌ വർദ്ധിതമായ തലച്ചോരുമായി രംഗത്തുവരുന്ന ഹാബിലിസ് കൂടുതൽ മനുഷ്യസ്വഭാവം കാണിക്കുന്നതുകൊണ്ട്‌ അത് നമ്മുടെ സ്വന്തം ജീനസ്സായി മാറുന്നു. ഹാബിലിസ്സ് അങ്ങനെ തുടങ്ങുന്ന സമയത്ത് അതിപ്രധാനമായ  മറ്റൊരു മ്യൂടേഷൻ കൂടി സംഭവിച്ചു


   നമ്മുടെ കീഴ്താടി ചിമ്പാൻസി, ഗറില്ല, മകാക്വ കുരങ്ങ് എന്നിവയുമായി ഒത്തുനോക്കിയാൽ വലിയൊരു വ്യത്യാസം കാണും. ഇതിൽ മനുഷ്യന്റേത് വളരെ ചെറുതും മറ്റുള്ളവയുടേത് വളരെ വലുതുമാണ്‌. ആൾകുരങ്ങുകളുടെ തൊട്ടടുത്ത ബന്ധുവായിരുന്നിട്ടുകൂടി എന്തുകൊണ്ട് മനുഷ്യന്റെ കീഴ്താടി ചെറുതായി പോയി എന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ Hensell Stedman ഉം സംഘവും കൂടി 2004-ൽ കണ്ടുപിടിച്ചപ്പോൾ തലച്ചോറിന്റെ വികാസത്തിലേക്ക് നയിച്ച ഒരു പ്രതിഭാസം കൂടി വെളിവാക്കപ്പെട്ടു. നമ്മുടെ ഒന്നാമത്തെ ക്രോമസോമിലുള്ള ഒരു ജീനാണ്‌ MYH 16. ഈ ജീൻ കോഡ് ചെയ്യുന്ന പ്രോട്ടീനാണ്‌ കീഴ്താടിയെ ചലിപ്പിക്കുന്നത്. ഗറില്ലയെ നോക്കുക; അവന്റെ കീഴ്താടി കനത്തതാണ്‌. മുളംതണ്ടുകളും ഇലത്തണ്ടുകളും അവൻ കടിച്ചുമുറിച്ച് തിന്നും. അതിന്‌ അവനെ സഹായിക്കുന്നത് ശക്തിയേറിയ കീഴ്താടിയാണ്‌. ഇത്രയും ശക്തമായ കീഴ്താടി പ്രവർത്തിക്കണമെങ്കിൽ തലയോട്ടിയുമായി ബന്ധിപ്പിക്കുന്ന ശക്തിമത്തായ മസിലുകൾ വേണം. അവന്റെ ചെവിക്ക് പിന്നിലുള്ള ഭാഗത്താണ്‌ ഈ മസിലുകൾ ഉറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഗറില്ലയിൽ അത് ഭംഗിയായി പ്രവർത്തിക്കുന്നു. പക്ഷേ, മനുഷ്യനിൽ കഴിഞ്ഞ 27 ലക്ഷം വർഷത്തിനും 21 ലക്ഷം വർഷത്തിനുമിടയിൽ MYH16 എന്ന ജീനിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചു[12]. അത് ഈ ജീനിനെ താറുമാറാക്കി. ഫലം ഈ ജീനിന്‌ പൂർണമായും പ്രോട്ടീൻ ഉല്പാദിപ്പിക്കാൻ കഴിവില്ല എന്നതാണ്‌. ഇക്കാരണത്താൽ മനുഷ്യനിൽ കീഴ്താടിയെ ബന്ധിപ്പിച്ചിരുന്നു മസിലുകൾ ചുരുങ്ങിപ്പോയി. ചുരുങ്ങിയ മസിലുകൾക്ക്‌ കനം കുറഞ്ഞ കീഴ്താടിയെ മാത്രമേ താങ്ങാനാകൂ. അപ്പോൾ അതിനനുകൂലമായ പ്രകൃതിനിർധാരണം നടന്നു. ഇത് നമ്മുടെ തലയോട്ടി ഭാഗങ്ങൾ കനം കുറയുന്നതിനും വലുതാകുന്നതിനും വഴിവെച്ചു. കീഴ്താടിയെ താങ്ങി നിർത്തുന്ന കനത്ത മസിലുകൾ തലയോട്ടിയുമായി ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് നമ്മുടെ ചിമ്പൻസി ബന്ധുക്കൾക്ക് തലയോട്ടി വികാസത്തിന്‌ യതൊരു ചാൻസുമില്ല. മനുഷ്യനിൽ ഈ മസിലുകളിൽ വന്ന ചുരുങ്ങൽ തലയോട്ടി വലുതാകുന്നതിനും തലച്ചോർ വികസിക്കുന്നതിനും വഴിവെച്ചു. ഹോമോ ഹാബിലിസിന്റെ കാലത്ത്‌ നടന്ന ഈ മ്യൂട്ടേഷന്റെ ഫലം ഇന്ന് നമ്മൾ അനുഭവിക്കുന്നു. ഈ കീഴ്താടി ചുരുങ്ങൽ കൊണ്ട് നമുക്ക് വിലമതിക്കാനാകാത്ത മറ്റൊരു നേട്ടം കൂടിയുണ്ടായി. ഈ കാലഘട്ടാം കഴിഞ്ഞ് ലക്ഷക്കണക്കയോനു വർഷങ്ങൾക്കുശേഷം ആധുനിക മനുഷ്യൻ രൂപപ്പെട്ടപ്പോൾ അവനിലുണ്ടായ ഒരു മ്യൂട്ടേശൻ സംസാരശേഷി വികസിക്കുന്നതിന്‌ വഴിയൊരുക്കി. കീഴ്താടി ചുരുങ്ങിപ്പോയതുകൊണ്ട് മാത്രമാണ്‌ നമുക്കിന്ന് സുഗമമായി സംസാരിക്കാൻ കഴിയുന്നത്. സംസാരശേഷിക്കുള്ള മ്യൂട്ടേഷൻ സംഭവിച്ചാലും  ഗറില്ലയുടേതുപോലത്തെ കനത്ത കീഴ്താടിയായിരുന്നു മനുഷ്യന്‌ ഉണ്ടായിരുന്നതെങ്കിൽ തീച്ചയായും നമുക്ക് സംസാരിക്കുവാൻ കഴിയില്ല.


     തലച്ചോറിന്റെ വികാസത്തിലേക്ക് നയിച്ച മറ്റൊരു അനുകൂല മ്യൂട്ടേഷൻ 2006ൽ ശാസ്ത്രകാരന്മാർ കണ്ടെത്തി. HARI എന്ന ജീനിൽ സംഭവിച്ച ഒരു മ്യൂട്ടേഷനാണത്[13]. ഈ ജീൻ  കോഴിയിലും ചിമ്പാൻസിയിലും മനുഷ്യനിലും ഉണ്ട്. കഴിഞ്ഞ 31 കോടി വർഷത്തിനും കഴിഞ്ഞ 50 ലക്ഷം വർഷത്തിനും ഇടയിൽ, ഈ ജീനിലുള്ള 118 അക്ഷരങ്ങളിൽ രണ്ടേ രണ്ട് അക്ഷരങ്ങളിൽ  മാത്രമേ  മ്യൂട്ടേഷൻ സംഭവിച്ചിരുന്നുള്ളൂ. പക്ഷേ കഴിഞ്ഞ 50 ലക്ഷം വർഷം തൊട്ട് ഇങ്ങോട്ടുള്ള കാലത്ത് ഈ ജീനിൽ 18 അക്ഷരത്തെറ്റുകൾ സംഭവിച്ചു. ചിമ്പാൻസിയിൽ നിന്നു മനുഷ്യൻ വേർപെട്ട്പോന്നതിന്‌ ശേഷം മനുഷ്യ ജീനിലാണ്‌ ഈ മ്യൂട്ടേഷനുകൾ സംഭവിച്ചത്. അതായത് ആസ്ത്രേലേപിത്തേക്കസിനുകൾ തൊട്ടുവരുന്ന മനുഷ്യ പൂർവ്വിക വിഭാഗങ്ങളിൽ ഈ മ്യൂട്ടേഷനുകൾ  നടന്നു കൊണ്ടിരുന്നു. തലച്ചോറിൽ ഈ മ്യൂട്ടേഷന്റെ പ്രയോജനം അപാരമായിരുന്നു. മനുഷ്യൻ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ 7 മുതൽ 9 വരെയുള്ള മാസങ്ങളിൽ ഈ ജീനിന്റെ പ്രവർത്തനം തലച്ചോറിൽ ഉന്നതാവസ്ഥയിലെത്തുന്നു. ഈ ജീൻ നമ്മുടെ തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നു.


      അങ്ങനെ ഒട്ടേറെ മ്യൂട്ടേഷനുകളുടെ ഫലമായിട്ടാണ്‌ നമ്മുടെ തലച്ചോറ്‌ വികസിച്ചത്; അതും ലക്ഷക്കണക്കിന്‌ വർഷങ്ങളെടുത്തുകൊണ്ട്‌. അല്ലാതെ ഇതാ പിടിച്ചോ എന്നു ദൈവം കല്പിച്ചപ്പോഴൊന്നുമല്ല. ദൈവമുണ്ടെങ്കിൽ ഇത്തരം മ്യൂട്ടേഷനുകളുടെ ഒന്നും ആവശ്യമില്ലല്ലോ, വിചാരിച്ച നിമിഷം തലച്ചോർ റെഡി. എന്നാൽ പരിണാമത്തിലൂടെയാണ്‌ നമ്മുടെ തലച്ചോർ വികസിച്ചത് എന്ന് നമ്മുടെ DNA യിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു കാര്യം തറപ്പിച്ചു  പറയട്ടെ; ഒരു ദൈവത്തെ സങ്കല്പ്പിക്കണമെങ്കിൽ വിസ്തൃതമായ തലച്ചോറും അതിനനുസരിച്ചുള്ള അറിവും ഉണ്ടായിരിക്കണം അല്ലെങ്കിൽ മറ്റു ജീവികൾ എന്തുകൊണ്ട്‌ ദൈവത്തെ ആരാധിക്കുന്നില്ല എന്ന പ്രശ്നത്തിന്‌ വിശ്വാസികൾ ഉത്തരം പറയട്ടെ.



     ഇനി ഹാബിലിസിന്റെ അടുത്തേക്ക് തിരിച്ചുപോകാം. ആധുനിക മനുഷ്യന്റെ ഉല്പത്തിയിലേക്ക് നയിച്ച പൂർവ്വ മനുഷ്യൻ എന്ന നിലയിൽ മനുഷ്യപരിണാമത്തിൽ ഇവന്റെ സ്ഥാനം അതിരറ്റതാണ്‌. ഹാബിലിസിന്‌ മുമ്പുള്ള ഹോമിനിഡുകളിൽനിന്ന്  വ്യത്യസ്തമായി ഇവന്റെ തലച്ചോർ ഇരട്ടിച്ചതായി നാം കണ്ടു. അതിന്റെ പ്രയോജനം ഇതാ കണ്ടു തുടങ്ങുന്നു. ജീവികളുടെ ചരിത്രത്തിലെ ഒരു അല്ഭുതപ്രവൃതി ഹാബിലിസ് തുടങ്ങിവെയ്ക്കുന്നു. അതാണ്‌ ഉപകരണ നിർമ്മാണം. ഹാബിലിസിന്റെ ഫോസിലിനോടൊപ്പം അവൻ നിർമ്മിച്ച ഉപകരണങ്ങളും ലൂയി ലീക്കി കണ്ടെടുത്തിട്ടുണ്ടായിരുന്നു. ചിമ്പാൻസിയും മറ്റു  ചില ജീവികളും ഉപകരണങ്ങൾ ഉപയോഗിക്കുന്നവരായി കാണാം . പക്ഷേ അവരാരുംതന്നെ ഉപകരണങ്ങൾ നിർമ്മിക്കുന്നവരല്ല. അത് ഭൂമുഖത്ത് ഒരു ജീവി ആദ്യമായി ചെയ്തത് ഹോമോ ഹാബിലിസ് ആണ്‌. ഭൂമിയിലെ 400 കോടി വർഷത്തെ ജീവന്റെ ചരിത്രത്തിൽ, ഒരു ജീവി സ്വന്തം ഭാഗധേയം നിർണ്ണയിക്കാൻ തുടങ്ങുന്ന അമ്പരപ്പിക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കം; അതാണ്‌ ഉപകരണ നിർമാണത്തിലൂടെ ഹാബിലിസ് തുടങ്ങിവെച്ചത്. ഈ പ്രവർത്തനം എങ്ങനെയായിരുന്നുവെന്ന് നോക്കാം. ഹബിലിസിന്റെ ഫോസിൽ ആദ്യം കണ്ടെത്തിയത് ഓൾഡുവായ് താഴ്വരയിൽ നിന്നാണ്‌ എന്നു പറഞ്ഞുവല്ലോ. അവിടെ നിന്നും അവൻ ഒരു ഉരുളൻ കല്ലെടുക്കുന്നു. മറ്റൊരു കല്ലുകൊണ്ട്‌ അതിന്മേൽ ശക്തിയായി ഇടിക്കുന്നു. അപ്പോൾ അതിന്റെ ഒരു വശം  അടർന്നുപോകുന്നു. അടർന്നു പോന്നവശത്ത് നല്ല മൂർച്ചയുണ്ടായിരിക്കും. ഇതാണ്‌ ആദിമമനുഷ്യൻ നിർമ്മിച്ച ആദ്യത്തെ ഉപകരണം. അതു കൊണ്ട്‌  അവന്‌ ചെറിയ മൃഗങ്ങളെ തലക്കടിച്ച് കൊല്ലാം; കിഴങ്ങുകൾ മാന്തിയെടുക്കാം, വിത്തുകൾ പൊട്ടിച്ച് അതിലെ കാമ്പ് എടുക്കാം, എല്ലുകൾ പൊട്ടിച്ച് അതിലെ മജ്ജ എടുക്കാം. ഉപകണ നിർമ്മാണപ്രവർത്തനത്തിന്റെ ഏറ്റവും പ്രാഥമിക ഘട്ടമാണിത്. ഈ ഉപകണ നിർമ്മാണവും അതിനൊത്തുള്ള ജീവിത രീതിയേയും ഓൾഡോവാൻ സംസ്കാരം എന്നു പറയും. ഈ ഘട്ടത്തിൽ നിന്നാരംഭിക്കുന്ന ലോകത്തെ മറ്റൊരു ജീവിക്കും കൈവരിക്കാനാകാത്ത ഒരു പ്രതിഭാസത്തെക്കുറിച്ച് ഇപ്പോൾ  നം പരിശോധിക്കേണ്ടിയിരിക്കുന്നു   അതാണ്‌  ആർജിത അറിവിന്റെ വികാസം.
  
അറിവിന്റെ ഉല്പത്തി


Oldowan Tools
Acheulean tools 
MOUSTERIAN TOOLS
     പ്രശ്നം ഇതാണ്‌. നമുക്കെങ്ങിനെ  അറിവുണ്ടായി. ഒട്ടുമിക്കയാളുകളും കരുതുന്നതുപോലെ ഏദൻ തോട്ടത്തിൽ വെച്ച്, ദൈവം വിലക്കിയ കനി  മനുഷ്യൻ ഭക്ഷിച്ചപ്പോഴാണോ? അല്ല. അതു മനുഷ്യൻ നിർമ്മിച്ച ഒരു കഥ മാത്രമാണ്‌. ഈ കഥ നിർമിക്കുന്നതിനു വേണ്ട പശ്ചാത്തല അറിവുകൾ സമൂഹത്തിൽ ഉണ്ടായിരിക്കുമ്പോഴേ ഇത്തരം കഥകൾ നിർമ്മിക്കാനാവു. ഒരു കാര്യം ഊന്നി പറയട്ടെ, മനുഷ്യൻ നേടിയ അറിവും ദൈവവും തമ്മിൽ യാതൊരു ബന്ധവുമില്ല ദൈവം തന്നെ മനുഷ്യന്റെ സൃഷ്ടിയാണ്‌; എന്നുതന്നെയല്ല നമ്മൾ ഇപ്പോൾ നല്ക്കുന്നകാലഘട്ടത്തിൽ നിന്നും (ഹാബിലസ് 25 ലക്ഷം വർഷം മുമ്പ്) ദൈവം എന്ന സങ്കല്പത്തിലെത്താൻ ഇനിയും 24 ലക്ഷം വർഷങ്ങൾ പിന്നിടേണ്ടതുണ്ട്. അതുകൊണ്ട് അറിവിന്റെ ഉല്പത്തിയെക്കുറിച്ചറിയുവാൻ  നമുക്ക്, നമ്മുടെ ചരിത്രത്തിലേക്കുതന്നെ തിരിയേണ്ടിവരും. മനുഷ്യന്റെ ജനിതക ഘടനയിൽ 30,000 ത്തോളം ജീനുകളുണ്ട്. എന്നാൽ അതിൽ ഒറ്റ  ജീനും അറിവ് ഉല്പാദിപ്പിക്കുന്നവയായില്ല. അതായത് അറിവ് ജനിതകമല്ല മറിച്ച് ആർജിതമാണ്‌. മറ്റ് ജീവികൾ ജന്മ വാസനകൊണ്ടാണ്‌ ജീവിതം നയിക്കുന്നത്. മനുഷ്യന്‌ ജന്മ വാസനകൾ കുറവും ആർജിത അറിവുകൾ കൂടുതലും ആണ്‌. ആർജിത അറിവുകൾ, അത് ജീവിതത്തിൽ നിന്ന് ഉപകരണങ്ങളുടെ പ്രയോഗത്തിലൂടെ നേടിയെടുക്കുന്നതാണ്‌. അത് സംഭരിച്ച് തലമുറകളിലൂടെ കൈമാറുന്നതാണ്‌.     എങ്കിൽ അതിനൊരു തുടക്കമുണ്ടായിരിക്കും  അത് തുടങ്ങിയത്  24 ലക്ഷം വർഷങ്ങൾക്കുമുമ്പ്  ആഫ്രിക്കയിൽ വെച്ചാണ്‌. എനിക്കും താങ്കൾക്കും ആധുനിക മനുഷ്യരെന്ന നിലയിൽ കുറേ അറിവുകളുണ്ട്‌, മറക്കാതിരിക്കുക, നമ്മളല്ല ഈ അറിവുകളുടെയെല്ലാം ആദ്യ ഉല്പാദകൻ. അതു തുടങ്ങിവെച്ചത് നമ്മുടെ സ്വന്തം ജീനസ്സായ  ഹോമോയിലെ ആദ്യ മനുഷ്യൻ ഹോമോ ഹാബിലിസാണ്‌.

 Solutrean tools from France

Magdalenian tools

     എന്താണ്‌ സംഭവിച്ചത് എന്നു നോക്കാം, ഇന്ന് കമ്പ്യൂട്ടറും 3ജി മൊബൈലുമൊക്കെ ഉപയോഗിക്കുന്നവരല്ലോ നമ്മൾ. എന്നാൽ അതിന്റെ പൂർവ്വ രൂപ ഓൾഡോവാൻ സംസ്കാരത്തിൽ ഹാബിലിസ് ഉണ്ടാക്കിയ ശിലോപകരണങ്ങളാണ്‌ എന്നു പറഞ്ഞാൽ, അത് വിശ്വസിക്കുവാൻ പ്രയാസമാണെങ്കിലും സത്യമാണ്‌. അല്ലെങ്കിൽ ഈ ശിലോപകരണങ്ങളുടെ പടിപടിയായ വികാസത്തിന്റെ ഒരു ഘട്ടത്തിലാണ്‌ കമ്പ്യൂട്ടർ സൃഷ്ടിക്കപ്പെടുന്നത്. നടന്നതിന്റെ ചുരുക്കം ഇതാണ്‌, ഹാബിലിസ്-ഹാബിലിസ്  മാത്രമല്ല, ഹോമോ ഇറക്റ്റസും ആധുനിക മനുഷ്യനും എന്തിനേറെ അന്നും ഇന്നും - ഒരു ഉപകരണം നിർമ്മിക്കുന്നു. തുടർന്ന് അത് ഉപയോഗിക്കുന്നു. കുറേക്കാലം അത് ഉപയോഗത്തിലിരിക്കുന്നു. കുറേക്കാലം എന്നു പറഞ്ഞാൽ ലക്ഷക്കണക്കിൽ വർഷങ്ങൾ. നമ്മുടെ പകുതിയിൽ അല്പം കൂടി മാത്രമേ  അവനു തലച്ചോറുള്ളൂ എന്ന കാര്യം ഓർമ്മ വേണം. ഉപയോഗിച്ച്, ഉപയോഗിച്ച് ഒരു ഘട്ടമെത്തുമ്പോൾ പ്രസ്തുത ഉപകരണം അവന്‌ നല്കുന്ന പ്രയോജനം പോരെന്ന് അവന്‌ മനസ്സിലാകും. അപ്പോൾ ആ ഉപകരണം ഉപയോഗിച്ച് എത്തിയ അറിവിന്റെ ഒരു തലം ഉണ്ടായിരിക്കും. ആ തലത്തിൽ നിന്ന് പ്രസ്തുത ഉപകരണത്തിന്റെ പോരായ്മ എന്തെന്ന് അവന്‌ മനസ്സിലാകും; അതനുസരിച്ച് ആ ഉപകരണത്തെ അല്പമൊന്ന് പരിഷ്കരിക്കാനും അവന്‌ കഴിയും. മനുഷ്യന്റെ ചരിത്രത്തിൽ ഇന്നോളം നടന്നത് ഉപകരണ നിർമ്മാണ, പ്രയോഗ, പരിഷ്കരണ  പ്രവർത്തനങ്ങളാണ്‌. ഒരു ഉപകരണം പ്രയോഗിക്കുമ്പോൾ  അത് അറിവ് ഉല്പാദിപ്പിക്കുന്നു.  ശിലോപകരണം കൊണ്ട്  വിത്തിന്റെ കവചം പൊട്ടിച്ച്  കാമ്പെടുക്കലും കിഴങ്ങുകൾ മാന്തിയെടുക്കലും ശക്തിയായി ഒരടി കിട്ടിയാൽ ചെറിയ ജീവികൾ ചത്തുപോകുമെന്നതും  ആർജിതമായ അറിവാണ്‌. അത് ഇതിനു മുമ്പത്തെ ഒരു ജീവിക്കും നേടിയെടുക്കാനായിട്ടില്ല. ഇനി മനുഷ്യന്റെ ചരിത്രം കാണിക്കുന്നത്;  ഈ ആർജിതമായ അറിവിന്റെ വികാസമാണ്‌. അത് ഇന്നും തുടരുന്നു. ഉപകരണം കൊണ്ടുള്ള പ്രവർത്തനത്തിൽ 3 കാര്യങ്ങൾ ഒരേ സമയം നടക്കുന്നു. ആർജിതമായ അറിവ് മനുഷ്യന്‌ (അവന്റെ പൂർവികർക്കും) എത്രത്തോളമുണ്ടോ  അത്രകണ്ട്‌ മികവുറ്റ ഉപകരണങ്ങൾ നിർമ്മിക്കുവാൻ അവനു കഴിയും. ഒരുപകരണം എത്രകണ്ട് മികവുറ്റതായി പ്രവർത്തിക്കുന്നുവോ അത്രകണ്ട് അത് അറിവ് ഉല്പാദിപ്പിക്കും.



     അറിവിന്റെ - ബുദ്ധിയുടെ- വികാസവും ഉപകരണങ്ങളുടെ വികാസവും പരസ്പരം ബന്ധിതമായ പ്രവർത്തനങ്ങളാണ്‌. തനിയായി അതിന്‌ നിലനില്പില്ല. അറിവ് വികസിക്കുമ്പോൾ ഉപകരണം വികസിക്കുന്നു. ഉപകരണം മികവുറ്റതായി പ്രവർത്തിക്കുമ്പോൾ അറിവും വികസിക്കുന്നു. ഇതിന്റെ ഫലമായി 3 ആമത്തെ കാര്യം നടക്കുന്നു. അതായത് സംസ്കാരികമാറ്റം. ഉപകരണവും അറിവും മാറുമ്പോൾ അത് നിലനിർത്തിയിരുന്ന ജീവിതസാഹചര്യവും - സംസ്കാരം - മാറുന്നു. സംസ്കാരം മാറുന്നതിനും ഉപകരണങ്ങൾ മാറുന്നതിനും തെളിവുകളായി പുരാവസ്തുക്കൾ ടൺ കണക്കിനുണ്ട്.  സംസ്കാരങ്ങൾ മാറി മാറി വന്നതിന്‌ നമ്മുടെ കാലത്തും ഉദാഹരണങ്ങളുണ്ട്‌. കാടത്ത സംസ്കാരം ; അതിന്‌ അതിന്റേതായ ഉപകരണ വ്യവസ്ഥയും അറിവുകളുമുണ്ട്‌. പക്ഷേ അത് ശാശ്വതമായിരുന്നില്ല . അതു മാറുന്നു.കാടന്മാർ ഒരു സുപ്രഭാതത്തിൽ  കാടത്തരീതി മതി, ഇനി ഫ്യൂഡലിസം തുടങ്ങാം എന്നു കരുതിയതുകൊണ്ടല്ല ഫ്യൂഡലിസം വന്നത്. കാടത്തസംസ്കാരത്തെ നിലനിർത്തിയിരുന്ന ഉപകരണങ്ങളും അറിവുകളും മാറിയപ്പോഴാണ്‌ ഫ്യൂഡലിസം വന്നത്. ഇതുതന്നെയാണ്‌ ഫ്യൂഡലിസത്തിൽ നിന്ന്‌ മുതലാളിത്തത്തിലേക്കുള്ള സംക്രമണരീതിയും  . അടുത്ത സാമൂഹ്യവ്യവസ്ഥ എന്താണെന്ന് തീരുമാനിക്കുന്നത് നമ്മളല്ല. നാളെ ഈ ഉപകരണങ്ങളും അറിവുകളും എന്തൊക്കെയായിതീരും എന്ന് ഇന്ന് സങ്കല്പ്പിക്കാനാവില്ല. അത്രമേൽ വൈവിദ്ധ്യത്തോടെയാണ്‌ അത് വികസിക്കുന്നത്. 



     വീണ്ടും ഹാബിലിസിലേക്ക്. കഴിഞ്ഞ 25 ലക്ഷം വർഷം മുതൽ കഴിഞ്ഞ 17 ലക്ഷം വർഷം വരെയാണ്‌ ഇവരുടെ കാലം. ഇവൻ ഉപകരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങുന്നതോടെ പ്രാചീനശിലായുഗം ആരംഭിക്കുന്നു. കഴിഞ്ഞ 24 ലക്ഷം വർഷം മുതൽ 10,000 വർഷം വരെയുള്ള ബൃഹത്കാലഘട്ടത്തെയാണ്‌ പ്രാചീന ശിലായുഗം എന്ന് പറയുന്നത്. അതിൽ പൂർവ്വ, മധ്യമ, ഉത്തര എന്നിങ്ങനെ വിഭജനങ്ങളുണ്ട്. തലച്ചോറിന്റ് ഉള്ളളവിൽ ആദ്യ ഘട്ടത്തിൽ നിന്ന് പില്കാലത്തെത്തുമ്പോൾ നേരിയ വർധനവ് ഉണ്ടാകുന്നു. അത് അവന്റെ ഉപകരണനിർമ്മാണ പ്രവർത്തനങ്ങളിലും തെളിയുന്നു. ഓൾഡോവാൻ ഉപകരണങ്ങൾ പില്കാലത്ത് അല്പം കൂടി വികസിക്കുന്നു. ഹോമോ ഹാബിലിസിന്‌ സമാനമായി ഇതേ കാലത്ത് മറ്റൊരു ടൈപ്പ് കൂടിയുണ്ട്. അവരാണ്‌ ഹോമോ റുഡോൾഫെൻസിസ്. ഇവർ ഉള്ളപ്പോൾ തന്നെ മറ്റൊരു വിഭാഗം മനുഷ്യർ കഴിഞ്ഞ 18 ലക്ഷം വർഷം മുതൽ രംഗത്തുവരുന്നു. ഈ വിഭാഗം പൂർവ്വമനുഷ്യനാണ്‌ ഹോമോ ഇറക്റ്റസ്. ഇവർക്ക് ഹാബിലിസിനേക്കാൾ ആധുനികമനുഷ്യ സാദൃശ്യം കൂടും. ഇവർക്ക് 5 അടിയോളം ഉയരമുണ്ട്. തലച്ചോറിന്റെ ഉള്ളളവ് 750 cc മുതൽ 1200 cc വരെ. രണ്ട് പ്രധാന വിഭാഗങ്ങൾ ഇതിലുണ്ട്. ഹോമോ ഇറക്റ്റസും ഹോമോ എർഗാസ്റ്ററും. ഇവർ ഉണ്ടാക്കിയ ഉപകരണ സംസ്കാരത്തെ അച്യൂലിയൻ എന്ന് പറയും. കഴിഞ്ഞ 17 ലക്ഷം വർഷം മുതൽ കഴിഞ്ഞ 2.5 ലക്ഷം വർഷം വരെ ഈ ഉപകരണനിർമ്മാണ വ്യവസ്ഥ നിലനില്ക്കുന്നു.  ഈ ഉപകരണങ്ങൾ നേരത്തെയുള്ള ഓൾഡോവാൻ ഉപകരണങ്ങളെക്കാൾ വികസിച്ചതാണ്‌. ഒരു ഉരുളൻപാറക്കഷണത്തിന്റെ വശങ്ങളെല്ലാം തട്ടിക്കളഞ്ഞ് അടിച്ചടിച്ച് ഒരു വശം കൂർപ്പിക്കുന്നു. അച്യൂലിയൻ കൈക്കോടാലി എന്നുപറയുന്ന ഈ ഉപകരണം അതിനു മുമ്പത്തേതിനേക്കാൾ വളരെ മികച്ചതും പ്രയോജനം കൂടിയതുമാണ്‌. അതിനർത്ഥം ഉപകരണ വ്യവസ്ഥ അച്യൂറിയനിലെത്തിമ്പോൾ മനുഷ്യന്റെ അറിവും വർദ്ധിച്ചു; അത് ഉപകരണത്തിലും പ്രതിഫലിച്ചു എന്നാണല്ലോ.


     ഇറക്റ്റസിനു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇവരാണ്‌ ആഫ്രിക്ക വിട്ട ആദ്യത്തെ മനുഷ്യപൂർവ്വികൻ. കഴിഞ്ഞ 10 ലക്ഷം വർഷങ്ങൾക്കുമുമ്പ് ഇറക്റ്റസുകളിലെ ഒരു വിഭാഗം ജന്മദേശമായ ആഫ്രിക്ക വിടുന്നു. അവർ ഈജിപ്ത് വഴി ഏഷ്യയിലെത്തുന്നു. ഇന്ത്യയിലും അവർ പിന്നീടെത്തിയിരിക്കാം. എന്നാൽ തെളിവ് കിട്ടുന്നത് ഇന്റോനേഷ്യയിൽനിന്നും ചൈനയിൽനിന്നും പിന്നീട് യൂറോപ്പിൽ നിന്നുമാണ്‌. ഇന്റോനേഷ്യയിൽ നിന്നുള്ള ഫോസിൽ 1891-ൽ യൂജിൻഡുബോയിസ് എന്ന ഡച്ച് അനാറ്റമിക് കണ്ടുപിടിച്ചു. അദ്ദേഹം ആ ഫോസിലിനെ പിത്തേക്കന്ത്രോപ്പസ് എന്ന് പേരിട്ടു. ചൈനയിലെ ചൌകൗത്തിയൻ ഗുഹയിൽനിന്നും 1933-ൽ ഡേവിഡ്സൺ ബ്ലേക്ക് ഈ പൂർവ്വമനുഷ്യന്റെ ഫോസിൽ കണ്ടെത്തി. ഇതിന്‌ സിനാന്ത്രോപ്പസ് എന്ന് പേരിട്ടു. എന്നാൽ എവ രണ്ടും ഒരേ വിഭാഗം പൂർവ്വ മനുഷ്യർ തന്നെയാണ്‌. ഇന്നവ ഹോമോ ഇറക്റ്റസ് എന്ന പേരിൽതന്നെ അറിയപ്പെടുന്നു. ഏഷ്യയിലേക്ക് പോന്ന വിഭാഗം ഹോമോ ഇറക്റ്റസും ആഫ്രിക്കയിൽ തന്നെ തങ്ങിയ വിഭാഗം ഹോമോ എർഗാസ്റ്ററും ആയി വേർപെട്ടു.

     മറ്റൊരു പ്രാധാന്യം കൂടി ഹോമോ ഇറക്റ്റസിനുണ്ട്. ഇവരാണ്‌ ആദ്യമായി അഗ്നിയുടെ ഉപയോഗം മനസ്സിലാക്കിയതും അതിനെ മെരുക്കിയെടുത്തതും. ചൗകൗത്തിയൻ ഗുഹയിൽനിന്നും യൂറോപ്പിലെ ഒട്ടേറെ സ്ഥലങ്ങളിൽ നിന്നും ഇതിന്‌ തെളിവ് കിട്ടിയിട്ടുണ്ട്. ചൗകൗത്തിയൻ ഗുഹയിൽ ഈ പ്രക്രിയ കഴിഞ്ഞ 5 ലക്ഷം വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചിട്ടുണ്ട്. അഗ്നിയെ മനുഷ്യൻ മെരുക്കി എടുത്തതിനെപ്പറ്റി ഒട്ടേറെ കഥകളുണ്ട്. അതിലെല്ലാം ദൈവങ്ങളും വരും. ഹിന്ദുപുരാണത്തിൽ അഗ്നിക്ക് ഒരു ദേവൻ തന്നെയുണ്ട്. ആ ദേവകളെ വിശ്വസിക്കുമ്പോഴും ഭൂമിയിൽ ആദ്യമായി അഗ്നിയെ മെരുക്കിയെടുത്തത് നമ്മളല്ല; മറിച്ച് പ്രാചീനമനുഷ്യനായ ഹോമോ ഇറക്റ്റസ് ആണ്‌ എന്ന് നാം മറക്കരുത്.

     ഇനി ആഫ്രിക്കയിൽ നടക്കുന്നതിനെ പിന്തുടരാം. അവിടെയാണല്ലൊ ആധുനിക മനുഷ്യന്റെ ഈറ്റില്ലം. അവിടെ ഹോമോ എർഗാസ്റ്ററിൽ നിന്നും പുതിയ വിഭാഗങ്ങൾ ഉരുത്തിരിയുന്നു. അതിൽ നിന്നും കഴിഞ്ഞ 10 ലക്ഷം വർഷങ്ങൾക്കു ശേഷം ഹോമോ ആന്റിസെസ്സർ എന്ന വിഭാഗം ഉരുത്തിരിയുന്നു.  ഈ വിഭാഗത്തിൽ നിന്നുംകഴിഞ്ഞ 5 ലക്ഷം വർഷങ്ങൾക്കുശേഷം ഹോമോ ഹൈഡല്ബർഗൻസിസ് രൂപം കൊള്ളുന്നു. ഈ വിഭാഗം സാദൃശ്യത്തിൽ നമ്മുടെ തൊട്ട് മുന്നിൽ നില്ക്കുന്നു. ഇവരുടെ ചലച്ചോർ 1100cc മുതൽ 1400cc വരെയാണ്‌. ഈ പ്രചീന മനുഷ്യരിൽ നിന്ന് പില്ക്കാലത്ത് 2 വിഭാഗം മനുഷ്യർ ഉണ്ടാകുന്നു. ഒരു വിഭാഗം നിയാണ്ടാർതാലുകളും മറ്റേ വിഭാഗം ആധുനിക മനുഷ്യരും ആയിത്തീരുന്നു. 

     അതിൽ നിയാണ്ടർതാൽ എന്ന വിഭാഗം കഴിഞ്ഞ 30,000 വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരായി. ഹോമോ ജീനസിൽ ഇന്ന് അവശേഷിക്കുന്ന ഏക ജീവി ഹോമോസാപിയൻസ് എന്ന പേരിൽ അറിയപ്പെടുന്ന നമ്മൾ മാത്രമാണ്‌. കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷം 1450 cc തലച്ചോറുമായി നമ്മൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നു. എത്യോപ്പ്യയിലെ ഓമോ കിബിഷ് എന്ന സ്ഥലത്ത് നിന്നാണ്‌ ആധുനിക മനുഷ്യന്റെ ഏറ്റവും പഴക്കമുള്ള ഫോസിൽ കിട്ടിയിട്ടുള്ളത്. ഇതിന്റെ പ്രായം 1,95,000 വർഷമാണ്‌[14]. 1967-ൽ റിച്ചാർഡ് ലീക്കിയും സംഘവും കിബിഷ് മേഖലയിൽ നിന്നും ആദ്യത്തെ ആധുനിക മനുഷ്യന്റെ ഫോസിൽ കണ്ടെത്തി. 1997-ൽ TD White ഉം സംഘവും കൂടി മറ്റൊരു ആധുനികമനുഷ്യന്റെ ഫോസിലും കണ്ടുപിടിച്ചു. എന്നാൽ ആദ്യം അവയുടെ കാലഘട്ടങ്ങൾ നിർണയിച്ചതിൽ ചില അപാകതകൾ ഉണ്ടായിരുന്നു. ഈയിടെയാണ്‌ ഈ പ്രശ്നങ്ങൾ പരിഹരിച്ചത്. 2005-ൽ ആസ്ത്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഇയാൻ മക്ഡൂകലിന്റെ നേതൃത്വത്തിലുള്ള ജിയോളജിസ്റ്റുകളുടെയും അന്ത്രോപ്പോളജിസ്റ്റുകളുടെയും സംഘം ആർഗൺ-ആർഗൺ ഡേറ്റിങ്ങിലൂടെ കാലഗണനയിലുണ്ടായിരുന്ന അപാകതകൾ പരിഹരിച്ചു. അങ്ങനെയാണ്‌ കിബിഷ് മനുഷ്യന്റെ കാലം 1,95,000 എന്ന്‌ കണ്ടേത്തിയത്. (ഇതിനു മുമ്പത്തെ പ്രായം 1,60,000 വർഷമായിരുന്നു)

Now dated at roughly 195,000 years old,
 these skulls from the Omo River
 in Ethiopia are the oldest human
fossils known. (Credit: M. H. Day)
     അങ്ങനെ കഴിഞ്ഞ 70 ലക്ഷം വർഷങ്ങൾക്കുശേഷം ആരംഭിച്ച ഹോമോനിഡ് പരിണാമം വ്യത്യസ്ത ശാഖകളിലായി പിരിഞ്ഞ് പോകുകയും, അതിൽ ചില ശാഖകൾക്ക് വികസിക്കാനവസരം കിട്ടുകയും, എന്നാൽ ഒട്ടുമിക്ക ശാഖകളും പൂർണമായി നാശമടയുകയും ചെയ്തു. വിജയിച്ച ശാഖകളിലൂടെ ഇരുകാലി നടത്തം, വർധിതമായ തലച്ചോർ, സ്വതന്ത്രമായ കൈകൾകൊണ്ട് ഉപകരണങ്ങളുണ്ടാക്കുകയും അതുവഴി അറിവുകൾ ആർജിച്ച് മുന്നേറുകയും ചെയ്ത മനുഷ്യപൂർവ്വ വിഭാഗങ്ങളിൽനിന്ന് കഴിഞ്ഞ 2 ലക്ഷം വർഷങ്ങൾക്കുശേഷം ആധുനിക മനുഷ്യനുണ്ടായി. എന്നാൽ പ്രകൃതിനിർദ്ധാരനം മനുഷ്യനെ കൂടുതൽ ആധുനിക മനുഷ്യനാക്കുകയാണ്‌. ഇതാ വരുന്നു അല്ഭുതകരമായ ഒരു സിദ്ധി മനുഷ്യന്‌; ഒരു മ്യൂട്ടേഷൻ വഴി. ഇത്തവണ സംഭവിച്ചത്, ആശയപ്രകാശനത്തിന്‌ മുഖ്യോപാധിയും ദൈവങ്ങളുടെ നിലനില്പ്പിന്‌ അനുപേക്ഷണീയവും, ജീവലോകത്ത് മനുഷ്യന്‌ മാത്രം അവകാശപ്പെട്ടതുമായ ഒരു സവിശേഷമായ കഴിവ് ‘സംസാരശേഷി’യിലേക്ക് നയിച്ച മ്യൂട്ടേഷനായിരുന്നു. നമ്മുടെ 7 ആമത്തെ ക്രോമസോമിലുള്ള ഒരു ജീനാണ്‌ FOXP2. ഈ ജീൻ സസ്തനികളിലും, പ്രൈമേറ്റുകളിലും കാണാം. കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷം മനുഷ്യനിൽ ഉള്ള ഈ ജീനിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചു   [15] ആകെ 715 അക്ഷരങ്ങളാണ്‌ ഈ ജീനിലുള്ളത്. അതിൽ രണ്ട് അക്ഷരങ്ങൾ തെറ്റി. പക്ഷേ ഫലം ഏറ്റവും ഗുണകരമായിരുന്നു. സംസാരിക്കുവാനുള്ള - ഒരാശയം വ്യാകരണ ബദ്ധമായി പ്രകാശിപ്പിക്കുന്നതിന്‌, ഈ പ്രക്രിയ തലച്ചോറിലാണ്‌ നടക്കുന്നത് - കഴിവിനും സ്വനപേടകത്തിന്റെയും സ്വനതന്തുക്കളുടേയും സുഗമമായ പ്രവർത്തനത്തിനും ഈ ജീൻ അത്യാവശ്യമാണ്‌. നമ്മിൽ ഇപ്പോഴുള്ള ROXP2 വിന്‌ എന്തെങ്കിലും വ്യതിയാനം സംഭവിച്ചാൽ തീർച്ചയായും ആ വ്യക്തിക്ക് ആ കഴിവുകൾ നഷ്ടപ്പെടും. വ്യക്തമായി പറഞ്ഞാൽ മനുഷ്യന്‌ സംസാരിക്കുവാനുള്ള ശേഷി കൈവന്നത് ഈ മ്യൂട്ടേഷനിലൂടെയാണ്‌. ഇതിനു മുമ്പത്തെ മനുഷ്യവിഭാഗങ്ങൾക്കൊന്നുമില്ലാത്ത ഈ അല്ഭുതകരമായ കഴിവ് മനുഷ്യനുമാത്രം ഇതിലൂടെ കൈവന്നു. എന്നാൽ 2 ലക്ഷം വർഷത്തിനിപ്പുറം മനുഷ്യൻ സംസാരിച്ചു എന്ന് ഇതിനർത്ഥമില്ല. അന്ന് ജീവിച്ചിരുന്ന മനുഷ്യകൂട്ടങ്ങളിൽ ഒരാൾക്ക് മാത്രമാണ്‌ ഈ മ്യൂട്ടേഷൻ സംഭവിച്ചിരിക്കുക. അത് അനുകൂല മ്യൂട്ടേഷൻ ആണെന്ന് വന്നപ്പോൾ സമൂഹത്തിൽ വ്യാപിക്കാൻ തുടങ്ങി. ആദ്യം മക്കൾക്ക്, പിന്നെ അവരുടെ മക്കൾക്ക്....... അങ്ങനെ ഈ അനുകൂലനം മനുഷ്യസമൂഹത്തിൽ വ്യാപിക്കാൻ ആയിരക്കണക്കിന്‌ വർഷങ്ങൾ എടുത്തിരിക്കും. ഈ രംഗത്ത് വെച്ച് ഒരു കാര്യം ആലോചിക്കുന്നത് രസാവഹമായിരിക്കും. മനുഷ്യന്‌ സംസാരശേഷിയില്ലായിരുന്നുവെങ്കിൽ ദൈവങ്ങളുടെ കാര്യം എന്താകുമായിരുന്നു. ദൈവങ്ങളെ ഉണ്ടാകുമായിരുന്നില്ല എന്ന് ഉറപ്പാണ്‌. 

      ഇനി നമുക്ക് വളരെ പ്രധാനപ്പെട്ട 2 കാര്യങ്ങളിലേക്ക് കടക്കാം. 1. മൈറ്റോ കോണ്ട്രിയൽ ഹവ്വ. 2. Y ക്രോമോസോമൽ ആദം. നമുക്ക് പൂർവ്വികമായ ഒരമ്മയുണ്ട്. ആ അമ്മയിൽ നിന്നാണ്‌ നമ്മുടെ വംശാവലി പുറപ്പെടുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ അമ്മ ബൈബിളിലെ ഹവ്വയല്ല; അതിന്‌ തെളിവില്ല; തീർത്തു സങ്കല്പ്പം. ഇത് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരമ്മ. അതാണ്‌ മെറ്റോകോണ്ട്രിയൽ ഹവ്വ. എന്തുകൊണ്ടെന്നാൽ ആ അമ്മയെപറ്റിയുള്ള തെളിവും കൊണ്ടാണ്‌ നാമോരോരുത്തരും നടക്കുന്നത്. ഭാരതീയ ജാതിവ്യവസ്ഥയിൽ ബ്രാഹ്മണൻ അത്യുന്നതാനാണ്‌. വിരാട് പുരുഷന്റെ മുഖത്തുനിന്നും ജനിച്ചവൻ. അവന്റെ ശ്രേഷ്ഠതയ്ക്ക് കണക്കില്ല. എന്നാൽ ചണ്ഡാലൻ ജാതി വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവൻ; നികൃഷ്ടൻ. എന്നാൽ ബ്രാഹ്മണനും ചണ്ഡാലനും അതിനിടയിൽ വരുന്നവരും എന്നുതന്നെയല്ല, ആഫ്രിക്കൻ ഭൂഖണ്ഡത്തിനു പുറത്തുള്ള ഭൂഭാഗങ്ങളിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും, കറുകറുത്ത, ഓട്ടുകലത്തിന്റെ മൂടുപോലുള്ള ഒരു ആഫ്രിക്കൻ സ്ത്രീയിൽ നിന്നാണ്‌ ഉല്ഭവിച്ചത് എന്നു പറഞ്ഞാൽ വിശ്വസിക്കുവാൻ പ്രയസമാണെങ്കിലും അതാണ്‌ സത്യം. തെളിവ് നമ്മളിൽതന്നെയുണ്ട്. നമ്മുടെ മൈറ്റോകോൺട്രിയൻ DNAയിൽ. നമ്മുടെ കോശത്തിനകത്തെ പവർഹൗസ് ആണ്‌ മൈറ്റോകോണ്ട്രിയ. പഞ്ചസാരയെ വിഘടിപ്പിച്ച് ഊർജമാക്കി മാറ്റുന്നത് ഇവിടേയാണ്‌. വളരെ വിചിത്രമാണ്‌ മൈറ്റോകോൺട്രിയയുടെ ഉല്പത്തി. കഴിഞ്ഞ 200 കോടി വർഷത്തിനും 150 കോടി വർഷത്തിനുമിടയിൽ ബഹുകോശജീവികൾ ഉരുത്തിരിയുന്ന സമയത്ത്, അവയുടെ കോശത്തിനകത്തേക്ക് പരാദമായിവലിഞ്ഞുകയറിയ ഒരു ബാക്റ്റീരിയയാണിത്. പിൽ കാലത്ത് പരസ്പരം സഹായിക്കുന്നതിന്റെ ഭാഗമായി അത് ബഹുകോശജീവികളുടെ കോശത്തിന്റെ അവിഭാജ്യഘടകമായി മാറി. ഇപ്പോൾ അത് നമ്മുടെ കോശത്തിലെ പവർ ഹൗസാണ്‌. അമ്മ വഴി മാത്രമേ മറ്റോകോൺട്രിയയുടെ വ്യാപനം ജീവികളിൽ നടക്കൂ. അമ്മയിൽ നിന്ന് മകളിലേക്ക്, മകളിൽനിന്ന് അവളുടെ മകളിലേക്ക്, അങ്ങനെയാണതിന്റെ പിന്തുടർച്ച. ഇതിന്‌ സ്വന്തമായി DNA യുണ്ട്. അതിൽ 16,500 ന്യൂക്ലിയോടൈഡുകൾ ആണുള്ളത്. ഇതിൽ നടന്ന ഗവേഷണം നമ്മുടെ ഉല്പ്പത്തി സ്ഥാനം ഒന്നുകൂടി വെളിപ്പെടുത്തി. ഗവേഷണത്തിന്റെ സാങ്കേതികത ഒഴിവാക്കി പറഞ്ഞാൽ ‘സംഭവം’ ഇതാണ്‌. ആഫ്രിക്ക ഭൂഖണ്ഡത്തിന്‌ വെളിയിലുള്ള എല്ലാ മനുഷ്യരുടെയും മൈറ്റോകോൺട്രിയൽ DNA ഒരേ മൈറ്റോകോൺട്രിയയിൽ നിന്ന് ഉല്ഭവിച്ചതായി കാണിക്കുന്നു. അതേസമയം, ആഫ്രിക്കയിൽ ഇത് വലരെ വ്യത്യസ്തത കാണിക്കുന്നു. അതിനർത്ഥം ആഫ്രിക്കൻ ജനത വളരെ മുമ്പേതന്നെ രൂപപ്പെട്ടുവെന്നും അതിലെ ഒരു വിഭാഗത്തിൽ നിന്നുമാണ്‌ ഇന്ന് ആഫ്രിക്കയ്ക്ക് പുറത്തുള്ളവർ രൂപപ്പെട്ടത് എന്നുമാണ്‌, പുറത്തുവർ ഒരേ മൈറ്റൊകോൺട്രിയ പങ്കുവെയ്ക്കുന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. പുറത്തുള്ളവർ പങ്കുവെയ്ക്കുന്ന മൈറ്റോകോൺട്രിയ സ്വന്തമായുള്ള സ്ത്രീയാണ്‌ നമ്മുടെ ആദിമാതാവ്, അല്ലെങ്കിൽ ആ അമ്മയുടെ താവഴികളാണ്‌ നമ്മളെല്ലാം.     അതുമല്ലെങ്കിൽ Non Africansന്റെ ആദിമാതാവാണ്‌ നമ്മുടെ മൈറ്റോകോൺട്രിയ സ്വന്തമായുള്ള ആഫ്രിക്കക്കാരി. എന്നാൽ ഒരു കാര്യം ഓർമ്മവേണം. ആ സ്ത്രീ മനുഷ്യകുലത്തിന്റെ ആകമാനം അമ്മയല്ല, ആ സ്ത്രീ ജീവിച്ചിരുന്നപ്പോൾ തന്നെ ആഫ്രിക്കയിൽ ഒട്ടനേകം വിഭാഗങ്ങളിലായി മനുഷ്യരുണ്ടായിരുന്നു. കഴിഞ്ഞ 2 ലക്ഷം വർഷം തൊട്ട് ആധുനിക മനുഷ്യൻ അവിടെ രൂപപ്പെട്ടതിന്റെ തുടർച്ചയാണത്. അപ്രകാരം ഒരു വിഭാഗത്തിലെപെട്ട ഒരു സ്ത്രീയിൽ നിന്നാണ്‌ നമ്മുടെയെല്ലാം ഉല്പ്പത്തി. അതുകൊണ്ട് ഈ അമ്മ നമ്മുടെ Most Recent Common Ancestor-ഏറ്റവും തൊട്ടടുത്ത പൊതുപൂർവ്വികൻ-ആകുന്നു. ഈ തൊട്ടടുത്ത പൊതുപൂർവ്വിക അമ്മ ജീവിച്ചിരുന്നത് 1,50,000 വർഷങ്ങൾക്കുമുമ്പാണ്‌[16]. പ്രസിദ്ധമായ നേച്ചർ മാസികയിലാണ്‌ ഇത് സംബന്ധിച്ച ആദ്യത്തെ പ്രബന്ധം വന്നത്. അതിൽ, അതിന്റെ രചയിതാക്കൾ- അലൻ വിൽസൻ, റബേക്കാ കാന്മാർക്ക് സ്റ്റോൺകിംഗ്- മറ്റോകോൺട്രിയൽ ഹവ്വ എന്ന പദം ഉപയോഗിച്ചിട്ടില്ല. പോപുലർ സയൻസിന്റെ ഭാഗമായി ഈ വിഷയം മാധ്യമങ്ങളിൽ വന്നപ്പോൾ ഒരു പത്രപ്രവർത്തകനാണ്‌ ഈ പദം ഉപയോഗിച്ചത്. മതക്കാർ അത് ഏറ്റ് പിടിക്കുകയും അത് ബൈബിളിലെ ഹവ്വയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. നോർമൻ ജോൺസനെ പോലുള്ള ജനിതകശാസ്ത്രജ്ഞന്മാർ ഇപ്പോൾ The mother of all Mitocondrial DNA എന്നാണ്‌ നിർദ്ദേശിക്കുന്നത്. 

     മോളിക്യുലാർ ബയോളജിയിലെ അതിശക്തമായ മറ്റൊരു കണ്ടെത്തലാണ്‌ Y Cromosomal ആദം. ഇത്തവണ ഗവേഷണം നടന്നത് നമ്മുടെ Y ക്രോമസോമിൽ ആണ്‌. ഈ ക്രോമസോമാണ്‌ ബീജസങ്കലനം നടന്ന കോശത്തെ പുരുഷപ്രജയാക്കുന്നത്. ഇതിന്റെ സംക്രമണം അച്ഛനിൽ നിന്ന് മകനിലേക്ക് മാത്രമാണ്‌. 59,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു പുരുഷന്റെ-ഈ മനുഷ്യൻ വഹിച്ചിരുന്ന Y ക്രോമസോമിന്റെ പേര്‌ M168- പിന്തുടർച്ചക്കാരാണ്‌ നമ്മൾ[17]. അതായത്, ഇന്നുള്ള എല്ലാ പുരുഷന്മാരുടെയും ഉല്പത്തിക്ക് നിദാനമായ Y ക്രോമസോം നല്കിയത് ഈ മനുഷ്യനാണ്‌. അല്ലെങ്കിൽ നമ്മുടെയെല്ലാം Y ക്രോമസോമിന്റെ ഉറവിടം അന്വേഷിച്ചുചെന്നാൽ എത്തുന്നത് ഈ മനുഷ്യനിലാണ്‌. മെറ്റോകോണ്ട്രിയൻ ഹവ്വയെപ്പോലെ ഈ മനുഷ്യനും മനുഷ്യവംശത്തിന്റെ ഏറ്റവും തോട്ടടുത്ത പൊതുപൂർവ്വികൻ മാത്രമാണ്‌.അല്ലാതെ മനുഷ്യവംശത്തിന്റെ മൊത്തം പിതാവല്ല. ഇയാൾ ജീവിച്ചിരുന്നപ്പോൾതന്നെ ആഫ്രിക്കയിൽ അനേകമനേകം പുരുഷന്മാർ ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട കാര്യം മെറ്റോകോണ്ട്രിയൻ ഹവ്വയും, Y ക്രോമസോമൽ ആദവും തമ്മിൽ 80,000 വർഷത്തെ കാലവ്യത്യാസം ഉണ്ടെന്നാണ്‌. അതായത് നമ്മുടെ ഏറ്റവും തൊട്ടടുത്ത പൊതു പൂർവികരായ ഈ മാതാ-പിതാക്കൾ പരസ്പരം ഒരിക്കലും കണ്ടിട്ടില്ല. ഇവർ രണ്ടുപേരും പരസ്പരം അറിയാതെ, രണ്ട് വ്യത്യസ്ത സമയത്തായി, അഫ്രിക്കയുടെ പുറത്തുള്ളവരുടെ പൊതുപൂർവികരായി എന്നാണ്‌ സത്യം. ഈ ശാസ്ത്രീയ സത്യങ്ങളുടെ വെളിച്ചത്തിൽ ബൈബിളിലെ ആദം ഹവ്വ കഥകൾ ശുദ്ധവിഡ്ഢിത്തരമാണെന്ന് നിശ്ശംശയം പറയാം.

     അങ്ങിനെ എല്ലാ അർത്ഥത്തിലുമുള്ള ആധുനിക മനുഷ്യൻ ആഫ്രിക്കയിൽ രൂപം കൊണ്ടു. കഴിഞ്ഞ 70 ലക്ഷം വർഷങ്ങൾക്കുശേഷം ആരംഭിച്ച മനുഷ്യന്റെ 'ആയിത്തീരൽ' ഇവിടെ സംഭവിച്ചിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രകൃതി നിർദ്ധാരണം മനുഷ്യനെ രൂപപ്പെപ്പെടുത്തിയിരിക്കുന്നു. ഇനി സംഭവിക്കാനുള്ള പ്രധാനപ്പെട്ട കാര്യം, ആഫ്രിക്കയിൽ നിന്നും നമ്മുടെ പുറത്തേക്കുള്ള പ്രയാണമാണ്‌. ആ പ്രക്രിയ നടക്കുന്നത് കഴിഞ്ഞ 70,000 വർഷത്തിനും 50,000 വർഷത്തിനും ഇടയിലാണ്‌. ഈ കാലഘട്ടത്തിൽ ഒരു കൂട്ടം മനുഷ്യർ അവർ സൃഷ്ടിച്ച ഉപകരണങ്ങളുമായി എന്നെന്നേക്കുമായി ജന്മഗൃഹമായ ആഫ്രിക്ക വിടുന്നു. അവർ ചെങ്കടലിന്റെ പടിഞ്ഞാറേ കര വഴി യൂറേഷ്യ-യൂറോപ്പും ഏഷ്യയും-യിലേക്ക് പ്രവേശിക്കുന്നു. എന്നാൽ യൂറേഷ്യയിൽ  ഒരു പ്രതിസന്ധിയായിരുന്നു സ്വീകരിക്കാനുണ്ടായിരുന്നത്. അതാണ്‌ ഹിമയുഗം. കഴിഞ്ഞ 18 ലക്ഷം വർഷം മുതൽ ആരംഭിച്ച് 10,000 വർഷം വരെ നീണ്ടുനിന്ന ജിയോളജിക് കാലഘട്ടത്തെ പ്ലീറ്റോസിൻ എന്ന് പറയുന്നു. ഈ കാലഘട്ടത്തിൽ 4 ഹിമയുഗങ്ങൾ സംഭവിച്ചു. അവ, ഗുൺസ്, മിൽഡൽ, റിസ്, വും എന്നിങ്ങനെയാണ്‌. ഹിമയുഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്ലീസ്റ്റോസീനിൽ അത് തുടർച്ചയായി സംഭവിക്കുകയായിരുന്നു. ആദ്യം ഒരു ഹിമയുഗം വരും. കുറച്ചുകാലം ഇലനില്ക്കും; പിന്നീട് അത് പിൻവാങ്ങും. തുടർന്ന് ചൂടുള്ള കാലാവസ്ഥ സംജാതമാകും. ക്രമേണ ചൂടുള്ള കാലാവസ്ഥ പിൻവാങ്ങും, ഹിമയുഗം വരും. അങ്ങനെ 4 തവണ ആവർത്തിച്ചു. 4ആമത്തെ ഹിമയുഗം 1,20,000 വർഷം മുമ്പ് തുടങ്ങി കഴിഞ്ഞ 10,000 വർഷം ആയപ്പോൾ അവസാനിച്ചു. അപ്പോൾ “വും” ഹിമയുഗത്തിന്റെ മദ്ധ്യഘട്ടത്തിലാണ്‌ മനുഷ്യൻ യുറേഷ്യയിലേക്ക് കാലെടുത്തുവെച്ചത്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഹിമയുഗത്തിലെ സ്ഥിതി ഭയാനകമാണ്‌.ഹിമത്തിൽ വളരുന്ന സസ്യങ്ങളും അവയെ ആശ്രയിച്ച് ജീവിതം നയിക്കാവുന്ന വിധത്തിൽ അനുകൂലനം സിദ്ധിച്ച ജീവികളും മാത്രമേ ഈ പരിതസ്ഥിതിയെ തരണം ചെയ്യൂ. ഒട്ടനവധി ജീവികൾ ഈ പരിസ്ഥിതിയിൽ അനുകൂലനം കിട്ടാതെ നശിച്ചുപോകും. ഇത്തരം സ്ഥിതിയിലേക്കാണ്‌ നമ്മുടെ പൂർവ്വികരുടെ കടന്നുവരവ്. എന്നാൽ ഇത്തരം പരിസ്ഥിതിയെ തരണം ചെയ്യാൻ മനുഷ്യന്‌ കഴിയും. എന്തുകൊണ്ടെന്നാൽ നമുക്ക് അറിവുണ്ട്. മികച്ച ഉപകരണങ്ങളുണ്ട്. ഇത്തരം കഴിവുകൾ ആർജിച്ച ഒരു ജീവിക്ക് മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനും പെറ്റുപെരുകാനും സധിക്കൂ. മനുഷ്യന്‌ അത് സാധിച്ചു എന്നതിന്‌ കഴിഞ്ഞ 50,000 വർഷത്തെ ചരിത്രം സാക്ഷിയാണ്‌.  

     യൂറേഷ്യയിലേക്ക് പ്രവേശിച്ച മനുഷ്യൻ സിറിയ, ജോർദ്ദാൻ, ഇറാക്ക്, ഇറാൻ വഴി ഇന്ത്യയിലെത്തുന്നു. ഇവിടെനിന്നും അത് രണ്ടായി പിരിയുന്നു. ഒരു ശാഖ കിഴക്കോട്ട്. അത് ബർമ്മ, തായ്‌ലാന്റ്, ഇന്തോനേഷ്യ വഴി ആസ്ത്രേലിയായിലെത്തുന്നു. ആസ്ത്രേലിയയിലെ മുംഗോ തടാകത്തിൽനിന്നും 1974-ൽ Jim Bowler കണ്ടെടുത്ത ഫോസിലിന്റെ പ്രായം 45,000 വർഷമാണ്‌[18]. എങ്കിലും ആസ്ത്രേലിയയിൽ മനുഷ്യൻ എത്തിയതിനെക്കുറിച്ച് ചില സന്ദേഹങ്ങൾ ഉണ്ട്. എത്തി എന്നത് സത്യമാണ്‌. ഹിമയുഗം മൂർദ്ധന്യത്തിൽ നില്ക്കുന്നതുകൊണ്ട് സമുദ്രജലനിരപ്പ് കുത്തനെ താഴാൻ സധ്യതയുതുകൊണ്ട് ഐസ് കൊണ്ടുള്ള കരപ്പാലങ്ങൾ ഉയർന്നുവരാനിടയുണ്ട്. അതിലൂടെയാകാം അസ്ത്രേലിയയിലെത്തിയത് എന്ന് ഒരു നിഗമനം. എങ്കിലും, മനുഷ്യന്റെ ലോകവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽതന്നെ മനുഷ്യൻ അവിടെ എത്തി എന്നത് സത്യം.  


     ഇന്ത്യയുടെ വടക്കുപടിഞ്ഞാറേ ഭാഗത്തുനിന്ന് ഒരു ശാഖ വടക്കോട്ട് നീങ്ങുന്നു. അത് ക്രമേണ ഏഷ്യയുടെ വടക്കൻ മേഖലകളിലേക്ക് വ്യാപിക്കുന്നു. അതോടൊപ്പം തന്നെ ഒരു ശാഖ യൂറോപ്പിലേക്കും തിരിയുന്നു. അവിടെ കഴിഞ്ഞ 40,000 വർഷം കൊണ്ട് ആധുനിക മനുഷ്യന്റെ സാന്നിധ്യം കാണുന്നു. അമേരിക്കയിലേക്കാണ്‌ മനുഷ്യൻ അവസാന പ്രവേശിക്കുന്നത്. അവിടെ കഴിഞ്ഞ 20,000 വർഷത്തിനും 15,000 വർഷത്തിനും ഇടയിലാണ്‌ ഇത് സംഭവിച്ചത്. റഷ്യയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള ബെറിംഗ് ഉൾക്കടൽ വഴിയാണ്‌ മനുഷ്യൻ അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിയത്. ആ സമയത്ത് ഹിമയുഗമായിരുന്നതിനാൽ ഉൾക്കടലിലെ ജലം ഘനീഭവിച്ച് ഐസായി മാറിയിരിക്കും. അങ്ങനെ അത് ഐസ് കൊണ്ടുള്ള ഒരു പാലം പോലെ പ്രവർത്തിക്കും. അതിലൂടെ മനുഷ്യന്‌ കടന്നുപോകാം. അതോടെ ആധുനിക മനുഷ്യന്റെ ലോകവ്യാപനം പൂർത്തിയായി. 


    യൂറോപ്പിന്റെ പശ്ചാത്തലത്തിൽ, ഈ ഘട്ടത്തിൽ, നമ്മൾ  മറ്റൊരു നരവരഗ്ഗത്തെക്കൂടി പരിചയപ്പെടേണ്ടതുണ്ട്. അവരാണ്‌ നിയാണ്ടർതാലുകൾ-ഹോമോനിയാണ്ടാർതലെൻസിസ്-യൂറോപ്പിൽ നിന്നാണ്‌ ഇവരുടെ ഫൊസിലുകൾ അധികവും കിട്ടിയിട്ടുള്ളത്. ഇവരുടെ ഉല്പ്പത്തി ആഫ്രിക്കയിലാണ്‌. അവിടെ 3 ലക്ഷം വർഷം മുമ്പ് തന്നെ നിയാണ്ടർതാലുകൾ പ്രത്യക്ഷപ്പെടുന്നു. ഹോമോ ഹൈഡൻബർഗിൽസിൽനിന്നാണ്‌ ഉല്ഭവം[19]. ഇവർ മിഡിൽ ഈസ്റ്റ് വഴി യൂറോപ്പിലേക്ക് കടന്നതായി Genetic rout കാണിക്കുന്നു. ഇവരോട് ബന്ധപ്പെട്ട ഉപകരണ നിർമ്മാണ സംസ്കാരമാണ്‌ മൗസ്റ്റീരിയൻ. ഇവർ മുഖച്ഛായയിൽ നിന്നും നമ്മിൽനിന്ന് വ്യത്യസ്തരാണ്‌. നമ്മേക്കാൾ വലിയ മുഖം. പുരികത്തിൽ കനത്ത ഒരു തിട്ട്. വലിയതും പരന്നതുമായ മൂക്ക്., നെറ്റി വളരെ കുറവ്, വലിയ പല്ലുകൾ. എന്നുതന്നെയല്ല, നമ്മേക്കാൾ കനത്ത എല്ലുകളും മസിലുകളും ഇവർക്കുണ്ട്. കൂടാതെ തലച്ചോറിന്റെ ഉള്ളളവ്‌ നമ്മേക്കാൾ കൂടുതലാണവർക്ക്. ചില നിയാണ്ടർതാൽ മനുഷ്യരുടെ തലച്ചൊറിന്റെ അളവ് 1750cc വരെ കണ്ടുവരുന്നു. ഇപ്രകാരമുള്ള നിയണ്ടർതാൽ മനുഷ്യർ ജീവിക്കുന്നിടത്തേക്കാണ്‌ 40,000 വർഷം മുമ്പ് ആധുനിക  മനുഷൻ കടന്നുവരുന്നത്. അതു കഴിഞ്ഞ് 10,000 വർഷം കഴിയുമ്പോഴേക്കും ഭൂമിയിൽ പിന്നെ നിയാണ്ടർതാൽ മനുഷ്യനെ കാണുന്നില്ല. കഴിഞ്ഞ 30,000 വർഷത്തോടെ നിയാണ്ടർതാൽ മനുഷ്യൻ പൂർണമായും അപ്രത്യക്ഷരായി. മൗസ്റ്റീരിയൻ സംസ്കാരം നിലനിന്ന സ്ഥലങ്ങളിൽ 30,000 വർഷം തൊട്ട് കാണുന്നത് ആധുനിക മനുഷ്യന്റെ സംസ്കാരമാണ്‌. ആ മാനവവിഭാഗം എങ്ങനെ അപ്രത്യക്ഷരായി? ഒരു പിടിയിമില്ല. ചില നിഗമനങ്ങൾ ഇതാ. നിയാണ്ടാർതാലുകളെക്കാൾ മികച്ച ഉപകരണങ്ങളും അറിവുകളും ആധുനിക മനുഷ്യനുണ്ടായിരുന്നു. ഇതിനു മുന്നിൽ പിടിച്ചുനില്ക്കാനാവാതെ ഒരു പോക്കറ്റിലേക്ക് ഒതുങ്ങുകയും പിന്നീട് കുലം മുടിഞ്ഞ് പോകുകയും ചെയ്തു. മറ്റൊരു നിഗമനം അവരെ നമ്മൾ ഭക്ഷണമാക്കോയിയിരിക്കാം എന്നതാണ്‌. ഇതോടെ അനവധി സ്പീഷീസുകൽ ഉണ്ടായിരുന്ന ഹോമോ എന്ന ജീനസിൽ ഹോമോസപ്പിയൻ എന്ന നമ്മൽ മാത്രം അവശേഷിച്ചു.


     കഴിഞ്ഞ 40,000 വർഷംതൊട്ട് മനുഷ്യന്റെ ചരിത്രത്തിൽ ആകമാനമായ മാറ്റങ്ങൾ സംഭവിക്കുന്നു. ജെറീദ് ഡയമണ്ട് ഈ കാലഘട്ടത്തെക്കുറിച്ച് പറയുന്നത് “മഹത്തായ ഒരു കുതിച്ചുചാട്ടം” എന്നാണ്‌. ഇതിന്റെ മൂലകാരണം ഉപകരണങ്ങളിൽ വന്ന മാറ്റമാണ്‌. അച്യൂലിനിയനിലെ വിവിധ ഘട്ടങ്ങളെ അപേക്ഷിച്ച്, ഈ കലഘട്ടം വളരെ പുരോഗമനപരമാണ്‌. ഉപകരണങ്ങളുടെ വൈവിധ്യവും പ്രയോഗക്ഷമതയും കൂടി വരുന്നു. ഈ ഘട്ടത്തിലെ ഉപകരണ നിർമ്മാണ സംസ്കാരത്തെ ഒറിഗ്നേഷ്യൻ എന്നു പറയും. പാറക്കഷണങ്ങൾ കൊണ്ടുണ്ടാക്കിയ എത്രയെത്ര വൈവിധ്യമാർന്ന ഉപകരണങ്ങൾ! അരികുകൾ തട്ടിക്കളഞ്ഞ് കൂടുതൽ പരപ്പുള്ളതും മൂർച്ചയേറിയതുമായ ഉപകരണങ്ങൾ.ചിലവ കൈക്കോടാലിപോലെ ഉപയോഗിക്കാവുന്നവ. വേറെ ചിലത് മാംസം ചെത്തിയെടുക്കാവുന്നത്രയും മൂർച്ചയുള്ളത്. ഇവയെല്ലാം മുമ്പില്ല്ലാത്തവിധം സൂക്ഷമതയേറിയ ഉപകരണങ്ങളാണ്‌. ഇവയൊന്നും പൂർവ്വ ചരിത്രത്തിൽ തിരഞ്ഞാൽ കിട്ടില്ല. ഈ ഉപകരണങ്ങൾ നിർമിക്കാനാവശ്യമായ അറിവുകൾ ഈ കാലത്തുമാത്രമേ ഉല്പാദിപ്പികാനാകൂ എന്നതാണ്‌ കാരണം. അറിവ് എത്രമാത്രം മികച്ചതാണോ അത്രകണ്ട് മികച്ച ഉപകരണം നിർമിക്കാൻ കഴിയും; ഉപകരണം എത്രകണ്ട് മികച്ചതാണോ അത്രകണ്ട് മികച്ച അറിവുകൾ അത് ഉല്പാദിപ്പിക്കും എന്ന തത്വമാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്. തുടർന്ന് വരുന്ന ഗ്രാവറ്റിയൻ, സൊലൂട്രിയൻ, അസീലിയൻ,  മഗ്ധലേനിയൻ എന്നീ സംസ്കാരിക ഘട്ടങ്ങളിലും ഈ തത്വം പ്രവർത്തിക്കുന്നതായി കാണാം. ഇതിനെ നിഷേധിച്ചിട്ട് കാര്യമില്ല; എന്തുകൊണ്ടെന്നാൽ, ഈ തത്വത്തെ സ്ഥിരീകരിക്കുന്ന ടൺ കണക്കിന്‌ ഉപകരണങ്ങളാണ്‌ ആർക്കിയോളജിക്കൽ മ്യൂസിയങ്ങളിൽ സംഭരിക്കപ്പെട്ടിട്ടുത്.  
                                                                                                                                                                                   

     അങ്ങനെ മാനവജീവിതം തുടരവെ, അത് കഴിഞ്ഞ 10,000 വർഷത്തിലെത്തുന്നു. ഇതോടെ ഭൗമശാസ്ത്ര-ജിയോളജീയ-പരമായ ചില കാതലായ മാറ്റങ്ങൾ ഭൂമിയിൽ സംഭവിക്കുന്നു. ഹിമയുഗം പിൻവാങ്ങി എന്നതാണ്‌ ഏറ്റവും പ്രധാനമായത്. എങ്കിലും നമ്മൾ ഓർമ്മിക്കേണ്ട ഒരു സംഗതിയുണ്ട്. നാലാമത്തെ ഹിയമയുഗവും പിൻ വാങ്ങി എന്നത് സത്യമാണ്‌. എന്നിരുന്നാലും ഹിമയുഗം നാളെ തിരിച്ചുവരില്ല എന്നു പറയാൻപറ്റില്ല. തിരിച്ചുവന്നാൽ പടച്ചോനെ വിളിച്ച് കരഞ്ഞിട്ടൊന്നും ഒരു കര്യവുമുണ്ടകില്ല, അതോടെ ഒരു Extinction ഉറപ്പ്.

നവീന ശിലായുഗം

     കഴിഞ്ഞ 10,000 വർഷം തൊട്ട് നവീനശിലായുഗം ആരംഭിക്കുന്നു. ഇനി മനുഷ്യന്റെ ജീവിതത്തിലെ മാറ്റങ്ങൾ വളരെ വേഗത്തിലാണ്‌. ഉപകരണങ്ങളും അറിവും അതിവേഗം പുരോഗമിച്ചു. പേർ സൂചിപ്പിക്കുന്നതുപോലെ, ഈ കാലഘട്ടത്തിലെ ഉപകരണങ്ങൾ പ്രചീന ശിലായുഗത്തിലേക്കാൾ സൂക്ഷ്മതയും പ്രയോഗക്ഷമതയും ഏറിയവയാണ്‌. അതിനർത്ഥം മനുഷ്യന്റെ അറിവിന്റെ തലവും വർദ്ധിച്ചു എന്നതാണ്‌. ഈ പശ്ചാത്തലത്തിൽ വേണം മനുഷ്യന്റെ മഹത്തായ മറ്റൊരു കണ്ടുപിടുത്തത്തെ മനസ്സിലാക്കാൻ. അതാണ്‌ “കൃഷി”യുടെ കണ്ടെത്തൽ. 400 കോടി വർഷത്തെ ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ ആഹാരസമ്പാദനത്തിന്റെ കാര്യത്തിൽ ഒരു ജീവി നടത്തിയ “അട്ടിമറി”യാണ്‌ കൃഷിയുടെ കണ്ടെത്തലിലൂടെ സംഭവിച്ചത്. ഭൂമിയിലെ മറ്റൊരു ജീവിക്കും കൈവരിക്കാനാകാത്ത മഹത്തായ നേട്ടം. കൃഷി കണ്ടെത്തുന്നതിന്‌ മുമ്പുള്ള ഘട്ടങ്ങളിൽ അവൻ ആഹാരം ശേഖരിക്കുകയായിരുന്നു; പഴങ്ങളായും കിഴങ്ങുകളായും മംസമായും. അങ്ങനെ ശേഖരിക്കപ്പെടുന്നത് അവനുതന്നെ ഉല്പാദിപ്പിക്കാമെന്നതാണ്‌ കൃഷിയിലൂടെ കരഗതമായ നേട്ടം. തുടർന്നുള്ള മനുഷ്യന്റെ എല്ലാവിധ വികാസത്തിന്റെയും-ദൈവത്തെ സൃഷ്ടിച്ചതിന്റെയും-  അടിത്തറയായി വർത്തിച്ചതും കാർഷികവൃത്തിയാണ്‌. തുടർന്ന് കഴിഞ്ഞ 7,000 വർഷം മുതൽ നമ്മൾ നാഗരികതയിലേക്ക് പ്രവേശിക്കുന്നു. അതിന്റെ തുടക്കം ഈജിപ്തിലും മെസോപൊട്ടോമിയയിലും കാണാം. നാഗരികതയുടെ വികാരത്തോടൊപ്പം മനുഷ്യന്റെ ഏറ്റവും വലിയ ശാപമായ ദൈവവിശ്വാസവും വികസിച്ചുവരുന്നു. ഫ്യൂഡലിസ്റ്റ് കാലഘട്ടത്തിൽ അത് അതിവേഗം വികസിക്കുകയും മനുഷ്യന്റെ ജീവിതത്തെ മുച്ചൂടും ദുരിതമയമാക്കുന്ന വിധത്തിൽ ജീവിതത്തിന്റെ സകല മേഖലകളിലേക്കും അതിന്റെ നീരാളിക്കൈ വളരുകയും ചെയ്തു. അങ്ങനെ മതാധിഷ്ഠിതവും അന്ധവിശ്വാസ ജഡിലവുമായ ഒരു സമൂഹത്തിൽ നിന്ന് ഉല്പത്തികഥപോലൊരു കെട്ടുകഥ രൂപപ്പെടുകയും ചെയ്തു. അതിലെ പമ്പര വിഡ്ഢിത്തരം നോക്കുക. മനുഷ്യൻ അറിവ് നേടിയത് ദൈവം വിലക്കിയ കനി ഭക്ഷിച്ചതുകൊണ്ടാണത്രെ! മനുഷ്യകുലത്തെ ഇത്രമാത്രം അപമാനപ്പെടുത്തിയ മറ്റൊരു വിഡ്ഢിക്കഥ വേറെയില്ല. അതിലൂടെ 24 ലക്ഷം വർഷത്തെ ഉപകരണ നിർമ്മാണ, പ്രയോഗ, പരിഷ്കരണ പ്രക്രിയയെയും അതിലൂടെ ആർജിച്ച അറിവിന്റെ വികാസത്തെയും ദൈവമെന്ന മനുഷ്യന്റെ സാങ്കല്പ്പിക സൃഷ്ടിക്കുമേൽ കെട്ടിയേല്പിച്ചു. മനുഷ്യൻ മനുഷ്യകുലത്തോറ്റ് ചെയ്ത മഹാദ്രോഹം. എന്നാൽ ഒരു കനി ഭക്ഷിച്ചാൽ അറിവുണ്ടാകുമെന്ന മിത്ത് സൃഷ്ടിച്ച മനുഷ്യൻ-മനുഷ്യരോ- ആ കഥ സൃഷ്ടിക്കുന്നതിനു വേണ്ടിതന്നെയും ഏതാനും അറിവുകൾ വേണ്ടിവരും എന്ന വസ്തുത മറന്നുപോയി. ആ കെട്ടുകഥ അവിടെയും നില്ക്കുന്നില്ല. ദൈവം വിലക്കിയ കനി ഭക്ഷിക്കുവാൻ ആദമിനെ പ്രേരിപ്പിച്ചത് ഹവ്വയാണല്ലോ. അതുകൊണ്ട് ദൈവം ഹവ്വയെ ശപിച്ചുവത്രെ. “നീ കുഞ്ഞുങ്ങളെ വേദനയോടെ പ്രസവിക്കുമെന്ന്‌”. അതികൊണ്ടാണുപോലും മനുഷ്യസ്ത്രീക്ക് മറ്റു ജീവികൾക്കൊന്നുമില്ലാത്ത അത്രയ്ക്ക് തീഷ്ണമായപ്രസവവേദനയും ഇതര ബുദ്ധിമുട്ടുകളും ഉണ്ടായത്. ഏറ്റവും കടുത്ത ദൈവഭക്തയ്ക്ക് പോലും ഇതിൽ ഒരു കഴഞ്ച് പോലും ഡിസ്കൗണ്ടില്ല. 



    മനുഷ്യസ്ത്രീക്ക് പ്രസവവേദന കഠിനവും മറ്റ് ജീവികൾക്കൊന്നുമില്ലാത്തവിധം പ്രയാസമേറിയതുമാണ്‌. എന്തുകൊണ്ടിത് സംഭവിക്കുന്നു? മനുഷ്യന്റെ പരിണാമചരിത്രത്തിലാണ്‌ അതിനുത്തരമുള്ളത്. മനുഷ്യന്റെ നിവർന്ന് നില്പ്പും നടത്തവുമാണ്‌ ഘോരമായ പ്രസവവേദനക്കും ഇതര വൈഷമ്യങ്ങൾക്കും കാരണം. നിവർന്ന് നിന്നത് തൊട്ട് മനുഷ്യന്റെ Birth canal ഇടുങ്ങിപ്പോയി. നലുകാലിൽ നടക്കുന്ന ഏതൊരു സസ്തനിയെയും നോക്കുക. അവയുടെ പ്രസവം വിഷമം പിടിച്ചതോ ദൈർഘ്യമേറിയതോ അല്ല. അവയുടെBirth canal മനുഷ്യരുടേതുപോലെ ഇടുങ്ങിയതല്ല എന്നതാണ്‌ കാരണം. മനുഷ്യനിൽ ഇരുകാലി നടത്തം രൂപപ്പെട്ടപ്പോൾ അരയ്ക്ക് മുകളിലുള്ള ഭാഗങ്ങൾ നട്ടെല്ല് താങ്ങേണ്ടി വന്നതിനാൽ ഇടുപ്പ് ഭാഗത്ത് നടന്ന പുന:സംവിധാനത്തിന്റെ ഫലമായിട്ടാണ്‌ Birth canal ഇടുങ്ങിപ്പോയത്. ഈ ഇടുങ്ങിയ ഭാഗത്തുകൂടിയാണ്‌ ശിശു ഇറങ്ങിവരുന്നത്. ഇതാണ്‌ പ്രസവം വേദനാജനകവും ദൈർഘ്യമേറിയതും ആയതിന്‌ കാരണം. പ്രസവ വേദനകൊണ്ട് പുളയുന്ന ഒരു സ്ത്രീയുടെ വയറ്റത്ത് ചവിട്ടുന്ന ഈ കഥ എഴുതിവിട്ടവന്റേത്. ഈ കെട്ടുകഥകളിലാണ്‌ മതത്തിന്റെ ആണിക്കല്ലുകൾ ഉറപ്പിച്ചിരിക്കുന്നത്. പരിണാമ ശാസ്ത്രത്തിന്റെ അപ്രമാദിത്തത്തിനുമുന്നിൽ ആ ദുർബലശിലകൾ തകർന്നുപോകുമെന്ന് മതത്തെ താങ്ങിനിർത്തുകയും അതിന്റെ ചെലവിൽ മനുഷ്യരുടെ അജ്ഞതയെ മുതലെടുത്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന പുരോഹിതവർഗത്തിനും മതവക്താക്കൾക്കും നല്ലവണ്ണം അറിയാം. അതിനാലാണ്‌ പരിണാമശാസ്ത്രം എന്നും അവരുടെ കണ്ണിലെ കരടായി നിലകൊള്ളുന്നത്. പക്ഷേ, പൊൻപാത്രം കൊണ്ട് മൂടിയാലും സത്യത്തെ അധികകാലം മൂടിവെയ്ക്കാൻ ആർകുമാവില്ല എന്നാണ്‌ കഴിഞ്ഞകാലചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.    


കുറിപ്പുകൾ:-

1. Carl Zimmer-         Evolution, the triumph of an idea
Harper-perennial 2006, p 159-167

2. Paul Davis-            the fifth Miracle; the search for the origin and meaning of life,   
                                    Simon & Schuster 1999, p 81

3. Jerry A Coyne-      Why Evolution is true, Oxford University press, 2009, p 78-82

4. Jerry A Coyne-      (ibid) p 70

5. Jerry A Coyne       (ibid) p 85

6. Carl Zimmer-         Evolution- p 190

7. Sharon Begley-     Beyond stones & bones, News Week march 19, 2007

8. Matt Ridley-        Nature via Nature; genes, experience and what makes us human.  Harper Perennial, 2004, p 24 .

9. Sharon Begley-     Beyond  stones & bones.

10. Jared Diamond- The rise and fall of the third Chimpanzee, vintage, 2002 p 2

11. Norman Johnson- Darvinian detectives; Revealing the natural history of  
                                      Genes and genomes. Oxford university press, 2007, p 138

12. Sean B Carroll-   Endless forms Most beautiful; The new science of the Evo
 Devo and the making of the animal kingdom weidenfeld & Nicolson, 2006, p 272-3

13. Sharon Begley-   beyond stones & bones

14. Alice Roberts-     The incredible human journey: the story of how we colonised
 the planet; blooms bury, 2009, 9 45.

15. Matt Ridley-         Nature via Nature, p 215

16. Spencer Wells- The journey of man; a genetic Odyss. Pengunie, 2003, p 33

17. Spencer Wells- ,, p. 54

18. James ghreeve- The greatest journey, national geographic, march, p 33

19. Alice Roberts-     The incredible human journey, p 226

സഹായക ഗ്രന്ഥങ്ങൾ.

William A Turnbaugh -            Understanding Physical Anntho-
Robert Jurmain-                    pology and Archeoloty, 6th Ed.
Harry Nelson                          West publishing Company, 1996
Lynn Kilgore

Robert Foley                          Humans before humanity, an evolutionary
perspective, Black well publishers, 1996  


                       






210 comments:

«Oldest   ‹Older   201 – 210 of 210
KP said...

റിയാസ് ഇതൊക്കെ ഇപ്പോഴാണല്ലേ കാണുന്നത്.. വെറുതേയല്ല, ഇത്ര ആവേശം.

Harun Yahya യെ ഒക്കെ പലരും ഇവിടെ പല പ്രാവശ്യം quote ചെയ്തതാണ്‌.. സാബും ഇതു പോലുള്ളവയാണ്‌ പഠിക്കുന്നത്: from US creationists. What Harun Yahya says is not much different from US creationists, except that it is further twisted to align with Islamic belief..

Good luck!!

Abdul Khader EK said...

പ്രിയരേ, ഞാന്‍ സ്വല്പം തിരക്കിലായത് കൊണ്ടാണ്‌ റഗുലര്‍ ആയി എഴുതാന്‍ സാധിക്കാത്തത്.

ഇനി രണ്ടാം ഭാഗത്തെ കുറിച്ച് എഴുതാം (ഒന്നാം ഭാഗത്തെ കുറിച്ച് ഞാന്‍ എഴുതിയത് തന്നെ ആവശ്യത്തില്‍ അധികമാണ്, വാലും രോമവും മൊന്നും ഒട്ടും മറുപടി അര്‍ഹിക്കുന്നില്ല, അതല്ലാം ഉത്തരം മുട്ടിക്കുന്ന വല്ലാത്തൊരു ശാസ്ത്രം തന്നെ!), രണ്ടാം ഭാഗത്തില്‍ എന്‍റെ ചെറിയ ബുദ്ധിയില്‍ മനസ്സിലായതിനെ ഇങ്ങിനെ വായിക്കാം:

- മനുഷ്യന്‍ പരിണമിച്ചു ഉണ്ടായത് ഒരു തരം (പുല്മേട് പ്രദേശത്തെ പരിസ്ഥിതിയിലേക്കിറങ്ങിയ) പ്രൈമേറ്റില്‍ നിന്നാണ്.
- മനുഷ്യന് മറ്റു ജീവികളില്‍ (കുരങ്ങുകളില്‍) നിന്നുള്ള പ്രധാന വിത്യാസങ്ങള്‍ :
ഒന്ന്: വലിയ തലച്ചോര്‍
രണ്ടു: നിവര്‍ന്നു നില്‍ക്കാന്‍ ഉതകുന്ന ശരീരപ്രകൃതി
മൂന്ന്: സുഖമമായി പ്രവര്‍ത്തിപ്പിക്കാവുന്ന മുന്‍കാലുകളും നടക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന പിന്‍കാലുകളും
നാല്: സംസാരിക്കാന്‍ സഹായകമായ തരത്തിലുള്ള താടിയെല്ലുകള്‍
അഞ്ച്: വാല്‍ ഇല്ല
ആറു: രോമവും ഇല്ല.
- മനുഷ്യനില്‍ ഈ പറയപ്പെട്ട വിത്യാസങ്ങള്‍ സംജാതമായത് മ്യൂട്ടെഷനിലൂടെയാണ് (പരിണാമത്തിന്റെ ബേസിക്‌ മെക്കാനിസമായ നാച്ചരല്‍ സെലെക്സ്യനിലൂടെയല്ലപോല്‍)
- മരങ്ങളില്‍ നിന്ന് പുല്മേട് പ്രദേശത്തെ പരിസ്ഥിതിയിലേക്കിറങ്ങിയ പ്രൈമേറ്റ് എന്ന് പറയുമ്പോള്‍ എന്‍റെ അഭിപ്രായത്തില്‍ അത് ഒരുതരം കുരങ്ങുകള്‍ ആവാനാണ് സാധ്യത, അല്ലയെങ്കില്‍ അതു ഏതു ജീവിയാണ് എന്ന് പറഞ്ഞു തരിക.
- അത്തരം ഒരു പ്രൈമെറ്റില്‍ മിനിമം ആറുതരം മ്യൂട്ടെഷന്‍ നടന്നാല്‍ മാത്രമേ മനുഷ്യന്‍ ആവുകയുള്ളൂ.
- ഈ മ്യൂട്ടെഷന്‍ നിര്‍ബ്ബന്ധമായും സംഭവിക്കുന്ന ഒന്നാണെങ്കില്‍ ഇവിടെ ഒരു തരം ജീവികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ, അതായത് ആ പ്രൈമേറ്റുകള്‍ പൂര്‍ണ്ണമായും ഇല്ലാതെയാവണം, ഞാന്‍ മനസ്സിലാക്കുന്നത് അത്തരം പ്രൈമെറ്റുകള്‍ ഇന്നും നില നില്‍ക്കുന്നുണ്ട് എന്നുതന്നെയാണ്. ഇതില്‍ നിന്ന് മനസ്സിലാവുന്നത് മ്യൂട്ടെഷന്‍ ചിലതില്‍ സംഭവിക്കുന്നു, ചിലതില്‍ സംഭവിക്കുന്നില്ല.

ഇവിടെ എനിക്കുള്ള ഒരു സംശയം: ഈ പറയപ്പെട്ട ആറുതരം മ്യൂട്ടെഷന്‍ ഒരു ജീവിയില്‍ സംഭവിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല, അതിനാല്‍ തന്നെ ഇവിടെ ഭൂമിയില്‍ താഴെ പറയുന്ന തരത്തിലുള്ള ജീവികള്‍ ഉണ്ടായിരിക്കേണ്ടതാണ്:

- മ്യൂട്ടെഷനിലൂടെ തലച്ചോര്‍ വികസിച്ച ഒരുതരം പ്രൈമെറ്റ്, അതായത്‌ ബുദ്ധിയുള്ള കുരങ്ങന്മാര്‍*.
- മ്യൂട്ടെഷനിലൂടെ ഇടുപ്പെല്ല് വികസിച്ച മറ്റൊരുതരം പ്രൈമെറ്റ്, അതായത്‌ നിവര്‍ന്നു നില്‍ക്കുന്ന / നടക്കുന്ന കുരങ്ങന്മാര്‍.
- കാലുകളുടെ മ്യൂട്ടെഷന്‍റെ കാര്യത്തില്‍ പരിണാമ വാദികള്‍ നമ്മുടെ പൂര്‍വ്വികര്‍ എന്നു സംശയിക്കുന്ന പ്രൈമെറ്റുകള്‍ നമ്മെളെക്കാള്‍ മുമ്പിലാണ്, അവകള്‍ക്ക് കൈകളും (മുന്‍കാലുകള്‍) കാലുകളും സുഖമമായി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. അങ്ങിനെ വരുമ്പോള്‍ മനുഷ്യരില്‍ പിന്‍കാലുകളുടെ മ്യൂട്ടെഷന്‍ റിവേര്‍സ് രീതിയില്‍ സംഭവിക്കാത്ത ജീവികള്‍ അതായത് കുരങ്ങന്മാരെ പോലെ കൈകളും കാലുകളും ഉള്ള മനുഷ്യര്‍ ഉണ്ടാവേണ്ടതായിരുന്നു.
- മ്യൂട്ടെഷനിലൂടെ താടിയല്ല് വികസിച്ച ഒരുതരം പ്രൈമെറ്റ്, അതായത്‌ സംസാരിക്കാന്‍ കഴിയുന്ന കുരങ്ങന്മാര്‍.
- മ്യൂട്ടെഷനിലൂടെ വാല്‍ നഷ്ടപ്പെട്ട ഒരുതരം പ്രൈമെറ്റ്, അതായത്‌ വാലില്ലാത്ത കുരങ്ങന്മാര്‍.
- മ്യൂട്ടെഷനിലൂടെ രോമം നഷ്ടപ്പെട്ട ഒരുതരം പ്രൈമെറ്റ്, അതായത്‌ രോമമില്ലാത്ത കുരങ്ങന്മാര്‍.

ഇനി മറ്റൊരു ഘട്ടം നോക്കാം:
- മ്യൂട്ടെഷനിലൂടെ തലച്ചോറും ഇടുപ്പെല്ലും വികസിച്ച ഒരുതരം പ്രൈമെറ്റ്, അതായത്‌ ബുദ്ധിയുള്ള നിവര്‍ന്നു നില്‍ക്കുന്ന / നടക്കുന്ന കുരങ്ങന്മാര്‍.
- മ്യൂട്ടെഷനിലൂടെ തലച്ചോറും താടിയല്ലും വികസിച്ച ഒരുതരം പ്രൈമെറ്റ്, അതായത്‌ ബുദ്ധിയുള്ള സംസാരിക്കാന്‍ കഴിയുന്ന കുരങ്ങന്മാര്‍.
(* ഇനി കുരങ്ങന്മാല്‍ അല്ലെങ്കില്‍ അതു ഏതു ജീവിയാണ് എന്ന് സുശീല്‍ പറഞ്ഞുതരും, അപ്പോള്‍ ദയവ്‌ ചെയ്തു മാറ്റി വായിക്കുക)

ചുരുക്കിപറഞ്ഞാല്‍ ഈ ബ്ലോഗില്‍ വിശദീകരിച്ച ശാസ്ത്രപ്രകാരം ഇങ്ങിനെ പലതരം (കുരങ്ങന്മാര്‍ക്കും മനുഷ്യന്‍മാര്‍ക്കും മധ്യേ) ജീവികള്‍ ഉണ്ടാവേണ്ടതായിരുന്നു.

ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു

(മറുപടി പുതിയ പോസ്റ്റോ ബ്ലോഗോ ആണെങ്കില്‍ എന്‍റെ ഇ-മെയിലില്‍ ലിങ്ക് അയക്കുക : abuislah2001@gmail.com, ഈ പോസ്റ്റ്‌ കാണാന്‍ വൈകിയതാണ് ഈ വരികള്‍ എഴുതാന്‍ കാരണം)

KP said...

For interested readers:

Anatomical clues to human evolution from fish

http://www.bbc.co.uk/news/health-13278255

Mridhul Sivadas said...

2005-ൽ ആസ്ത്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഇയാൻ മക്ഡൂകലിന്റെ നേതൃത്വത്തിലുള്ള ജിയോളജിസ്റ്റുകളുടെയും അന്ത്രോപ്പോളജിസ്റ്റുകളുടെയും സംഘം ആർഗൺ-ആർഗൺ ഡേറ്റിങ്ങിലൂടെ കാലഗണനയിലുണ്ടായിരുന്ന അപാകതകൾ പരിഹരിച്ചു. അങ്ങനെയാണ്‌ കിബിഷ് മനുഷ്യന്റെ കാലം 1,95,000 എന്ന്‌ കണ്ടേത്തിയത്. (ഇതിനു മുമ്പത്തെ പ്രായം 1,60,000 വർഷമായിരുന്നു)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>

പൊട്ടാസ്യം- ആര്‍ഗണ്‍ ടെസ്റ്റ്‌ ആയിരിക്കണം ഉദ്ദേശിച്ചത് എന്ന് കരുതുന്നു.

Riyas said...

ഒരു ഏകകോശ ജീവിയാണ് പരിണമിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബീജവും അണ്ഡവും ഉല്‍പാദിപ്പിക്കുന്ന ജീവികള്‍ ആയി മാറിയത് എന്നത് നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടത് തന്നെയാണ്./////ഉഭായളിങ്ങ ജിഇവികള്‍ മനുഷ്യരിലും ഉണ്ട് (ആണും പെണ്ണും കേട്ടവര്‍ എന്ന് പറയും),shemales എന്താണ്? ഇത് അര്‍ത്ഥമാക്കുന്നത് ആണും പെണ്ണും ഒരു ജിഇവിയില്‍ തന്നെ ആയിരുന്നു എന്നാണു കാലാന്തരത്തില്‍ ഒരു ജിഇവി തന്റെ ഒരു ഗുണം മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കാം

Riyas said...

ഒരു ഏകകോശ ജീവിയാണ് പരിണമിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബീജവും അണ്ഡവും ഉല്‍പാദിപ്പിക്കുന്ന ജീവികള്‍ ആയി മാറിയത് എന്നത് നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടത് തന്നെയാണ്./////ഉഭായളിങ്ങ ജിഇവികള്‍ മനുഷ്യരിലും ഉണ്ട് (ആണും പെണ്ണും കേട്ടവര്‍ എന്ന് പറയും),shemales എന്താണ്? ഇത് അര്‍ത്ഥമാക്കുന്നത് ആണും പെണ്ണും ഒരു ജിഇവിയില്‍ തന്നെ ആയിരുന്നു എന്നാണു കാലാന്തരത്തില്‍ ഒരു ജിഇവി തന്റെ ഒരു ഗുണം മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കാം

Sajith said...

സര്‍
മനുഷ്യപരിണാമകഥ ഇത്രയും വ്യക്തമായി ഇത്രയും സംക്ഷിപ്തമായി ഇതുവരെ എവിടെയും വായിച്ചിട്ടില്ല. നന്ദി

Comrade sahid kakkodi said...

ഞാൻ ഒരു മത വിശ്വാസി അല്ല. എന്റെ ചില സംശയങ്ങൾ ഇവിടെ ചോദിക്കുന്നു. അതിന്പ അകാടമിക്കൽ മറുപടി പ്രദീക്ഷിക്കുന്നു.

1,രിണാമത്തിൽ ഒരു ജീവിയുടെ ആണും പെണ്ണും പരിണമിക്കുന്നത് ഒരേ ജീവിയിൽ നിന്നും തന്നേയാണോ ?
2,അതായത് മനുഷ്യരുടെ പൂർവ്വികരായ ജിവിയുടെ ആൺ വർഗ്ഗത്തിൽ നിന്നും ഹോമോസാപ്പിയൻസ് ആണും അതുപോലെ പെൺവർഗ്ഗവും പരിണമിച്ചതാണോ ?
3,പ്രപഞ്ചത്തിലെ സകല ജീവികളുടേയും DNA ഒന്നാണ് എന്ന് പറയുന്നു. പക്ഷെ ചില പോലീസ് കേസുകളിൽ DNA ടെസ്റ്റ് നടത്തി ആളെ തിരിച്ചറിഞ്ഞു എന്ന് കേൾക്കുന്നു. ഇത് ഒന്ന് വിശദമാക്കണം.
4, DNA യിലെ മ്യൂട്ടേഷൻ നടക്കുന്നത് ക്രോമസോ മിലാണോ അതോ ജീനിലോ? ഒരുപാട് ജീനുകൾ ബൂട്ടാവുന്നില്ല എന്നു പറയുന്നു അങ്ങനെ stop ചെയ്യുന്നത് ആ ജീനുകൾ നഷ്ടപെട്ടതുകൊണ്ടാണോ അല്ലങ്കിൽ എന്ത് കൊണ്ട് ?
5,രണ്ടു വ്യത്യസ്ത ജീവികൾ ലൈഗികമായി ബന്ധപെട്ടാൽ പുതിയ ജീവി ഉണ്ടാകുമോ ?
6,കഴുതയും കുതിരയും ബന്ധപ്പെട്ട് കോവർകഴുത ഉണ്ടാകുന്നത് പോലെ മനുഷ്യനും ചിമ്പാൻസിയും ബന്ധപ്പെട്ടാൽ പുതിയ ജീവി ഉണ്ടാകുമോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?

Unknown said...

ഇപ്പോൾ സുബൈറിന് കാര്യങ്ങൾ മനസ്സിലായി തുടങ്ങി

Unknown said...

Well explained your opinion with many evidences... പക്ഷേ.. മതംപുരോഹിതർ മനുഷ്യന്റെ അജ്ഞത മുതലെടുക്കുകയാണ് എന്ന് അടച്ചാക്ഷേപിക്കരുത്... കാരണം ഒരുപാട് വർഷങ്ങൾ മുമ്പേ മതഗ്രന്ഥമായ വിശുദ്ധ ഖുർആനിൽ പറഞ്ഞ പലതും ഇന്ന ശാസ്ത്രം തിരിച്ചറിയുന്നുള്ളൂ.... Heliocentric and geocentric a small example.. And also quran explains origin of man... In a right way..

«Oldest ‹Older   201 – 210 of 210   Newer› Newest»