Sunday, March 24, 2013

മലയാളത്തിലെ പരിണാമവിമർശന പരീക്ഷണങ്ങൾ.



സുശീൽ കുമാർ പി പി.

ലോകത്തിൽ ഏറ്റവും വികസിതമെന്ന് അഭിമാനിക്കുന്ന അമേരിക്കൻ ജനസംഖ്യയുടെ 40 ശതമാനത്തിലേറെ ആളുകൾ, മനുഷ്യൻ മറ്റൊരു ജീവിവർഗത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല മനുഷ്യൻ ഭൂമുഖത്ത് എത്തിയിട്ട് പതിനായിരത്തിലധികം വർഷങ്ങൾ ആയിട്ടില്ല എന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യുന്നു. ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇക്കൂട്ടരുടെ സംഖ്യ അത്ര ഉയർന്നതല്ലെങ്കിലും അത് അത്രയൊന്നും ചെറുതല്ലെന്നതാണ്‌ വസ്തുത. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യയിലെയും താരതമ്യേന വിദ്യാസമ്പന്നമായ കേരളത്തിലെയും സ്ഥിതി വിശകലനം ചെയ്യാൻ. ഇന്ത്യയിൽ പരിണാമവിഷയങ്ങൾ ജീവശാസ്ത്ര പുസ്തകങ്ങളിൽ പഠിക്കാനുണ്ടെങ്കിലും അത് പഠിച്ച് മാർക്ക് നേടാൻ ഉള്ളതാണെന്നതിലുപരി കൂടുതലൊന്നും അതേക്കുറിച്ച് പഠിച്ച് ‘സമയം കളയാൻ‘ അധികമാരും മെനക്കെടാറില്ല. ഇത് പരിണാമത്തിനു മാത്രമല്ല ശാസ്ത്രവിഷയങ്ങൾക്കാകമാനം ബാധകമാണ്‌. അതുകൊണ്ടുതന്നെ പരിണാമം മാത്രമല്ല, പരിണാമ വിമർശനങ്ങളും അധികമൊന്നും സാധാരണക്കാരിലേക്ക് എത്താറില്ല.

ലോകത്തിൽ പരിണാമത്തെക്കുറിച്ച് ഇറങ്ങിയ പരിണാമ പുസ്തകങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ മലയാളത്തിൽ ഇറങ്ങിയ പരിണാമഗ്രന്ഥങ്ങളുടെ എണ്ണം തുലോം വിരളമാണ്‌. കേരള ശാസ്ത്രസാഹിത്യ പരിഷത് ഇതിനുള്ള ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പ്രൊഫ. കുഞ്ഞുണ്ണി വർമ്മയുടെ പുസ്തകങ്ങൾ എടുത്തുപറയേണ്ടവയാണ്.. സംസ്ഥാന സർവ്വവിജ്ഞാന ഇൻസ്റ്റിറ്റ്യൂട്ട് ഒരു പരിണാമവിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് കുറച്ച് പരിണാമപുസ്തകങ്ങളും മലയാളത്തിൽ ലഭ്യമാണ്‌. റിച്ചാർഡ് ഡോക്കിൻസിന്റെ ‘God Delusion’ നെ അടിസ്ഥാനമാക്കി സി രവിചന്ദ്രൻ രചിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘നാസ്തികനായ ദൈവം’ എന്ന ഗ്രന്ഥത്തിൽ പരിണാമം കുറെയൊക്കെ ചർച്ചചെയ്യുന്നുണ്ട്. എങ്കിലും ഏറ്റവും ഒടുവിൽ ഇറങ്ങിയ ഡോക്കിൻസിന്റെ തന്നെ ‘The Greatest Show on Earth’ എന്ന കൃതിയുടെ മലയാള പരിഭാഷ- ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം- എന്ന പുസ്തകത്തിലാണ്‌ പരിണാമത്തെ അതിന്റെ തെളിവുകൾ വെച്ച് വിശകലനം ചെയ്യുന്നത്. ഈ പുസ്തകങ്ങളെയൊക്കെ വിമർശനപരമായി സമീപിക്കാൻ മലയാളത്തിൽ ഒരാൾ മാത്രമേ കുറച്ചെങ്കിലും ശ്രമിച്ചിട്ടുള്ളു എന്നതാണ്‌ വസ്തുത. അതിനാകട്ടെ മതസംഘടനകളുടെ മുഖമാസികകൾക്ക് പുറത്ത് ഏറെയൊന്നും ഇടം കിട്ടിയിട്ടുമില്ല. പരിണാമത്തെ വിമർശിക്കാനാണെങ്കിൽ പോലും അതിനെ മതവിശ്വാസികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ഒരു ചെറിയ ചർച്ചക്കെങ്കിലും കാരണമാക്കുന്നതിൽ ശ്രീ എൻ എം ഹുസ്സൈൻ വഹിക്കുന്ന പങ്കിനെ കുറച്ചുകാണാൻ കഴിയില്ല. എങ്കിലും വിമർശനാത്മകമായി പരിശോധിക്കുമ്പോൾ പരിണാമവിമർശനം എന്ന പേരിൽ അദ്ദേഹം നടത്തുന്നത് മലയാളത്തിൽ ഇറങ്ങിയ ഏതെങ്കിലും പരിണാമ പുസ്തകങ്ങൾ എടുത്തുവെച്ച് അതിൽ നിന്ന് ഏതെങ്കിലും ഒരു ഖണ്ഡികയെടുത്ത് അതിലെ അക്ഷരങ്ങളെയോ വ്യാകരണത്തെയോ ഇഴകീറി പരിശോധിക്കുകയോ, എഴുതിയവന്റെ ഗ്രാഹ്യശേഷിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയോ ചെയ്യുന്നതിലൊതുങ്ങുന്നു എന്ന് കാണാൻ കഴിയും. പരിണാമത്തെ സമഗ്രമായി വിമർശനവിധേയമാക്കാൻ മലയാളത്തിൽ ഇന്നുവരെ ആരും ശ്രമിച്ചിട്ടില്ല. ഉള്ള വിമർശനങ്ങളാകട്ടെ, പുസ്തകശാലക്കുള്ളിൽ എലി കയറി എല്ലാ പുസ്തകങ്ങളുടെയും വക്കും മൂലയുമൊക്കെ കരണ്ടു നോക്കുന്നതുപോലെ വളരെ ഉപരിപ്ലവമായ വിമർശനങ്ങളേ ആകുന്നുള്ളു. അതിൽ അല്ഭുതത്തിനൊട്ടും തന്നെ കാര്യവുമില്ല. കാരണം മലയാളത്തിലെ എല്ലാ പരിണാമ വിമർശനങ്ങളും സക്കീർ നായിക്കിനെപ്പോലുള്ള മതവാദികളുടെ വിമർശനങ്ങളുടെ ചുവടുപിടിച്ചുള്ളവ മാത്രമാണ്.

ഇന്നുള്ള കുരങ്ങന്മാരെന്തേ മനുഷ്യരാകാത്തത്?

ഭൂമിയിൽ ജീവജാലങ്ങൾ ഇന്നത്തെ രീതിയിൽ പ്രത്യേകം പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടതാകാൻ വഴിയില്ലെന്നും, സൃഷ്ടിക്കുശേഷം അത് ഇന്നത്തെ നിലയിലേക്ക് പരിണമിച്ചാതാകാമെന്നും പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രസ്താവിച്ചിരുന്നുവെങ്കിലും കൃസ്ത്യാനികൾ ഭൂരിപക്ഷവും ഇന്നും കളിമൺ സൃഷ്ടിവാദത്തെ കണ്ണുമടച്ചു പിന്തുണക്കുന്നവർ തന്നെയാണ്. ‘ഹൈന്ദവ‘രിൽ  ഭൂരിപക്ഷവും മനുഷ്യൻ ദൈവത്തിന്റെ വിശേഷസൃഷ്ടിയാണെന്ന് കരുതുന്നുവെങ്കിലും അതിന് അവർക്ക് സെമിറ്റിക് മതങ്ങളുടേതുപോലെയുള്ള ശാഠ്യങ്ങൾ ഇല്ല. പരിണാമമായാലും കുഴപ്പമില്ല, അത് ദൈവത്തിന്റെ ‘ലീലാവിലാസ‘മാണെങ്കിൽ അവർ തൃപ്തിപ്പെട്ടുകൊള്ളും. തങ്ങൾ യഥാർത്ഥ മുസ്ലിംകളാണെന്ന് സ്വയം അവകാശപ്പെടുന്നുവെങ്കിലും മുസ്ലിം സംഘടനകൾ ആകമാനം ‘അമുസ്ലിം‘ ഗണത്തിൽ പെടുത്തിയിരിക്കുന്ന അഹ്മദീയരാകട്ടെ പരിണാമം സത്യമാണെന്ന് വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ട്, അത് ദൈവത്തിന്റെ നിയന്ത്രണത്തിൽ നടന്നതായിരിക്കണമെന്ന ഒറ്റ കണ്ടീഷനിൽ-അത്രയെങ്കിലും നല്ലത്. എന്നാൽ പരിണാമത്തെ നഖശിഖാന്തം എതിർക്കുന്നത് ഇന്ന് ഇസ്ലാമിക സംഘടനകൾ മാത്രമാണ്. അവരുടെ പരിണാമവിമർശനമാകട്ടെ, “മനുഷ്യൻ കുരങ്ങിൽ നിന്ന് ഉണ്ടായതാണ്” എന്ന ‘മഹത്തായ അറിവി‘ന്മേലുള്ള കടന്നാക്രമണവുമാണ്. ഇത് ഏതാണ്ട് പൊയ്ക്കുതിരയെ തല്ലിക്കൊല്ലുന്നതിനെ ഓർമ്മിപ്പിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ഒരു മതസംഘടനാ ഗ്രൂപ്പിന്റെ സമ്മേളന മാമാങ്കത്തിന്റെ പ്രചരണാർത്ഥം വീടുകൾ കയറിയിറങ്ങി വിതരണം ചെയ്യപ്പെട്ട ലഘുലേഖയിൽ പറയുന്നത്, മനുഷ്യൻ ഭൂമുഖത്തെത്തിയിട്ട് “ഏതാനും ആയിരം” വർഷങ്ങളേ ആയിട്ടുള്ളു എന്നാണ്. ഈ ‘ഏതാനും ആയിരം‘ എന്നാൽ എത്ര ആയിരം വരുമെന്നുപോലും വ്യക്തമായി പറയാനുള്ള ആർജവം അവർക്കില്ലതാനും.

 
പരിണാമത്തെ തങ്ങൾ ‘ശാസ്ത്രീയമായി‘തന്നെയാണ് വിമർശിക്കുന്നതെന്നാണ് പരിണാമവിമർശകരുടെ അവകാശവാദം. എന്നാൽ ഈ ‘ശാസ്ത്രീയരീതി’  തങ്ങളുടെ വിശ്വാസപ്രമാണങ്ങളായ കെട്ടുകഥകൾക്കുമേൽ പ്രയോഗിക്കാൻ ഒരിക്കൽ പോലും ഇവർ ധൈര്യം കാണിച്ചിട്ടില്ലെന്ന വസ്തുത പരിശോധിക്കുമ്പോൾ ഇവരുടെ പരിണാമവിമർശനത്തിന്റെ ആത്മാർത്ഥത എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. തങ്ങളുടെ മതദൈവങ്ങളുടെ ഗുണഗണങ്ങൾ പരിശോധിക്കാൻ നാസ്തികർക്ക് അവകാശമില്ലെന്നും ആദ്യം ‘ദൈവം’ ഉണ്ട് എന്ന് തീരുമാനിച്ച ശേഷം മാത്രമേ അത്തരം പരിശോധനകൾക്ക് അവകാശമുള്ളു എന്നും മുൻകൂർ ജാമ്യമെടുക്കുന്ന ചരിത്രനിഷേധികളായ പരിണാമവിമർശകർ അതേ ന്യായം വെച്ച്, പരിണാമത്തെ വിമർശിക്കും മുമ്പ്  അത് സത്യമാണെന്ന് സമ്മതിക്കേണ്ടതില്ലേ എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ ബാക്കിനിൽക്കുന്നു.

പരിണാമത്തെ മൊത്തത്തിൽ അംഗീകരിക്കാതിരിക്കുമ്പോഴും സ്പീഷിസുകൾക്കുള്ളിൽ നടക്കുന്ന സൂക്ഷ്മ പരിണാമത്തെ അംഗീകരിക്കാൻ ഇക്കൂട്ടർ നിർബന്ധിതരാകുന്നുണ്ട്. അത് അംഗീകരിക്കാതെ പിടിച്ചുനില്ക്കുക ഇവർക്ക് പ്രയാസമാകുന്നതിനുകാരണം അത് അവരുടെ കണ്മുന്നിൽ കാണുന്നു എന്നതാണ്‌. രണ്ട് സ്പീഷീസുകൾക്കിടയിലെ അതിർവരമ്പുകൾ വളരെ നേർത്തതാണെന്നും ഒരിക്കൽ വേർപിരിഞ്ഞശേഷം പിന്നീട് ലൈംഗികബന്ധത്തിലൂടെ പുതിയതലമുറയെ ഉല്പ്പാദിപ്പിക്കാൻ കഴിയുന്ന അവസ്ഥ നഷ്ടപ്പെടുമ്പോഴാണ്‌ സ്പീഷിസുകളായി തരം തിരിക്കപ്പെടുന്നതെന്നുമുള്ള വസ്തുത ഇവർ അറിഞ്ഞോ അറിയാതെയോ മറച്ചുവെക്കുന്നു.  ‘സ്പീഷീസുകൾക്കകത്തേ പരിണാമം നടക്കുന്നുള്ളു, സ്പീഷീസിനു പുറത്തില്ല‘ എന്ന അറിവ് അവരുടെ സൌകര്യാർത്ഥം, അവരുടെ മുൻവിധികൾ സംരക്ഷിക്കുന്നതിനുവേണ്ടി, അവർ തന്നെ ഉണ്ടാക്കിയെടുത്തതാണെന്ന് സാരം. വളർത്തുമൃഗങ്ങളിൽ നടത്തിയ കൃത്രിമ നിർധാരണത്തിലൂടെ അവയുടെ രൂപത്തിലും  സ്വഭാവത്തിലും മനുഷ്യൻ വരുത്തിയ മാറ്റം അൽഭുതാവഹമാണ്. മനുഷ്യർ വിവിധ ആവശ്യങ്ങൾക്കായി വളർത്തുന്ന ഭീമാകാരരായ നായകൾ മുതൽ ഓമനകളായ കുഞ്ഞൻ നായകൾ വരെ ഒരേ പൊതുപൂർവികനായ കാട്ടുചെന്നായകളിൽ, തുടക്കത്തിൽ ബോധപൂർവമല്ലാതെയും പിന്നീട് വ്യക്തമായ ഉദ്ദേശത്തോടെയും മനുഷ്യൻ നടത്തിയ ജനിതക ഇടപെടലുകളുളെ ഉൽ‌പ്പന്നങ്ങളാണ്. 

ഗ്രേഹൗണ്ട് നായ്ക്കൾ വളരെ ശക്തമായ പേശികളും വളഞ്ഞ ആകൃതിയിലുള്ള ശരീരവും നീളമേറിയ കാലുകളും വാലും ഉള്ളവയാണ്‌. ഓടാനുള്ള ശേഷിയെ കൃത്രിമമായി നിർധാരണം ചെയ്താണ്‌ ഇവയെ വികസിപ്പിച്ചെടുത്തത്. എന്നാൽ ഇതിനു വിപരീതമായി ഡാഷ്ഹൗണ്ട് നായ്ക്കളുടെ ശരീരം കുറിയ കാലുകൾ ഉള്ള കുള്ളന്മാരെ ഓർമ്മിപ്പിക്കുന്നു. ഇത് മാളങ്ങളിൽ നുഴഞ്ഞുകയറി നായാടുക എന്ന പ്രത്യേക ആവശ്യത്തിനായി നിർധാരണം ചെയ്തെടുത്തവയാണ്‌. അതുപോലെ വീട്ടിലെ കിടക്കയിലും അടുക്കളയിലും കുഞ്ഞുങ്ങളെന്നപ്പോലെ പെരുമാറുന്ന ടോയ് ഡോഗുകൾ ഉൾപ്പെടെയുള്ള ഇനങ്ങൾ അരുമകളായി പോറ്റിയളർത്താൻ വികസിപ്പിച്ചെടുത്തവയാണ്‌. ഇതുപോലെതന്നെയാണ്‌ വളത്തുപ്രാവുകളുടെയും അലങ്കാരക്കോഴികളുടെയും കഥ. എന്തെല്ലാം വൈവിധ്യമാർന്ന ആകൃതികളിലേക്കാണ്‌ അവ ചുരുങ്ങിയ കാലം കൊണ്ട് പരിവർത്തിപ്പിക്കപ്പെട്ടിരിക്കുന്നത്! എന്നാൽ കൃത്രിമനിർധാരണം നടക്കുന്നത് മനുഷ്യന്റെ ബോധപൂർവ്വമായ ഇടപെടലുകളിലൂടെയാണെന്നുമാത്രമല്ല, അത് സ്പീഷീസുകളെ മാറ്റുന്നില്ലെന്നും, ഒരു നായയെ നിർധാരണത്തിലൂടെ ഒരു പൂച്ചയാക്കി കാണിക്കാമോ എന്നെല്ലാമുള്ള അപഹാസ്യമെങ്കിലും, പരിണാമം നടക്കുന്ന കാലദൈർഘ്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തവരെ സംബന്ധിച്ച് യുക്തിസഹമെന്ന് തോന്നുന്ന ചോദ്യങ്ങളിലൂടെയാണ്‌ വിമർശകർ പരിണാമത്തെ നിരാകരിക്കാൻ ശ്രമിക്കുന്നത്. ബോധപൂർവ്വമായ ഇടപെടലിലൂടെ മനുഷ്യൻ നടത്തുന്ന നിർധാരണത്തെ അപേക്ഷിച്ച്, പ്രകൃതിയിൽ പാരിസ്ഥിതികാനുകൂലത്തിലൂടെ നടക്കുന്ന  സ്വാഭാവിക നിർധാരണം കാലമേറെ എടുക്കുമെങ്കിലും സമാന ഫലം തരുമെന്നും ഇത് സ്പീഷീകരണത്തിനുതന്നെ വഴിവെക്കുമെന്നുമാണ് കൃത്രിമനിർധാരണത്തിന്റെ അനന്തസാധ്യതകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

എല്ലാ ജീവികളിലും നിരന്തരമായി മ്യൂട്ടേഷൻ നടക്കുന്നുവെന്നാണ്‌ പരിണാമവാദികൾ പറയുന്നതെന്നും, അങ്ങനെയെങ്കിൽ ആദിമജീവജാലങ്ങളായ ബാക്റ്റീരിയകൾ ഇന്നും എന്തുകൊണ്ട് ബാക്റ്റീരിയകളായി തുടരുന്നുവെന്നുമാണ്‌ പരിണാമവിമർശകരുടെ മറ്റൊരു മാസ്റ്റർപീസ് വിമർശനം. ഇതിന്റെ ചുവടുപിടിച്ച്, കുരങ്ങിൽ നിന്നാണ്‌ മനുഷ്യനുണ്ടായതെങ്കിൽ പിന്നെയെന്തുകൊണ്ട് ഇന്നും കുരങ്ങുകൾ ഉണ്ടാകുന്നു, അവ എന്താണ്‌ പരിണമിച്ച് മനുഷ്യനാകാത്തത് എന്നൊക്കെയുള്ള ചില കിടിലൻ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇത്തരം ബാലിശമായ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് പരിണാമത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നാണ്‌ അത് കേൾക്കുമ്പോൾ മനസ്സിലാക്കേണ്ടത്. അതല്ലെങ്കിൽ അവർക്ക് കേൾക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയെന്ന വ്യക്തമായ അജണ്ടയുണ്ടെന്നും.

ഒരു സ്പീഷീസിലെ എല്ലാ ജീവികൾക്കും ഒരേ സമയം ഒരേ രീതിയിലുള്ള മ്യൂട്ടേഷൻ സംഭവിക്കുന്നുണ്ടെന്നും അവയെല്ലാം സമാനമായി  നിർധാരണം ചെയ്യപ്പെടുന്നുണ്ടെന്നും അതുവഴി ഒരേ വഴിയിലൂടെ പരിണമിക്കുന്നുണ്ടെന്നും പരിണാമശാസ്ത്രം പറയുന്നുണ്ടെങ്കിൽ മാത്രമേ ഇത്തരമൊരു ചോദ്യത്തിനുതന്നെ പ്രസക്തിയുള്ളു. കുരങ്ങിൽ നിന്ന് മനുഷ്യൻ പരിണമിക്കുകയല്ല, മറിച്ച് ഇന്നത്തെ കുരങ്ങനും മനുഷ്യനും ഒരേ പൊതുപൂർവ്വികനെ പങ്കുവെയ്ക്കുന്നുവെന്നാണ്‌ പരിണാമശാസ്ത്രം പറയുന്നത്. കുരങ്ങന്റെ തന്നെ ഒരു സ്പീഷീസ് അല്ല ഉള്ളത്. ഗിബ്ബണുകൽ, ഒറാങ്ങ് ഊട്ടാൻ, ചിമ്പൻസി, ഗോറില്ല തുടങ്ങി നിരവധിയിനം കുരങ്ങുകൾ ഉണ്ട്. ഇവയെല്ലാം പ്രൈമേറ്റുകളുടെ പരിണാമശാഖയിൽ നിന്നും വ്യത്യസ്ത അവസരങ്ങളിൽ വേർപിരിഞ്ഞവയാണ്‌. ലീമറുകൾ, തേവാങ്കുകൾ, ബുഷ് ബേബി, ടാർസിയറുകൾ മുതലായവയുൾപ്പെടുന്ന ‘പ്രൊസീമി’ യും ആൾകുരങ്ങുകളും മനുഷ്യനും ഉൾപ്പെടെയുള്ള ‘ഹോമിനിഡെ’ ഫാമിലിയുമെല്ലാം ഇതേ പരിണാമവൃക്ഷത്തിൽ നിന്ന് പലയവസരത്തിൽ വേർപെട്ട വിഭാഗങ്ങൾ ആണ്‌. ഇത് സൂചിപ്പിക്കുന്നത്, കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്നല്ല, മറിച്ച്  പ്രൈമേറ്റ് വിഭാഗങ്ങൾ പലവിധത്തിൽ പലപ്പോഴായി പരിണമിച്ച് വേർപിരിഞ്ഞു എന്നാണ്‌. അതുപോലെ മനുഷ്യനും പട്ടികളും, മനുഷ്യനും ആനകളും, മനുഷ്യനും എലികളും, മനുഷ്യനും ബാക്റ്റീരിയകളും വരെ പങ്കുവെക്കുന്ന വിവിധ പൊതുപൂർവികർ ഉണ്ടാകുമെന്നാണ്‌. പരിണാമത്തിന്റെ ഈ ബാലപാഠമറിയുന്നവർക്ക് ബാക്റ്റീരിയ ഇന്നും പരിണമിക്കാതെ എന്തുകൊണ്ട് തുടരുന്നു എന്നെല്ലാമുള്ള ചോദ്യങ്ങളെ ആസ്വദ്യകരമായ ഫലിതങ്ങളായേ വീക്ഷിക്കാൻ കഴിയൂ.

കണ്ണുകൾ താനേ ഉണ്ടാകുമോ?
“കണ്ണുകൾ എന്ന അൽഭുതപ്രതിഭാസം എങ്ങനെ പരിണമിച്ചുണ്ടായി’ എന്ന ‘ഉത്തരം മുട്ടിക്കുന്ന‘ ചോദ്യവുമായി പരിണാമവിരോധികൾ കുറക്കാലം മുമ്പുവരെ സജീവമായിരുന്നു. എന്നാൽ ഇന്ന് അത്തരമൊരു ചോദ്യം എടുത്തിടാൻ അവർ അധികമൊന്നും ശ്രമിച്ചുകാണുന്നില്ല. കാരണം ജീവികളുടെ കണ്ണുകളുടെ  പരിണാമം  ശാസ്ത്രം കൃത്യമായിതന്നെ നിർധാരണം ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നതുതന്നെയാണ്. ഏറ്റവും ലളിതഘടനയുള്ള ജീവികൾക്കുമുതൽ സങ്കീർണമായ ശരീരഘടയുള്ള ജീവികൾക്കുവരെ കണ്ണിന്റെ ദൗത്യം നിർവഹിക്കുന്ന അവയവങ്ങൾ ഉണ്ട്. ഒരു കണ്ണും സമ്പൂർണമല്ല, ഓരോ ജീവിയുടെയും നിലനില്പ്പിന്റെ ആവശ്യാനുസരണം നിർധാരണം ചെയ്യപ്പെട്ട കണ്ണുകളാണ്‌ അവയ്ക്കുള്ളത്. ജന്തുക്കൾ മാത്രമല്ല, സസ്യങ്ങളും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട്. പ്രകാശത്തോട് പ്രതികരിക്കാനുള്ള കോശങ്ങളുടെ  കഴിവിനെ ഓരോ ജീവിയുടെയും നിലനില്പ്പിനാവശ്യമായ അളവിൽ, പ്രകൃതിനിർധാരണത്തിലൂടെ ലക്ഷക്കണക്കിന്‌ വർഷങ്ങൾ നീണ്ടുനിന്ന പരിണാമത്തിലൂടെ രൂപമെടുത്തതാണ്‌ ഒരോ ജീവിയുടെയും കണ്ണുകൾ. സസ്തനികളിൽ പ്രൈമേറ്റുകൾക്കു മാത്രമേ പൂർണ്ണ വർണ്ണ ക്കാഴ്ച്ചയുള്ളു. മനുഷ്യൻ, ഏപ്സ്, ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകൾ എന്നിവയ്ക്ക് 3 opsin ജീനുകൾ ഉള്ളതാണ് അവയുടെ വർണക്കാഴ്ചയ്ക്ക് നിദാനം. എന്നാൽ പശു ,ആന, കടുവ മുതലായവയ്ക്ക് [non primates] 2 opsin ജീനുകൾ മാത്രമുള്ളതിനാൽ ഫുൾ കളർ വിഷൻ ഇല്ല. പച്ചയും ചുവപ്പും വേർതിരിച്ചറിയാൻ അവയ്ക്കു സാധ്യമല്ല. പ്രകൃതി നിദ്ധാരണമാണിവിടെ നടന്നത്. കാഴ്ച്ചയുടെ ഉൽപ്പത്തിയിലേക്ക് പ്രകൃതി നിർദ്ധാരണം എങ്ങനെ കാരണമാകുന്നുവോ അതേ പോലെ കാഴ്ച്ചക്കുറവിലേക്കും കാഴ്ച്ചയില്ലായ്മയിലേക്കും പ്രകൃതി നിർദ്ധാരണം കാരണമാകുന്നുണ്ട്.
 ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ഠരെന്ന് സൃഷ്ടിവാദികൽ അഹങ്കരിക്കുന്ന മനുഷ്യന്റെ കണ്ണുകൾ, അത്രയൊന്നും ‘ഉൽകൃഷ്ഠര‘ല്ലാത്ത ചില ജീവികളുടെ കണ്ണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്രയേറെ ശ്രേഷ്ഠമല്ല എന്ന വസ്തുത അവരെസംബന്ധിച്ച് ഏറെ അരോചകമായ അറിവുമാണ്.


ഡ്രാഗൺ ഫ്ലൈയുടെ ചിറകുകൾ സൃഷ്ടിവാദത്തിനു തെളിവാകുമോ?

‘ജീവിക്കുന്ന ഫോസിലുകൾ‘ എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ജീവികൾ ആണ് പരിണാമവിരോധികളുടെ മറ്റൊരു ഇഷ്ട ഇനം. പ്രാചീനകാലത്ത് ജീ‍വിച്ചിരുന്ന ജീവികളുടെ സ്പീഷീസിൽ പെട്ടതും അവയോട് സാദൃശ്യം പുലർത്തുന്നതും വലിയമാറ്റങ്ങളില്ലാതെ ഭൂമുഖത്ത് നിലനിൽക്കുന്നതുമായ സ്പീഷീസുകൾ ഉണ്ട്, അത്തരം ജീവികളെയാണ് ശാസ്ത്രലോകം ‘ജീവിക്കുന്ന ഫോസിൽ‘(Living
Fssils) എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ ഘടനാപരമായ കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത നിരവധി ജീവികളുടെ ഫോസിലുകൾ ലഭ്യമായിട്ടുണ്ട്. ശ്വാ‍സകോശ മത്സ്യം (Lung fish), കുതിരലാടത്തിന്റെ ആകൃതിയുള്ള ഒരിനം ഞണ്ട്(Horse-shoe crab), സ്റ്റർജൻ മത്സ്യം(sturgeon) ലിങ്ഗുല(Lingula), ബ്രാക്കിയോപോഡുകൾ(brachiopods), പേളി നോട്ടിലസ്(pearly nautilus), വെൽവെറ്റ് പുഴു(velvet wrom), ജിങ്കോ വൃക്ഷങ്ങൾ(ginko trees) തുടങ്ങിയവക്കെല്ലാം പ്രത്യക്ഷമായ മാറ്റങ്ങൾ അധികമൊന്നും സംഭവിക്കാത്ത പരിണാമ ചരിത്രമാണുള്ളത്. സൃഷ്ടിവാദക്കാരിൽ ഹർഷോന്മാദമുണ്ടാക്കിയ മറ്റൊരു ഫോസിലാണ് ‘ഡ്രാഗൺ ഫ്ലൈ’(തുമ്പി)യുടേത്. 30 കോടി വർഷങ്ങൾക്ക് ശേഷവും ഡ്രാഗൺഫ്ലൈയുടെ ചിറകുകൾ ഇന്നും ‘മാറ്റമില്ലാതെ‘ തുടരുന്നത് പരിണാമം നടന്നിട്ടില്ല എന്നതിനു തെളിവാണെന്നാണ് ഇവർ കൊട്ടിഘോഷിച്ചത്. അതുപോലുള്ള മറ്റൊരു സംഭവമാണ് വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചിരുന്നുവെന്ന് കരുതിയിരുന്ന സീലാകാന്തസ് (coelacanthus) മത്സ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ പൂർവതീരത്തിനുസമീപം ആഴക്കടലിൽ നിന്ന് കണ്ടെത്തിയത്. 

ഡ്രാഗൺ ഫ്ലൈ ഫോസിലുകൾ വെച്ച് പരിണാമം നടന്നില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നതുതന്നെ വലിയ മണ്ടത്തരമാണ്.  വലിപ്പത്തിലും ആകൃതിയിലും നിറത്തിലും വൈവിധ്യമാർന്ന 3000 ൽ പരം സ്പീഷീസുകൾ ഇന്ന് ഭൂമുഖത്തുണ്ട്. 30 കോടി വർഷങ്ങൾക്ക് മുമ്പ് കാർബോണിഫരസ് യുഗത്തിൽ ജീവിച്ചിരുന്ന ഡ്രാഗൺ ഫ്ലൈയുടെ ഫോസിലുകളാകട്ടെ വളരെ വലിയ ഇനവുമായിരുന്നു. അവയുടെ ചിറകുകൾക്ക് 65 സെന്റീമീറ്റർ വരെ നീളമുണ്ടായിരുന്നു. ഈ വസ്തുതകളെല്ലാം വെച്ചുതന്നെ ഡ്രാഗൺ ഫ്ലൈക്ക് പരിണാമമൊന്നും സംഭവിച്ചിട്ട് വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ അത് 30 കോടി വർഷത്തിനിടക്ക് അതിന്റെ ആകൃതിയിൽ, വലിപ്പത്തിലല്ല, പരിണാമമൊന്നും സംഭവിച്ചിട്ടില്ല എന്നേ വരൂ. മറിച്ച് 30 കോടി വർഷങ്ങൾക്ക് മുമ്പ് അത് അതേ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നതിന്‌ ഇതെങ്ങനെ തെളിവാകും! മുപ്പത് കോടി വർഷങ്ങൾക്ക് മുമ്പ് അവ അവയുടെ പൂർവികരിൽ നിന്ന് ഉരുത്തിരിഞ്ഞതല്ല എന്നതിനും ഇത് തെളിവാകുന്നില്ല. എന്നാൽ രസകരമായ കാര്യം, ഈ ഭൂമിതന്നെ ഉണ്ടായിട്ട് ‘ഏതാനും ആയിരം’ വർഷങ്ങളേ ആയിട്ടുള്ളു എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ഇക്കൂട്ടർ 30 കോടി വർഷം പഴക്കമുള്ള ഡ്രാഗൺഫ്ലൈ ഫോസിലുകളുമായി സർക്കസ് കളിക്കുന്നതാണ്‌.

 ഇടക്കണ്ണിയുണ്ടൊ, ഇടക്കണ്ണി?

ഫോസിൽ രേഖയിലെ ‘വിടവുകൾ’ എല്ലാ കാലത്തും പരിണാമത്തിന്റെ മുനയൊടിക്കാൻ സൃഷ്ടിവാദക്കാർ ഉപയോഗിച്ചുവരുന്നുണ്ട്. പണ്ടു ജീവിച്ചിരുന്ന ജീവികളുടെ ശരീരഭാഗങ്ങൾ കൃത്യമായി അടുക്കി സൂക്ഷിക്കാനും അത് നമ്മുടെ ആവശ്യാനുസരണം ലഭ്യമാക്കാനും ആരെങ്കിലും സംവിധാനമൊരുക്കിയിരുന്നെങ്കിലേ എല്ലാ ഫോസിലുകളും നമ്മുടെ ആവശ്യാനുസരണം ലഭ്യമാകുകയുള്ളു. ഒഴുക്കിൽ പെട്ട് ജലാശായങ്ങളുടെയും കടലിന്റെയും അടിത്തട്ടിൽ എത്തുന്ന ജീവികളുടെ ശരീരങ്ങൾക്ക് മുകളിൽ മണ്ണും അവസാദങ്ങളും വന്നടിഞ്ഞ് കാലക്രമത്തിൽ രൂപ്പടുന്ന അവസാദശിലകളിലാണ്‌ സാധാരണയായി ഫോസിലുകൾ കാണപ്പെടുന്നത്. കരയിലും ഇത്തരം അവസാദശിലകൾ രൂപപ്പെടാറുണ്ട്. ഇത്തരം ഫോസിലുകൾ ഉണ്ടെങ്കിൽ തന്നെ അവ കൃത്യമായി കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്‌. ഇത്തരത്തിൽ ഫോസിലുകൾ കിട്ടുന്നതുതന്നെ വലിയ ഭാഗ്യമാണെന്നിരിക്കെ അവക്കിടയിൽ ‘വിടവുകൾ’ പാടില്ലെന്ന് വാശിപിടിക്കുന്നത് ആത്മാർത്ഥമായി കണ്ടെത്താനുള്ള  ആഗ്രഹം കൊണ്ടല്ല, മറിച്ച് തെറ്റാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രഥകൊണ്ടാണെന്ന് വ്യക്തം. ഇനി രണ്ട് ഫോസിലുകൾക്കിടയിൽ അവയുടെ ഇടയിലുള്ള മറ്റൊരു ഫോസിൽ കിട്ടിയെന്നിരിക്കട്ടെ, സൃഷ്ടിവാദക്കാർക്ക് ഉൽസാഹം കൂടും. കാരണം ഇപ്പോൾ മൂന്ന് ഫോസിലുകൾക്കിടയിൽ വിടവുകൾ രണ്ടായി വർധിച്ചിരിക്കുകയാണ്‌. ഇത് അവരുടെ വാദത്തിന്‌ ‘ഇരട്ടി’ ശക്തിലഭിച്ചിരിക്കുന്നതിന്‌ തെളിവാകുന്നു! 
പരിണാമത്തെ അതിന്റെ രീതിശാസ്ത്രം വെച്ച് പരിശോധിച്ചാൽ ഇടക്കണ്ണി തന്നെ പ്രസക്തമല്ലെന്ന് കാണാം. കാരണം ഓരോ സ്പീഷീസും ഓരോ ഇടക്കണ്ണി തന്നെയാണ്. പരിണാമം ക്രമാനുഗതവും നിരന്തരമായി നടക്കുന്നതുമായ ഒരു പ്രക്രിയയാണ്. ഇതിനിടയിൽ സംഭവിക്കുന്ന ചെറിയ വ്യത്യാസങ്ങൾ കാലങ്ങളിലൂടെ പെരുകുമ്പോഴാണ് ഒരു ജീവി മറ്റൊന്നായി മാറുന്നത്. ഇത്തരത്തിൽ സംഭവിക്കുന്ന കാലത്തിന്റെ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ ലഭിക്കുന്ന ഫോസിലുകൾ നമ്മൾ ഒന്നുകിൽ ഒരു വിഭാഗത്തിൽ അല്ലെങ്കിൽ മറ്റൊരു വിഭാഗത്തിൽ പെടുത്തുന്നു എന്നുമാത്രം.

കുയിലിന്റെ പാട്ടും മയിലിന്റെ പീലിയും പരിണാമവിരുദ്ധമോ?

മയിലിന്റെ മനോഹരമായ പീലിയും കുയിലിന്റെ സുന്ദരമായ പാട്ടും അന്ധമായ പരിണാമത്തിലൂടെ ഉരുത്തിരിയുമെന്ന് നിങ്ങൾ കരുതുന്നുവോ എന്ന ചോദ്യം കേട്ടാൽ ഒരു വക പരിണാമവാദികളൊക്കെ ഒന്ന് സംശയിക്കും. ശത്രുക്കളുമായുള്ള മൽസരത്തിന്‌ മയിലിന്‌ അതിന്റെ മനോഹരമായ പീലി ഒരിക്കലും സഹായകമാകുകയില്ല, മറിച്ച് അത് അപായകരവുമായി ഭവിക്കുകയും ചെയ്യും. പിന്നെങ്ങനെ അത് അതിജീവിച്ചു? ചില പക്ഷികളുടെ വൈവിധ്യമാർന്ന വർണങ്ങൾക്ക് അതിജീവനത്തിൽ എന്ത് പങ്കാണുള്ളത്?

ദൈവം അയാൾക്കുതോന്നിയ ജീവികൾക്കൊക്കെ തോന്നിയ കഴിവുകൊടുത്തു എന്ന് പറഞ്ഞാൽ ഉത്തരം വളരെ ലളിതമാണ്‌. ചോദ്യങ്ങളും അതോടെ അവസാനിച്ചു. എന്നാൽ പരിണാമശാസ്ത്രത്തിനു പറയാനുള്ളത് ലൈഗികനിർധാരണം എന്ന ഉത്തരമാണ്‌. പെൺ പക്ഷികൾ അവയ്ക്ക് ഇഷ്ടമുള്ള ഇണകളെ തെരഞ്ഞെടുത്ത് അവരുമായി ഇണചേരാൻ താല്പര്യം പ്രകടിപ്പിക്കുന്നു. ഈ വിഷയത്തിൽ നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. മരിയൻ പെട്രോയും(Marion Petrov) സഹപ്രവർത്തകരും ആൺമയിലുകളുടെ വാലിൽ നിന്നും കൺപൊട്ടുകൾ നീക്കം ചെയ്തുകൊണ്ട്, കൂടുതൽ കൺപൊട്ടുകളുള്ള ആൺ മയിലുകളെയും അവ നീക്കം ചെയ്ത ആൺ മയിലുകളെയും പെൺ മയിലുകളുമായി ഇണചേരാൻ അനുവദിച്ചപ്പോൾ ആകർഷകമായ വാലുള്ളവ കൂടുതലായി തെരഞ്ഞെടുക്കപ്പെട്ടതായി കണ്ടെത്തി. അതുപോലെ ആൻഡേഴ്സൺ  1982-ൽ നീണ്ട വാലുള്ള വിഡോ പക്ഷികളിൽ, ആൺപക്ഷികളുടെ വാലിന്റെ നീളം കൃത്രിമമായി കൂട്ടിയും കുറച്ചും നടത്തിയ പരീക്ഷണത്തിൽ വാൽ നീളം കൂടുതലുള്ള ആൺ പക്ഷികൾ പെൺ പക്ഷികളാൽ കൂടുതൽ ആകർഷിക്കപ്പെതായി കണ്ടെത്തി. അവയെ ആകർഷിച്ചത് നിറമോ മറ്റെന്ത് മറ്റേതെങ്കിലും ഘടകമോ ആകാം. ഏതായാലും പെൺപക്ഷികൾ തെരഞ്ഞെടുപ്പ് നടത്തി എന്നത് സത്യം. ഇത്തരത്തിൽ കൂടുതലായി പെൺ പക്ഷികളാൽ തെരഞ്ഞെടുക്കപ്പെടുന്ന തരം ആൺ പക്ഷികളുടെ ജീനുകൾ അടുത്ത തലമുറകളിലേക്ക് പകർത്തപ്പെടാനും അത് ആ പ്രത്യേക ഗുണം അതിജീവിക്കാനും ഇടവരുത്തുന്നു. അതുപോലെ ഇണകൾക്കുവേണ്ടിയുള്ള മൽസരത്തിൽ നിർധാരണം ചെയ്യപ്പെട്ട അവയവങ്ങളും ഉണ്ട്. മാൻ, വാൽറസ് എന്നിവയുടെ കൊമ്പുകളും കുരങ്ങുകളുടെ കോമ്പല്ലുകളും ഇത്തരത്തിൽ നിർധാരണം ചെയ്യപ്പെട്ട പ്രതിരോധാവയവങ്ങൾ ആണ്‌. 

പരിണാമം തെറ്റെങ്കിൽ സൃഷ്ടിവാദം ശരിയാകുമോ?

പരിണാമശാസ്ത്രം ജീവശാസ്ത്രത്തിന്റെ ഭാഗമല്ലെന്നുപോലും പ്രചരിപ്പിക്കുന്ന ഹാസ്യസാമ്രാട്ടുകളായ പരിണാമവികർശകർ ഇന്ന് നമുക്കുമുന്നിലുണ്ട്. പ്രകൃതിയിൽ ജീവികൾ തമ്മിൽ നിലനിൽ‌പ്പിനായുള്ള മത്സരമൊന്നും നടക്കുന്നില്ല എല്ലാവരും നല്ല ഒത്തൊരുമയിൽ ആണ് ജീവിച്ചുവരുന്നത് എന്നും ഇവർ കണ്ടെത്തിയിട്ടുമുണ്ട്. സ്പീഷീസുകൾക്കകത്തെ സൂക്ഷമപരിണാമം ശരിയാണെന്ന് സമ്മതിച്ചാലും,  പ്രകൃതിയുമായുള്ള മൽസരത്തിൽ ചിലവയുടെ തിരോധാനമോ മറ്റുചിലവയുടെ അതിജീവനമോ സംഭവിച്ചാൽ തന്നെയും അതൊന്നും പരിണാമത്തിനു കാരണമാകുന്നില്ലന്നാണ്‌ ഇക്കൂട്ടരുടെ പ്രധാന വാദം.

 കുതിരയും കഴുതയും തമ്മിലുള്ള ഇണചേരലിൽ ജനിക്കുന്ന കോവർകഴുതക്ക് പ്രത്യുല്പാദനശേഷിയില്ലാത്തത് കഴുത കഴുതയായും കുതിരകുതിരയായും തുടരുന്നു വെന്നതിന്‌ ഉദാഹരണമായി ശ്രീ എൻ എം ഹുസ്സൈൻ എടുത്തുകാണിക്കുന്നു (സ്നേഹസവാദം മാസിക- ജനുവരി 2013). ഇത് വായിച്ചാൽ തോന്നുക രണ്ട് സ്പീഷീസുകൾ തമ്മിൽ ഇണചേരുമ്പോൾ ജനിക്കുന്ന സന്തതികൾ മൂന്നാമതൊരു സ്പീഷീസാകുന്നുവെന്ന് ശാസ്ത്രം പറയുന്നുവെന്നാണ്‌. അതുപോലെതന്നെയാണ്‌ പ്രകൃതിനിർധാരണം സ്പീഷീകരണത്തിനു കാരണമാകുന്നില്ല എന്ന വാദവും. ഒരു ജീവി പാരിസ്ഥിതികാനുകൂലനം നേടുന്നതാണ്‌ പരിണാമത്തിനുകാരണമാകുന്നത് എന്ന് അദ്ദേഹം ധരിച്ചുവശായിരിക്കുന്നതായി തോന്നുന്നു. ഒന്നുകിൽ ‘പ്രകൃതിനിർധാരണത്തിലൂടെയുള്ള പരിണാമം‘ എന്താണെന്ന് അറിയില്ല എന്ന് വ്യക്തം. അല്ലെങ്കിൽ അത് അറിഞ്ഞിട്ടും കെട്ടുകഥകളായ തന്റെ മതധാരണകളുടെ ശിഥിലകോട്ടകൾ സംരക്ഷിക്കാനുള്ള വ്യഗ്രഥയിൽ സത്യം മറച്ചുവെക്കുന്നു.
 
ജീവികളിൽ സംഭവിക്കുന്ന, അവയ്ക്ക് ദോഷകരമാകാതെ സംരക്ഷിക്കപ്പെടുന്ന ഗുപ്തമ്യൂട്ടേഷനുകൾ അനുകൂല പാരിസ്ഥിതിക അവസ്ഥയിൽ അതിജീവിക്കുകയും അത്തരം മ്യൂട്ടേഷനുകൾ നേരിയ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരം വ്യതിയാനങ്ങൾ കുന്നുകൂടി ജീവിയുടെ ശരീരഘടനയിൽ നേരിയ വ്യത്യാസങ്ങൾ സംഭവിക്കുന്നു.  ഒരു സ്പീഷീസിനകത്തെ ഒരു വിഭാഗം അതിന്റെ തന്നെ മറ്റൊരു കൂട്ടത്തിൽ നിന്ന് പരസ്പരം ഇണചേരാൻ സാധിക്കാത്തവിധം ദ്വീപ് വല്ക്കരിക്കപ്പെടുന്ന അവസ്ഥയിൽ, വ്യത്യസ്തമായി പരിണമിക്കുകയും- ഒരു കൂട്ടം മാറ്റമില്ലാതെ തുടരുകയുമാകാം- ഈ രണ്ട് വിഭാഗവും പിന്നീട് എപ്പോഴെങ്കിലും സന്ധിക്കാനിടവരുമ്പോഴേക്കും പരസ്പരം ഇണചേർന്ന് ആരോഗ്യമുള്ള സന്തതിപരമ്പരകളെ ഉല്പാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് അവ രണ്ട് വ്യത്യസ്ത സ്പീഷീസുകളായി പരിഗണിക്കപ്പെടുന്നത് എന്ന ശാസ്ത്ര സത്യത്തെയും അതുവഴി സംഭവിക്കുന്ന പരിണാമത്തെയും എത്രതന്നെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും വളച്ചോടിച്ചാലും ഏറിയാൽ പരിണാമം തെറ്റാണെന്ന് ചിലരെയൊക്കെ തെറ്റിദ്ധരിപ്പിക്കാനേ അവർക്ക് കഴിയൂ, പക്ഷേ, അതുകൊണ്ട് തങ്ങളുടെ മതപുസ്തകത്തിലെ കെട്ടുകഥകൾക്ക് ന്യായീകരണം കണ്ടെത്താൻ കഴിയുകയില്ലെന്നും അവർ തിരിച്ചറിയണം.